സ്വന്തമായി രാഗവും താളവുമുള്ളതും വൃത്തനിബന്ധനകൾ പാലിച്ചും മലബാറിലെ മാപ്പിളമാരുടെ നാടൻ മൊഴിയിലും സങ്കല്പനങ്ങളിലും ഊന്നി നിൽക്കുന്ന ഭാഷാഘടനയിൽ രചിക്കപ്പെടുന്ന പദ്യ കൃതികളാണ് മാപ്പിളപ്പാട്ടുകൾ. മാപ്പിളപ്പാട്ടുകൾ മലയാള സംസ്‌കാരത്തിന്റെ ഒരു പ്രധാന ഘടകമാണ്. ഇവയില്‍ സ്ത്രീയുടെ പ്രതിനിധാനം മുഖ്യമായ പ്രമേയങ്ങളിലൊന്നാണ്. പരമ്പരാഗത മാപ്പിളപ്പാട്ടുകളിൽ സ്ത്രീയെ സാധാരണയായി പ്രണയം, ദു:ഖം, ജീവിത സാഹചര്യങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നുണ്ട്. ഏതാനും പാട്ടുകളിൽ സ്ത്രീയെ പവിത്രതയുടെ പ്രതിരൂപമായി കാണുമ്പോള്‍ ചില പാട്ടുകളിൽ അവളെ ഒരു വസ്തുവായി മാത്രമേ ചിത്രീകരിക്കുന്നുള്ളൂ. പലപ്പോഴും പുരുഷകേന്ദ്രികൃതമായിരുന്നു മാപ്പിളപ്പാട്ടുകളിലെ പ്രമേയം. എന്നാൽ കാലക്രമേണ സ്ത്രീയുടെ പ്രതിനിധാനവും അവളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ഏതു വിധേനയാണ് മാപ്പിളപ്പാട്ടിൽ ഇടം നേടിയതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.
മാപ്പിളപ്പാട്ടുകളുടെ സാമൂഹിക ചരിത്രം: സ്ത്രീയുടെ പ്രതിനിധാനം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഭാഗം മുതക്കുതന്നെ കേരളത്തിലെ സാമൂഹികവ്യവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടാവുന്നുണ്ട്. സ്ത്രീകൾക്ക് വിദ്യാഭ്യാസം, തൊഴിലും മറ്റു പൌരാവകാശങ്ങളും നേടാനുള്ള സാഹചര്യം ഉടലെടുത്തത് ഇക്കാലത്താണ്. മാറ്റങ്ങൾ മാപ്പിളപ്പാട്ടിലും പ്രതിഫലിച്ചു. മാപ്പിളപ്പാട്ടുകൾ, സ്ത്രീയെ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളും കാഴ്ചപ്പാടുകളും സ്ത്രീകളോടുള്ള സാമൂഹ്യ സമീപനം എന്തായിരിക്കണമെന്നും പറഞ്ഞുതുടങ്ങി. സ്ത്രീ-പുരുഷ സ്നേഹത്തെപ്പറ്റി സംസാരിച്ചും തുടങ്ങി. 1960-70 കളിൽ മാപ്പിളപ്പാട്ടുകളിൽ സമകാലിക രാഷ്ട്രീയവും സ്ത്രീയുടെ പ്രതിനിധാനവും ഇടകലര്‍ന്ന രൂപപ്പെടുത്തലുകൾ കടന്നുവന്നു.
ഉത്തരകേരളത്തിലെ മുസ്ലിം സ്ത്രീകളുടെ ജീവിതം വരച്ചുകാട്ടുന്നതില്‍ മാപ്പിളപ്പാട്ടുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ രംഗത്ത് വലിയ പരിവർത്തനങ്ങൾ സൃഷ്‌ടിച്ച മോയിൻകുട്ടി വൈദ്യരുടെ ‘ബദറുൽ മുനീർ ഹുസ്സനുൽ ജമാൽ’ എന്ന പ്രണയകാവ്യം ഏറനാട്ടിലെ മാപ്പിളപ്പെണ്ണിന്റെ ജീവിതം തികച്ചും യാഥാസ്ഥികമായിത്തന്നെ അവതരിപ്പിക്കുന്നു. ഏറനാട്ടിലെ മാപ്പിളപ്പെണ്ണിന്റെ അസ്വാതന്ത്ര്യവും വിദ്യാഭ്യാസമില്ലായ്മയും പെണ്ണിന് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യവും അടുക്കളയിലെ കരിപുരണ്ട അന്തരീക്ഷത്തിൽ കരളുരുകിക്കഴിയുന്ന പെണ്ണിന്റെ നിസ്സഹായതയുമെല്ലാം പാട്ടിൽ തുറന്നുകാട്ടുന്നു. സ്ത്രീ വില്പനച്ചരക്കല്ലെന്നും അവൾക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തിത്വമുള്ള കഥാപാത്രത്തിലൂടെ അദ്ദേഹം പറഞ്ഞുറപ്പിക്കുന്നു. ഹുസ്സനുൽ ജമാലിന്റെ ധീരതയും ചാരിത്ര്യം സംരക്ഷിക്കാൻ ചതിയനായ എതിരാളിക്കെതിരെ വാളൂരിച്ചാടുന്ന സാഹസികതയും പുറംലോകം കാണാനാകാതെ വീടിനുള്ളിൽ കഴിയുന്ന മാപ്പിള സ്ത്രീകളിൽ ചെലുത്തിയ സ്വാധീനം വലുതാണ്.
