വിദ്യാഭ്യാസ കാഴ്ചപ്പാടില്‍ വലിയ മാറ്റിമറിക്കലുകള്‍ ഉദ്ദേശിച്ചുള്ള ഇടപെടലായിരുന്നു ദേശീയ വിദ്യാഭ്യാസ നയം-2020, ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്-2023 എന്നീ മാര്‍ഗങ്ങളിലൂടെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയത്. രണ്ടു-മൂന്നു പതിറ്റാണ്ടുകളായി തുടര്‍ന്നുവന്ന പരിഷ്കാരണങ്ങളുടെ പൂര്‍ത്തീകരണമായിരുന്നു എന്‍.ഇ.പി-2020ഉം എന്‍.സി.എഫ്-2023ഉം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2009 മുതല്‍ നടപ്പിലാക്കിയ ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സമ്പ്രദായം, 2014 മുതല്‍ നടപ്പിലാക്കി തുടങ്ങിയ വൊക്കേഷണല്‍ ബിരുദം, അതേ വര്‍ഷം തന്നെ ആരംഭിച്ച സ്വയംഭരണ കേളേജ് സമ്പ്രദായം, 2015 മുതല്‍ തന്നെ ബിരുദതലത്തില്‍ നിര്‍ദേശിക്കപ്പെട്ട നൈപൂണീ വികസന കോഴ്സുകള്‍ തുടങ്ങിയ നിലവില്‍തന്നെ പ്രയോഗത്തിലാക്കപ്പെട്ടിട്ടുള്ള ഒരു കൂട്ടം പരിപാടികളെ സമഗ്രമായി അടുക്കിവെക്കുകയായിരുന്നു എന്‍.ഇ.പി-2020. വിദ്യാഭ്യാസത്തെ തൊഴിലധിഷ്ഠിതമാക്കലാണ് ഈ പരിഷ്കരാങ്ങളുടെയെല്ലാം പരമപ്രധാനമായ ലക്ഷ്യം. ഇവ കൂടാതെ എന്‍.ഇ.പി-2020 മുന്നോട്ടുവെക്കുന്ന ശ്രദ്ധേയമായ രണ്ട് നിര്‍ദേശങ്ങള്‍ നാലു വര്‍ഷ ബിരുദ പരിപാടിയും ഇന്‍ഡ്യന്‍ ജ്ഞാന വ്യവസ്ഥയുമാണ് (അഥവാ വിജ്ഞാനത്തിന്‍റ പ്രാദേശികവല്‍കരണം).
പരിഷ്കരണത്തില്‍ നിന്നും ഗവേഷണ മേഖലയും ഒഴിവാക്കപ്പെട്ടിട്ടില്ല. 2005-ല്‍ തന്നെ അവതരിപ്പിക്കപ്പെട്ട ഗവേഷണങ്ങളെ വ്യവസായങ്ങളുമായി ബന്ധിപ്പിക്കണമെന്ന ആശയവും നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷനും എന്‍.ഇ.പിയിലും ഇടം പിടിച്ചിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ ഗവേഷണങ്ങളേയും നിയന്ത്രിക്കുന്ന സംഘടന എന്ന നിലയിലാണ് എന്‍.ആര്‍.എഫ് വിഭാവനംചെയ്യപ്പെട്ടിരിക്കുന്നത്. 2023-ല്‍ അനുസന്താന്‍ നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ എന്ന പേരില്‍ ഈ സംവിധാനം നിലവില്‍ വരികയുംചയ്തിട്ടുണ്ട്. പ്രാഥമികമായും കമ്പോളവുമായി ഒത്തു പോകുന്നതോ, പാരമ്പര്യത്തെയും പഴമയേയും മഹത്വവല്‍ക്കരിക്കാന്‍ ഉദ്ദേശിച്ചോ ഉള്ള – അഥവാ ഇന്‍ഡ്യന്‍ ജ്ഞാന വ്യവസ്ഥയുമായി ചേര്‍ന്നു പോവുകയോചെയ്യുന്ന ഗവേഷണങ്ങളാണ് എ.എന്‍.ആര്‍.എഫ് പ്രോത്സാഹിപ്പിക്കുക. സര്‍വകലാശാലക്കോ ഗവേഷകനോ ഗവേഷണ വിഷയം സ്വതന്ത്രമായി തീരുമാനിക്കാന്‍ സാധിക്കില്ല.
