‘തോൽപ്പിച്ചാൽ നിലവാരം കൂടുമോ?’ എന്ന തെറ്റിദ്ധാരണാജനകമായ മുദ്രാവാക്യം തൊടുത്തുവിട്ടുകൊണ്ട് ‘വിദ്യാഭ്യാസ യാത്ര’ ആരംഭിച്ചിരിക്കുകയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത്. വിദ്യാർഥിയെ തോൽപ്പിച്ചാൽ വിദ്യാഭ്യാസ നിലവാരം വർധിക്കും എന്ന് കേരളത്തിലെ ജനങ്ങൾ കരുതുന്നു എന്ന് തോന്നിപ്പിക്കുന്നതിനാലാണ് ഈ മുദ്രാവാക്യം തെറ്റിദ്ധാരണാജനകമാണ് എന്ന് പറഞ്ഞത്. എന്നാൽ, വിദ്യാഭ്യാസ നിലവാരം ഉയരണമെന്ന് എല്ലാ കേരളീയരും ആഗ്രഹിക്കുന്നുമുണ്ട്. വിദ്യാഭ്യാസ നിലവാര തകർച്ച പരിഷത്തും അംഗീകരിക്കുന്നതിന് തെളിവാണ് അവർ തൊടുത്തുവിട്ടിരിക്കുന്ന ചോദ്യം. നിലവാരക്കുറവുണ്ട്, എന്നാൽ അത് തോൽപ്പിച്ച് പരിഹരിക്കാൻ സാധിക്കില്ല എന്നാണല്ലോ ആ ചോദ്യം മുന്നോട്ടുവെക്കുന്ന ആശയം.
എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ ഓൾ പ്രമോഷൻ പിൻവലിച്ച് ഓരോ വിഷയങ്ങളിലും തിയറി പേപ്പറിൽ കുറഞ്ഞത് 30 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണമെന്ന നിബന്ധനകൊണ്ടുവന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പരിഷത്ത് ഇങ്ങനെയൊരു യാത്രക്ക് തയ്യാറായിരിക്കുന്നത്. ഓൾ പ്രമോഷൻ സമ്പ്രദായം അവസാനിപ്പിക്കുന്നത് ദളിത്, ആദിവാസി വിദ്യാർഥികളെ ബാധിക്കുമെന്നാണ് പരിഷത്തിൻ്റെ വാദം. ഈ വാദം ശരിയുമാണ്. ദളിത്, ആദിവാസി വിഭാഗങ്ങൾ, സാമ്പത്തികമായ പിന്നാക്ക അവസ്ഥയിലുള്ളവർ, ഗ്രാമീണ മേഖലകളിൽ ജീവിക്കുന്നവർ, കുടിയേറ്റ തൊഴിലാളിയുടെ കുട്ടികൾ തുടങ്ങിയ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം, ഒരു ബാലികേറാ മലതന്നെയാണ്. എപ്പോൾ വേണമെങ്കിലും വിദ്യാഭ്യാസത്തിനകത്ത് നിന്നും പുറത്തുപോകാൻ സാധ്യതയുള്ളവരാണ് ഈ വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ. എന്നാൽ ഓൾ പ്രമോഷനിലൂടെ പരിഹരിച്ചുകളയാൻ പറ്റുന്ന ഒരു പ്രശ്നമാണോ ഇത്?

അല്ലെന്ന് മാത്രമല്ല, ദുർബല ജനവിഭാഗങ്ങളിൽ നിന്നും വിദ്യ നേടാനായി സ്കൂളുകളിൽ എത്തിച്ചേരുന്നവരെ വഞ്ചിക്കുന്ന നടപടിയും കൂടിയാണത്. സാമൂഹ്യവും-സാമ്പത്തികവുമായ അസമത്വം ഇല്ലാതാക്കിക്കൊണ്ട് മാത്രമേ ദുർബല ജനവിഭാഗങ്ങളെ വിദ്യാഭ്യാസത്തിനകത്ത് ഉറപ്പിച്ചുനിർത്താൻ സാധിക്കൂ. എന്നാൽ സംസ്ഥാന ആസൂത്രണ ബോർഡ് പുറത്തുവിട്ട 2022-23 കാലത്തെ സാമ്പത്തിക അവലോകന (Economic Review) റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഏറ്റവും അധികം ഉപഭോഗ അസമത്വം (Consumption inequality) യുള്ള സംസ്ഥാനമാണ് കേരളം. സമ്പന്നരായ 10 ശതമാനം വരുന്നവരാണ് ആകെ വരുമാനത്തിൻ്റെ സിംഹഭാഗവും ആർജ്ജിക്കുന്നതും കൈകാര്യംചെയ്യുന്നതും. ഈ പ്രശ്നം പരിഹരിച്ചുകൊണ്ട് മാത്രമേ സർവ ജനവിഭാഗങ്ങളേയും വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമാക്കാനും എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനും സാധിക്കുകയുള്ളൂ.
