ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമാണോ?

Democracy

മിഡിൽ ഈസ്റ്റിലെ ഏക ഡമോക്രാറ്റിക് രാജ്യമാണ് ഇസ്രായേല്‍ എന്നും അവിടെ പൗരന്മാർ എല്ലാം തുല്യരാണ് എന്നതരത്തിലുമുള്ള പ്രചാരണം വസ്തുതാപരമാണോ?


തിരഞ്ഞെടുപ്പ് മാത്രമാണ് ജനാധിപത്യത്തിന്റെ സൂചകം എങ്കിൽ ഇസ്രായേൽ ഒരു ജനാധിപത്യ രാജ്യമാണ്. പക്ഷെ, ഇസ്രായേലിൽ നിലനിലനിക്കുന്നത് ഡമോക്രസിയല്ല മറിച്ച് എത്നോക്രസി (വംശീയ ഭരണകൂടം) ആണ്. എത്നോക്രസിയെപ്പറ്റി പഠനം നടത്തുന്ന ഓറൺ (Oren Yiftachel) എന്ന യഹൂദന്റെ അഭിപ്രായത്തിൽ എത്നോക്രസി പലപ്പോഴും ഡമോക്രസിയുടെ മുഖം മൂടി അണിഞ്ഞ് വരുമെങ്കിലും രണ്ടും രണ്ടാണ് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അവകാശങ്ങൾ, അധികാരങ്ങൾ, വിഭവങ്ങൾ എന്നിവയുടെ വിനിയോഗത്തിന്റെ പ്രധാന നിർണ്ണയം വംശീയതയാണെങ്കിൽ (പൗരത്വമല്ലെങ്കിൽ), അതൊരു എത്നോക്രാറ്റിക് ഭരണകൂടമാണ്.

ഇസ്രായേലിൽ ഒരാളുടെ അവകാശങ്ങൾ നിർണയിക്കുന്നത് citizenship അല്ല മറിച്ച് nationalityയാണ്. അതായത് സിറ്റിസൺഷിപ്പും നാഷണാലിറ്റിയും രണ്ടായി കാണുന്ന അപൂർവ്വ രാജ്യമാണ് ഇസ്രായേൽ. മറിച്ച് പ്രയോഗത്തിൽ എന്ത് കുറവുകൾ ചൂണ്ടി കാണിക്കപ്പെട്ടാലും ഇന്ത്യയെ നോക്കൂ – ആരുടെയെങ്കിലും എന്തെങ്കിലും അവകാശങ്ങൾ, അവസരങ്ങൾ ലംഘിക്കപ്പെട്ടാൽ അത് കോടതിയിൽ ചോദ്യം ചെയ്യാൻ സാധിക്കും – നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണ്. അതാണ് ജനാധിപത്യം. യഹൂദര്‍ക്കും ദ്രൂസുകൾക്കും മാത്രമേ ഇസ്രായേലിൽ nationality ഉണ്ടായിരിക്കുകയുള്ളൂ. അറബ് – ഇസ്രായേലിക്ക് citizenship ഉണ്ടെങ്കിലും nationality സാധ്യമല്ല.

ഇസ്രായേൽ പൗരന്മാരിൽ 21% അറബ് വംശജരാണ്. അതിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ദ്രൂസും ആണ് പ്രധാനമായിട്ടുള്ളത്. ഇവർ അന്നാട്ടിൽ ജൂതൻമാര്‍ക്കൊപ്പം തുല്യതയനുഭവിച്ചു ജീവിക്കുന്നു എന്നത് കുറച്ച് മലയാളികൾമാത്രം വിശ്വസിക്കുന്ന മണ്ടത്തരമാണ്. ഇസ്രായേൽ പാർലമെന്റായ കെന്നെസ്സെത്തിൽ 21% ന്യുനപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നത്തിനു വെറും 8.3% അംഗങ്ങൾ മാത്രമേയുള്ളൂ. ദ്രൂസുകൾ അറബി സംസാരിക്കുന്നവരാണെങ്കിലും അറബ് എന്ന് സ്വയം അംഗീകരിക്കുന്നില്ല. 

