സമൂഹം, കുടുംബം, മതം, വിവാഹം, ഭരണകൂടം എന്നീ സ്ഥാപനങ്ങൾ ശരീരത്തിനുമേൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന സമ്മർദങ്ങൾക്ക് വഴങ്ങി മൃദുവാക്കപ്പെട്ട വികാരങ്ങൾ പ്രകടിപ്പിക്കുകയും അതേസമയം പൈശാചിക സ്വഭാവങ്ങളെ മെരുക്കിനിർത്താൻ നിരന്തരം പരിശീലിക്കുകയും ചെയ്യുന്നു എന്നത് ആധുനിക / പരിഷ്കൃത മനുഷ്യന്റെ ആന്തരിക സംഘട്ടനമാണ്. തീയേറ്ററിനുള്ളിലെ ഇരുട്ട് മനുഷ്യന് നൽകുന്ന സ്വാതന്ത്രം തന്റെ മൃഗീയവായനകളെ പുറത്തെടുത്ത് അപകടകരമായ വഴിയിലൂടെ അനിയന്ത്രിതമായി മാനസിക സഞ്ചാരം നടത്താനുള്ള അവസരമൊരുക്കുന്നു.
നായകശരീരം നേരിടുന്ന വെല്ലുവിളികളും നായകന്റെ പരിണാമവും തുടർന്നുള്ള വിജയവുമാണ് സിനിമയുടെ പരമ്പരാഗതമായ സൂത്രവാക്യം. ശക്തയുടെയും ധീരതയുടെയും ഉടൽ സഞ്ചാരത്തിൽ നായകൻ പുരുഷാരത്തിന്റെ നേതാവും രാജ്യത്തിന്റെ രക്ഷകനുമായി അവരോധിക്കപ്പെടുന്നു. തിന്മയെ പ്രതിരോധിക്കുന്ന പുരുഷരൂപത്തിന് പ്രതിനായകനെ കൊല്ലാനുള്ള അധികാരം പ്രേക്ഷകൻ കൊടുക്കുന്നുണ്ട്. വിചാരണ നടത്തുന്നതും ശിക്ഷ വിധിക്കുന്നതും നടപ്പിലാക്കുന്നതും നായകൻ എന്ന ഉത്തമപുരുഷന്റെ തീർപ്പുകളിലാണ്. അയാളുടെ യാത്ര രക്തരൂക്ഷിതമാകുന്നത് അംഗീകരിക്കപ്പെട്ട സിനിമ സമവാക്യമാണ്. സിനിമയുടെ അവസാനം നടക്കുന്ന കൊലപാതകം അനിവാര്യമായ നീതിനടപ്പാക്കലായി മാറുന്നു. രക്തക്കുരുതിയിലൂടെ നായകശരീരം നീതിയുടെ ഉടൽരൂപമായി ഉയർത്തപ്പെടുന്നു. തീയേറ്ററിലെ ഇരുട്ടിൽ ഒത്തുകൂടിയ പ്രേക്ഷകസമൂഹം നായകന്റെ അക്രമണങ്ങളെ ഉദ്യോഗത്തോടെ സ്വീകരിക്കുകയും അയാളുടെ രക്തരൂക്ഷിതമായ ഇടപെടലുകളെ കുറ്റബോധമില്ലാതെ പിന്തുണക്കുകയും ചെയ്യുന്നു.

