എം.എ ബേബിക്ക് എം.എ ബിന്ദു എഴുതുന്ന തുറന്ന കത്ത്

Movements

സി.പി.ഐ (എം) ജനറൽ സെക്രട്ടറിക്ക് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ, ജനറല്‍ സെക്രട്ടറിയുടെ തുറന്ന കത്ത്.


താങ്കൾ സി.പി.ഐ (എം) ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം ആദ്യമേതന്നെ രേഖപ്പെടുത്തട്ടെ. ഞങ്ങൾ കഴിഞ്ഞ രണ്ടു മാസക്കാലമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല രാപകൽ സമരത്തിലാണെന്ന കാര്യം താങ്കൾക്ക് അറിയാമല്ലോ. അനിശ്ചിതകാല നിരാഹാര സമരം മൂന്നാഴ്ചയാകുകയാണ്. ഇതുവരെ ഞങ്ങൾ ഉന്നയിച്ച പ്രധാന സിമാൻ്റുകൾ അംഗീകരിക്കാൻ കേരള സർക്കാർ തയ്യാറായിട്ടില്ല.

എം എ ബിന്ദു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സമരവേദിയില്‍.

ഈ സമരത്തെയും സമരനേതാക്കളെയും ആക്ഷേപിക്കുന്ന നിലപാട് ചില സി.ഐ.ടി.യു നേതാക്കൾ കൈക്കൊണ്ടെങ്കിലും വളരെ സംയമനത്തോടെയാണ് ഞങ്ങൾ അതിനെ നേരിട്ടത്. എന്നാൽ, ഈ സമരത്തിനു പിന്നിൽ വിമോചനസമരക്കാരാണെന്നുള്ള താങ്കളുടെ പരാമർശം ഞങ്ങളെ വേദനിപ്പിച്ചു. ഈ സമരത്തിൻ്റെ ലക്ഷ്യവും മാർഗവും തീരുമാനിക്കുന്നത് ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ മാത്രമാണ് . ഞങ്ങളെ പരസ്യമായി പിന്തുണച്ച 200 ഓളം സംഘടനകളും അനേകം പ്രമുഖ വ്യക്തികളും ഈ സമരത്തെ സർക്കാരിനെതിരായ ഒരു രാഷ്ട്രീയ ആയുധമാക്കാൻ ഉദ്ദേശിക്കുന്നവരല്ല. ഞങ്ങൾ അത്തരം കാര്യങ്ങൾക്ക് വഴങ്ങുന്നവരുമല്ല.


സച്ചിദാനന്ദന്‍

“ന്യൂനപക്ഷ സംരക്ഷണത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ എന്നനിലയില്‍… നിരന്തരമായി വലതുപക്ഷ ഗവണ്‍മെന്‍റിനെ എതിര്‍ത്തുവന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് നിസ്സംശയമായും പറയാന്‍ കഴിയും ഒരിടതുപക്ഷ ഗവണ്‍മെന്‍റ് ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ്, അല്പംപേരുടെ സമരമാണ് അതുകൊണ്ടത് കാര്യമാക്കേണ്ടതില്ല എന്നത്.”


തികച്ചും ന്യായമായ ഡിമാൻ്റുകൾ, ജനാധിപത്യപരമായ സമര രീതി, സ്ത്രീതൊഴിലാളികളുടെ പോരാട്ടം, തീരെ ദരിദ്രരും എന്നാൽ വലിയ സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നവരുമായ ഒരു ജനവിഭാഗം തുടങ്ങിയ ഘടകങ്ങളൊക്കെയാണ് ഈ സമരത്തിന് പൊതു സമൂഹത്തിൻ്റെയും മാദ്ധ്യമങ്ങളുടെയും പിന്തുണ ഉറപ്പാക്കിയത്. ഇതാണ് ഞങ്ങളുടെ മനസ്സിലാക്കൽ.

7000 രൂപ ഓണറേറിയം കേരളത്തിലെ ഇന്നത്തെ സാഹചര്യത്തിൽ തീരെ അപര്യാപ്തമാണെന്ന്അറിയാവുന്നതുകൊണ്ടാണല്ലോ എൽ.ഡി.എഫ് പ്രകടനപത്രിക 21,000 രൂപ വാഗ്ദാനം ചെയ്തത്. 2025 ജനുവരി 20-ന് സി.ഐ.ടി.യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ 15,000 രൂപ ഓണറേറിയം കേരള സർക്കാരിനോടാവശ്യപ്പെട്ടതും നമ്മൾ കണ്ടതാണ്. ഓണറേറിയം 21,000 രൂപയാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. രണ്ട് പതിറ്റാണ്ടുകാലം കഠിനാദ്ധ്വാനം ചെയ്ത് പിരിഞ്ഞു പോകുമ്പോൾ വെറും കൈയോടെ പടിയിറങ്ങേണ്ടി വരാതിരിക്കാൻ 5,00,000 രൂപ വിരമിക്കൽ ആനുകൂല്യം നൽകണമെന്നതും പ്രധാന ഡിമാൻ്റാണ്. ഇത് മറ്റ് പല സംസ്ഥാനങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്.

ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നു.

ഈ ഡിമാൻ്റുകളോട് അനുഭാവപൂർവ്വമായ സമീപനം കേരള സർക്കാർ സ്വീകരിച്ചാൽ വിട്ടുവീഴ്ചകൾക്കും ഞങ്ങൾ തയ്യാറാണ്. സമരം നീട്ടിക്കൊണ്ടു പോകണമെന്ന യാതൊരു കടും പിടുത്തവും സമരസമിതിക്കില്ല.

