വ്യക്തിത്വം രൂപപ്പെട്ടുവരുന്ന കാലത്ത് അധ്യാപകരോട് വിധേയപ്പെട്ടു നിൽക്കേണ്ടുന്ന സാഹചര്യം ഇൻ്റേണൽ അസ്സസ്മെൻറ് വിദ്യാർഥികൾക്ക് സൃഷ്ടിക്കുന്നുണ്ട്. വ്യക്തിത്വവികസനം സാധ്യമാവുക ഭയരഹിതവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിൽ ആണ്.
വിദ്യാർഥികളെ വിലയിരുത്തുന്നതിനും അതിലൂടെ, ഉന്നത പഠനത്തിന് ഉൾപ്പെടെയുള്ള അവരുടെ തുടർ സാധ്യതകൾക്കും ഇൻ്റേണൽ മാർക്, പരീക്ഷയെഴുതി നേടുന്ന മാർക്കിനൊപ്പം പരിഗണിക്കപ്പെടുന്നു. പഠന വിഷയത്തിൻ്റെ ആകെ സ്കോറിൻ്റെ അഞ്ചിലൊന്ന് മാർക് ഇൻ്റേണൽ അസസ്മെൻ്റിലൂടെ വിദ്യാർത്ഥിക്ക് നേടാൻ കഴിയും.
വിദ്യാർത്ഥിയെ അധ്യാപിക/അധ്യാപകൻ നിരന്തര വിലയിരുത്തൽ നടത്തി നൽകേണ്ടുന്നതാണ് ഇൻ്റേണൽ അസസ്മെൻ്റിനായി വകയിരുത്തിയിട്ടുള്ള സ്കോർ. അതുകൊണ്ടുതന്നെ ഇത് രണ്ടു വിധത്തിൽ സബ്ജക്ടീവ് ഇവാലുവേഷൻ ആണ്- വിദ്യാർത്ഥിയെ ക്ലാസ് മുറിയിലെയും പുറത്തുമുള്ള ആക്ടിവിറ്റികളിൽ കൂടിയും അസൈൻമെൻ്റുകളിലൂടെയും സെമിനാറുകളിൽ കൂടെയും പ്രോജക്ട് വർക്കിലൂടെയും ക്ലാസ് ടെസ്റ്റുകളിൽകൂടെയും വ്യക്തിയുടെ സബ്ജക്ടിവിറ്റിയെ വിലയിരുത്തുന്നു എന്നതുകൊണ്ടും ഇത് വിലയിരുത്തുന്ന അധ്യാപിക/അധ്യാപകൻ തൻ്റെ സബ്ജക്റ്റീവ് ഐഡൻ്റിറ്റിയിൽ നിന്നാണ് വിദ്യാർത്ഥിയെ നിരന്തരമൂല്യനിർണയം നടത്തുന്നത് എന്നതുകൊണ്ടും ഇവർ പരസ്പരം അറിയുന്ന രണ്ടുപേർ ആണെന്നതുകൊണ്ടും. മറ്റൊരു ബാഹ്യഇടപെടലുകളും സാധ്യമല്ലാത്ത സ്കോറിംഗ് ആണ് ഇൻ്റേണൽ അസസ്മെൻ്റ്. പഠനസംബന്ധമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മുൻപ് സൂചിപ്പിച്ച മാർഗങ്ങൾ അവലംബിച്ച് അധ്യാപിക വിദ്യാർത്ഥിയെ വിലയിരുത്തുന്നു.
തൻ്റെ വിദ്യാർഥികൾക്ക് അവർ അർഹിക്കുന്ന മാർക്ക് കൊടുത്തതിൻ്റെ പേരിൽ മാർക്ക് കുറച്ചിട്ട അധ്യാപകരാൽ നിരന്തരം വേട്ടയാടപ്പെടുന്ന ചില അധ്യാപക സുഹൃത്തുക്കൾ ഉണ്ട്.