2019-ൽ പുറത്തിറങ്ങിയ ജെല്ലിക്കെട്ട് എന്ന സിനിമ മനുഷ്യന്റെ മൃഗീയവാസനകളെ ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളില്ലാതെ ഓടുന്ന പോത്തിന്റെ പുറകെ അക്രമാസക്തരായി ഓടുന്ന മനുഷ്യർ ‘കാലങ്ങളായി മനുഷ്യർ ആർജിച്ചെടുത്ത സാമൂഹിക പരിണാമത്തിന്റെ ‘പുറന്തോടുകൾ ഉപേക്ഷിച്ചുകൊണ്ട് വന്യമായി അണിനിരക്കുന്ന കാഴ്ച ഒരു ചൂണ്ടുവിരലാണ്. പോത്തും മനുഷ്യനും ഒരേ വികാരങ്ങളുടെ വേലിയേറ്റത്തിൽ എത്തിനിൽക്കുന്ന മനോഹര ദൃശ്യം. 2021-ൽ പുറത്തിറങ്ങിയ ചുരുളി നിയമങ്ങളും ആദർശങ്ങളും ഇല്ലാത്തൊരു ലോകത്ത് മനുഷ്യൻ നടത്തുന്ന വെർബൽ വയലൻസിനെ കാട്ടിത്തരുന്നു. മനുഷ്യൻ എന്ന ജീവവർഗം മെരുക്കപ്പെട്ട വന്യജീവിയാണെന്ന് ബോധ്യപ്പെടുത്തുകയാണ് ഈ രണ്ട് സിനിമകളും.
നൂറ്റാണ്ടുകൾ നീണ്ടുനിന്ന മനുഷ്യ ജീവിതത്തിൽ പരിണാമം ശാരീരികമായി മാത്രം സംഭവിക്കുന്ന പ്രതിഭാസമല്ല. സാമൂഹ്യജീവി എന്നനിലയിൽ പൈശാചിക-മൃഗീയ സ്വഭാവങ്ങളെ അടക്കിനിർത്താൻ പരിശീലിച്ച ജന്തുവർഗ്ഗമാണ് മനുഷ്യൻ. സമൂഹം, കുടുംബം, മതം, വിവാഹം, ഭരണകൂടം എന്നീ സ്ഥാപനങ്ങൾ ശരീരത്തിനുമേൽ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന സമ്മർദങ്ങൾക്ക് വഴങ്ങി മൃദുവാക്കപ്പെട്ട വികാരങ്ങൾ പ്രകടിപ്പിക്കുകയും അതേസമയം പൈശാചിക സ്വഭാവങ്ങളെ മെരുക്കിനിർത്താൻ നിരന്തരം പരിശീലിക്കുകയും ചെയ്യുന്നു എന്നത് ആധുനിക / പരിഷ്കൃത മനുഷ്യന്റെ ആന്തരിക സംഘട്ടനമാണ് (ജന്തുവർഗം വേട്ടയാടി ഭക്ഷിക്കുകയും ഇണക്കുവേണ്ടി പരസ്പരം മത്സരിക്കുകയും കൊന്നൊടുക്കുകയുംചെയ്യുന്ന സവിശേഷ സ്വഭാവങ്ങളോടെ ജീവിക്കുമ്പോൾ മനുഷ്യൻ സമൂഹമായി ഒരുമിച്ചു ജീവിക്കുകയും വിവാഹം എന്ന സ്ഥാപനത്തിനുള്ളിൽ ലൈംഗീകതയെ ഒതുക്കിനിർത്താൻ പരിശീലിക്കുകയുംചെയ്യുന്നത് സാമുഹിക പരിണാമത്തിന്റെ അനന്തരഫലമാണ്). തീയേറ്ററിനുള്ളിലെ ഇരുട്ട് മനുഷ്യന് നൽകുന്ന സ്വാതന്ത്രം തന്റെ മൃഗീയവായനകളെ പുറത്തെടുത്ത് അപകടകരമായ വഴിയിലൂടെ അനിയന്ത്രിതമായി മാനസിക സഞ്ചാരം നടത്താനുള്ള അവസരമൊരുക്കുന്നു. വേട്ടയാടാനും ഹിംസിക്കാനുമുള്ള ആഗ്രഹങ്ങളെ പൂർത്തീകരിക്കുന്ന തന്റെതന്നെ അപരവ്യക്തിത്വമായാണ് ഓരോ പ്രേക്ഷകനും നായക ശരീരത്തെ പിന്തുടരുന്നത്. ഹിംസയുടെയും ആക്രമണത്തിന്റെയും ആലസ്യത്തോടെ തീയേറ്ററിൽനിന്നും പുറത്തിറങ്ങുന്ന മനുഷ്യൻ ആത്മപരിശോധന നടത്തിയാൽ പരിണാമത്തിന്റെ അങ്ങേത്തലക്കൽ നിൽക്കുന്ന ആദിമ മനുഷ്യന്റെ ഉടൽരൂപത്തെ കാണാൻ കഴിയും.
