കുടുംബം എന്ന രാഷ്ട്രീയ പ്രശ്നവും നാരായണീന്‍റെ മൂന്നാണ്മക്കളും

വ്യക്തിപരമായതൊന്നുമില്ലെന്നും എല്ലാത്തിലും രാഷ്ട്രീയമുണ്ടന്നും ആധുനിക കാലത്ത് ആവര്‍ത്തിച്ചും ഉറക്കെയും പറഞ്ഞത് ഫെമിനിസത്തിന്‍റെ രണ്ടാം തരംഗം മുതലാണ്. കുടുംബവും അങ്ങനെതന്നെയെന്ന് നാം തിരിച്ചറിയുന്നു. നാരായണീന്‍റെ മൂന്നാണ്മക്കള്‍ മലയാളി മധ്യവര്‍ഗ്ഗ കുടുംബ ബന്ധങ്ങളില്‍ രൂപപ്പെട്ട പുതിയ സങ്കീര്‍ണതകളിലേക്ക് കാഴ്ചക്കാരനെ കൂട്ടികൊണ്ടുപോവുന്നു.


ശരൺ വേണുഗോപാൽ കഥയും സംവിധാനവും നിർവഹിച്ച  നാരായണീന്റെ മൂന്നാണ്മക്കൾ എന്ന സിനിമ തീയേറ്ററും കടന്ന് കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ പുറത്തിറങ്ങി. മലയാളികൾ വിരളമായി മാത്രം അഭിസംബോധന ചെയ്യാറുള്ള പല വിഷയങ്ങള്‍, സിനിമ ഒരു വരയിൽ കോർത്തു. എന്നാല്‍ കഥാഗതിയിലെ ഗുരുതരമായതെന്ന് വിശേഷിപ്പിക്കാവുന്ന പാകപ്പിഴവ് സിനിമ അവതരിപ്പിക്കുന്ന കുടുംബ ജീവിതത്തിലെ സങ്കീര്‍ണതകളെ കുറിച്ച് ചര്‍ച്ചചെയ്യുന്നതില്‍ നിന്നും സാധാരണ കാഴ്ചക്കാരനെ അകറ്റിയെന്നത് വസ്തുതയാണ്. സിനിമ മുന്നോട്ടുവെക്കുന്ന കുടുംബം പുതുക്കി നിര്‍മിക്കേണ്ടതുണ്ടെന്ന ആഹ്വാനം, സിനിമ മുന്നോട്ടുവെച്ച ലൈംഗികതയുടേയും കാഴ്ചയുടെ ഇടുക്കത്തിലും മങ്ങിപ്പോയത് ദൌര്‍ഭാഗ്യകരമാണ്.

പഴഞ്ചനായതും മനുഷ്യരുടെ ഐക്യത്തിന് തടസം നില്‍ക്കുന്നതുമായ ചട്ടക്കൂടിനകത്ത് നിന്നും ഇന്നും കേരള സമൂഹം പുറത്തുകടന്നിട്ടില്ലെന്ന വസ്തുത സിനിമ വരച്ചുകാട്ടുന്നു. മതവും ജാതിയും അമ്മയും മകനും തമ്മിലുള്ള ബന്ധത്തപ്പോലും ഉലക്കുന്നതും സഹോദരന്‍മാര്‍ക്കിടയിലെ ബന്ധങ്ങളില്‍ വിള്ളലുണ്ടാവുന്നതും ഉത്തരാധുനിക കാലത്തിലെ നേര്‍കാഴ്ചകളാണ്.

