യലോഡ ഉയിർക്കുമ്പോൾ

“ശ്രദ്ധയുടെ ഫാമിലി ആരേലുണ്ടോ?” നഴ്സിന്റെ ചോദ്യം ഉച്ചത്തിൽ ആയിരുന്നു.

ഉറക്കത്തിന്റെ ആഴത്തിലേക്കു കാലെടുത്തു വെച്ചതേ ഞെട്ടി എഴുന്നേറ്റു. ഗദ്ഗദവും വേദനയും, ഉറക്കമില്ലായ്മയും കണ്ണുകളിൽ ശരീരത്തിൽ മുഴുവനും തളം കെട്ടി കിടക്കുന്നുണ്ട്. പ്രായത്തേക്കാൾ കവിഞ്ഞ പ്രായം. മാധവി കൈയിലെ ബാഗും കവറും മുറുക്കെ പിടിച്ചുകൊണ്ട് നഴ്സിന്റെ അടുക്കലേക്ക് നടന്നു.

“മോള് വിളിച്ചിരുന്നോ?” വിറയാർന്ന ശബ്ദത്തിൽ മാധവി ചോദിച്ചു.

“എന്താ നിങ്ങൾക്ക് ചെവി കേൾക്കില്ലെ, എത്ര വിളിക്കണം? നിങ്ങള് മാത്രമല്ല ഇവിടെയുള്ളത്, എത്ര പേരെ നോക്കണം എനിക്ക്.”

ചോദ്യവും ഉത്തരവും നഴ്സ് തന്നെ പറഞ്ഞുകൊണ്ടിരുന്നു. മറ്റാരോടോ തോന്നിയ ദേഷ്യം അവർ മാധവിയോട് തീർക്കും പോലെ.മാധവിയുടെ കണ്ണുകള്‍ നിറഞ്ഞു. ‘ആർക്കും വേണ്ടാത്തവരെ ദൈവത്തിനും വേണ്ടി വരില്ല.’ മാധവി ആലോചിച്ചു. അവരുടെ കണ്ണ് നിറഞ്ഞു.

“മോളേ…” മാധവി വിളിച്ചു.

“ഹാ… ചില മനുഷ്യരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. നിങ്ങൾ ഈ മരുന്ന് വാങ്ങിച്ചു വരൂ…”

മരുന്നുകൾ കുറിച്ച കടലാസു കഷണങ്ങൾ നഴ്സ് മാധവിക്ക് നേരെ നീട്ടി. അതും വാങ്ങി മാധവി നടന്നു.

“എന്തു ചെയ്യും എന്റെ കൃഷ്ണാ… കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. സാരിയുടെ തലപ്പ് വയറിനോട് ചേർത്ത് കുത്തിയത് പതിയെ വലിച്ചെടുത്തവർ കണ്ണുകൾ തുടച്ചു. വയ്യ… മരിച്ചു പോയിരുന്നെങ്കിൽ, ഇനി എത്ര നാൾ… ഇത്ര കാലം കൊണ്ട് എത്ര പേർക്ക് മുന്നിൽ കൈകൾ നീട്ടി…” മാധവിയുടെ ഓർമയുടെ ചങ്ങലകെട്ട് പൊട്ടി.

“വേണ്ട,ചിലതൊന്നും ഓർക്കരുത്, ഓർത്താൽ… മരണത്തേക്കാള്‍ കഠിനമാണ് ഓര്‍മകള്‍…”

മാധവി മുന്നോട്ട് നടന്നു.

ആരുടയോക്കയോ കരുണ കൊണ്ടാണ് ഇതുവരെ കഴിഞ്ഞത്.