ഹിംസയുടെ ലിറ്റ്മസ് ടെസ്റ്റ്
അസുഖകരമായ സന്ദർഭങ്ങളെ വെള്ളിത്തിരയിൽ ആവിഷ്കരിച്ച കിം കി ഡൂക്കിന്റെ പ്രധാന ആസ്വാദകർ മലയാളി പ്രേക്ഷക സമൂഹമാണ്. ദക്ഷിണകൊറിയയിലെ പാർശ്വവത്കൃത സമൂഹത്തിന്റെ ജീവിതാനുഭങ്ങൾ ആഖ്യാനത്തിൽ വയലൻസ് കലർത്തി ആവിഷ്കരിച്ചവയാണ്. കിം കി ഡൂക്കിന്റെ സിനിമകൾ ആവേശത്തോടെയും അനുതാപത്തോടെയും സ്വീകരിച്ച പ്രേക്ഷസമൂഹമാണ് മലയാളികൾ. യുദ്ധങ്ങളും കലാപങ്ങളും ഇന്ത്യൻ ചരിത്രത്തെ മാറ്റിയെഴുതിയ തൊണ്ണൂറുകളുടെ അന്ത്യപാദത്തിലും രണ്ടായിരാമാണ്ടിന്റെ ആദ്യപകുതിയിലും അത്തരം പ്രമേയങ്ങൾ മലയാളസിനിമ പരിഗണിച്ചിരുന്നില്ല. ഗുജറാത്ത് കലാപത്തിനെ പിൻപറ്റി മലയാളത്തിലുണ്ടായ നാല് സിനിമകളിൽ മൂന്ന് സിനിമകൾ ടിവി ചന്ദ്രന്റെയും (കഥാവശേഷന്‍, ഭൂമിയുടെ അവകാശികള്‍, വിലാപങ്ങള്‍ക്കപ്പുറം) ഒരു സിനിമ (അന്യര്‍) ലെനിൻ രാജേന്ദ്രന്റെതുമാണ്. ചരിത്രത്തിലെ കലാപങ്ങളെ ആവിഷ്കരിക്കുമ്പോളും അക്രമം പ്രതീകാത്മായമായ ബിംബങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയാണ് സിനിമ പിന്തുടർന്നത്. ഇരയുടെ പക്ഷത്തുനിന്നുള്ള ആഖ്യാന രീതി അവലംബിച്ച സിനിമകൾ ഇടതുസ്വഭാവം പുലർത്തി. കേരള ചരിത്രത്തിലെ സായുധ സമരകാലത്തെ മലയാള സിനിമ പലപ്പോഴായി പ്രമേയ വിഷയമാക്കിയപ്പോഴും കാഴ്ചാ ശീലങ്ങളെ അട്ടിമറിക്കുന്ന രംഗങ്ങൾ ഉൾപ്പെടുത്താതെ അക്രമങ്ങളെ സിനിമയുടെ കാല്പനികതക്കുള്ളിൽ നിലനിർത്തി.
