ഒരു വ്യക്തിയോ കുടുംബമോ സ്വമനസ്സാലെ മൈഗ്രെറ്റ് ചെയ്യുന്നതു പോലെയല്ല വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഇറക്കി വിടപ്പെട്ട് അഭയാര്‍ഥികളാകുന്നത്. അവരെ മറ്റു അറബ് രാജ്യങ്ങൾ ഏറ്റെടുക്കണം എന്ന് പറയാൻ ട്രംപ് ആരാണ്?
കഴിഞ്ഞ ദിവസം മനോജ് കുറൂറും ആയി സംസാരിക്കുകയായിരുന്നു. ഞങ്ങൾ കൂടിയാൽ നാലും കൂട്ടി ഒന്ന് മുറുക്കും. കണ്ടുമുട്ടുമ്പോൾ മുറുക്കുന്നത് മൂന്നു പേരുടെ കൂടെയാണ്. എന്റെ ചെണ്ട ആശാൻ സന്തോഷ് കൈലാസ് ആശാൻ, വല്ല്യാശാനായ ശങ്കരൻ കുട്ടിമാരാർ ആശാൻ, പിന്നെ മനോജ്. ഇവരുടെ കൈയ്യിൽ ഏത് നാട്ടിലായാലും സ്റ്റോക് ഉണ്ടാകും. ഇപ്പോൾ ശങ്കരൻ കുട്ടി ആശാൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം മുറുക്ക് നിർത്തി. ഇനി രണ്ടാളേയുള്ളൂ. അവരെ കാണുമ്പോളല്ലാതെ മുറുക്കുന്ന ശീലം ഇല്ല. ഒരുമിച്ച് മുറുക്കാന്‍ തയ്യാർ ചെയ്യുമ്പോൾ ഉണ്ടാകുന്ന ചില നുള്ളുനുറുങ്ങു സ്വകാര്യ സംഭാഷണങ്ങൾ മുറുക്കുന്നതിലും ഹരമാണ്.
വീട്ടുവിശേഷങ്ങൾ പറയുന്നതിനിടയിൽ മനോജ് ഒരു അഭിപ്രായം പറഞ്ഞു, ഏത് നാട്ടിൽ പോയാലും എനിക്ക് പെട്ടെന്ന് നാട്ടിൽ, വീട്ടിൽ എത്തണം. നാട് വിടുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റില്ല. ഒരു കാര്യം കൂടി മനോജ് കൂട്ടി ചേർത്തു, പൊതുവെ നാടും വിടും വിടുന്നതിനു ക്രിസ്ത്യാനികള്‍ക്ക് വലിയ ബദ്ധിമുട്ട് തോന്നാറില്ല എന്ന് തോന്നുന്നു. പറഞ്ഞത് ഒരു നിരീക്ഷണം എന്ന നിലയിലാണ്, തിയറി എന്ന നിലയിലല്ല . എനിക്കും ശരിയാണെന്ന് തോന്നി. രാജകുമാരിയിൽ ജനിച്ചു വളർന്ന എനിക്ക് കോട്ടയത്ത്‌വീട് വയ്ക്കുന്നതിനെപ്പറ്റി ഒന്ന് ആലോചിക്കേണ്ടി പോലും വന്നില്ല. ഏതാണ്ട് 120 കി.മി. ദൂരെ.
ബഹ്റിനില്‍ സ്വദേശികൾക്ക് വീടുവെച്ച് കൊടുക്കുന്നതുമായി ബന്ധപ്പെട്ട ജോലിയാണ് എന്റേത്. ഇവിടെ മധ്യവർഗ്ഗത്തിൽ പെട്ടവർക്ക് സ്വന്തമായി സ്ഥലം വാങ്ങി, വീടുവെച്ച്, സർവ്വീസസ് (വെള്ളം കറന്റ് തുടങ്ങിയവ) കണക്ഷൻ എടുത്ത് താമസിക്കുന്നത് അത്ര പ്രായോഗികമല്ല. അതുകൊണ്ട് സർക്കാർ ആണ് പ്രധാന ഭവനദാതാക്കൾ.
ഒരേ തരം മനുഷ്യർ, ഒരേ ഭാഷ, ഒരേ മതം – പക്ഷെ ഇവർ തമ്മിൽ വ്യത്യാസം ഉണ്ട്. ഇവിടെയും പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ട്, ജീവിത രീതിയിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് ഒരു ദ്വീപിൽ നിന്നും അടുത്ത ദീപിലേയ്ക്ക് മാറി താമസിക്കുന്നത് അപൂർവ്വമാണ്.