ഇൻ്റേണൽ മാർക് ഫൈനലൈസ് ചെയ്യുന്നതിനു മുൻപ് സ്കോർ പ്രസിദ്ധീകരിക്കുകയും വിദ്യാർഥികൾക്ക് എന്തെങ്കിലും ആക്ഷേപം ഉന്നയിക്കാൻ ഉണ്ടെങ്കിൽ അതിനുള്ള സമയവും കൊടുക്കാറുമുണ്ട്. ആക്ഷേപം ഉന്നയിച്ച് വിദ്യാർത്ഥി അധ്യാപകരെ സമീപിക്കുന്ന സന്ദർഭങ്ങൾ അപൂർവമാണ്. അധ്യാപകരുടെ പ്രാമാണിത്വം വാഴുന്ന സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി അന്തരീക്ഷങ്ങളിൽ മാതാപിതാക്കൾ ചൊൽപ്പടിക്ക് നിറുത്തി വളർത്തിയെടുക്കുന്ന വിദ്യാർത്ഥി അങ്ങനെയൊരു ചോദ്യം അധ്യാപകരോട് ചോദിക്കാൻ സാധ്യത തീരെ കുറവാണ്. മുതിർന്നവർക്ക് ഏറ്റവും പ്രാധാന്യവും ബഹുമാനവും കൊടുക്കുന്ന സമൂഹമാണ് നമ്മുടേത്. ഇതിൻ്റെ മറുവശത്ത്, കുട്ടികൾ ഉൾപ്പെടെയുള്ള യുവതലമുറയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തിത്വവും വികസിക്കാനുള്ള സ്പെയ്സ് ചുരുങ്ങിപ്പോകുന്നു എന്നത് കാണാതെ പോകുന്നു. വ്യക്തിത്വ പ്രകാശനം ധിക്കാരമായും താൻപോരിമയായുംകണ്ട് മുതിർന്നവരുടെ ലോകം യുവതയുടെ വാക്കിനും പ്രവർത്തിക്കും മേൽ നിരീക്ഷണവും നിയന്ത്രണവും ഏർപ്പെടുത്തുന്നു. ഇതിനായി മാതാപിതാക്കളും അധ്യാപകരും നാട്ടുകാരും ഒരുമിക്കും. വ്യതിരിക്തത, മാതാപിതാക്കളും നാട്ടുകാരും അധ്യാപകരും പോലീസും ചേർന്ന് പൂർണമായും അടിച്ചമർത്തിയിട്ടില്ലാത്ത ഏതെങ്കിലും ഒരു വിദ്യാർഥിനി, അഥവാ ഇൻ്റേണൽ മാർക്കിനെ സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ചാൽ, അധ്യാപകർ വിദ്യാർത്ഥിയെ നേരിടാൻ ഒറ്റക്കെട്ടാവും.
തനിക്ക് അർഹമായ മാർക്ക് കിട്ടിയില്ല എന്ന ബോധ്യത്തിൽ വിദ്യാർത്ഥി പരാതിയുമായി മുന്നോട്ടു പോയെങ്കിൽ മാത്രമേ അധ്യാപകർ നൽകിയ ഇൻ്റേണൽ മാർക്കിനെ സംബന്ധിച്ച് പുനരാലോചന സാധ്യമാവുകയുള്ളൂ. തൻ്റെ വിദ്യാർഥികൾക്ക് അവർ അർഹിക്കുന്ന മാർക്ക് കൊടുത്തതിൻ്റെ പേരിൽ മാർക്ക് കുറച്ചിട്ട അധ്യാപകരാൽ നിരന്തരം വേട്ടയാടപ്പെടുന്ന ചില അധ്യാപക സുഹൃത്തുക്കൾ ഉണ്ട്.