പരിഷ്കാരങ്ങളുടെ മേല്‍ യൂണിയന്‍ സര്‍ക്കാരിന്‍റെ പരുപൂര്‍ണ നിയന്ത്രണം ഉറപ്പാക്കാനുദ്ദേശിച്ചാണ് ദേശീയ നയത്തിനും പാഠ്യപദ്ധതി ചട്ടക്കൂടിനും രൂപം നല്‍കിയിരിക്കുന്നത്. മാറിയ വിദ്യാഭ്യാസ ലക്ഷ്യത്തിനും മാറുന്ന ഉള്ളടക്കത്തിനും അനുയോജ്യമായി അദ്ധ്യാപക നിയമനത്തിലും കാതലായ ഇടപെടല്‍ നടത്താന്‍ യൂണിയന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്‍റ ഭാഗമാണ് യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷന്‍ പുറത്തിറക്കിയ അദ്ധ്യായപക-അക്കാദമിക സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട കരട് മാര്‍ഗരേഖ.
അക്കാദമിക സ്ഥാപനങ്ങളില്‍ നിന്നും തൊഴില്‍ പരിശീലന സ്ഥാപനങ്ങളിലേക്ക്…
സര്‍വകലാശാലകളുടെ മുഖഛായ മാറുന്നതിന്‍റെ സൂചനയായി വേണം യു.ജി.സി മാര്‍ഗരേഖയിലെ വൈസ്-ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളെ കാണാന്‍. വിദ്യാഭ്യാസ മേഖലക്ക് പുറത്തുനിന്നുള്ള വ്യവസായ/പൊതുഭരണ/പൊതുമേഖലയില്‍ നിന്നുള്ള ഒരാളെപ്പോലും സര്‍വകലാശാലകളുടെ വൈസ്-ചാന്‍സിലറായി പരിഗണിക്കാമെന്ന് മാര്‍ഗരേഖ പറയുന്നുണ്ട്. സര്‍വകലാശാല വൈസ്-ചാന്‍സിലരെ സംബന്ധിച്ച ഐഡിയല്‍ സങ്കല്‍പ്പത്തിന് എതിരായ നിര്‍ദേശമാണിത്. കാലങ്ങളായി അക്കാദമിക മേഖലയില്‍ പ്രവര്‍ത്തിക്കുകയും താന്‍ വിരാജിക്കുന്ന മേഖലക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുകയുംചെയ്ത ഒരാളെ വൈസ്-ചാന്‍സിലറായി നിയമിക്കുന്നതാണ് ഐഡിയലായ സങ്കല്‍പ്പം. തിരുവിതാംകൂറില്‍ ഒരു സര്‍വകലാശാല സ്ഥാപിച്ചപ്പോള്‍ (ഇന്നത്തെ കേരള സര്‍വകലാശാല) അവിടെ ആദ്യ വൈസ്-ചാന്‍സിലറാവാന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ക്ഷണിക്കപ്പെടുന്നത് ഈ സങ്കല്‍പ്പത്തെ പിന്‍പറ്റിയാണ്. രാഷ്ട്രത്തിലെ ഭരണഘടനയുടെ കാവാലാളും ഭരണഘടന അവതരിപ്പിക്കുന്ന മൂല്യങ്ങള്‍ വ്യക്തിവത്കൃതമാവുന്നതും രാഷ്ട്രതലവനിലൂടെയാണ് എന്ന തത്വം പോലെ, ഒരു സര്‍വകലാശാലയുടെ ആദര്‍ശങ്ങള്‍ വ്യക്തിവത്കൃതമാവുന്നത് വൈസ്-ചാന്‍സിലറിലൂടെയാണ്. സര്‍വകലാശാലയുടെ ധൈഷണിക തലവനും മുഖവുമെല്ലാം വൈസ്-ചാന്‍സിലറാണ്. എന്നാല്‍ അക്കാദമിക സ്ഥാപനത്തില്‍ നിന്നും തൊഴില്‍ പരിശീലന കേന്ദ്രമായി മാറുന്ന സര്‍വകലാശാലകള്‍ക്ക് ഒരു അക്കാദമീഷ്യന്‍ വൈസ്-ചാന്‍സിലര്‍ ഒട്ടും യോജിക്കില്ല. വ്യവസായ/പൊതുഭരണ/പൊതുമേഖലയില്‍ നിന്നുള്ള ഒരു മനുഷ്യനായിരിക്കും അത്തരം സര്‍വകലാശാലകളില്‍ വൈസ്-ചാന്‍സിലറായിരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍. സര്‍വകലാശാലകളെ തൊഴില്‍ കേന്ദ്രങ്ങളാക്കാനും തൊഴില്‍ശാലകളുമായി ബന്ധിപ്പിക്കാനുമുള്ള പ്രാഗത്ഭ്യം ഒരു അക്കാദമീഷ്യനില്‍ നിന്നും പ്രതീക്ഷിക്കുക സാധ്യമല്ലല്ലോ.
