സി.ഗണേഷിന്‍റെ ബംഗ എന്ന നോവൽ വായിക്കുമ്പോൾ
ബംഗാളിന്‍റെ വിദൂരഗ്രാമങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിന്‍റെ ചുഴലി ഉന്‍മൂലനത്തിന്‍റെ കൊടുങ്കാറ്റായതും വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍ കേട്ട് അടിമത്തത്തിലും ചൂഷണത്തിലും പൊറുതിമുട്ടിയ ജനലക്ഷങ്ങള്‍ ആഹ്ളാദം കൊണ്ടതും, അധികാര വര്‍ഗ്ഗം പേടിച്ചതും ഒടുവില്‍ എല്ലാം ഹതാശമായ കിനാവുകളായതും, കഥയായും ഫീച്ചറായും, സമ്മിശ്ര വികാരങ്ങളുണര്‍ത്തുന്ന ബഹുവിധ ആഖ്യാനങ്ങളായി അവശേഷിച്ചതും ചരിത്രം. ആത്മഹത്യക്കും കൊലയ്ക്കുമിടയില്‍, ചുവപ്പിന്‍റെ ഇടനാഴികളിലൂടെ യാത്ര ചെയ്ത കാല്പനിക വിപ്ലവകാരികള്‍ക്ക് സംഭവിച്ച പരിണാമം ദുരന്തഹാസ്യമായി അവശേഷിക്കുമ്പോഴും ആ നീതിബോധത്തെ എടുത്തണിയുന്നുണ്ട് നമ്മില്‍ ഏറെപ്പേരും. അനീതി കാണുമ്പോള്‍ നമ്മില്‍ ഒരു നക്സല്‍ പിടഞ്ഞുണരുന്നുണ്ട്. ഈയൊരു തിരിച്ചറിവിലേക്ക് നമ്മെ നയിക്കുന്ന നോവലാണ് സി. ഗണേഷിന്‍റെ ‘ബംഗ.’

കെടാത്ത വിപ്ലവ വീര്യത്തിന്‍റെ ചരിത്രത്തെ വര്‍ത്തമാനപ്രസക്തിയോടെ അവതരിപ്പിക്കുകയാണ്,ഈ നോവലില്‍. വംഗദേശത്തിന്‍റെ ചരിത്രവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന ആദ്യമലയാളനോവല്‍ എന്നു പറയാം. കൊളോണിയല്‍ ആധുനികത,വിപ്ലവത്തിന്‍റെ കനലെരിഞ്ഞ ഗ്രാമങ്ങള്‍,തോട്ടം മേഖലയിലെ ഗോത്ര ജനതയുടെ അടിമജീവിതം, അവരുടെ ജീവിതത്തില്‍ വിമോചനത്തിന്‍റെ ഇടിമുഴക്കമായി പ്രത്യക്ഷപ്പെട്ട വിപ്ലവകാരികള്‍,രാഷ്ട്രീയനൈതികത തകര്‍ന്ന ബംഗാളിന്‍റെ വര്‍ത്തമാന ചരിത്രം ഇവയെല്ലാം, ഡോക്യുഫിക്ഷന്‍ സ്വഭാവമുള്ള ഈ നോവലില്‍ അവതരിപ്പിക്കുന്നുണ്ട്. മാത്രമല്ല, സൈബര്‍യുഗത്തിന്‍റെ രാഷ്ട്രീയസംസ്കാരത്തെക്കുറിച്ചുള്ള പ്രവചന സ്വഭാവവും, ഈ നോവലിന്‍റെ പ്രത്യേകതയായി പറയാം. പീഡിതമായ സാഹചര്യങ്ങളെ അതിജീവിച്ച്, നൈതികതയുടെ നക്ഷത്രങ്ങളായിത്തീരുന്ന, വിമോചനാശയങ്ങളുള്ള സൈബര്‍ പോരാളികളിലൂടെ ഒരു പുതിയ രാഷ്ട്രീയസംസ്കാരം ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്നു,