ബ്യൂട്ടിപാർലർ ട്രെയിനി ആയിരുന്ന കീഴാള വിഭാഗത്തിൽ നിന്നുള്ള വിനായകൻ്റെ നീട്ടി വളർത്തിയ മുടിയും പെൺ സുഹൃത്തിനൊപ്പം സംസാരിച്ചു കൊണ്ടുള്ള നിൽപ്പും പോലീസിനെ പ്രകോപിപ്പിച്ച സംഭവം വിനായകന്റെ ആത്മഹത്യയിൽ അവസാനിച്ചത് 2017 ൽ ആണ്. നേമത്ത്, വിക്ടറി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ആരതി ആത്മഹത്യ ചെയ്യാൻ പ്രേരണയായത് ആൺകുട്ടിയുമായി അടുപ്പമുണ്ട് എന്നുപറഞ്ഞ് അധ്യാപിക നടത്തിയ മാനസിക പീഡനമാണ്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിൽ അധ്യാപകൻ ശകാരിച്ച വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതും അതിനെ തുടർന്ന് അധ്യാപകരെ കുറിച്ച് വിദ്യാർത്ഥികൾ നടത്തിയ വെളിപ്പെടുത്തലുകളും യുട്യൂബിൽ ഇപ്പോഴുമുണ്ട്. ഇടുക്കിയിലെ സ്ലീവാമല എൽ പി സ്കൂളിൽ രണ്ടാം ക്ലാസുകാരനെകൊണ്ടു ശർദ്ദിൽ കോരിക്കാൻ അധ്യാപികയ്ക്ക് പ്രേരണയായത് ഈ വിദ്യാർത്ഥിയുടെ ജാതിയാണ്. അറ്റൻഡൻസ് കുറഞ്ഞതിന് രക്ഷിതാവിൻ്റെ സാന്നിധ്യത്തിൽ അധ്യാപകനാൽ അപമാനിക്കപ്പെട്ട പ്രജിത്ത് എന്ന കളമശ്ശേരി ഗവണ്മെൻ്റ് പോളിടെക്നിക് കോളേജ് വിദ്യാർത്ഥി കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു. ക്ലാസിലെ ഡസ്കിൽ കാലു കയറ്റിവച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ചോദ്യം ചെയ്യുകയും അതിന് വിദ്യാർത്ഥി തന്നെ ചീത്ത വിളിച്ചു എന്ന കാരണത്താൽ വിദ്യാർത്ഥിയെ തല്ലുകയും ചെയ്ത അധ്യാപികയ്ക്ക് എതിരെ പരാതി വന്നപ്പോൾ ഹൈക്കോടതി ഭൂതകാലക്കുളിരോടെ ഓർത്തത് പെരുവിരൽ മുറിച്ചു നൽകിയ ഏകലവ്യനെ ആണ്. കീഴാള വിഭാഗങ്ങൾ അറിവു നേടുന്നതിനോടുള്ള ബ്രാഹ്മണ്യത്തിൻ്റെ അസഹിഷ്ണുതയുടെ ഹിംസാത്മക സ്വഭാവം വെളിവാക്കുന്ന ഏകലവ്യൻ്റെ ദുരന്തമാണ് ഉത്തമ വിദ്യാർത്ഥിയെ സംബന്ധിച്ച ഹൈക്കോടതിയുടെ മാതൃക. അത്തരം വിദ്യാർത്ഥികൾ ഇന്ന് ഇല്ലാത്തതാണ് കോടതിയുടെ ദുഃഖം. ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനും പ്രസിദ്ധീകരിച്ച മാധ്യമവും അധ്യാപികയ്ക്ക് ഒപ്പം നിന്നു. അധ്യാപകർ പഠിപ്പിക്കുന്നത് ജയിലിലാകുമോ എന്ന ഭയത്തോടെ എന്നാണ് വാർത്തയുടെ തലക്കെട്ട് തന്നെ. ഇത് ഹൈക്കോടതിയുടെ നിരീക്ഷണം ആണെന്ന് തുടർന്നു വായിക്കാം. വിദ്യാർത്ഥിയെ അടിച്ചതിന് അധ്യാപികയുടെ പേരിലുള്ള കേസും നവംബറിൽ റദ്ദാക്കി. വിദ്യാർത്ഥികളുടെ ശരീരഭാഷയും അഭിപ്രായ സ്വാതന്ത്ര്യവും അധ്യാപകരെ പ്രകോപിപ്പിക്കുന്നത് അവരിൽ പ്രവർത്തിക്കുന്ന സവർണ മൂല്യങ്ങൾ കാരണമാണ്. ക്ലാസ്മുറിയിൽ വിദ്യാർത്ഥികളുടെ ശരീരഭാഷ വിധേയത്വത്തിൻ്റേത് ആവണമെന്ന പ്രതീക്ഷ അധ്യാപകർക്ക് മാത്രമല്ല, സമൂഹത്തിനും ഉണ്ട്. അതുകൊണ്ടാണ് ഡസ്ക്കിൽ കാൽ വയ്ക്കുന്നത് തല്ലുന്നതിലും വലിയ തെറ്റായി മാധ്യമ പ്രവർത്തകനും ജഡ്ജിക്കുമെല്ലാം തോന്നുന്നത്.
നമ്മൾ ഓരോരുത്തരും ഭാഗമാകുന്നത് ഫ്യൂഡൽ മനോനില നിലനിൽക്കുന്ന സമൂഹത്തിലാണ് എന്നത് ഈ സംഭവങ്ങൾ എല്ലാം തന്നെ വ്യക്തമാക്കുന്നു. ഞാൻ മുന്നിൽ നിൽക്കുന്ന ആളോട് മാടമ്പിത്തരം കാണിച്ചില്ലെങ്കിൽ അയാൾ അതെന്നോട് കാണിക്കും, അതാണ് അവസ്ഥ. തലമുറ കൈമാറിവരുന്ന പാരമ്പര്യാർജ്ജിത സ്വത്താണ് നമുക്ക് മാടമ്പിത്തം. കോടതി ആയാലും പോലീസ് ആയാലും മാതാപിതാക്കൾ ആയാലും അധ്യാപകർ ആയാലും ഇതു തന്നെ അവസ്ഥ. കേരളത്തിലെ എയ്ഡഡ് സ്കൂളുകളും കോളേജുകളും ജാതിക്കോളനികൾ ആണെന്ന് കണക്കുകൾ നിരത്തി തന്നെ സമർഥിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ അപേക്ഷിച്ച് സർക്കാർ മേഖല ഭേദമാണ് എങ്കിലും ഗവണ്മെൻ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സവർണ മൂല്യങ്ങൾ വാഴുന്നു.
വിദ്യാർത്ഥികൾ തങ്ങൾ നേടിയ പഠനനിലവാരത്തിലൂടെ സ്വന്തം നിലയ്ക്ക് നിരന്തര മൂല്യനിർണ്ണയത്തിന് ആവശ്യമായ വിധത്തിൽ അസൈൻമെൻ്റും പ്രൊജക്ടും മറ്റും ചെയ്യാൻ വിഷമിക്കുന്നുണ്ട്.
ഇത്തരം സവർണ മനോനിലയുള്ള അധ്യാപകർ സ്കൂൾതലം മുതൽ യൂണിവേഴ്സിറ്റിതലം വരെ നിരന്നിരുന്ന് വിദ്യാർഥികളെ നിരന്തര മൂല്യനിർണയം നടത്തുന്നത് വിദ്യാർത്ഥികളോട് കാട്ടുന്ന കടുത്ത അനീതിയാണ്. പരസ്പരം വ്യക്തികൾ ആയി അധ്യാപകനും വിദ്യാർത്ഥിക്കും മുഖത്തോടുമുഖം നോക്കാനുള്ള സാഹചര്യം ഇല്ലാത്ത കാലത്തോളം വിദ്യാർത്ഥികള്ക്ക് നീതിപൂർവമായ പഠനാന്തരീക്ഷം പ്രതീക്ഷിക്കാൻ കഴിയുകയില്ല. എം ജി സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയായിരുന്ന ദീപ പി മോഹനൻ താൻ നേരിട്ട ജാതി വിവേചനത്തിനെതിരെ സമരം ചെയ്തത് ഓർക്കാം.