അദ്ധ്യാപകവൃത്തി ഔട്ട്-സോഴ്സ് ചെയ്യപ്പെടും
വൈസ്-ചാന്‍സില്‍മാരുടെ യോഗ്യതയില്‍ മാത്രമല്ല അദ്ധ്യാപകരുടെ യോഗ്യതയിലും കാര്യമായ മാറ്റങ്ങള്‍ യു.ജി.സി നിര്‍ദേശിക്കുന്നുണ്ട്. അതിലൊന്ന് പ്രൊഫസര്‍ ഔഫ് പ്രാക്ടീസ് എന്ന ആശയമാണ്. വ്യവസായത്തിലോ മറ്റ് മേഖലകളിലോ കഴിവ് തെളിയിച്ചവരെ ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തില്‍ അധ്യാപകനായി ക്ഷണിക്കാം. അങ്ങനെ ക്ഷണിക്കപ്പെടുന്നവരാണ് പ്രൊഫസര്‍ ഔഫ് പ്രാക്ടീസ്! ഒരു സ്ഥാപനത്തിലെ അദ്ധ്യാപകരില്‍ 10 ശതമാനം വരെ പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് വിഭാഗത്തില്‍പെട്ടവര്‍ ആവാം എന്നാണ് കരട് മാര്‍ഗരേഖ പറയുന്നത്. ഇതൊരു സ്ഥിരം നിയമനമല്ല, അവരുടെ അക്കാദമിക യോഗ്യത ഒരു പരിഗണനാ വിഷയവുമല്ല. ഇതും മാറിയ വിദ്യാഭ്യാസ സങ്കല്‍പ്പത്തെ പ്രതിഫലിപ്പിക്കുന്ന പരിഷ്കാരംതന്നെ. അദ്ധ്യപന ജോലി പുറം കരാറ് കൊടുക്കുന്ന പ്രക്രിയ മാത്രമാണ് പ്രൊഫസര്‍ ഓഫ് പ്രാക്ടിസ് പരിപാടി.