‘കൂവിത്തോറ്റ മേഘം’ എന്നു സ്വയം വിശേഷിപ്പിച്ച ബംഗാള്‍ കണ്ട സമാനതകളില്ലാത്ത വിപ്ലവ പോരാളി, കനു സന്യാല്‍, ക്ഷയിക്കുന്ന തന്‍റെ ആരോഗ്യത്തെ ഭയന്നോ,ലക്ഷ്യമില്ലാതാകുന്ന വിപ്ലവത്തെ ഓര്‍ത്തോ എഴുപത്തിയെട്ടാമത്തെ വയസ്സില്‍ ഒറ്റമുറിക്കൂരയില്‍, അത്രമേല്‍ സ്നേഹിച്ചിരുന്ന ഗ്രാമീണരെ ഒളിച്ച്, നൈലോണ്‍ കയറില്‍ തന്‍റെ ജീവിതം അവസാനിപ്പിച്ചിടത്തു നിന്നാണ്, ഗണേഷ്, ബംഗയുടെ ആഖ്യാനത്തിന്‍റെ തുടക്കം കുറിക്കുന്നത്.കനുവിന്‍റെ ജീവചരിത്രം തയ്യാറാക്കാന്‍ വേണ്ടി, പല തവണയായി കുടിലിലെത്തി അഭിമുഖസംഭാഷണം നടത്തുകയായിരുന്ന ബാപ്പാദിത്യ പോള്‍ എന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മകളിലൂടെ കനുവിലെ വിപ്ലവകാരിയുടെ ത്രസിപ്പിക്കുന്ന ചരിത്രം പറയുകയാണ്.

കൊളോണിയല്‍ ബംഗാളിന്‍റെ ചരിത്രത്തില്‍ തുടങ്ങി, ബംഗാള്‍ തോട്ടം മേഖല, ഗോത്രമേഖല തൊഴില്‍ ജീവിതം നക്സല്‍ ബാരി വിപ്ലവം, പീഡനം, രക്തസാക്ഷിത്വങ്ങള്‍, ചൈനയിലേക്കുള്ള ചുവപ്പന്‍ ഇടനാഴി, ചാരുംമജുംദാര്‍ പ്രത്യയശാസ്ത്ര സംവാദം, പിളര്‍പ്പുകള്‍, ഇടര്‍ച്ചകള്‍, ഒക്കെയും, നോവലിന്‍റെ ഒന്നാം ഭാഗത്ത് കാണാം. ‘തേയിലയും ബംഗയുടെ മുറിവു’കളും എന്ന രണ്ടാം ഭാഗം, തൊഴിലാളികളും ഗോത്രവര്‍ഗ്ഗങ്ങളും അനീതിക്കെതിരെ പിടഞ്ഞുണരുന്നതിന്‍റെ, അവരില്‍ വിപ്ലവവീര്യം പകര്‍ന്ന വിമോചന രാഷട്രീയത്തിന്‍റെ കഥയാണ്, ഒപ്പം രക്തസാക്ഷിത്വത്തിന്‍റെയും ഉന്മൂലനസിദ്ധാന്തത്തിന്‍റെയും ആഘാതങ്ങളും, അതിലൂടെ ബംഗാളിന്‍റെ സംഭവബഹുലമായ ചരിത്രത്തിലേക്കുള്ള യാത്രയുമാണിവിടെ ആഖ്യാനം ചെയ്യുന്നത്.
