കേരളത്തില്‍ രണ്ട് ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള പുറപ്പാടിലാണ് ഭരണാധികാരികള്‍. അനുയോജ്യമല്ല എന്നറിയുമെങ്കിലും ജനങ്ങള്‍ എതിര്‍ക്കുമെന്ന് ഉറപ്പുണ്ടായിട്ടും ആണവനിലയങ്ങള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതിന് പിറകിലെ ചേതോവികാരം എന്തായിരിക്കാം?
കാസർകോട് ജില്ലയിലെ ചീമേനിയിലും തൃശ്ശൂരിൽ അതിരപ്പള്ളിയിലും ആണവ താപവൈദ്യുത നിലയങ്ങൾ സ്ഥാപിക്കാനുള്ള പുറപ്പാടിലാണ് കേരളത്തിലെ വൈദ്യുതി വകുപ്പ്. ആണവ താപനിലയത്തെ സംബന്ധിച്ച രാഷ്ട്രീയ നയമൊന്നും വ്യക്തമാക്കിയിട്ടില്ലെങ്കിലും വൈദ്യുതി വകുപ്പിൻ്റെ നീക്കത്തിൽ പുലർത്തുന്ന നിശബ്ദത ആണവ താപ വൈദ്യുത നിലയങ്ങളോടുള്ള സർക്കാരിൻ്റെ സമീപനം വെളിവാക്കുന്നുണ്ട്. ബലപ്രയോഗത്തിലൂടെതന്നെ ആണവ താപവൈദ്യുതി നിലയം സ്ഥാപിക്കാൻ സർക്കാർ ശ്രമിക്കുമെന്ന തിരിച്ചറിവും മുൻകാല സമരാനുഭവങ്ങളും കൂട്ടായുള്ള ചീമേനി നിവാസികൾ സമരക്കമ്മറ്റിക്ക് രൂപം നൽകി കഴിഞ്ഞു. തികഞ്ഞ പരിസ്ഥിതി മൗലികവാദികൾ മുന്നോട്ടുവെക്കുന്ന വാദങ്ങളൊന്നും ചീമേനിയിലെ സമരക്കാർ മുന്നോട്ടുവെക്കുന്നില്ല. മറിച്ച് കാർബൺ ബഹിർഗമനം തെല്ലുമില്ലാത്ത ഊർജ്ജം എന്ന വ്യാജ ലേബലിനെയും അതിൻ്റെ സാമ്പത്തികമായ അപ്രായോഗികതയേയും ചോദ്യംചെയ്യുകയും ആണവോർജ താപനിലയങ്ങൾക്കു പിന്നിലെ സാമ്പത്തിക – രാഷ്ട്രീയ താൽപര്യങ്ങളെ തുറന്നുകാണിക്കുകയുമാണ് സമർക്കാർ.
കാർബൺ മുക്തമല്ല ആണവോർജ്ജം
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം, വനനശീകരണം, വ്യവസായവൽക്കരണം എന്നിവയുടെ ഫലമായി അന്തരീക്ഷത്തിലെ കാർബൺ സാനിധ്യം വർധിക്കുകയും അത് ധാരാളം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയുംചെയ്തിട്ടുള്ള പശ്ചാത്തലത്തിലാണ് ഊർജ്ജഉൽപാദനത്തിനായുള്ള ബദൽ മാർഗ്ഗങ്ങൾ തേടാൻ മനുഷ്യ സമൂഹം നിർബന്ധിതമായിരിക്കുന്നത്. ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്തി ആണവോർജ്ജം കാർബൺ രഹിത ഊർജ്ജമാണെന്ന മട്ടിലുള്ള പ്രചാരണവും ലോകമൊട്ടുക്കും ആണവ ലോബി സംഘടിപ്പിക്കുന്നുമുണ്ട്. ഭാരത സർക്കാരും ആണവോർജ്ജത്തെ കാൺബൺ മുക്ത ഊർജ്ജമായിട്ടുതന്നെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ ആണവോർജ്ജം ഒരു ബദൽ മാർഗ്ഗമല്ല എന്ന വാദമാണ് സമരക്കാരുടേത്. യുറേനിയം ഖനനവും കടത്തും, യുറേനിയത്തിൻ്റെ സംസ്കരണവും, ദീർഘകാലമെടുക്കുന്നതും സങ്കീർണവുമായ റിയാക്ടർ നിർമ്മാണ പ്രവർത്തനങ്ങളും കാലാവധി കഴിയുന്ന റിയാക്ടറുകളുടെ ഉന്മൂലനവും ഇതിലെല്ലാമുപരി ഉപയോഗിച്ചു തീർന്ന ഇന്ധന ദണ്ഡുകളുടെ കടത്തും സംഭരണവും കാർബൺ ബഹിർഗമനത്തിന് കാരണമാവുന്ന പ്രക്രിയകളാണ്.