അദ്ധ്യാപകരില്‍ 10-ശതമാനമെ കരാര്‍ തൊഴിലാളികളായി പാടുള്ളൂ എന്ന 2018-ലെ യു.ജി.സി മാര്‍ഗരേഖയില്‍ പുതിയ മാര്‍ഗരേഖ വെള്ളം ചേര്‍ത്തിരിക്കുന്നതായി കാണാം. പുതിയ മാര്‍ഗരേഖ കരാര്‍ അദ്ധ്യാപകരുടെ എണ്ണം പരിതിതപ്പെടുത്തുന്നില്ല. മാത്രമല്ല, ആറു മാസ കരാറുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പുതിയ പഠന സമ്പ്രദായവുമായി ബന്ധപ്പെട്ട മാറ്റം തന്നെയാണിതും. അദ്ധ്യാപന നിയമനം വന്‍തോതില്‍ കരാര്‍വല്‍ക്കരിക്കാനുള്ള സാധ്യതയാണ് നാലുവര്‍ഷ ബിരുദം മുന്നോട്ടുവെക്കുന്നത്. നാലു വര്‍ഷ ബിരുദ പരിപാടി ചെറിയ ചെറിയ ധാരാളം കോഴ്സുകളുടെ സമാഹാരമാണ്. ഡിമാന്‍റനുസരിച്ച് കോഴ്സുകള്‍ മാറി വരും, സ്വാഭാവികമായും അദ്ധ്യാപകരും. ബിരുദ വിദ്യാഭ്യാസത്തിനകത്ത് സെമസ്റ്ററുകള്‍ക്കിടയില്‍ കയറിവരാനും ഇറങ്ങിപോവാനും വിദ്യാര്‍ഥി അനുവദിക്കപ്പെട്ടിരിക്കുന്നതുപോലെ അദ്ധ്യാപകര്‍ നിയമിക്കപ്പെടുകയും പിരിച്ചുവിടപ്പെടുകയുംചെയ്തുകൊണ്ടിരിക്കും.
നിയമനത്തിനുള്ള പരിഗണന ഗവേഷണ വിഷയം മാത്രം
പുതിയ മാര്‍ഗ നിര്‍ദേശ പ്രകാരം ഒരു ഡിസിപ്ലിനില്‍ അദ്ധ്യാപകനായി നിയമിക്കപ്പെടാന്‍ ആ വിഷയം ബിരുദതലത്തിലോ ബിരുദാനന്തര തലത്തിലോ പഠിച്ചിരിക്കണമെന്നില്ല. നിയമനത്തിനുള്ള യോഗ്യത പി.എച്ച്.ഡി ബിരുദമാണെങ്കില്‍ ബന്ധപ്പെട്ട വിഷയത്തിലായിരിക്കണം പി.എച്ച്.ഡി എന്ന് മാത്രമേയുള്ളൂ. നെറ്റ് ആണ് യോഗ്യത മാനദണ്ഡമെങ്കില്‍ ബന്ധപ്പെട്ട വിഷയത്തിലായിരിക്കണം നെറ്റ്. എന്നാല്‍ ലൈബ്രറിയന്‍ നിയമനത്തിന് ഈ വിട്ടുവീഴ്ചയില്ല. അസിസ്റ്റന്‍റ് ലൈബ്രറയനായോ ഡെപ്യുട്ടി ലൈബ്രറിയനോ ആയി നിയമിക്കപ്പെടുന്നവര്‍ ബിരുദതലത്തിലോ ബിരുദാനന്തര തലത്തിലോ ഉറപ്പായും ലൈബ്രറി സയന്‍സോ ഇന്‍ഫര്‍മേഷന്‍ സയന്‍സോ ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയമോ പഠിച്ചിരിക്കണം. സാക്ഷാല്‍ ലൈബ്രറിയനാവട്ടെ ബിരുദവും ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട വിഷയത്തില്‍തന്നെ പഠിച്ചിരിക്കണം. കായിക അദ്ധ്യാപക നിയമനത്തിലും ചില വിട്ടുവീഴ്ചകള്‍ക്ക് വിധേയമായി സമാന നിബന്ധനകള്‍ കാണാം. യോഗ, സംഗീതം, കലാപഠന മേഖലകളിലും ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദമില്ലാതെതന്നെ എക്സ്പീരിയന്‍സും നേട്ടങ്ങളും കണക്കിലെടുത്ത് അദ്ധ്യാപക നിയമനം നടത്താമെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.