സാമ്പത്തിക അസമത്വം നിലനിൽക്കുന്നിടത്തോളം എല്ലാ വിദ്യാർഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഭരണകൂടവും അതാർജ്ജിക്കുന്നതിൽ ദുർബല വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഗൗരവതരമായ ചില പരിമിതികൾ അഭിമുഖീകരിക്കുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, അസമത്വങ്ങളെ ചോദ്യംചെയ്യാൻ വിദ്യാർഥിയെ പരിശീലിപ്പിക്കുന്നതാണ് ആദ്യ പ്രശ്നം. അസമത്വത്തിൻ്റെ സ്വാഭാവിക സൃഷ്ടിയായ ദാരിദ്ര്യം ധിഷണാപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നതാണ് രണ്ടാമത്തെ പ്രശ്നം. അസമത്വത്തിൻ്റെ ഫലമായ സമ്മർദ്ദവും ഉത്കണ്ഠയുമൊക്കെ ധിഷണയെ കൊടുത്തിക്കളയുന്ന ഘടകമാണ്. സങ്കീർണമായ ഈ പ്രശ്നത്തെ നേരിടാൻ കണ്ടെത്തിയ കുറുക്കുവഴിയാണ് ഓൾ പ്രമോഷൻ.
യഥാർഥത്തിൽ കേരളത്തിൽ ഓൾ പ്രമോഷൻ സമ്പ്രദായം അവസാനിപ്പിച്ചോ?
ഇല്ലെന്നതാണ് വാസ്തവം! അപ്പോൾ എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഓൾ പ്രമോഷൻ നിർത്തലാക്കി സർക്കാർ ഉത്തരവിറക്കിയതോ? അതൊരു ഗംഭീര കബളിപ്പിക്കലാണ്. അപ്പോൾ ഓൾ പ്രമോഷൻ നിർത്തലാക്കിയതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ‘വിദ്യാഭ്യാസ’ ജാഥ നടത്തുന്നതോ? ശുദ്ധ തട്ടിപ്പ്! സംഗതി വിശദീകരിക്കാം. എട്ടാം ക്ലാസ് മുതൽ ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടിയാൽ മാത്രം വിജയം എന്നാണല്ലോ പുതിയ നിബന്ധന. എന്നാൽ അത്ര ചർച്ചചെയ്യപ്പെടാതെപോയ മറ്റൊരു വസ്തുതയുമുണ്ട് ഇതിനോട് ചേർത്തുവായിക്കാൻ. ആവശ്യത്തിന് മാർക്ക് നേടാത്ത വിദ്യാർഥിക്ക് രണ്ടാഴ്ച പ്രത്യേക പരിശീലനം നൽകി മാർക്ക് 30 ശതമാനത്തിൽ എത്തിച്ച് ക്ലാസ് കയറ്റം നൽകുമെന്ന വസ്തുതയാണത്. തോറ്റുപോയ എല്ലാ കുട്ടികളും അവർ എത്ര വിഷയങ്ങളിൽ തോറ്റാലും രണ്ടാഴ്ചക്കകം ജയിച്ചു കയറുമെന്ന് ഉറപ്പ്!
രണ്ടാഴ്ചകൊണ്ട് പരിഹരിക്കാൻ പറ്റുന്ന പ്രശ്നങ്ങളുമായല്ല തോറ്റുപോവുന്ന/തോൽക്കാൻ സാധ്യതയുള്ള വിദ്യാർഥികൾ എട്ടാം ക്ലാസിലെത്തുന്നത്. നിലവിൽ കേരളത്തിൽ എട്ടാം ക്ലാസ് വരെ ഓൾ പ്രമോഷൻ സമ്പ്രദായമാണ് പിന്തുടരുന്നത് എന്നതിനാൽ അത്രയും കാലം അവർ എന്ത് പഠിക്കുന്നു എന്ന് പരിശോധിക്കപ്പെടുന്നേയില്ല. ദുർബല വിഭാഗങ്ങളിൽ നിന്നും വരുന്ന വിദ്യാർഥികളാണ് ഈ സമ്പ്രദായത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി അഭിമുഖീകരിക്കുന്നതും പഠനത്തിൽ പിന്നോട്ട് പോവുന്നതും. ഈ വിഭാഗങ്ങളില്‍ പെടുന്ന വിദ്യാർഥികളുടെ വീടുകളിൽ സാമൂഹ്യവും സാമ്പത്തികവുമായി മുന്നോട്ടു നിൽക്കുന്ന വിദ്യാർഥിയുടെ വീടിന് സമാനമായ പഠനാന്തരീക്ഷം ഉണ്ടാവണമെന്നില്ല. അവരുടെ രക്ഷിതാക്കൾക്ക്, കുട്ടിയെ സ്വയം പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയോ, പ്രത്യേക കോച്ചിങ്ങ് നൽകാനോ പഠനോപകരണങ്ങൾ വാങ്ങി നൽകാനുള്ള സാമ്പത്തിക ശേഷിയോ ഉണ്ടാവണമെന്നുമില്ല. എന്തിനധികം പറയണം, സാമ്പത്തികവും സാമൂഹ്യവുമായി മുന്നിട്ടു നിൽക്കുന്നവർ കാണുന്ന സ്വപ്നങ്ങൾ കാണാൻ പോലും അവർക്ക് സാധ്യമല്ല.