“ഗവണ്മെന്റ് ഹോസ്പിറ്റലിൽ മോളെ അഡ്മിറ്റ് ചെയ്തത് തന്റെ നിവർത്തികേടുകൊണ്ടാണ്. എന്നിട്ടും ഡോക്ടമാർ എഴുതുന്ന മരുന്നുകൾ എല്ലാം പുറത്തേക്ക്. ആശുപത്രിയിൽ ഈ മരുന്നൊന്നും കിട്ടില്ലേ, അതോ ചോദിക്കാനും പറയാനും ആരും ഇല്ലാത്തവരോട് എല്ലാരും ഇങ്ങനെയാണോ പെരുമാറുക?” ആലോചനയിൽ താനിപ്പോൾ എവിടെയാണെന്ന കാര്യം പോലും മാധവി മറന്നു പോയി. ക്യാന്റിനിന്റെ പ്രധാന വഴിയിൽ നിന്നും ഒൻപതു സ്റ്റെപ്പുകൾ ഇറങ്ങി നടന്നാൽ ആശുപത്രിയുടെ പുറത്തേക്കെത്താം. രണ്ടു മാസമായി പോക്കും വരവും തന്നെ. കുറഞ്ഞെന്നു കരുതി ശ്രദ്ധയെ കൊണ്ട് പോവും, അതുപോലെ തിരിച്ചു ഇങ്ങോട്ടു കൊണ്ട് വരും. ഇങ്ങനെയാണ് മാധവിയുടെ ജീവിതം.

“വയ്യ…തലപെരുകുന്നപ്പോലെ…”

മരുന്നിന്റെ ചീട്ട് ഫാർമസിയിലെ ചെക്കന് നേരെ നീട്ടി. അവൻ അത് വാങ്ങി. വായിച്ചു നോക്കിയ അതെ വേഗത്തിൽ മരുന്നുകൾ എടുത്തു.

“524 രൂപ.” ഫാർമസിയിലെ പയ്യൻ പറഞ്ഞു.

‘അഞ്ഞൂറ്റി ഇരുപ്പതിനാലോ?’ മാധവി നെടുവീർപ്പോടെ ചോദിച്ചു.

“അല്ല, എന്തിനു അന്ധാളിപ്പ് കാണിക്കണം. മരുന്നുകളുടെ വിലയെനിക്ക് പുത്തരിയൊന്നും അല്ലല്ലോ? ഭാരം പെരിയ ജീവിതത്തിൽ ഇനിയും ഞാൻ എന്തൊക്കെ അനുഭവിക്കണം.”

മാധവി ബാഗിൽ നിന്നും മുഷിഞ്ഞ പഴ്സ് പുറത്തെടുത്തു. അതിൽ നിന്നും മുഷിഞ്ഞു മടങ്ങിയ അഞ്ഞൂറ് രൂപയും മുപ്പതുരൂപയും മാധവി അയാൾക്ക് നേരെ നീട്ടി. അയാളത് വാങ്ങി. മരുന്നിനൊപ്പം ബാക്കി പണം തിരികെ നൽകി. അതും വാങ്ങി മാധവി വേഗം നടന്നു. “ശ്രദ്ധ എന്ത് ചെയുകയാവും. ഉച്ചത്തിൽ കരയുകയാണോ, അതോ ബോധം ഇല്ലാത്ത വിധം ഉറങ്ങുകയാണോ ഇനി തലകറങ്ങി എവിടേലും വീണുപോയോ? “. തലക്കകത്ത് ചിതലരിക്കും പോലെ.

നഴ്സിന്റെ കൈയിലേക്ക് മരുന്നുകൾ കൊടുത്തു. പാതിതുറന്നിട്ട വാതിലിനുള്ളിൽ കൂടെ കണ്ണുകൾ പാഞ്ഞു. “ഇല്ല അവൾ കിടന്നിരുന്ന കട്ടിലിൽ അവളെക്കാളും ചെറിയൊരു മോൻ കിടക്കുന്നു. ശ്രദ്ധയെ മാറ്റികാണും. എവിടെയാണ് എന്ന് ചോദിക്കാനോ. വേണ്ട, അവർ ദേഷ്യത്തിൽ ആയിരിക്കും.” മാധവി നേരെ വന്ന് ഇരിപ്പിടത്തിൽ സ്ഥാനം ഉറപ്പിച്ചു.

“ഫോൺ റിങ് ചെയുന്നല്ലോ. കൈത്തട്ടി വൈബ്രേഷൻ ആയതാവും.”