മാപ്പിളപ്പാട്ടിലെ സ്ത്രീ പങ്കാളിത്തം എന്നു കേള്‍ക്കുമ്പോള്‍ അത്രയൊക്കെ സ്ത്രീകള്‍ ഈ രംഗത്തുണ്ടായിരുന്നോ, ഉണ്ടെങ്കില്‍ തന്നെ അത്ര ഗൗരവമുള്ള ഒരു പഠനത്തിന് സാധ്യതയുണ്ടോ എന്നിങ്ങനെയുള്ള പല സംശയങ്ങള്‍ നമുക്കുണ്ടാവാം. ഏകദേശം 1990-കള്‍ക്കുശേഷം നമ്മുടെ സാഹിത്യമേഖലയില്‍ കാതലായ മാറ്റങ്ങള്‍ കടന്നുവരുന്നുണ്ട്.
പ്രസിദ്ധമായ ‘മറിയക്കുട്ടിക്കത്ത് ‘ എന്ന കത്തുപാട്ട് സ്ത്രീകളുടെ വ്യക്തിത്വത്തെ രേഖപ്പെടുത്തുന്നതാണ്. മലബാർ ലഹളയിൽ ജയിലിൽ പോയവരുടെ ഭാര്യമാരെ വശത്താക്കാൻ ശ്രമിക്കുകയും വഴങ്ങാതിരിക്കുന്ന സ്ത്രീകളെപ്പറ്റി അസംബന്ധങ്ങൾ പറഞ്ഞു പ്രചരിപ്പിക്കുകയും ഭർത്താവിൽ നിന്നകറ്റുകയും ചെയ്യുന്നത് നിത്യസംഭവമായിരുന്ന കാലത്ത്, തന്റെ ചാരിത്ര്യശുദ്ധി തെളിയിക്കാൻ ധൈര്യപൂർവം ഇറങ്ങിപ്പുറപ്പെട്ട മറിയക്കുട്ടി അന്നത്തെ സ്ത്രീസമൂഹത്തിൽ പുതുവെളിച്ചം സൃഷ്ടിച്ചു. മലബാറിലെ വിദ്യാവിഹീനരായ മാപ്പിളപ്പെണ്ണിന്റെ അറിവില്ലായ്മയും അന്ധവിശ്വാസവും ചൂഷണം ചെയ്ത് അവരെ ലൈംഗികമായ അരാജകത്വത്തിലേക്കും നിസ്സഹായതകളിലേക്കും തള്ളിവിടുന്നതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു പുലിക്കോട്ടിൽ ഹൈദറിന്റെ ‘തിരൂർ യാത്ര’.
മതശാസനകൾ കർശനമായി എതിർക്കുന്ന സ്ത്രീധന സമ്പ്രദായം സമൂഹത്തിൽ സ്ത്രീകളുടെ ജീവിതത്തെ നരകപൂർണമാക്കുന്നതിന്റെ യഥാർത്ഥ ചിത്രങ്ങൾ പുന്നയൂർക്കുളം ബാപ്പുവിന്റെ ‘ശ്വസിക്കുന്ന ശവങ്ങൾ’ എന്ന പാട്ടിൽ വരച്ചുകാട്ടുന്നു. അനീതികൾക്കെതിരെ ആഞ്ഞടിക്കുവാൻ അബലകളായ സ്ത്രീസമൂഹം ശക്തമായി രംഗത്തിറങ്ങട്ടെ എന്ന് കവി പ്രത്യാശിക്കുന്നു .

ഒലവക്കോട് മെഹറിന്റെ ഗാനങ്ങൾ അടിമവേല ചെയ്യുന്ന പാവപ്പെട്ടവരുടെ വീടുകളിലെ സ്ത്രീകളുടെ ചാരിത്ര്യ ധ്വംസനത്തിന്റെ കദന കഥകൾ വികാര തീവ്രമായി ആവിഷ്ക്കരിക്കുന്നു. മുസ്ലം സ്ത്രീകളുടെ ഇടയിൽ പരമ്പരാഗതമായി വിശ്വസിച്ചുവരുന്ന അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം വലിച്ചുകീറി പ്രദർശിപ്പിക്കുന്ന കെ.ടി മുഹമ്മദിന്റെ ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിലെ ഗാനം മാപ്പിളസമൂഹത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ചു. നാടകത്തിലെ തന്നെ സമൂഹഗാനം അടുക്കളച്ചുമരുകളുടെ ഇരുട്ടറകളിൽ കിടന്നു മനസ്സും ശരീരവും മരവിച്ച മാപ്പിളപ്പെണ്ണിന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കുതിപ്പിനെ അവതരിപ്പിക്കുന്നു.
മുസ്ലിം സ്ത്രീകളുടെ വേഷവിധാനത്തെ സ്വാധീനീച്ച കെ.എസ് ജലീലിന്റെ ഗാനം ഏറെ ജനശ്രദ്ധ നേടിയതാണ്.