ഇൻസെൻ്റീവ് വർദ്ധനവിനായി കേന്ദ്രസർക്കാരിനെ സമീപിക്കുകയും പാർലമെൻ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരങ്ങൾ നടത്തുകയും ചെയ്തവരാണ് ഞങ്ങൾ. ഇൻസെൻ്റീവ് വർദ്ധിപ്പിക്കുമെന്ന കേന്ദ്രആരോഗ്യ മന്ത്രിയുടെ പാർലമെൻ്റിലെ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ഞങ്ങൾ കാണുന്നത്.


അരുന്ധതി റായ്

“ലോകമെമ്പാടുമുള്ള ഗവണ്‍മെന്‍റുകള്‍ അങ്ങേയറ്റം വലതുപക്ഷത്തേക്ക് ചായുന്ന ഇക്കാലത്ത് എന്‍റെ കേരളത്തില്‍ ജനങ്ങളും ഗവണ്‍മെന്‍റും ആശാപ്രവര്‍ത്തകരുടെ ആവശ്യങ്ങളെ പിന്തുണക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ അവരോടൊപ്പം നിലകൊള്ളുകയാണ്.”


സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, കേന്ദ്ര- സംസ്ഥാന തർക്കങ്ങൾ തുടങ്ങിയവയൊന്നും മിനിമം ആവശ്യങ്ങൾ ഉന്നയിക്കാനുള്ള ഞങ്ങളുടെ അവകാശത്തെ നിഷേധിക്കുന്നില്ല എന്നതല്ലേ ശരി? ഒരു ട്രേഡ് യൂണിയനിലും അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത, സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഈ തൊഴിലാളി സംഘടന സംസ്ഥാനത്തെ മുഴുവൻ ആശ വർക്കർമാരുടെയും താല്പര്യത്തിനാണ് പൊരുതുന്നത്.

തൊഴിലാളി പ്രസ്ഥാനങ്ങളും അവകാശ സമരങ്ങളും രാജ്യത്താകെ നാനാതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഈ സമരം പണിയെടുത്തുജീവിക്കുന്ന ജനവിഭാഗങ്ങളിലാകെ പ്രതീക്ഷയുണർത്തുന്നുണ്ട് എന്നത് അവഗണിക്കാനാവില്ല. എന്നാൽ, ഈ സമരത്തോട് കേരള സർക്കാരും അതിനെ നയിക്കുന്ന പാർട്ടിയും പുലർത്തുന്ന സമീപനം പുന:പരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ആശാ പ്രവര്‍ത്തകരുടെ നിയമസഭാ മാര്‍ച്ച്

ഈ സമരം കേരളത്തിൻ്റെ രാഷ്ട്രീയ,സാമൂഹ്യ,സാംസ്കാരിക മേഖലകളിലാകെ പുതിയൊരു ഉണർവ്വ് സൃഷ്ടിച്ചിട്ടുണ്ട്. സ്ത്രീത്തൊഴിലാളികളുടെ അന്തസ്സും അവകാശബോധവും ഉയർത്തിയിട്ടുമുണ്ട്. പുരോഗമന മുന്നേറ്റത്തിന് സഹായകമായ ഈ മാറ്റത്തെ ഉൾക്കൊള്ളുന്നതിൽ സങ്കുചിതമായ കക്ഷിരാഷ്ട്രീയ പരിഗണനകൾ തടസ്സമായിക്കൂടാ. ഇത്തരം ഗുണപരമായ ചലനങ്ങളെ ശക്തിപ്പെടുത്താൻ മറ്റാരേക്കാളും ഇടതുപക്ഷശക്തികൾക്ക് ബാദ്ധ്യതയുണ്ട് എന്നതും മറക്കാവതല്ല.

സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെ അമരക്കാരൻ എന്ന നിലയിൽ ഞങ്ങളുടെ ഡിമാൻ്റുകളും വിലയിരുത്തലുകളും അർഹമായ ഗൗരവത്തോടെ പരിഗണിച്ച് ഈ സമരം ഡിമാൻ്റുകൾ നേടി അവസാനിപ്പിക്കാനുള്ള സത്വര നടപടിയുണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.


സാറ ജോസഫ്

“സ്ത്രീകളുടെ മുന്നേറ്റത്തെപ്പറ്റി, സാമ്പത്തിക സ്വയംപര്യാപ്തതയെപ്പറ്റി, ഇക്വാളിറ്റിയെപ്പറ്റി കേരളത്തില്‍ ഏറ്റവും വലിയ ശബ്ദങ്ങള്‍ മുഴങ്ങുന്ന കാലഘട്ടമാണിത്. സ്ത്രീനീതി എങ്ങനെ ഉറപ്പാക്കും എന്നതിനെപ്പറ്റി ഉത്തരവാദിത്വമുള്ളവരാണ് തങ്ങള്‍ എന്നു പറയുന്ന ഇടതുപക്ഷ സര്‍ക്കാരിന്, ആശാവര്‍ക്കര്‍മാരോട് അവര്‍ സ്വീകരിക്കുന്ന നിലപാട് ഏത് സ്ത്രീനീതി വിഭാഗത്തില്‍, ഏത് വര്‍ഗ വിമോചന സിദ്ധാന്തത്തില്‍പ്പെടുത്തും എന്നതിന് ഉത്തരം പറയാന്‍ കഴിയില്ല.”


Latest articles