അങ്ങിനെയുള്ള വീടുകൾ നിർമ്മിച്ച് നൽകുമ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്‍നം – ഇപ്പോൾ താമസിക്കുന്ന വില്ലേജ് വിട്ട് കുറച്ച് മാറിപ്പോലും ഇവർ താമസിക്കാൻ തദ്ദേശീയര്‍ തയ്യാറല്ല എന്നതാണ്. പല കാരണങ്ങളുണ്ടിതിന്. അഞ്ചു നേരം നിസ്ക്കരിക്കുന്ന ഒരു മോസ്‌കും, അതിന്റെ അടുത്ത് വൈകുന്നേരം വെടി പറഞ്ഞിരിക്കാൻ ശീഷ കടകളും, അതിനോട് ചേർന്ന വീടുകളുമായി ഒരു സമൂഹമായിട്ടാണ് അറബികളുടെ ജീവിതം നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്നത്. എണ്ണ കണ്ടെത്തുന്നതിനു മുമ്പ് മുത്ത് വാരിയും മീൻ പിടിച്ചും, ഫാൽക്കൺ പറത്തിയും, ഇന്ത്യയിൽ നിന്ന് ഉരുക്കളിൽ ആഹാര സാധനങ്ങളും സുഗന്ധദ്രവ്യങ്ങളും വരുന്നതും കാത്തിരുന്നും വളരെ കുറച്ചു വെള്ളം ഉപയോഗിച്ച് അത്യുഷ്ണത്തിൽ കഴിഞ്ഞ മനുഷ്യരാണിവര്‍.
അഹ്‌മദ് ദിറാസി എന്ന പേര് ഉണ്ടായത് ദിറാസിൽ താമസിക്കുന്നതുകൊണ്ടാണ്. ദിറാസ് വിട്ടാൽ പിന്നെ അയാൾ വെറും അഹ്‌മദ് ആയി. അത് അവർക്ക് സമ്മതമല്ല. അറബികളെപ്പോലെ ടെറിറ്റോറിയലായ ആളുകളെ കണ്ടിട്ടില്ല. ബഹിറിന്‍റെ മൊത്തം വിസ്തൃതി ആലപ്പുഴ ജില്ലയുടെ പകുതിയേയുള്ളു. ആൾപാർപ്പുള്ള മൂന്നു ദ്വീപുകളാണുള്ളത്. ദ്വീപുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഒരു കിലോമീറ്ററിൽ താഴെയുള്ള ചെറു പാലങ്ങൾ. ഒരേ തരം മനുഷ്യർ, ഒരേ ഭാഷ, ഒരേ മതം – പക്ഷെ ഇവർ തമ്മിൽ വ്യത്യാസം ഉണ്ട്. ഇവിടെയും പട്ടണങ്ങളും ഗ്രാമങ്ങളുമുണ്ട്, ജീവിത രീതിയിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് ഒരു ദ്വീപിൽ നിന്നും അടുത്ത ദീപിലേയ്ക്ക് മാറി താമസിക്കുന്നത് അപൂർവ്വമാണ്.

അറബികൾ എന്ന സർവ്വ നാമം ഉപയോഗിച്ച് പറയുമെങ്കിലും അറബികൾ ഒരേ തരം മനുഷ്യരല്ല. ബഹറൈനികളും സൗദികളും ഒരേ തരക്കാരല്ല. ഭാഷയിലും ആഹാരത്തിലിമുണ്ട് വ്യത്യാസങ്ങൾ. ഒമാനികളുടെ വസ്ത്രധാരണത്തിൽ വ്യത്യാസമുണ്ട്. ഈജിപ്റ്റുകാരും ജോർദ്ദാനികളും വേറെതരം മനുഷ്യരും ലോകവീക്ഷണമുള്ളവരും ശീലങ്ങളുമുള്ളവരാണ്.
25 കൊല്ലമായി ഈ നാട്ടിൽ ജീവിക്കുന്ന, ഇവരുടെ ഭാഷ സംസാരിക്കുന്ന, ധാരാളം സ്വദേശി സൗഹൃദങ്ങളുള്ള എനിക്ക് അറബികൾ എന്താണെന്ന് കാര്യമായി ഇന്നും പിടികിയിട്ടിയില്ല. ഒരു ആലോചനയുമില്ലാതെ 120 കിലോമീറ്റർ ദൂരെ വീട് വാങ്ങുന്ന എനിക്കോ, ബാംഗ്ലൂരിലേക്ക് പറിച്ചു നടപ്പെടുന്ന മലയാളിക്കോ അറബികളെ മനസിലാകണം എന്നില്ല.
മൈഗ്രെഷനുകള്‍ക്ക് കാരണമായ Push Factors ഉം Pull Factors ഉം ഇവിടെ ധാരാളമുണ്ടെങ്കിലും അറബികള്‍ പൊതുവെ മൈഗ്രെഷന് തയ്യാറല്ല.