വയലൻസ് മുഖ്യപ്രമേയമായെത്തുന്ന മലയാള സിനിമ ചരിത്രത്തിൽ പലപ്പോഴായി വന്നുപോയിട്ടുണ്ട്. കുടുംബ സിനിമകൾ എന്ന പരികല്പനക്ക് പുറത്തുനിൽക്കുന്ന ഇത്തരം സിനിമകൾ പുരുഷന്മാരുടെ അഡ്രിനാലിൻ ഇരമ്പലുകളിൽ (മനുഷ്യനെ അടിയന്താരവസ്ഥകള്‍ നേരിടാൻ സജ്ജമാക്കുന്ന, ഇരയെ നേരിടുവാനും ആക്രമിച്ചു കീഴ്പ്പെടുത്തുവാനും സജ്ജമാക്കുന്ന ഹോര്‍മോണാണ് അഡ്രിനാലിൻ) ഒതുങ്ങിനിൽക്കുന്ന ഒന്നായി. 2018-ൽ പുറത്തിറങ്ങിയ കെജിഎഫ് എന്ന കന്നട ചിത്രം ആക്രമണത്തെ ആഘോഷമാക്കിയ സിനിമയാണ്. 2023-നു ശേഷം പുറത്തിറങ്ങിയ ആനിമൽ, കിൽ, സെക്ടർ 36 എന്നീ ഹിന്ദി സിനിമകളും പുഷ്പ എന്ന തെലുങ്ക് സിനിമയും കൊല്ലുക/ മുറിവേൽപ്പിക്കുക എന്ന പ്രവർത്തിയെ തന്മയത്വത്തോടെ അവതരിപ്പിച്ചവയാണ്. മുൻകാല വയലൻസ് സിനിമകളിൽ നിന്നും വ്യത്യസ്തമായി ആക്രമണത്തിന്റെ വിവരണപരമായ ചിത്രീകരണം ദൃശ്യത്തിന്റെ ഭീകരതയെ പുറത്തുകൊണ്ടുവരുന്നുണ്ട്. ഇത്തരം ദൃശ്യങ്ങൾ പ്രേക്ഷകന്റെ മസ്തിഷ്കത്തിലെ ഉറങ്ങിക്കിടക്കുന്ന അമഗ്ദലൊയിഡ് ഭാഗത്തെ (വികാരങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗമാണ് അമിഗ്ദല. ദേഷ്യം, ഭയം ലൈംഗീകമഉണർവ് എന്നിവയെ മനുഷ്യന്‍ സാഹചര്യത്തിന്റെ പരിമിതികളിൽ അടക്കിവെക്കുന്നു എന്നത് അമിഗ്ദലയെ തീവ്രമായ പരിശീലനത്തിലൂടെ സാമൂഹിക ജീവിതത്തിനിണങ്ങുന്ന വിധം മെരുക്കിയെടുത്തതിന്‍റെ സൂചനയാണ്) ഉണർത്താൻ കഴിവുള്ളവയാണ്. മലയാളിയുടെ കാഴ്ചാശീലത്തെ അട്ടിമറിക്കുന്ന സിനിമകളായിരുന്നു ഇവയെല്ലാം.