പകയുടെ ആയുസ്സ് എത്ര കാലമാണ്. ഒരു കട്ടിലിൽ അന്ത്യശ്വാസത്തിനായി കാത്തുനിൽക്കുന്ന ‘അമ്മക്ക്’ ചുറ്റും പുകയുന്ന ഓർമകളുടെ യുദ്ധം തന്നെയാണ് നരായണിയുടെ മൂന്നാണ്മക്കള്‍. തിരക്ക്‌ പിടിച്ച ജീവിതവും തൊഴിലും സമ്മർദ്ദവും, അമ്മയെ തന്നെ കൊല്ലാൻ കൈ ഉയർത്തുന്ന മക്കളെ വാർത്തെടുക്കാൻ കാലത്തിന് സാധിക്കുന്നുണ്ടെന്നും സിനിമ പറഞ്ഞുവെക്കുന്നു.

ജോജു ജോർജ് അവതരിപ്പിച്ച സേതുവില്‍ നമ്മുക്കൊരു മാറി നടത്താന്‍ സാധിക്കും. അയാൾക്ക് സമയത്തിന്റെ തിരക്ക് പിടിച്ച ഓട്ടമില്ല. അമ്മയെ നോക്കിയതിന്റെ ചിതല് പിടിച്ച കണക്ക് പുസ്തകമില്ല. ‘കൊന്നുകളയാൻ’ തോനുന്ന മനസ്സില്ല. പക്ഷെ ‘പൊട്ടൻ’ എന്ന വിളിപ്പേര് മാത്രം ബാക്കിയുണ്ട്. സ്നേഹിക്കുന്നവരെ പൊട്ടനാക്കുന്ന ഒരു വലിയ ലോകം അയാള്‍ക്കു ചുറ്റുമുണ്ട്. ആ ഒറ്റ വിളിയിൽ തന്റെ എല്ലാ കോൺഫിഡൻസും തകർന്നു പോകും വിധം അയാളുടെ ഉള്ളിൽ വന്നു നുരയുന്ന വേദന എത്ര കഠിനമാണെന്ന് സിനിമ കാണിക്കുന്നുണ്ട്. സ്വത്തിന്റെ പേരിൽ സ്വാർത്ഥനാവാതെ, സ്നേഹത്തിന്റെ കണക്ക് പുസ്തകത്തിൽ വീണുപോവാതെ എല്ലാത്തിനെയും അതിജീവിക്കുമ്പോഴും, എല്ലാവരെയും കൂട്ടിയിണക്കുമ്പോഴും ‘പൊട്ടനായി’ പോകുന്ന അനേകം സേതുമാർ നമുക്ക് ചുറ്റിലുമുണ്ട്.

അലൻസിയർ അവതരിപ്പിച്ച വിശ്വനാഥൻ, മലയാളി മധ്യവര്‍ഗ കുടുംബനാഥന്റെ തനി സ്വരൂപം കാണിക്കാൻ പര്യാപ്തമാണ്. ‘ഉള്ളിൽ സ്നേഹം വെച്ച് എന്നാല്‍ അത് പുറമെ കാണിക്കാത്ത’ എന്ന് പറഞ്ഞു കേൾക്കുന്ന, അത് സിനിമയുടെ അവസാനത്തിൽ ഒറ്റ നോട്ടത്തിൽ പ്രകടമാക്കുന്ന ഒരാൾ. അന്യമതകാരിയെ കല്യാണം കഴിച്ച തന്റെ അനുജനോടുള്ള പകയെക്കാൾ അയാളിൽ നുരഞ്ഞു പൊന്തുന്നത് പാരമ്പര്യത്തിന്റെ കനപ്പെട്ട മഹിമയിൽ  ഉപേക്ഷിക്കാൻ മടിയുള്ള കുറെ അധികം മധ്യകാല ബോധ്യങ്ങളും വിദ്വേഷവും മാത്രം. അയാളില്‍ പ്രകടമാവുന്ന രൂപപ്പെടുത്തിയ പകയുടെ ആധാരം ചിന്തകളുടെ പഴമയാണ്. സുരാജിന്റെ ഭാസ്കർ, ലോകം ‘ലോകം കണ്ടവന്‍’ എങ്കിലും, അയാളുടെ ഉള്ളിലെ പഴഞ്ചന്‍ ചിലപ്പൊഴൊക്കെ പ്രകടമാക്കപ്പെടുന്നുണ്ട്. പുതുതലമുറ അത് എളുപ്പം തിരിച്ചറിയുന്നുമുണ്ട്.