ഈജിപ്തിൽ പോയപ്പോൾ കണ്ട രസകരമായ ഒരു ജീവിത രീതിയുണ്ട്. മക്കൾ വളർന്നു വിവാഹം കഴിച്ചാൽ അതെ കെട്ടിടത്തിന്റെ അടുത്ത നിലയിലേക്ക് താമസം മാറും. നമ്മളെപ്പോലെ മാതാപിതാക്കൾ ഏറ്റവും ഇളയ മകന്റെ കൂടെയല്ല, മൂത്ത മകന്റെ കൂടെയാണ് താമസം. എല്ലാ ദിവസവും മക്കൾ പേരകുട്ടികളുമായി വന്നു കുറച്ച് സമയം അച്ഛനമ്മമാരുടെ കൂടെയിരിക്കും, ആഹാര സാധനങ്ങളുമായിട്ടാണ് വരവ്, എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കും. പൊതുവെ കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവരാണ് അറബികൾ. അവർ വിലമതിക്കുന്ന ഒരു ജീവിത രീതിയാണത്.
അതീവ രസകരമായിരുന്നു കുട്ടിക്കാലം, ഞങ്ങള്‍ക്ക് ഒരമ്മയല്ല ഉണ്ടായിരുന്നത്, പല അമ്മമാരായിരുന്നു. ഒരു വീടല്ല, എല്ലാം ഞങ്ങളുടെ വീട് ആയിരുന്നു.
യു.കെയിലേക്കുള്ള പാലസ്തീൻ അംബാസ്സഡർ H.E Husam Zomlot-ന്റെ രസകരമായ ഒരു ഇന്റർവ്യൂ ഉണ്ട് യുട്യൂബിൽ. കുട്ടിയായിരുന്നപ്പോൾ ഗസ്സയിലെ ജീവിതം എങ്ങിനെ ഉണ്ടായിരുന്നു എന്നതായിരുന്നു ചോദ്യം. വളരെ ആവേശത്തോടെ അദ്ദേഹം പറഞ്ഞു, Shaburah refugee camp-ലെ പരിമിതമായ ജീവിതസൗകര്യങ്ങളേ ഉണ്ടായിരുന്നുള്ളു എങ്കിലും ജീവിതം ഉത്സവം പോലെ ആയിരുന്നു. അതീവ രസകരമായിരുന്നു കുട്ടിക്കാലം, ഞങ്ങള്‍ക്ക് ഒരമ്മയല്ല ഉണ്ടായിരുന്നത്, പല അമ്മമാരായിരുന്നു. ഒരു വീടല്ല, എല്ലാം ഞങ്ങളുടെ വീട് ആയിരുന്നു. Husam Zomlot-ന്റെ എല്ലാ വീഡിയോകളും കാണേണ്ടതാണ്. ഇസ്രായേൽ അനുകൂലികളെ പോലും മുറിവേല്‍പ്പിക്കില്ല അദ്ദേഹത്തിന്റെ സംഭാഷണം. സാധാരണ അംബാസഡര്‍മാര്‍ പറയുന്നതുപോലെ വെണ്ണ പുരട്ടിയ വാക്കുകളല്ല അദ്ദേഹത്തിന്‍റേത്, ഹൃദയം തന്നെയാണ് സംവദിക്കുന്നത്.
ഒരു വ്യക്തിയോ കുടുംബമോ സ്വമനസ്സാലെ മൈഗ്രെറ്റ് ചെയ്യുന്നതു പോലെയല്ല വീട്ടിൽ നിന്നും നാട്ടിൽ നിന്നും ഇറക്കി വിടപ്പെട്ട് അഭയാര്‍ഥികളാകുന്നത്. അവരെ മറ്റു അറബ് രാജ്യങ്ങൾ ഏറ്റെടുക്കണം എന്ന് പറയാൻ ട്രംപ് ആരാണ്? നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് അവരോടു ചോദിച്ചോ? അവർ സ്വന്തം സ്ഥലം വിറ്റിട്ടോ, വിട്ടുകൊടുത്തിട്ടോ സ്വമേധയാ അഭയാർത്ഥി ക്യാമ്പിലേക്ക് പോയതാണോ? അവർക്ക് മറ്റെങ്ങും പോകണ്ടങ്കിലോ? അഭയാര്‍ഥി ക്യാമ്പില്‍ മൂന്നു തലമുറയായി കഴിയുന്നവർ ഇന്നും തിരിച്ചു പോകാൻ കഴിയുമെന്നപ്രതീക്ഷയിലാണ്. തിരിച്ചു പോവാനുള്ള അവകാശമാണ് അവരുടെ ആവശ്യം, അതവരുടെ അവകാശവുമാണ്. ചിലർക്ക് സ്വാഭിമാനമായിരിക്കും ജീവനേക്കാൾ വലുത്. അതെല്ലാവര്‍ക്കും മനസിലായിക്കൊള്ളണമെന്നില്ല.