“എങ്ങനുണ്ട് മോൾക്കിപ്പോ, മാറ്റം വല്ലതും ഉണ്ടോടി?” ചോദ്യങ്ങൾ അവസാനിക്കുന്നില്ല.

മറുപടികൾ മാധവിയുടെ തൊണ്ടയിൽ പിടഞ്ഞു കിടക്കുന്നു. ഇല്ല പുറത്തു വരാൻ കഴിയാത്ത വിധം അവയെ ആരോ പൂട്ടിയിട്ടേക്കുന്നു.

“ശ്രദ്ധ… ശ്രദ്ധ… ഈ വർഷം പത്താം ക്ലാസ്സിലെ പരീക്ഷ എഴുതേണ്ടതായിരുന്നു. ദൈവം ചില കാര്യങ്ങൾ അങ്ങേരുടെ പുസ്തത്തിൽ എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ട്. എത്രയൊക്കെ മാറ്റം വരുത്താം എന്ന് കരുതിയാലും മാറ്റുവാൻ സാധിക്കാതെ അവയെല്ലാം അങ്ങനങ്ങു പോവും.”

“മൂപ്പരുടെ വേർപാടിന് മുൻപ് തന്നെ ഒറ്റക്കാണ്. എങ്ങനാ ഈ കാലത്തു ഒരു പെണ്ണിന് ഒറ്റക്ക് ജീവിക്കാൻ സാധിക്കുക മാധവിക്കാണേല്‍ ഒരു മോളും വളർന്നു വരികയാണ് അതിനെയും നോക്കണ്ടേ. നിന്റെ അച്ഛനും അമ്മയും എത്ര നാൾ എത്രയും വേഗം നല്ലൊരാൾ വന്നാൽ നിന്നെ പിടിച്ചേല്പിക്ക എന്നല്ലാതെ മറ്റൊന്നും തന്നെയില്ല. കുടുംബത്തിൽ മൂത്തവരുടെ വാക്കിനാണല്ലോ എന്നും വിലയുള്ളത്. അവിടെ പെണ്ണെന്ന നിലക്ക് എന്റെ ഇഷ്ട്ടോ അഭിപ്രായോം ആരും ചോദിച്ചില്ല. അല്ല ആർക്കും ഒന്നും അറിയാണ്ടായിരുന്നു. അങ്ങനെയാണ് വെട്രിയുടെ കടന്നു വരവ്. കാഴ്ചയിലും കുടുംബപാരമ്പര്യം കൊണ്ടും നല്ല നിലയിൽ ജീവിക്കുന്ന ആൾ. എല്ലാവർക്കും അയാൾ നല്ലവനായിരുന്നു.മാധവിക്ക് നല്ല ചേരും.”

ഏപ്രിൽ മാസം 28-നു കല്യാണം ഉറപ്പിക്കാം എല്ലാവര്‍ക്കും സമ്മതം. ഞാൻ ശ്രദ്ധയെ ചേർത്തു നിർത്തി എനിക്ക് മറ്റാരും വേണ്ടായെന്നും ഇനി എന്റെ മകൾക്കും, ശരീരത്തിനും, മനസ്സിനും മറ്റൊരാൾ അവകാശിയായി വരേണ്ടതില്ല എന്നും എപ്പഴെ തീരുമാനിച്ചതാണ്. എന്നിട്ടും. കാലം എത്രയോക്കെമാറിയെന്നു പറഞ്ഞാലും ഒന്നും മാറില്ല. ആരും മാറില്ല ഇനിയൊന്നും മാറാനും പോവുന്നില്ല. വെട്രിയുടെ ഭാര്യ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയതാണ്. സ്വന്തമെന്ന് അവകാശപ്പെടാൻ ആരും ഇല്ലാത്തൊരാൾ. മറ്റൊന്നും അറിയണമെന്നും ഉണ്ടായില്ല.

വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ അയാൾ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യനായി ജീവിച്ചു. ഒരു വാക്ക് കൊണ്ടോ, നോട്ടം കൊണ്ടോ അയാൾ ഒന്നിനും വന്നില്ല. ഒന്നിനും… ഞങ്ങൾ ഞങ്ങളുടെ ലോകത്തും അയാൾ അയാളുടെ ലോകത്തുമായാണ് ജീവിതം കഴിച്ചത്.