സമൂഹത്തിൽ നിലനിന്നിരുന്ന ബാലവിവാഹങ്ങളെക്കുറിച്ചും പഴകി ജീർണിച്ച മാമൂലുകളെക്കുറിച്ചും പരിഹാസസ്വരത്തിൽ നിശിതമായി വിമർശിച്ച കവിയാണ് വി.കുഞ്ഞു മാപ്പിള. ഒരു കാലഘട്ടത്തിൽ മാപ്പിള സ്ത്രീകളുടെ ജീവിതത്തിന്റെ പച്ചയായ സത്യങ്ങൾ വിളിച്ചോതുകയും സ്വാതന്ത്ര്യബോധമേകും വിധം അവരെ പ്രബുദ്ധരാക്കുകയുംചെയ്യുന്നതിൽ മാപ്പിളപ്പാട്ടുകൾ ഒരു പങ്ക് വഹിക്കുന്നുണ്ട്.
മാപ്പിളപ്പാട്ടിലെ സ്ത്രീ പങ്കാളിത്തം എന്നു കേള്‍ക്കുമ്പോള്‍ അത്രയൊക്കെ സ്ത്രീകള്‍ ഈ രംഗത്തുണ്ടായിരുന്നോ, ഉണ്ടെങ്കില്‍ തന്നെ അത്ര ഗൗരവമുള്ള ഒരു പഠനത്തിന് സാധ്യതയുണ്ടോ എന്നിങ്ങനെയുള്ള പല സംശയങ്ങള്‍ നമുക്കുണ്ടാവാം.
ഏകദേശം 1990-കള്‍ക്കുശേഷം നമ്മുടെ സാഹിത്യമേഖലയില്‍ കാതലായ മാറ്റങ്ങള്‍ കടന്നുവരുന്നുണ്ട്. സാഹിത്യചരിത്രങ്ങള്‍ പുനര്‍വായിക്കപ്പെടുകയും സ്ത്രീ എഴുത്തുകള്‍ വീണ്ടെടുക്കപ്പെടുകയും അവയുടെ പ്രാധാന്യം വിലയിരുത്തുന്ന പുതിയ വിശകലന രീതിയുമെല്ലാം ഇക്കാലത്ത് രൂപപ്പെട്ടുവന്നതായി കാണാം. അത് പുതിയ അവബോധത്തിന്റെയും പരിപ്രേക്ഷ്യത്തിന്റെയും ഫലമാണ്. ഇത്തരത്തില്‍ നമ്മള്‍ അവലംബിക്കുന്ന കാഴ്ച സ്ഥാനം അതുവരെയുള്ള കാഴ്ചകളെ മാറ്റിമറിച്ചേക്കാം. ചില മങ്ങിയ ഇടങ്ങളെ തെളിയിക്കാനും ശൂന്യമായ ഇടങ്ങളില്‍ പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താനും സഹായകമായേക്കാം. ഇങ്ങനെ സാമ്പ്രദായികമായ ചട്ടക്കൂടിനെ ഭേദിച്ചുകൊണ്ട് അതാത് പഠനമേഖലകളില്‍ നടത്തിയ അന്വേഷണങ്ങളാണ് സ്ത്രീകളുടെ എഴുത്തുകളെയും പ്രവര്‍ത്തനങ്ങളെയും വെളിച്ചത്തുകൊണ്ടുവന്നിട്ടുള്ളത്.
അറബി മലയാളം കേരളത്തിലെ മുസ്ലിംകളുടെ ഒരു പൊതു ഭാഷാരീതിയായിരുന്നു എന്നു കാണാം. അന്നത്തെ വിദ്യാഭ്യാസ മാധ്യമം കൂടിയായിരുന്ന ഈ ഭാഷ.
മാപ്പിളപ്പാട്ടിന്റെ മേഖലയിലെത്തുമ്പോള്‍ സ്ത്രീകളുടെ അസാന്നിധ്യത്തില്‍ സങ്കീര്‍ണ്ണമായ ഒട്ടേറെ തലങ്ങളുണ്ട്. ഒന്നാമതായി മാപ്പിളപ്പാട്ട് എന്നതും, അറബി മലയാളമെന്നതും മലയാളത്തിലെ മുഖ്യധാരാ മൂല്യങ്ങളില്‍ എങ്ങനെ സ്വീകരിക്കപ്പെട്ടു എന്നത് പ്രധാനമാണ്. മുഖ്യധാരാ എഴുത്തിന് സമാനമായ എഴുത്തിന്റെ പാരമ്പര്യത്തെയാണ് പലപ്പോഴും മാപ്പിളപ്പാട്ടുകളില്‍ മുന്‍പന്തിയില്‍ നിര്‍ത്തുന്നത്. എഴുത്തിന്റെ പാരമ്പര്യത്തിന് പ്രാമുഖ്യം കിട്ടുമ്പോള്‍ മാറ്റിനിര്‍ത്തപ്പെടുന്നതില്‍ വലിയ പങ്ക് സ്ത്രീകളുടെ രചനകളും പ്രവര്‍ത്തനങ്ങളുമായിരിക്കും. വാമൊഴിയെക്കൂടി പ്രമുഖമായി പരിഗണിക്കുന്ന വിജ്ഞാനമേഖലക്കു മാത്രമെ സ്ത്രീയുടെ പ്രവര്‍ത്തനങ്ങളെ ശരിയായ രീതിയില്‍ അടയാളപ്പെടുത്താനാകൂ.