‘നൈതിക മണ്ഡലം’ എന്ന മൂന്നാം ഭാഗം പുതിയ വിമോചന രാഷ്ട്രീയ സംസ്കാരത്തിന്‍റെ സാധ്യതകളെക്കുറിച്ചുള്ള ആശയങ്ങള്‍ കൊണ്ടും, സമകാല ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടും ശ്രദ്ധേയമായിത്തീരുന്നു. സൈബര്‍ സ്പേസിലെ ആഗോള കൂട്ടായ്മ, നീതി നിഷേധിക്കപ്പെട്ടവരുടെയും പാര്‍ശ്വവത്കൃതരുടെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇടം, പലതരത്തില്‍ ഇരയാക്കപ്പെട്ട യുവാക്കള്‍ അവര്‍ ഒത്തുകൂടുകയാണ്. ബംഗാള്‍ അവരുടെ ഇഷ്ടപ്രദേശമാണ്, അവിടുത്തെ കലയും രാഷ്ട്രീയവും സംസ്കാരവും സംഗീതവും അറിയാന്‍ കല്‍ക്കത്തയില്‍ ഒത്തുകൂടുകയാണ്, അപ്പാ ഗോകുലു, ബ്ലോഗെഴുത്തുകാരന്‍ ഉമ്മിണി കള്ളാര്‍, മംഗലാപുരത്ത് മെഡിസിന്‍ വിദ്യാര്‍ത്ഥിനിയായിരിക്കെ കാമ്പസില്‍ അതിക്രൂരമായി റേപ്പിനിരയായ സുമ, വയനാട്ടില്‍ നിന്ന് വറുഗീസ്, ഭൈരപ്പ, സരവണന്‍, ജോജി, അഥീന ദളിത എന്നിവരിലൂടെ ചിന്തിക്കുന്ന, അന്വേഷിക്കുന്ന, പ്രതികരിക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ യുവത്വത്തെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. ബംഗാളിയുടെ സ്വത്വത്തെയും, കനുദായുടെ ആത്മഹത്യയെയും കുറിച്ച് വിശദമായ അന്വേഷണത്തില്‍ മുഴുകുന്നുണ്ട് ഈ യുവത. ഓരോ ബംഗാളിയും അപരസ്വത്വത്തെ കൂടി ഉള്‍വഹിക്കുന്നുണ്ട് എന്നാണ് അവര്‍ പറയുന്നത്. ദേശീയവാദിയില്‍ പ്രാദേശിക വാദിയെ കര്‍ഷകനില്‍ വ്യവസായിയെ, ഉത്പാദകനില്‍ ഉപഭോക്താവിനെ, കമ്മ്യൂണിസ്റ്റില്‍ ദുര്‍ഗാപൂജക്കാരനെ, രാജ്യതന്ത്രജ്ഞരില്‍ അരാജകവാദിയെ- ഈ കലര്‍പ്പാണ് ബംഗാളിയെ ബംഗാളിയായി നിലനിര്‍ത്തുന്നത്. ബംഗാളിയുടെ സാമൂഹിക സാംസ്കാരിക ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന സംവാദങ്ങള്‍ ഈ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്.
ഒരു ചോദ്യചിഹ്നമായി തന്‍റെ പഴകിയ ശരീരത്തെ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച് പോയ കനുവും ചുരുട്ടിയ മുഷ്ടിയും, ഈ നോവല്‍ അവശേഷിപ്പിക്കുന്ന മുദ്രകളാകുന്നു. നിരാശയുടെ വിഷാദത്തിന്‍റെ മുദ്രകള്‍. പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ഒരു ജനതയുടെ വിധി ഈ നോവല്‍ പറയാതെ പറയുന്നു.
വൈവിധ്യമാര്‍ന്ന ജനതയെ, ജനകീയ പ്രശ്നങ്ങളെ, ചരിത്രത്തെ, നരവംശശാസ്ത്രത്തെ ബംഗാള്‍ ക്ഷാമം, ബംഗാള്‍ വിഭജനം തുടങ്ങിയ ചരിത്രസംഭവങ്ങളെ പുതിയ വീക്ഷണണത്തില്‍ നോക്കിക്കാണുന്ന ഗൗരവമുള്ള സംവാദങ്ങളായി മൂന്നാം ഭാഗം മാറുന്നു. ബംഗാളി സ്വത്വത്തെ തിരിച്ചറിയുന്ന അവരിലൊരാള്‍, കനുദായുടെ മരണം ആത്മഹത്യയല്ല എന്ന നിഗമനത്തിലെത്തുന്നുണ്ട്. നക്സല്‍ ബാരിയുള്‍പ്പെടെയുള്ള ഗ്രാമാന്തരാളങ്ങളില്‍, കനുദാ അവസാനിപ്പിച്ച ഒറ്റമുറി വീട്ടില്‍ വരെ ഈ യുവസംഘം എത്തുന്നുന്നുണ്ട്, ഒടുവില്‍ അവര്‍ വിപ്ലവകാരികളുടെ സഹയാത്രിക, ശാന്തി മുണ്ടയെ കാണുന്നുണ്ട്. സാന്താളരുടെ നിലവിളികളും ഹതാശമായ കിനാവുകളും ഇറങ്ങി വരുമ്പോലെ, മാടുകളെ തെളിച്ചു കൊണ്ടുവന്ന ആ വൃദ്ധയ്ക്ക് പറയാനുണ്ടായിരുന്നത് ഇത്രമാത്രം ‘കനു ചെയ്തതൊക്കെയും കനുവിനു മാത്രമേ അറിയൂ, കൃത്യമായി അറിയണമെങ്കില്‍ അയാളോടു തന്നെ ചോദിക്കണം. എങ്കിലും ഒന്നറിയാം ആശയത്തില്‍ അയാള്‍ നിരാശനായിരുന്നില്ല, എന്നിട്ടെന്ത്? പഴകുന്ന ശരീരത്തിലെ വേദനയുണ്ടല്ലോ അതിന്‍റെ തീരുമാനത്തെ അതിജീവിച്ചില്ല, കഷ്ടം’!