നായകന്‍റെ മനുഷ്യത്വവിരുദ്ധമായ ചെയ്തികളെ കണ്ടാസ്വദിക്കാൻ കഴിയുന്ന സമൂഹം യഥാർഥ ജീവിതത്തിൽ ഇരകൾക്കുവേണ്ടി നിലകൊളളുന്നത് മനുഷ്യമനസിന്റെ ദ്വന്തസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
2024-ൽ പുറത്തിറങ്ങിയ മലയാളം സിനിമകൾ ഭാഷയുടെ അതിർത്തികൾ പിന്തള്ളിക്കൊണ്ട് ‘പാൻ ഇന്ത്യൻ ‘ പ്രേക്ഷകരുടെ രസമുകുളങ്ങളെ ലക്ഷ്യംവെക്കുമ്പോൾ മുഖ്യപ്രമേയം അതിതീവ്രമായ വയലൻസാകുന്നത് മാറുന്ന വിപണിയുടെ മാത്രം സൂചനയല്ല. മനുഷ്യ മനഃശാസ്ത്രത്തെ വെളിവാക്കുന്ന മറ്റൊരു ലിറ്റ്മസ് പരീക്ഷണമായി അതിനെ പരിഗണിക്കാം. കാഴ്ച്ച ശീലത്തെ സംബന്ധിക്കുന്ന ഗൗരവമായ മാറ്റങ്ങളുടെ സൂചകമാണ് ഈ സിനിമകൾ. ഹിന്ദുത്വ പ്രൊപ്പഗണ്ട സിനിമകൾ എല്ലാവിഭാഗം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ കഴിയാതെ പരാജയപ്പെടുന്നു. ആനിമൽ, കിൽ, സെക്ടർ 36 തുടങ്ങി വയലൻസ് ഉള്ളടക്കമായ സിനിമകൾ രക്തരൂക്ഷിതമായ സംഭവങ്ങളുടെ നേർചിത്രീകരണത്തിലൂടെ വലിയൊരു പ്രേക്ഷകസമൂഹത്തെ ലക്ഷ്യം വെക്കുന്നു. ഇത്തരം വിജയ സിനിമകളുടെ സമവാക്യങ്ങളെ നിരുപാധികം പിൻപറ്റുകയാണ് റൈഫിൾ ക്ലബ്, ബൊഗൈൻ വില്ല, മാർക്കോ, രുധിരം തുടങ്ങിയ സിനിമകൾ. മനുഷ്യശരീരത്തെ ഡിസക്ഷൻ ടേബിളിന് മുകളിൽ കിടത്തി കീറിമുറിക്കുന്ന ദൃശ്യവും, നവജാത ശിശുവിനെ ക്രൂരമായി കൊലചെയ്യുന്ന മറ്റൊരു രംഗവും റിയലിസ്റ്റിക് സിനിമയുടെ ഭാഗമാകുന്ന ദൃശ്യം അനുഭൂതി ഉണ്ടാക്കുകയും അത് മനസിനെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു എന്നതുകൊണ്ടാണ്. തീയേറ്ററിലെ ഇരുട്ടിൽ അക്രമാസക്തനായിരിക്കുന്ന പ്രേക്ഷകന്റെ മുന്നിൽ ഏറ്റവും മുന്തിയ ദൃശ്യാനുഭവം സൃഷ്ടിക്കുകയാണ് സമീപകാല അക്രമ സിനിമകൾ. വയലൻസ് പശ്ചാത്തലമാകുന്ന ചിത്രങ്ങളിൽ ആഖ്യാനം വേട്ടക്കാരനായ നായകന്റെ ശക്തിയിലും കൊല്ലുവാനുള്ള ധൈര്യത്തിലും നൈപുണ്യത്തിലും ഊന്നുന്ന രംഗങ്ങളിലൂടെ വികസിക്കുമ്പോൾ നായകശരീരം പ്രേക്ഷകന്റെ അപരരൂപമായി മാറുന്ന മാസ്മരികത സൃഷ്ടിക്കുന്നു. നായകന്റെ മനുഷ്യത്വവിരുദ്ധമായ ചെയ്തികളെ കണ്ടാസ്വദിക്കാൻ കഴിയുന്ന സമൂഹം യഥാർഥ ജീവിതത്തിൽ ഇരകൾക്കുവേണ്ടി നിലകൊളളുന്നത് മനുഷ്യമനസിന്റെ ദ്വന്തസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