അതായത്, ശാസ്ത്ര വിഷയങ്ങളും സാമൂഹ്യശാസ്ത്രവും ഭാഷയും നിയമവും പഠിപ്പിക്കുന്ന ഒരാള്‍ ആ വിഷയം ഗവേഷണ സമയത്ത് പഠിച്ചാല്‍ മതിയാവും. എന്തുകൊണ്ടായിരിക്കും ബിരുദ-ബിരുദാനന്തര പഠനം അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യതയായി നിശ്ചയിക്കാന്‍ സാധിക്കാത്തത്? അത് പുതിയ ബിരുദ പരിപാടിയുടെ സ്വഭാവമാണ് സൂചിപ്പിക്കുന്നത്. ഒരു പ്രത്യേക വിഷയത്തില്‍ പുതിയ ബിരുദ പരിപാടികള്‍ ഊന്നുന്നില്ല. തിയറി അടിസ്ഥാനപ്പെടുത്തിയുള്ള കോഴ്സുകളേക്കാള്‍ നൈപുണീ വികസനത്തിലൂന്നിയ, ഉദാഹരണത്തിന് ലൈബ്രറി സയന്‍സ് പോലുള്ള കോഴ്സുകള്‍ക്കാണ് ബിരുദതലത്തില്‍ ഊന്നല്‍. ഒരു വിഷയത്തില്‍ ഊന്നിയുള്ള പഠനത്തിന് ഗവേഷണത്തില്‍ മാത്രമേ സാധ്യതയുള്ളൂ എന്നതിനുള്ള സൂചനയാണ് അദ്ധ്യാപക നിയമനത്തിനായി തയ്യാറാക്കിയിട്ടുള്ള പുതിയ മാനദണ്ഡങ്ങള്‍.
ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത ഇന്‍ഡ്യന്‍ ജ്ഞാന വ്യവസ്ഥയെന്ന വ്യാജ നിര്‍മിതിയടെ കടന്നുവരവാണ്. അദ്ധ്യാപകനെ നിയമിക്കുമ്പോള്‍ പരിഗണിക്കപ്പെടുന്ന ഗുണമാണ് ഇന്‍ഡ്യന്‍ ജ്ഞനവ്യവസ്ഥയിലുള്ള ഉദ്യോഗാര്‍ഥിയുടെ പരിജ്ഞാനം. എന്‍.ഇ.പി-2020 രണ്ടുതരത്തിലാണ് വിദ്യാര്‍ഥിയില്‍ മാറ്റംകൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. അതിലൊന്ന് വിദ്യാഭ്യാസത്തെ ജ്ഞാനസമ്പത്ത് വ്യവസ്ഥയുമായി ബന്ധിപ്പിക്കലാണ്. മറ്റൊന്ന് പാരമ്പര്യത്തില്‍ അഭിമാനിക്കുകയും ഭൂതകാലത്ത് അഭിരമിക്കുകയുംചെയ്യുന്ന പുതുതലമുറയെ വാര്‍ത്തെടുക്കലാണ്. ഈ ലക്ഷ്യമാണ് ഇന്‍ഡ്യന്‍ ജ്ഞാനവ്യവസ്ഥക്കുള്ളത്. ദേശാതിര്‍ത്തികള്‍പോലെ വിജ്ഞാനത്തിനും അതിരുണ്ടെന്ന കാഴ്ചപ്പാടാണ് അതുവഴി വിദ്യാര്‍ഥികളിലേക്ക് സന്നിവേശിക്കപ്പെടുക. വിജ്ഞാനത്തിന്‍റെ പ്രാദേശിക സ്വഭാവത്തെ സംരക്ഷിക്കുകയെന്ന ആഗോളവല്‍ക്കരണകാല സമീപനമാണ് ഇന്‍ഡ്യന്‍ ജ്ഞാനവ്യവസ്ഥയുടെ ആധാരം.