നേരെമറിച്ച്, മുന്നാക്ക വിഭാഗങ്ങളിലെ വിദ്യാർഥി സമാന്തരമായി പഠിച്ചും വിലയിരുത്തപ്പെട്ടും വിദ്യ അഭ്യസിച്ചെടുക്കുകയുംചെയ്യും. സ്കൂളിൽ ബോധനം നടന്നാലും ഇല്ലെങ്കിലും, പരീക്ഷ നടന്നാലും ഇല്ലെങ്കിലും അത് അവനെ ബാധിക്കുന്ന പ്രശ്നമല്ല. സ്കൂളുകൾ, അവനെ സംബന്ധിച്ചിടത്തോളം ഔപചാരിക വിദ്യ നേടി എന്ന് തെളിയിക്കാനുള്ള ഇടനാഴി മാത്രമാണ്. അവൻ്റെ വിദ്യാഭ്യാസം യഥാർഥത്തിൽ നടക്കുന്നത് സ്കൂളിന് പുറത്താണ്.
എട്ട് വർഷം അടിസ്ഥാന മുറക്കാതെ കടന്നുവന്ന വിദ്യാർഥിയിലെ അപാകതകൾ രണ്ടാഴ്ചകൊണ്ട് പരിഹരിക്കുന്നതെങ്ങെനെയാണ്? സാധ്യമല്ല. മാത്രമോ, അക്ഷരം ഉറക്കാത്ത കുട്ടിക്ക് അക്ഷരം ഉറപ്പിക്കാൻ എട്ടാം ക്ലാസിൽ നടത്തുന്ന ശ്രമം പരാജയമാണെന്ന് അതിന് ശ്രമിച്ചിട്ടുള്ള അദ്ധ്യാപകരും പറയുന്നു. സ്വാഭാവികമായും ഒരു മെച്ചപ്പെട്ടലും കൂടാതെ കുട്ടി എട്ടാം ക്ലാസ് കടക്കും. പത്താം ക്ലാസ് വരെ ഈ പ്രക്രിയ ആവർത്തിക്കുകയുംചെയ്യും. പിന്നീട് ആ വിദ്യാർഥി ഏതെങ്കിലും തൊഴിൽ പഠിച്ച് താൻ നിലനിൽക്കുന്ന സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ഭാഗമായി തുടരുകയുംചെയ്യും. അസമത്വം കാലാകാലം നിലനില്‍ക്കും. ഈ പ്രശ്നമാണ് പരിഹരിക്കേണ്ടത്. അത് സാധ്യമാക്കുന്ന ചര്‍ച്ചകളും പ്രചരണവുമാണ് വേണ്ടത്. അല്ലാതെ തെറ്റിദ്ധാരണയുയര്‍ത്തിവിടുന്ന മുദ്രാവാക്യങ്ങളല്ല.
പരീക്ഷകൾ തോൽപ്പിക്കാൻ വേണ്ടിയല്ല
പരീക്ഷകൾ കുട്ടിയെ തോൽപ്പിക്കണോ ജയിപ്പിക്കണമോ എന്ന് തീരുമാനിക്കാനുള്ള സൂത്രമൊന്നുമല്ല. പരീക്ഷകൾ കുട്ടികളെ വിലയിരുത്തുന്നുണ്ട്. പക്ഷേ, അത്ര മാത്രമാണോ പരീക്ഷയുടെ ലക്ഷ്യങ്ങൾ? അല്ല, കുട്ടിയുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ പരീക്ഷ സ്വാധീനം ചെലുത്തുന്നുണ്ട്. ഓർമ്മയിൽ നിന്നും വസ്തുതകൾ തിരിച്ചെടുക്കുന്നത് വസ്തുതയെ ഓർമ്മയിൽ ഉറപ്പിക്കാൻ സഹായിക്കും. പരീക്ഷയിൽ അത്തരമൊരു പ്രക്രിയയിലൂടെയാണ് കുട്ടി കടന്നുപോവുന്നത്. അറിവിലെ പോരായ്മകൾ തിരിച്ചറിയാനും അറിവിനെ ക്രമപ്പെടുത്താനുമൊക്കെ പരീക്ഷകൾ സഹായിക്കുന്നുണ്ട്. ഓൾ പ്രമോഷനിലൂടെ ഇല്ലാതാവുന്നത് ഈ സാധ്യതകളാണ്.
വിദ്യാഭ്യാസത്തിലൂടെ ഉറപ്പാക്കപ്പെടേണ്ട ഓർമ്മയുടേയും ചിന്തയുടേയും ധിഷണയുടേയും വളർച്ച സാമ്പത്തികവും സാമൂഹ്യവുമായി പിന്നാക്കാവസ്ഥയിലുള്ള വിദ്യാർഥികൾക്ക് നിഷേധിക്കുന്ന നിലപാടാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്നോട്ട് വെക്കുന്നത്. അതിന് ബദലായി പരീക്ഷയുടെ യഥാർഥ ഉദ്ദേശ്യം അവതരിപ്പിക്കുന്ന ബദലുകളിലാണ് ഇനി പ്രതീക്ഷ.