ആണവ വിരുദ്ധ പ്രസ്ഥാനമായ World Information Service on Energy പുറത്തുവിട്ട ഒരു കണക്ക് പ്രകാരം കാർബൺ ബഹിർഗമനത്തിൽ നാലാം സ്ഥാനത്താണ് ആണവ ഊർജ്ജം. അതിലേറെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു വസ്തുതയും ഇതോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. നമ്മൾ കരുതുന്നതുപോലെ കാർബൺ മുക്തമല്ല സൗരോർജ്ജമോ, കാറ്റോ, തിരമാലയോ ഉപയോഗിച്ചുള്ള ഊർജ്ജോൽപാദനം പോലും. ഇവയെല്ലാം ജലവൈദ്യുത പദ്ധതികളേക്കാളധികം കാർബൺ പുറന്തള്ളുകയുംചെയ്യുന്നുമുണ്ട്! ജലവൈദ്യുത പദ്ധതികളെ അപേക്ഷിച്ച് 29 മടങ്ങാണ് ആണവ താപവൈദ്യുത നിലയങ്ങൾ പുറന്തള്ളുന്ന കാർബൺ. കേരളത്തെ സംബന്ധിച്ച് ഏറ്റവും അനുയോജ്യമായ ജലവൈദ്യുത പദ്ധതിതന്നെയാണ് കാർബൺ ബഹിർഗമനം ഇല്ലാതാക്കാനും അനുയോജ്യം എന്നാണല്ലോ ഇതിനർഥം. എന്നിട്ടും എന്തുകൊണ്ടായിരിക്കും ആണവ താപ വൈദ്യുത നിലയങ്ങൾ നിർമ്മിക്കാൻ വൈദ്യുതി ബോർഡ് വെമ്പുന്നത്?
ആണവ സമ്പത്ത് വ്യവസ്ഥ
സർക്കാർ സഹായമില്ലെങ്കിൽ നിലനിൽപ്പില്ലാത്ത വ്യവസായമാണ് ആണവോർജ്ജം. സർക്കാരിനെ നേരിട്ടുള്ള ഉപഭോക്താവായിമാറ്റി നിലനിൽക്കുന്ന ഒന്ന്. നിലവിലുള്ളതിൽവെച്ച ഉത്പാദനത്തിനും ഉത്പാദനവേളയിലും പിന്നീടുമുള്ള നടത്തിപ്പിനുമായി ഏറ്റവും അധികം ചിലവുള്ള വൈദ്യുതി ഉത്പാദന സമ്പ്രദായമാണ് ആണവ താപവൈദ്യുത നിലയങ്ങളെന്ന് ഫ്രാൻഹോഫർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോളാർ എനർജി സിസ്റ്റംസ്, ജർമൻ എൻവയയോർമെൻ്റ് ഏജൻസി, ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എക്കണോമി റിസർച്ച് എന്നീ സ്ഥാപനങ്ങൾ ചേർന്ന് 2021ൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. എന്നിട്ടും കേരളം പോലുള്ള സാമ്പത്തിക ബാധ്യതയിൽ അമർന്നിരിക്കുന്ന ഒരു സംസ്ഥാനം ആണവ താപവൈദ്യുത നിലയങ്ങളിലേക്ക് തിരിയുന്നത് ഞ്ഞെട്ടിക്കുന്ന നടപടിയാണെന്നാണ് സമരക്കാരുടെ വാദം.
കേരളത്തിൽ മാത്രമല്ല, രാജ്യമെമ്പാടും സാധ്യമാവുന്ന ഇടങ്ങളിൽ ആണവ നിലയങ്ങൾ ആരംഭിക്കാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ. ആണവോർജ്ജ കോർപ്പറേഷൻ ഇന്ത്യ ലിമിറ്റിഡിൻ്റേയും താപനിലയ കോർപ്പറേഷൻ ലിമിറ്റിഡിൻ്റെയും സംയുക്ത സംർഭമായ അണുശക്തി വിദ്യുത് ലിമിറ്റിഡുമായി ഭാരത സർക്കാർ ഉണ്ടാക്കിയ കരാർ അതിലേക്കുള്ള ചുവടുവെപ്പാണ്. രാജ്യമെമ്പാടും അണുറിയാക്ടറുകൾ നിർമ്മിക്കാനും ഉടമസ്ഥതയിൽവെക്കാനും പ്രവർത്തിപ്പിക്കാനുമുള്ള അവകാശം അണുശക്തി വിദ്യുത് ലിമിറ്റിഡ് എന്ന പുതിയ കമ്പനിക്ക് വിട്ടുനൽകുന്നതാണ് ഈ കരാർ. മാത്രമല്ല, ആണവ വ്യവസായത്തിന് ആവശ്യമായ ധാതുക്കൾ കുഴിച്ചെടുക്കാൻ സ്വകാര്യ കമ്പനികൾക്ക് അനുവാദം നൽകികൊണ്ടുള്ള നിയമവും പാർലമെൻ്റിൽ പാസ്സാക്കപ്പെട്ടു കഴിഞ്ഞു. 2070 ഓടെ രാജ്യത്തെ ഊർജോൽപാദനം പൂർണ്ണമായും കാർബൺ രഹിതമാക്കി മാറ്റലാണത്രെ ഇതിൻ്റെയൊക്കെ ലക്ഷ്യം!