സ്ത്രീവാദം/സ്ത്രീപക്ഷം എന്ന നിലയ്ക്കു സ്വീകരിക്കുന്ന നിലപാടുപോലും സ്ത്രീ രചനകളെ പുറന്തള്ളാനിടയാക്കിയിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. പ്രധാനപ്പെട്ട മാപ്പിളപ്പാട്ടു പഠനങ്ങളിലധികവും സ്ത്രീപക്ഷ പാഠങ്ങളായി എടുത്ത് പറയുന്നവ മോയിന്‍കുട്ടി വൈദ്യര്‍ കൃതികളാണ്. പുലിക്കോട്ടില്‍ ഹൈദറിന്റെ മറിയക്കുട്ടിയുടെ കത്തും, നാലകത്ത് കുഞ്ഞിമൊയ്തീന്‍ കുട്ടിയുടെ നഫീസത്ത് മാലയും കൂടി ഈ ഗണത്തില്‍ കടന്നുവന്നതോടെ സ്ത്രീ രചനകള്‍ മിക്കതും പുറത്തായതായി കാണാം. മേല്‍പറഞ്ഞ പാട്ടുകള്‍ സ്ത്രീപക്ഷ നിലപാടിലുള്ളവ അല്ലെന്നല്ല, പകരം ഈ പാട്ടുകള്‍ക്ക് കിട്ടിയ സ്ഥാനം പല പെണ്‍രചനകളെയും തള്ളിനീക്കിയതായിരുന്നു.
അക്കാദമിക് പഠനങ്ങളിലും മാപ്പിളപ്പാട്ടിന്റെ ചരിത്ര രൂപീകരണ പ്രക്രിയയിലും ഇടം നഷ്ടപ്പെട്ടുപോയെങ്കിലും ഇന്നും അനേകം മാപ്പിളപ്പാട്ട് എഴുത്തുകാരായ സ്ത്രീകളെ നമുക്കറിയാം. പി.കെ ഹലീമ, സി.എച്ച് കുഞ്ഞായിശ, നടുത്തോപ്പില്‍ ബി. ആയിശക്കുട്ടി, ടി.എ റാബിയ, പുത്തൂര്‍ ആമിന, കെ. ആമിനക്കുട്ടി തുടങ്ങിയ എഴുത്തുകാരും അവരുടെ കൃതികളും ഈ മേഖലയില്‍ പ്രശസ്തമാണ്. ജ.അബ്ദുല്‍ സാഹിബ് (കീഴുപറമ്പ്) എഴുതിയ 43 മാപ്പിള കവികളെക്കുറിച്ചുള്ള പാട്ടില്‍ പരാമര്‍ശിക്കുന്ന കവികളാണ് പി.കെ ഹലീമയും സി.എച്ച് കുഞ്ഞായിശയും. 1909-1959 വരെയാണ് പി.കെ ഹലീമയുടെ കാലഘട്ടം. ബദറുല്‍ മുനീര്‍ ഒപ്പനപ്പാട്ട്, ചന്ദിര സുന്ദരിമാല, രാജമംഗലം മുതലായവയാണ് പ്രധാന കൃതികള്‍. ഇതില്‍ ചന്ദിര സുന്ദരിമാലയാണ് ഏറെ പ്രശസ്തം.
പൊന്നിലും പുന്നാരമില്‍ തെളിവായ മുത്ത് മുഹമ്മദാരെ
പുരണര്‍ സകലോര്‍ക്ക് മുന്‍പ്രഭുവരായെ മുസ്മ്മിലാരെ,
മന്നവര്‍ നബി ദീനില്‍ മുന്നേ വന്നവര്‍ മകളാണ് നൂറേ
മങ്കകള്‍ സകലത്തിലും മാണിക്കമോ മട്ടെജോറെ
കന്നിയാള്‍ കണ്ണജ്ജനം കടഞ്ഞതോ കൊള്ളുള്ള ചേലേ
കൗതുകമോതും ചിരി ചെന്താമര വിടര്‍ന്നപോലെ.
ബി.ആയിശക്കുട്ടി, തിരൂരങ്ങാടിക്കടുത്താണ് ജന്മദേശം. കുറെ കല്യാണപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട്. സക്കീനത്ത് ബീവിയുടെ ‘നസീഹത്ത് മാല’യെന്ന ഖണ്ഡകാവ്യം പല പതിപ്പുകളിറങ്ങിയ പ്രശസ്ത കാവ്യമാണ്. ഇതുകൂടാതെ തിരുവാരുകാരിയായ ഒരു നടുത്തോപ്പില്‍ ബി. ആയിശക്കുട്ടിയെക്കുറിച്ച് ‘മാപ്പിള സാഹിത്യ പാരമ്പര്യ’ത്തില്‍ പറയുന്നുണ്ട്. ഇവര്‍ ആധുനിക വിദ്യാഭ്യാസവും നേടിയിരുന്നുവത്രേ. മുസ്ലിം മഹിള തുടങ്ങിയ പത്രങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നതായും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നു.
എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയാണ് ടി.എ റാബിയ. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. പ്രഭാതം, ഭാരത ചന്ദ്രിക, മുസ്ലീം വനിത, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. 1900-ല്‍ മരണമടഞ്ഞു. പുത്തൂര്‍ ആമിന ധാരാളം മംഗലപാട്ടുകളും ഖിസ്സ പാട്ടുകളും കത്തുപാട്ടുകളും രചിച്ച് അറിയപ്പെടുന്ന വ്യക്തിയാണെന്ന് കേരള മുസ്‌ലീം ഡയറക്ടറി രേഖപ്പെടുത്തുന്നു. പുത്തൂര്‍ ആമിനയുടെ കത്തുപാട്ടാണ് ഏറെ പ്രശസ്തമായത്. 1921-ല്‍ പിതാവ് കുഞ്ഞഹമ്മദ് സാഹിബിനോടൊപ്പം തടവുശിക്ഷ അനുഭവിച്ച അഹമ്മദ് എന്ന വ്യക്തി, ആമിന ബാപ്പാക്കെഴുതുന്ന കത്തുപാട്ടില്‍ ആകൃഷ്ടനാകുന്നു. ജയില്‍ മോചിതനായെത്തിയ അഹമ്മദ് പുത്തൂര്‍ ആമിനയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്നു. ഈ വിവാഹാഭ്യര്‍ത്ഥന നിരസിച്ചുകൊണ്ടെഴുതിയ മറുപടിയുടെ രൂപത്തിലാണ് പുത്തൂര്‍ ആമിനയുടെ കത്തുപാട്ട് ലഭ്യമായിട്ടുള്ളത്.
ബല്ലാരി ജേലതീന്ന് വരുമ്പോള്‍ കൊണ്ട് വന്നേ
വമ്പതിപ്പോള്‍ നടക്കുമോ വെറുതെന്തിനാ പിന്നെ – ഉമൈകളെ
ഭാര്യയാക്കീടുവാനൊരിക്കലും കിട്ടുമോ എന്നെ! (…………)
ഗീത്‌നൊത്ത മറുപടി തന്നിലെ ഞാനന്ന് ഇത് വരെ
കേടികള്‍ക്ക് സഹായം ചെയ്തവളല്ല ഇപ്പെണ്ണ്
കവിതയിലൂടെ തന്നെ തക്ക മറുപടി ഞാന്‍ തന്നിട്ടുണ്ടെന്ന് പറയുന്നു. പുരുഷന്റെയോ ജയില്‍ പുള്ളിയുടെയോ വമ്പ് തന്നോട് നടക്കില്ലെന്ന വെല്ലുവിളിയും ഇതിലുണ്ട്. തുടര്‍ന്നവര്‍ പറയുന്നത്;
ഉമെതിലും നല്ലമാരരെ കിട്ടുവാന്‍ എനിക്കില്ലൊരുമുട്ട്
മട്ടില്‍ കിട്ടും വരേക്കും മാനേ തേനെ വിളിക്കും
മറ്റ് ലോഗിയും ഉറ്റിടും പലേ ചക്കരവാക്കും ഒരു പടി
മക്കളുണ്ട് കണക്കിലായാല്‍ അടുക്കളേലാക്കും
പൊട്ടിപ്പൊരിഞ്ഞന്ത നാളാം പൊതി വൈലത്താകും ഓലം
പോയി മറ്റൊരു തോപ്പു കണ്ടുപിടിക്കും അയ്യാളാ പുരുഷരെ
പൂതി പത്‌നിമാര്‍ക്കു തീരും ഇതെന്തൊരു കോളാ.
എന്നാണ്. ഇവിടെ കുടുംബവ്യവസ്ഥിതിയെ തന്നെ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ വിലയിരുത്തുന്ന രീതി ശ്രദ്ധേയമാണ്. ഇങ്ങനെ കവിത്വശേഷി കൊണ്ടും പുരുഷകേന്ദ്രിത കുടുംബവ്യവസ്ഥയോടുള്ള വിമര്‍ശനം കൊണ്ടും സ്ത്രീയുടെ സാന്നിധ്യം അറിയിക്കുന്ന കവിതയാണിത്. കൂടാതെ കെ. ആമിനക്കുട്ടിയുടെ മംഗലാലങ്കാരം, സി.എച്ച് കുഞ്ഞായിശയുടെ കദീജാ ബീവിയുടെയും ഫാത്തിമാ ബീവിയുടെയും വഫാത്ത് പാട്ടുകള്‍, വി.ആയിശക്കുട്ടി-കദീജ ബീവിയുടെ വഫാത്ത്മാല തുടങ്ങി അനേകം കൃതികളും ഇന്ന് ലഭ്യമാണ്. ഇവരെല്ലാം ഇരുപതാം നൂറ്റാണ്ടില്‍ എഴുത്തിന്റെ രംഗത്ത് എത്തിയവരാണ്. അതിനുമുമ്പ് മാപ്പിള എഴുത്തുകാരില്‍ സ്ത്രീകള്‍ ഇല്ലായിരുന്നോ? ഇങ്ങനെ കുറച്ച് സ്ത്രീ എഴുത്തുകാരെ മാപ്പിളപ്പാട്ടുകാരായി അവതരിപ്പിച്ചതുകൊണ്ടു മാത്രം ഈ മേഖലയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാനാവുമോ? ഇത് കൂടുതല്‍ വ്യക്തമാക്കാനായി അറബി മലയാളത്തിന്റെ പ്രാധാന്യത്തിലേക്കും മാപ്പിളപ്പാട്ടിന്റെ സമ്പന്നമായ പാരമ്പര്യത്തിലേക്കും ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.
മാപ്പിളപ്പാട്ടിന്‍റെ ഗാന പാരമ്പര്യം -ഈണത്തിലായാലും എഴുത്തിലായാലും- സ്ത്രീകളുടെ സാന്നിധ്യം കൂടുതല്‍ ഉണ്ടായിരുന്ന ഇടമാണ്.