കെന്നെസ്സെത് നിർമ്മിച്ചിരിക്കുന്ന ഏതാണ്ട് അറുപത്തി അഞ്ചോളം നിയമങ്ങൾ അറബ് – ഇസ്രായേലികൾക്കെതിരെയുള്ളവയാണ്. പൗരത്വ അവകാശങ്ങൾ മുതൽ രാഷ്ട്രീയ പങ്കാളിത്തം, ഭൂമി, പാർപ്പിട അവകാശങ്ങൾ, വിദ്യാഭ്യാസ അവകാശങ്ങൾ, സാംസ്കാരിക-ഭാഷാ അവകാശങ്ങൾ, മതപരമായ അവകാശങ്ങൾ, തടങ്കലിൽ വെക്കുന്ന കാലയളവിലെ നടപടിക്രമങ്ങൾ എന്നിവക്കുള്ള അവകാശങ്ങൾ, തുടങ്ങിയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ നിയമങ്ങൾ അറബ് വംശജരുടെ തുല്യതയെ പരിമിതപ്പെടുത്തുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, 2018-ൽ പാസാക്കിയ Basic Law: Israel as the Nation-State of the Jewish People എന്നതാണ്. അതിന്റെ ബേസിക് പ്രിന്സിപ്പിൽ “The right to exercise national self-determination in the State of Israel is unique to the Jewish people” എന്ന വച്ചാൽ സ്വയം നിർണ്ണയ അവകാശം യഹൂദന് മാത്രമേയുള്ളൂ. സമത്വം, അവസര സമത്വം, ഇതൊന്നും മറ്റാർക്കുമില്ല. 55 നെതിരെ 62 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഈ നിയമം കെന്നെസ്സത് പാസാക്കിയത്.  നല്ലൊരു ശതമാനം യഹൂദർക്ക് പോലും ഈ നിയമത്തോട് യോജിപ്പില്ല. അപ്പാർതീഡ് ഭരണകൂടം എന്നു വിളിച്ച് ഈ ബില്ല് പാസാക്കിയ ദിവസം ബില്ലിന്റെ കോപ്പി എതിർത്തവർ കീറിയെറിഞ്ഞു. ഈ നിയമം നടപ്പാക്കുന്നത് വിവിധ രീതികളിലാണ്. നിർബന്ധിത പട്ടാള സേവനത്തിൽ അറബ് – ഇസ്രായേലികലെ ഉൾപ്പെടുത്തിയിട്ടില്ല. ദ്രൂസുകൾക്ക് ഇഷ്ടമുണ്ടെങ്കിൽ ചേരാം. യഹൂദൻ നിർബന്ധിത പട്ടാള സേവനത്തിനു വിസമ്മതിച്ചാൽ രണ്ട് വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. പട്ടാള സേവനം നടത്തിയവർക്ക് വിദ്യാഭാസത്തിലും, ജോലി കിട്ടുന്നതിലും, വീട് വെക്കുന്നതിലും പ്രത്യേക പരിഗണനകളുണ്ട്. അറബ് – ഇസ്രായേലികള്‍ ഇതിൽ നിന്നെല്ലാം പുറത്താക്കപ്പെടുന്നു.

രണ്ടാമത്തേത് “Hametz Law” – The Patient’s Rights Act (Amendment No. 13) 2023. ഈ നിയമപ്രകാരം ജൂതരുടെ പെസഹാ ആഴ്ചയിൽ പുളിപ്പുള്ള ആഹാരസാധങ്ങൾ കൊണ്ടുചെല്ലുന്നവരെ ആശുപത്രികളിൽ നിന്നും പുറത്താക്കാൻ അധികൃതർക്ക് പ്രത്യേക അധികാരം നൽകുന്നു. ബീഫ് കൈവശം വയ്ക്കുന്നവരെ തല്ലിക്കൊല്ലുന്നത് ന്യായമാണ് എന്ന കരുതുന്നവർക്ക് ഇതിൽ കുഴപ്പമൊന്നും തോന്നാനിടയില്ല. 21% വരുന്ന സ്വന്തം പൗരന്മാരുടെ തീന്മേശയിലേക്കാണ് ഈ നിയമം അതിക്രമിച്ച് കടക്കുന്നത്.

അറബ് – ഇസ്രായേലികൾക്ക്, സ്ഥലം വാങ്ങുന്നതിനും, കെട്ടിടം നിർമ്മിക്കുന്നതിനും, താമസ സ്ഥലംമാറുന്നതിനും, അടുത്ത ബന്ധുക്കൾക്ക് പൗരത്വം ലഭിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. അറബ് – ഇസ്രായേലികളുടെ ആയുർദൈർഘ്യം ജൂതരെ അപേക്ഷിച്ച് കുറവാണെന്ന് ആംനസ്റ്റി ഇന്റർനാഷണല്‍ കണ്ടെത്തിയിട്ടുണ്ട്. ഇസ്രായേലിൽ അറബ് -ഇസ്രായേലികള്‍ എല്ലാ മേഖലകളിലും വിവേചനം അനുഭവിക്കുന്നു. അവർ 1948-നു മുൻപേ അതേനാട്ടിൽ ജീവിച്ചിരുന്നവരുടെ പിന്തലമുറയാണെങ്കിലും!

അതായത്, മിഡിൽ ഈസ്റ്റിലെ ഏക ഡമോക്രാറ്റിക് രാജ്യമാണ് ഇസ്രായേല്‍ എന്നും അവിടെ പൗരന്മാർ എല്ലാം തുല്യരാണ് എന്നതരത്തിലുമുള്ള പ്രചാരണം വസ്തുതാപരമല്ല.



Latest articles

Leave a comment