ബംഗാളിനെ അറിയാന്‍ ഉള്‍നാടുകളിലേക്ക്, വിപ്ലവ ചരിത്രത്തിലേക്ക് സഞ്ചരിച്ച യുവ സംഘം രഹസ്യാന്വേഷണ ഇന്‍റലിജന്‍സിന്‍റെ പിടിയിലാകുന്നതും, പിന്നീട് വിട്ടയയ്ക്കപ്പെടുന്നതുമാണ് നോവലിന്‍റെ നാലാം ഭാഗം. വിമോചന സ്വപ്നവും, വിപ്ലവനായകരും ഒഴിഞ്ഞു പോയ ബംഗയില്‍ ജീവിതസംസ്കാരം കൂടുതല്‍ സങ്കീര്‍ണ്ണവും അരാജകവുമാകുന്നതും നൈതികത അന്യമാവുന്നതും, പറഞ്ഞുകൊണ്ടാണ് നോവല്‍ അവസാനിപ്പിക്കുന്നത്. ഒരു ചോദ്യചിഹ്നമായി തന്‍റെ പഴകിയ ശരീരത്തെ ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ സമര്‍പ്പിച്ച് പോയ കനുവും ചുരുട്ടിയ മുഷ്ടിയും, ഈ നോവല്‍ അവശേഷിപ്പിക്കുന്ന മുദ്രകളാകുന്നു. നിരാശയുടെ വിഷാദത്തിന്‍റെ മുദ്രകള്‍. പ്രതീക്ഷിക്കാനൊന്നുമില്ലാത്ത ഒരു ജനതയുടെ വിധി ഈ നോവല്‍ പറയാതെ പറയുന്നു. വിപുലമായ ഗവേഷണത്തിലൂടെയും യാത്രയിലൂടെയും ആര്‍ജ്ജിച്ച ജ്ഞാനം ഈ നോവലിന്‍റെ നിര്‍മ്മിതിക്കു പിന്നിലുണ്ട്. വസ്തുതകളെ ഭാവനാത്മകമായി വിന്യസിക്കുന്ന ശൈലി, ചിലപ്പോള്‍ അരുചി തന്നേക്കാം. അനുഭവ സ്പര്‍ശമല്ല, നൈപുണി നിറയുന്ന എഴുത്ത്, സമകാല ഫിക്ഷനില്‍ യുവനിര വൈവിധ്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. പഠിച്ചെഴുതുബോള്‍ ചില ഭാവങ്ങള്‍ അഭാവങ്ങളാകാം, മറിച്ചും. ബംഗാളിന്‍റെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തെ ജ്ഞാനസാന്ദ്രമായി വിനിമയംചെയ്യുന്നു സി.ഗണേഷിന്‍റെ ബംഗ, മലയാളനോവലാഖ്യാന കലയിലെ ഒരു ചുവടുവയ്പാണെന്നു പറയാം.
Brilliant insights! Found AI Tools extremely useful. These AI Tools have revolutionized my approach completely, saving me time and effort. The AI Tools are amazing!
Great resource for AI tools! The AI 3D Model Generator section is especially handy for creators and designers looking to streamline their workflow with cutting-edge tech.