അറബി മലയാളം കേരളത്തിലെ മുസ്ലിംകളുടെ ഒരു പൊതു ഭാഷാരീതിയായിരുന്നു എന്നു കാണാം. അന്നത്തെ വിദ്യാഭ്യാസ മാധ്യമം കൂടിയായിരുന്ന ഈ ഭാഷ. മറ്റു സമൂഹങ്ങളില്‍ മലയാളവും സംസ്‌കൃതവും പോലുള്ള ഭാഷകള്‍ നിഷിദ്ധമായവരും അക്ഷരലോകത്തു നിന്ന് പുറത്താക്കപ്പെട്ടവരും നിലനില്‍ക്കുന്ന കാലത്ത് ലിംഗ-ജാതി ഭേദമില്ലാതെ ഈ ഭാഷയില്‍ വിദ്യാഭ്യാസം നല്‍കിയിരുന്നു. ഇത് ഔപചാരിക/പൊതുവിദ്യാഭ്യാസത്തില്‍ നിന്ന് ഭിന്നമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. കാരണം അറബി മലയാള ഭാഷ ഒട്ടും നിസ്സാരമല്ല. നോവലടക്കമുള്ള ആധുനിക സാഹിത്യരൂപങ്ങളും വൈദ്യ-ദാര്‍ശനിക ഗ്രന്ഥങ്ങളും ഈ ഭാഷയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. സമകാലിക സംഭവങ്ങളും വിമര്‍ശനങ്ങളും അടങ്ങിയ അനേകം പത്രമാസികകളും ഈ ഭാഷയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിനു വേണ്ടി വാദിക്കുകയും മതവിദ്യാഭ്യാസവും മാതൃഭാഷയിലായിരിക്കണമെന്നു ശഠിക്കുകയും ചെയ്ത മക്തി തങ്ങളും സ്ത്രീ പുരുഷ സമത്വം എന്നത് അതിന്റെ സവിശേഷാര്‍ത്ഥത്തില്‍ മലയാളിക്കു പരിചയപ്പെടുത്തുകയും ചെയ്ത വക്കം മൗലവിയുമെല്ലാം അറബി മലയാളത്തില്‍ ആനുകാലികങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇവയെല്ലാം മുസ്ലിം സ്ത്രീകള്‍ക്കും ലഭ്യമായിരുന്നതായും കരുതണം. വക്കം മൗലവിയുടെ ‘മുസ്‌ലിം’ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച വായനക്കാരുടെ കത്ത് ഇതിനു തെളിവാണ്. സ്ത്രീകള്‍ക്കും പാമരന്മാരായ പുരുഷന്മാര്‍ക്കും വേണ്ടി ‘മുസ്‌ലി’മില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളുടെ ഭാഷ ലളിതമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ കത്ത്. വായിച്ചിരുന്നു എന്നു മാത്രമല്ല, ഇവയോട് ക്രിയാത്മകമായി പ്രതികരിച്ചിരുന്നു എന്നതിനും കൂടിയുള്ള തെളിവായിതിനെ കണക്കാക്കാം.
സ്ത്രീകള്‍ക്കു വേണ്ടി സവിശേഷ മാസികകളും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു (നിസാഉള്‍ ഇസ്ലാം, 1929). ബ്രിട്ടീഷ്-കൊളോണിയല്‍ വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ലഘുലേഖകളും അറബി മലയാളത്തിലുണ്ടായിരുന്നു. അത് ബ്രിട്ടീഷ് ഗവണ്‍മെന്റ് നിരോധിച്ചിരുന്നു (ഫനുഹുല്‍ മുബീന്‍). ഇങ്ങനെ അറബി മലയാളത്തിന് എഴുത്തിന്റെ സമ്പന്നമായ പാരമ്പര്യമുണ്ട്. ആധുനികമായ സാഹിത്യരൂപങ്ങളെ അവതരിപ്പിച്ച സമകാലികമായ, ജൈവമായ, ക്ലാസിക്കല്‍ കൃതികള്‍വരെ ഇറങ്ങിയ സമ്പന്നമായ പാരമ്പര്യം.