ഇന്ത്യയുടെ അതിര്‍ത്തിക്ക് അകത്ത് ജീവിക്കുന്നവരെല്ലാം ഇന്‍ഡ്യന്‍ ദേശീയതയുടെ ഭാഗമാണ് എന്ന പ്രമാണമാണ് കാലങ്ങളായി ഇന്ത്യ തുടര്‍ന്ന് പോവുന്നത്. പല സാംസ്കാരിക പശ്ചാത്തലങ്ങളില്‍ ജീവിക്കുന്നവരെയും വൈരുദ്ധ്യങ്ങളോടെ ഉള്‍കൊള്ളാനായി തയ്യാര്‍ചെയ്യപ്പെട്ടതായിരുന്നു പ്രസതുത ദേശീയത സങ്കല്‍പം. അങ്ങനെ അവതരിപ്പിക്കപ്പെട്ടിരുന്നപ്പോഴും പരമ്പരാഗതമായി നിലനില്‍ക്കുന്ന ഒരു ഇന്‍ഡ്യന്‍ സംസ്കാരം എന്ന കാഴ്ചപ്പാടിന്‍റെ വാങ്ങല്‍ സ്വതന്ത്ര ഇന്‍ഡ്യയിലെ ദേശീയത സങ്കല്‍പ്പത്തിനുണ്ട്. ഇന്‍ഡ്യക്ക് സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സഹിഷ്ണുതയുള്ള സാംസ്കാരിക പാരമ്പര്യം ഉണ്ടെന്ന് നെഹ്രു പോലും ആരോപിച്ചിരുന്നു. അതുപോലും ചരിത്രവിരുദ്ധമായ മനസിലാക്കലാണെന്നിരിക്കെ, കൂടുതല്‍ പഴക്കമുള്ളതും മറ്റ് സംസ്കാരങ്ങളെ അന്യമായി കാണുകയും ചെയ്യുന്ന സാംസ്കാരിക ദേശീയതയെന്ന് സങ്കല്പം നമ്മുടെ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമാണിന്ന്. ഈ ദേശീയതയെ സാധൂകരിക്കുന്ന ഒരു ആശയലോകം വിദ്യാര്‍ഥിയില്‍ ഉള്‍കൊള്ളിക്കും വിധം പഴയ അതിഭൗതികവാദ സിദ്ധാന്തങ്ങളുടെയും മിത്തിന്‍റയും സമാഹാരമാണ് ഇന്‍ഡ്യന്‍ വിജ്ഞാന സമ്പ്രദായമെന്ന നിലയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവും ചെറിയ ക്ലാസ് മുതല്‍ ഈ പ്രക്രിയ ആരംഭിക്കുകയും ഗവേഷണം വരെ തുടരുകയുംചെയ്യും.
ചുരുക്കത്തില്‍, കാലങ്ങളായി നടക്കുന്ന പരിഷ്കാരങ്ങള്‍ വിദ്യാര്‍ഥിയെ പുതിയരു രീതിയില്‍ മോള്‍ഡ് ചെയ്യാനാണ് ശ്രമിച്ചുവരുന്നത്. ആധുനിക സാങ്കേതിക വിദ്യയില്‍ ധാരണയുണ്ടാവുകയും എന്നാല്‍ ആധുനികമായ ആശയ ലോകവും മൂല്യങ്ങളും ഇല്ലാത്ത ഒരാളായിരിക്കും പുതിയ വിദ്യാഭ്യാസ പ്രക്രിയയിലുടെ കടന്നുവരുന്ന ഭൂരിപക്ഷം പേരും. ഈ ഉദ്ദേശങ്ങള്‍ക്ക് അനുസരിച്ച് അദ്ധ്യാപകനും മോള്‍ഡ് ചെയ്യപ്പെടണം. അതിന്‍റെ സൂചനയാണ് യു.ജി.സി കരട് മാര്‍ഗരേഖ. കോര്‍പ്പറേറ്റുവല്‍ക്കരിക്കപ്പെടുന്ന വിദ്യാഭ്യാസവും ഗവേഷണവും തൊഴില്‍മേഖലയും ആവശ്യപ്പെടും പ്രകാരമാണ് നമ്മുടെ രാജ്യത്തും വിദ്യാഭ്യാസ നയം രൂപീകരിക്കപ്പെടുന്നത്. അതിന് മേല്‍നോട്ടം വഹിക്കുകയാണ് യൂണിയന്‍ സര്‍ക്കാര്‍. ഇതൊക്കെ കണ്ടിട്ടും കുലുക്കമില്ലാത്ത കേളനെപ്പോലിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ജനങ്ങളോ വീണ്ടും പറ്റിക്കപ്പെടാനെന്നോണം അടുത്ത തിരഞ്ഞെടുപ്പ് വരുന്നതും കാത്ത് വെറുതെ കണ്ണും നട്ടിരിക്കുന്നു.