മനുഷ്യ ശരീരത്തിനു നേരെ ഭയമോ വെറുപ്പോ തോന്നത്തക്കരീതിയിൽ ചിത്രീകരിക്കപ്പെടുന്ന ചിത്രങ്ങളാണ് ബോഡി ഹൊറർ വിഭാഗത്തിൽ വരുന്നത്. കോറലി ഹാർഗെറ്റ് സംവിധാനം ചെയ്ത ‘ദ സബ്സ്റ്റൻസ്’ മനുഷ്യശരീരത്തിലുണ്ടാകുന്ന മുറിവുകളെയും വൈകൃതങ്ങളെയും ആവിഷ്കരിക്കുകവഴി ഭീതിജനകമായ അവസ്ഥ സംപ്രേക്ഷണം ചെയ്യുന്നു. 2024-ൽ മലയാളി പ്രേക്ഷകർ ഉൾപ്പെടെയുള്ള സിനിമ ആസ്വാദകർ കണ്ടാസ്വദിച്ച സിനിമയാണ്. ‘ദ സബ്സ്റ്റൻസ്’ ഉപഭോക്‌തൃ സമൂഹത്തിന്റെയും വിപണിയുടെയും കഥപറയുന്ന സിനിമയിലെ ട്രീറ്റ്മെന്റ് ബോഡി ഹൊറർ ആകുന്നത് ശ്രദ്ധേയമാണ്. വയലൻസ് കാണാൻ മനുഷ്യൻ ആഗ്രഹിക്കുന്നു എന്നുമാത്രമേ ഇതിനർഥമുള്ളൂ. മലയാളത്തിൽ പരീക്ഷിക്കപ്പെട്ട അന്യഭാഷാ സിനിമകൾ ഒരു ലൈറ്റിമസ് ടെസ്റ്റ് ആയിരുന്നു, മാർക്കോ മലയാളത്തിന്റെ വിജയിച്ച പരീക്ഷണവും.
ഏറ്റവും കൂടുതൽ കൊല്ലുന്ന ആണിന് ഏറ്റവും കൂടുതൽ ഇണകൾ, തന്റേതുമാത്രമായ ജനിതകം നിലനിർത്താൻ നടത്തുന്ന തുടർ ആക്രമങ്ങൾ, സ്വന്തമാക്കുന്ന പ്രദേശം (ടെറിട്ടറി) തുടങ്ങിയവ ജന്തുലോകത്തിന്റെ രീതികളാണ്. സാമൂഹിക ജീവിയായി വികസിച്ച മനുഷ്യനില്‍ അവശേഷിക്കുന്ന മൃഗതൃഷ്ണകളുടെ പൂർത്തീകരണത്തിനുള്ള സാങ്കൽപ്പിക ഉപാധിയാണ് സിനിമയിലൂടെയുള്ള അനുഭവ ലോകം. റൈഫിൾ ക്ലബ്, ആനിമൽ എന്ന സിനിമയിലെ ധീരനായ നായകന് ലഭിക്കുന്ന നായിക അയാളുടെ പോരാട്ട മികവിന് ലഭിക്കുന്ന സമ്മാനമാണ്. യഥാർഥ് ജീവിതത്തിൽ നിന്നും ഏറെ വിഭിന്നമായി സിനിമയിൽ മാത്രം നടക്കുന്ന തിരഞ്ഞെടുപ്പുകൾ ജന്തുലോകത്തിന്റെ കാല്പനിക ആവിഷ്കാരമാണ്. സദാ കൊല്ലാൻ തയ്യാറായിനിൽക്കുന്ന പുരുഷനെ സിനിമയിൽ കാണുമ്പോൾ മരവുരിചുറ്റി ആയുധമേന്തിനിൽക്കുന്ന ആദിമമനുഷ്യന്റെ രൂപം മനസ്സിൽ തെളിയുന്നു. മനുഷ്യന്റെ സാമൂഹിക പരിണാമം ശൈശവദശയിൽ മാത്രം എത്തിനിൽക്കുന്ന പ്രതിഭാസമാണെന്നും നീണ്ടുനീണ്ടു പോകുന്ന പരിണാമത്തിന്റെ ഒടുക്കം എവിടെയോ മനുഷ്യത്വം ആർജിച്ച യാഥാർഥ മനുഷ്യന്‍ നിൽക്കുന്നുണ്ടെന്നും പ്രതീക്ഷിക്കാം.