ആണവ രാഷ്ട്രീയം
തങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളെ പ്രതി ഇന്ത്യയിലെ ഭരണകൂടത്തെ സ്വാധീനിക്കാൻ ആണവലോബിക്ക് സാധിച്ചിരിക്കുന്നതിൻ്റെ സൂചനയായി വേണം ആണവ താപവൈദ്യുത നിലയങ്ങൾക്കായി പുത്തനൊരു കമ്പനിയും, ആണവ ധാതുക്കളുടെ ഖനനത്തിന് സ്വകാര്യ കമ്പനികൾക്ക് അനുവാദം നൽകുന്ന നിയമത്തെയും കാണാൻ. ഇതിൻ്റെ തുടർച്ച മാത്രമാണ് ചീമേനിയിലും അതിരപ്പള്ളിയിലുമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ആണവ താപവൈദ്യുത നിലയങ്ങളും. കാർബൺ വിമുക്ത ഊർജ്ജ സ്രോതസ് എന്ന വ്യാജ പ്രചാരണത്തിന്റെ പിൻബലത്തിൽ മാത്രമല്ല ആണവ താപ വൈദ്യുത നിലയങ്ങൾ അവതരിപ്പിക്കപ്പെടുന്നത്. അതിൽ ഒരു ദേശീയതാ ഗർവ്കൂടി ഉൾചേർക്കാൻ ആണവോർജ്ജത്തിൻ്റെ വക്താക്കൾക്ക് സാധിക്കുന്നുണ്ട്. കൂടുതൽ ആണവോർജ്ജ കേന്ദ്രങ്ങൾ എന്നാൽ കൂടുതൽ ആണവായുധങ്ങൾ എന്നാണല്ലോ അർഥം. രാജ്യത്തെ പരിസ്ഥിയേക്കാളും സമ്പദ്ഘടനയേക്കാളും ജനങ്ങളേക്കാളുമേറെ കരുത്തിനും വെറുപ്പിനും വളരെയേറെ പ്രാധാന്യം നൽകുകയും ദേശീയതയെ സൈനികബലമായും ഭരണകൂടത്തിൻ്റെ കരുത്തായും വിവക്ഷിക്കുകയുംചെയ്യുന്ന വലത് മൗലികവാദ രാഷ്ട്രീയത്തിന് ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് കൂടുതൽ ആണവായുധങ്ങൾ എന്ന സാധ്യത. അതുകൊണ്ടാണ് ലോകമെമ്പാടും വലത് മൗലികവാദ ആശയങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പാർട്ടികൾ ആണവോർജ്ജത്തിൻ്റെ വക്താക്കളും അവരുടെ മൂന്നാം ലോക പകർപ്പുകൾ അതിൻ്റെ നടത്തിപ്പുകാരുമായി മാറുന്നത്. സമാന രാഷ്ട്രീയ ആഭിമുഖ്യമുള്ള ഒരു പാർട്ടി നേതൃത്വം നൽകുന്ന ഇന്ത്യയിലെ സർക്കാരും ഏതുസമയവും എടുത്ത് ഉപയോഗിക്കാൻ സാധ്യതയുള്ള ആശയ ആയുധമാണിത്.
ആണവ വ്യവസായത്തിന് പിന്നിലെ സാമ്പത്തികവും രാഷ്ട്രീയവുമായ താല്പര്യങ്ങൾ ജനവിരുദ്ധമാണെന്ന് പകൽ പോലെ വ്യക്തമാണെങ്കിലും കേരളം പോലൊരു സംസ്ഥാനത്തെ ഭരണ നേതൃത്വം അതിനെതിരെ ഒരക്ഷരം ഉരിയാടാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ടായിരിക്കും അനുയോജ്യമായതും പുനരുൽപാദന സാധ്യതയുള്ളതുമായ മറ്റ് ഊർജ്ജ ഉൽപാദന മാർഗങ്ങൾ അവലംബിക്കുന്നതിൽ നിന്നും കേരളത്തെ തടയുന്ന ഘടകങ്ങൾ? ഇത്തരം അനവധി ചോദ്യങ്ങൾക്കുള ഉത്തരങ്ങൾ ജനങ്ങളോട് വിളിച്ചു പറയാൻ ഒരുങ്ങുകയാണ് ചീമേനിയിലെ ആണവ വിരുദ്ധ സമര നേതൃത്വം.