ഇതിനു സമാന്തരമായി പാട്ടിന്റെയും അവയുടെ അവതരണത്തിന്റെതുമായ ഒരു ജനകീയ പാരമ്പര്യവുമുണ്ട്. മാപ്പിളപ്പാട്ടിന്റെ ഒരു സവിശേഷത അത് അവതരണത്തിനുള്ളതാണ് എന്നതാണ്. വായിച്ച് അര്‍ഥം മനസ്സിലാക്കി ആസ്വദിക്കുക എന്നതിലപ്പുറം ഏത് പാട്ടും സവിശേഷ സന്ദര്‍ഭങ്ങളിള്‍ പാടി വരുന്നവയാണ്. അതായത് മാപ്പിളപ്പാട്ടിന്റെ ജീവന്‍ അവതരണമാണ്. ജനകീയ പാരമ്പര്യത്തിന്റെ ഈ മേഖലയിലും സ്ത്രീകളായിരുന്നു സജീവ പങ്കാളികള്‍. അവതാരകര്‍ പലപ്പോഴും സ്ത്രീകളായിരുന്നു. സ്ത്രീകളവതരിപ്പിക്കുന്ന ഒപ്പനയുടെ താളത്തിലെഴുതപ്പെട്ടവയാണ് വലിയൊരളവില്‍ അറബി മലയാള ഗാനങ്ങള്‍/കവിതകള്‍. കല്യാണം, കാതുകുത്ത്, പ്രസവം ഇവയിലെല്ലാം സ്ത്രീകള്‍ കൂട്ടംകൂടിയിരുന്ന് പാട്ടുകളവതരിപ്പിക്കുന്നു. നഫീസത്തുമാല പോലുള്ള പാട്ടുകള്‍ പാടിയാല്‍ സുഖപ്രസവമുണ്ടാകുമെന്നാണ് വിശ്വാസം. ചില അസുഖങ്ങള്‍ മാറാനും പാട്ടുകളുണ്ട്. അതായത് പുരുഷന്മാര്‍ എഴുതിയ പാട്ടുകളാണെങ്കിലും അതിന്റെ പാട്ടുകാര്‍/അവതാരകര്‍ സ്ത്രീകളായിരുന്നു. അപ്പോള്‍ ഈ പാട്ടുകളുടെ ഈണത്തിലും അതിന്റെ നിയന്ത്രണത്തിലും സ്ത്രീകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ടായിരുന്നു എന്നര്‍ത്ഥം. അതിനാല്‍ മാപ്പിളപ്പാട്ടിന്റെ ഈണങ്ങള്‍ (മാപ്പിളപ്പാട്ടിന്റെ സ്വത്വത്തില്‍ നിര്‍ണായകമായവ) പലതും സ്ത്രീനിര്‍മിതമായിരുന്നു എന്ന് പറയാം.
ഇതിന് ഉപോത്ബലകമായ മറ്റൊരു സംഗതി മാപ്പിളപ്പാട്ടിന്റെ ഈണത്തിന്റെ പേര് പലപ്പോഴും കവിതയുടെ ആദ്യ ഭാഗമാണ്; ഹഖാന, പൂമകളാണെ, കണ്ടാറകട്ടുമ്മല്‍, ആകാശം, ഭൂമി തുടങ്ങിയവ. ഇന്ന് ഇശല്‍ നാമമായി പാട്ടില്‍ ഉപയോഗിക്കുന്ന മൈലാഞ്ചിപ്പാട്ട്, തൃക്കല്യാണപ്പാട്ട്, പഴയ അമ്മായിപ്പാട്ട്, ആദി മുതല്‍ പുരാണം ഒപ്പനപ്പാട്ട് തുടങ്ങിയവയെല്ലാം ആരെഴുതിയതാണെന്ന് അറിയാതെ മാപ്പിളമാര്‍ക്കിടയില്‍ പ്രചരിച്ചിട്ടുള്ളവയാണ്. നമുക്കറിയാവുന്ന എഴുത്ത് പാരമ്പര്യത്തിനു മുമ്പുള്ളതെന്ന് ഊഹിക്കാവുന്ന ഈ പാട്ടുകളുടെ പ്രമേയം പരിശോധിച്ചാല്‍ അവ സ്ത്രീ രചനകളാണെന്നു പറയാന്‍ ഏറെ സാധ്യതകളുമുണ്ട്. അമ്മായിപ്പാട്ടില്‍ അമ്മായി മരുമകനെ സല്‍ക്കരിക്കുന്നു.
ഉരം ഇട്ട് തരം അപ്പം കൊട്ത്തമ്മായി
ഉടല്‍ തടി മിടുക്കിനും മുഹബ്ബത്തിനും
ഉണ്ട് ബണ്ണം അത്തരം കിസ്‌കിയെ
ബണ്ണം പോള കടുന്തുടി അപ്പം
പൊന്നുപോല്‍ തീര്‍ന്ന് മുട്ടമറിച്ചത്
മിന്നെറിപോല്‍ ഇലെങ്കുന്ന മുസാറാ…
ഇങ്ങനെ അപ്പങ്ങളുടെ പേര്, അത് വെന്തു വരുമ്പോഴുള്ള നിറവ്യത്യാസങ്ങള്‍ ഇവയെല്ലാം കൃത്യമായി വിവരിക്കുന്ന ഒരു പാട്ട് ഗാര്‍ഹിക ഇടത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒരു വ്യക്തിക്കുമാത്രം എഴുതാന്‍ കഴിയുന്നവയാണ്. അമ്മായി അപ്പം കൊടുക്കുന്നത് തടിമിടുക്കിനും ഒപ്പം പ്രണയത്തെ ഉണര്‍ത്താനും കൂടിയാണ് എന്നതും ശ്രദ്ധേയം. ഇക്കൂട്ടത്തില്‍പ്പെട്ട മറ്റൊരു പാട്ടാണ് ആദി മുതല്‍ പുരാണം ഒപ്പനപ്പാട്ട്.
ആദിമുതല്‍പ്പുരാണമായെ തിരുമുത്തൊളിവെ
ആയെ പടപ്പിനെല്ലാം ആരിടാബിന്നായൊളിവെ
കാതല്‍ മുഹമ്മദെന്ന കാരുണപ്പേര്‍ പെറ്റൊളിവെ
കാലം പശമ്മയില്‍ പണ്ടള്ള പടച്ചുവെച്ച്
സ്ത്രീകളുടെ കലാരൂപം എന്ന നിലയ്ക്കാണ് ഒപ്പനക്ക് ഏറെ പ്രചാരമുള്ളത്. അതുകൊണ്ട് ഇത്തരം പാട്ടുകളും സ്ത്രീകളുടേതാവാനാണ് കൂടുതല്‍ സാധ്യത.