ആ ഇടക്ക് ഞാൻ തുണികടയിൽ ജോലിക്കായി പോവുന്നുണ്ടായിരുന്നു. ഒരു വീട്ടിൽ കഴിയുന്നു എന്നതിനപ്പുറം അയാൾക്ക് കുടുംബകാര്യത്തിൽ ഒന്നും ഇടപ്പെട്ടിരുന്നില്ല . അതിനാൽ ജോലിക്ക് പോവുക എന്നത് അല്ലാതെ മറ്റൊന്നും എനിക്ക് ചെയ്യാനും ഉണ്ടായിരുന്നുമില്ല. എല്ലാ അമ്മമാരേയും പോലെ എനിക്ക് ജീവിതത്തിൽ കിട്ടാതെ പോയത് എന്റെ മകൾക്ക് കിട്ടണം എന്ന മാത്രമേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളു. ശനിയാഴ്ച എടുപിടിയെന്നു തീർക്കുവാൻ നിറയെ ജോലികൾ ഉള്ളത് കാരണം ഇറങ്ങുവാൻ ഞാൻ നന്നേ താമസിച്ചു. അന്നത്തെ ശനിയാഴ്ച്ച എന്റെ ഓർമയുടെ കോണിൽ തെളിഞ്ഞു കത്തുകയാണെന്ന്.

എത്തുവാൻ അൽപ്പം വൈകി. മോളെ വിളിച്ചു പറയാൻ മറ്റ് മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ വെട്രിയുടെ നമ്പർ അച്ഛനോട് ചോദിച്ചു മേടിച്ചു. അതുവരെ അയാളുടെ നമ്പറിന്റെ ആവശ്യമൊന്നും എനിക്ക് വന്നിരുന്നില്ല. മോളെ വിളിക്കുക എന്നത് മാത്രമായിരുന്നു ഉള്ളിൽ. രണ്ടും കൽപ്പിച്ചു അയാളുടെനമ്പറിലേക്ക് വിളിച്ചു. രണ്ടു തവണ വിളിച്ചതിനു ശേഷമാണ് അയാൾ ഫോൺ എടുത്തത്.

“ഹലോ…”

വെട്രിയുടെ ശബ്ദം കനത്തിൽ എന്നാൽ അൽപ്പം പേടി കലർന്ന രീതിയിൽ ആയിരുന്നു.

“ഹലോ… ഹലോ ഞാൻ മാധവിയാ… മോൾക്ക് ഒന്ന് കൊടുക്കോ?” പേടിയും വിറയാർന്നതുമായ ശബ്ദത്തിൽ മാധവി വേഗത്തിൽ പറഞ്ഞു തീർത്തു.

മറുതലക്കൽ നിന്നും അയാളുടെ ശബ്‌ദമൊന്നും കേൾക്കാനില്ല. എന്താ കർത്താവേ ഒന്നും കേൾക്കാൻ വയ്യല്ലോ. മാധവി ഫോൺചെവിയോട് അമർത്തിപ്പിടിച്ചു. മോളുടെ ഞരക്കവും മൂളലും അമ്മെയെന്ന വിളിയും കാതിൽ മുഴങ്ങി.

ഒരു നിമിഷം നടുങ്ങി “മോളെ…”

ഫോൺ കൈയിൽ നിന്നും വഴുതി. “എന്റെ മോൾ… എന്റെ മോൾ” മാധവി പുലമ്പി. അയാൾ സുന്ദരമായ മുഖം മൂടിയിൽ പേ പിടിച്ച പട്ടിയെ ഒളിപ്പിച്ചത് ഞാൻ തിരിച്ചറിഞ്ഞു.

“ഒന്ന് മാറിയിരിക്കു, ഇവിടെ തുടക്കട്ടെ.” തൂപ്പുകാരിയുടെ കൈയിലെ തുടപ്പൻ കാലിൽ തട്ടി.

ചോരപാടുകൾ കാലിനു ചുറ്റും നൃത്തം ചവിട്ടി.



Latest articles