മാനവിക വിഷയങ്ങൾ പഠിക്കുന്നതിന് ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ ഒന്നായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്നുപോലും ഗ്രാമീണ, ആദിവാസി മേഖലയിൽ നിന്നുള്ള വിദ്യാർഥികൾ പ്രതീക്ഷിക്കുന്ന പഠനനിലവാരം ആർജ്ജിച്ചെടുക്കാൻ കഴിയാതെ വരുന്നതിൻ്റെ പേരിൽ പഠനം തന്നെ അവസാനിപ്പിച്ചു മടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നു. ഇവരുടെ സാമൂഹിക സാമ്പത്തിക സാഹചര്യം മനസിലാക്കി വേണ്ടുന്ന പിന്തുണ നൽകി വിദ്യാഭ്യാസം പൂർത്തീകരിക്കാൻ സാഹചര്യം ഒരുക്കുന്നതിൽ അധ്യാപകരും സ്ഥാപനവും പരാജയപ്പെടുന്നു.
ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ മുച്ചൂടും മാറ്റുന്ന എൻ.ഇ.പി യെ സംബന്ധിച്ച് അഭിപ്രായം പറയാൻ എന്തുകൊണ്ടാണ് അധ്യാപകർ തയ്യാറാകാത്തത്? പ്രതിഷേധവുമായി ആദ്യം തെരുവിൽ ഇറങ്ങേണ്ടിയിരുന്നത് അധ്യാപക സമൂഹമാണ്. അതു സംഭവിച്ചില്ല. തങ്ങൾ ഭാഗമാകുന്ന വ്യവസ്ഥയെ അവർ ഭയക്കുന്നുണ്ട്. ഭയമുള്ള മനുഷ്യർ സ്വതന്ത്രരല്ല. അവർക്ക് എങ്ങനെയാണ് വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ബോധത്തെ വളർത്തിയെടുക്കാൻ കഴിയുക?
ജാതിയും മതവും പണവും ഇതിലൂടെ നേടുന്ന സാമൂഹിക സ്ഥാനവും തന്നെയാണ് പ്രാഥമികമായ പരിഗണനാ വിഷയങ്ങൾ.
കാനഡയിലും യുകെയിലും മറ്റും പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾ അവിടുത്തെ നിരന്തര മൂല്യനിർണ്ണയ രീതികളിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന അവസ്ഥകൾ ചില വിദ്യാർത്ഥികൾ പങ്കുവച്ചിട്ടുണ്ട്. യുകെയിൽ പഠനം നടത്തുന്ന ഒരു വിദ്യാർത്ഥി, തൻ്റെ അസൈൻമെൻ്റ് സുഹൃത്തിനെ കാണിച്ചത് അയാൾക്ക് മുന്നേ സുഹൃത്ത് യൂണിവേഴ്സിറ്റിയിൽ സമർപ്പിക്കുകയും അത് തയ്യാറാക്കിയ വിദ്യാർത്ഥി ഇതറിയാതെ തൻ്റെ അസൈൻമെൻ്റ് സബ്മിറ്റ് ചെയ്തപ്പോൾ ചോദ്യം ചെയ്യപ്പെടുകയും മറ്റൊന്ന് സമർപ്പിക്കാൻ നീർബന്ധിതനാവുകയും ചെയ്തു. മലയാളികൾ ആയ വിദ്യാർത്ഥികൾ തങ്ങൾ നേടിയ പഠനനിലവാരത്തിലൂടെ സ്വന്തം നിലയ്ക്ക് നിരന്തര മൂല്യനിർണ്ണയത്തിന് ആവശ്യമായ വിധത്തിൽ അസൈൻമെൻ്റും പ്രൊജക്ടും മറ്റും ചെയ്യാൻ വിഷമിക്കുന്നുണ്ട്. താൻ നടത്തിയ ഇൻ്റേണൽ അസ്സസ്മെൻ്റ് സംബന്ധിച്ച സബ്മിഷൻ നിലവാരം ഇല്ലാത്തത് ആയതുകൊണ്ട് അടുത്ത സെമസ്റ്ററിലേക്ക് പ്രവേശിക്കാൻ കഴിയാതെ കാനഡയിൽ ഉപരിപഠനത്തിന് പോയ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥി വിഷമിച്ചതും ഓർക്കുന്നു.