അപ്പോള്‍ സ്ത്രീകളെഴുതിയ ഈ പാട്ടുകള്‍ പിന്നീട് പാട്ടുകളുടെ ഈണത്തെക്കുറിക്കാനുള്ള പേരായും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഈണവും സ്ത്രീകളുടേതാണെന്ന വാദം ഏറെ ബലപ്പെടുന്നതാണ്. അതുകൊണ്ടുതന്നെ മാപ്പിളപ്പാട്ടിന്റെ ഗാന പാരമ്പര്യം -ഈണത്തിലായാലും എഴുത്തിലായാലും- സ്ത്രീകളുടെ സാന്നിധ്യം കൂടുതല്‍ ഉണ്ടായിരുന്ന ഇടമാണ്.
പൂര്‍ണമായും ഈണങ്ങളെല്ലാം സ്ത്രീകളുടെ സൃഷ്ടിയായിരുന്നു എന്നല്ല. എങ്കിലും പാടുന്നതിലെ മുഖ്യ പങ്കാളികളെന്ന നിലക്ക് ഈണത്തിലെ വകഭേദങ്ങളെ നിര്‍ണ്ണയിക്കുന്നതിലും രൂപപ്പെടുത്തുന്നതിലും ഇവര്‍ നിശ്ചയമായും പങ്കുവഹിച്ചിട്ടുണ്ടാവണം.
കൂടാതെ മറ്റു കല്യാണപ്പാട്ടുകള്‍, കുലുമെച്ചം പോലെയുള്ള പാട്ടു മത്സരവേദികള്‍ എന്നിവയെല്ലാം സ്ത്രീകള്‍ക്ക് സവിശേഷമായുണ്ടായിരുന്നു. ഇവയിലെല്ലാം സ്ത്രീകള്‍ പാട്ടുകെട്ടി പാടിയിരുന്നു. അതായത്, വരികള്‍ ഉണ്ടാക്കുന്നതും അവയ്ക്ക് ഈണം നിശ്ചയിച്ചിരുന്നതും അവരായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ പാട്ടുകളൊന്നും നമുക്കിന്ന് ലഭ്യമല്ല. പക്ഷെ, ഈ പാരമ്പര്യത്തിന്റെ സൂചനകള്‍ തരുന്നവയാണ്.
പാട്ടുകൊണ്ട് ചൂട്ടുകെട്ടി
മോത്തുകുത്തും ഞാനെടി
എന്ന വരികള്‍ പാട്ടിനെ ആയുധമാക്കിയ പെണ്‍കരുത്തിനെ മാത്രമല്ല പ്രതിനിധാനം ചെയ്യുന്നത്. പാട്ട് എഴുതാതെ പോയ/അതിലൂടെ ഇടം നഷ്ടപ്പെട്ട അനേകം മാപ്പിള സ്ത്രീകളുടെ സമ്പന്നമായ പാട്ടു പാരമ്പര്യത്തിന്റെ ഒഴിഞ്ഞ ഇടത്തെക്കൂടിയാണ്.
ഈ ഒഴിഞ്ഞ ഇടങ്ങളും അവ നമ്മുടെ പാട്ടുപാരമ്പര്യത്തില്‍ ചേര്‍ത്ത വിച്ഛേദങ്ങളും കൂടി ചേര്‍ത്തു മാത്രമേ ഈ രംഗത്തുള്ള സ്ത്രീകളുടെ പ്രവര്‍ത്തനങ്ങളെ അടയാളപ്പെടുത്താനാകൂ.
ഈയൊരു പാരമ്പര്യത്തിന്റെ പരിപ്രേക്ഷ്യത്തില്‍ സ്ത്രീകളുടെ പങ്കിനെ നോക്കിക്കാണാനാവാതെ പോയതാണ് പുതിയ മാപ്പിളപ്പാട്ടു പഠനങ്ങളുടെ പരാജയം. അതു തന്നെയാണീ എഴുത്തുകാര്‍ പലരും പുരുഷന്മാരായിരുന്നു എന്നു തെളിയിക്കാനുള്ള വ്യഗ്രതയിലും കാണുന്നത്.
മാപ്പിളപ്പാട്ടിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചു പഠിക്കാന്‍ അതിന്റെ ചരിത്രം കേവലമായി രേഖപ്പെടുത്തുന്ന പഠനങ്ങള്‍ക്കാവില്ല. ഓരോ ചരിത്രഘട്ടത്തിലും മാപ്പിളപ്പാട്ടിനെ നിര്‍ണ്ണയിച്ച അധികാര ഘടനകളുടെ വിശകലനം കൂടി ഇതിനാവശ്യമാണ്. എന്നാലേ ഈ മേഖലയിലെ പൂര്‍വമാതാക്കളുടെ പരമ്പരയെ തിരിച്ചറിയാനും അംഗീകരിക്കാനും നമുക്കാവൂ. മാപ്പിളപ്പാട്ടിലെ സ്ത്രീയുടെ ഇടം ഏതെങ്കിലും ഒറ്റ തിരിഞ്ഞ വ്യക്തികളിലല്ല, പകരം മാപ്പിളപ്പാട്ടിന്റെ തന്നെ ആകെ ഗതിയിലും തുടര്‍ച്ചയിലുമാണ്. എഴുത്ത്, ഈണം, അവതരണം ഇവയൊക്കെ ഇതില്‍ പ്രധാനമാണ്.