വ്യക്തിത്വം രൂപപ്പെട്ടുവരുന്ന കാലത്ത് അധ്യാപകരോട് വിധേയപ്പെട്ടു നിൽക്കേണ്ടുന്ന സാഹചര്യം ഇൻ്റേണൽ അസ്സസ്മെൻറ് വിദ്യാർഥികൾക്ക് സൃഷ്ടിച്ചു കൊടുക്കുന്നുണ്ട്. അധ്യാപകർ വ്യക്തികളായി വിദ്യാർഥികളെ പരിഗണിക്കുന്നില്ല. വ്യക്തിത്വവികസനം സാധ്യമാവുക ഭയരഹിതവും സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിൽ ആണ്. മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിനും വേണ്ടുന്ന വിധത്തിൽ മെരുക്കിയെടുത്ത വിദ്യാർത്ഥികളിൽ വ്യതിരിക്തത വികസിച്ചു വരിക അസാധ്യമാവും. വ്യതിരിക്തതയുള്ള വിദ്യാർഥികൾക്ക് മാത്രമേ അനീതിയും ചൂഷണവും വാഴുന്ന വർത്തമാനകാല യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്ത് വിമോചനത്തിൻ്റെ പുതിയൊരു ലോകം വിഭാവനം ചെയ്യാൻ കഴിയുകയുള്ളൂ. നമ്മുടേത് പോലെ ഫ്യൂഡൽ മൂല്യങ്ങൾ പിൻപറ്റുന്ന ഒരു സമൂഹത്തിന് നീതിപൂർവ്വം വിദ്യാർഥികളെ വിലയിരുത്തുന്നതിനും അതിലൂടെ അവർ അർഹിക്കുന്ന മാർക്ക് കൊടുക്കുന്നതിനും പരിമിതികൾ ഉണ്ട്. ഇനിയും ജനാധിപത്യവൽകരിക്കപ്പെട്ടിട്ടില്ലാത്ത സമൂഹമാണ് നമ്മുടേത്. വ്യതിരിക്തതയെക്കാൾ, ജാതിയും മതവും പണവും ഇതിലൂടെ നേടുന്ന സാമൂഹിക സ്ഥാനവും തന്നെയാണ് പ്രാഥമികമായ പരിഗണനാ വിഷയങ്ങൾ. സ്വാതന്ത്ര്യ കർതൃത്വങ്ങൾ ആയി വിദ്യാർഥികൾക്ക് വികസിച്ചുവരാനുള്ള ഇടങ്ങളാണ് സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി കാമ്പസുകൾ.
അതുകൊണ്ടുതന്നെ സവർണ മൂല്യങ്ങൾ ആന്തരികവൽകരിച്ച അധ്യാപകർ തങ്ങളുടെ വിദ്യാർഥികളെ നിരന്തര മൂല്യനിർണയം നടത്തുന്നത് ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ അനുയോജ്യമാണോ എന്ന് പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്.