ഇടക്കാല ആഹ്ലാദത്തിനുവേണ്ടി മാത്രം സഹോദരന്‍മാര്‍ക്കിടയില്‍ പ്രണയവും ശാരീരീക ബന്ധവും ആരോപിക്കുന്നതില്‍ ശാസ്ത്രവിരുദ്ധത ഒളിഞ്ഞിരിപ്പുണ്ട്.


പ്രധാന പ്രമേയത്തിന് സമാന്തരമായി നീങ്ങുന്ന കസിൻസിനിടയിലെ ലൈംഗികത, മനുഷ്യ സമൂഹം അതിന്‍റെ സാമൂഹ്യ ജീവിതത്തിന്‍റെ ആദ്യഘട്ടങ്ങളില്‍തന്നെ തടഞ്ഞിട്ടുള്ളതാണ്. ആധുനിക ശാസ്ത്ര വളര്‍ച്ച നമുക്കിടയില്‍ നിലനില്‍ക്കുന്ന മുറപ്പെണ്ണ് സമ്പ്രദായത്തിനും അടുത്ത ബന്ധത്തില്‍പ്പെട്ടവരുടേയും എതിരാണ്. ജീന്‍പൂളിലെ വൈവിധ്യമില്ലായ്മ പുതുതലമുറയെ പ്രതികൂലമായി ബാധിക്കുന്നതാണ് കാരണം. അങ്ങനെയിരിക്കെ ഇടക്കാല ആഹ്ലാദത്തിനുവേണ്ടി മാത്രം സഹോദരന്‍മാര്‍ക്കിടയില്‍ പ്രണയവും ശാരീരീക ബന്ധവും ആരോപിക്കുന്നതില്‍ ശാസ്ത്രവിരുദ്ധത ഒളിഞ്ഞിരിപ്പുണ്ട്. മാത്രമല്ല, കുടുംബ ഘടനയുടെ പഴഞ്ചന്‍ സ്വഭാവമെന്ന പൊളിറ്റിക്കല്‍ പ്രശ്നത്തെ ഇത്തരം നടപടികളിലൂടെ നേരിട്ടുകളയാം എന്ന തെറ്റായ ധാരണയും സിനിമ നല്‍കുന്നു. എന്നാല്‍ സഹോദരങ്ങളുടെ മക്കളായ ആതിരയും നിഖിലും സംസാരിക്കുന്നിടത്ത് നിന്നും നമുക്ക് ചിലത് പഠിക്കാനുണ്ട്.

പരസ്പരം കേൾക്കാൻ കൊള്ളാവുന്ന മനുഷ്യരുണ്ടാവേണ്ടതിന്‍റെ ആവശ്യമുണ്ടെന്ന് അലമുറയിടന്ന സമൂഹത്തിനും ആ സഹന ശേഷിയാണ് ഇല്ലാത്തതും. ഇഷ്ടപെട്ട കോഴ്സ് തിരഞ്ഞെടുക്കാൻ വിടാതെ കുറ്റപ്പെടുത്തൽ മാത്രം നൽകി വരുതിയിൽ നിർത്തുന്ന ചെവികളടഞ്ഞ  മാതാപിതാക്കൾ ചെവി കൂർപ്പിക്കണമെന്ന് ആതിരയും നിഖിലും ഓർമ്മപ്പെടുത്തുന്നു. പിരിയാന്‍ കൊതിക്കുന്ന ഇണയെ ഒരു പൂമ്പാറ്റയായി സങ്കല്‍പ്പിച്ച് സ്വതന്ത്രമായി പറക്കാന്‍ അനുവദിക്കണമെന്നു പറയുമ്പോള്‍ പ്രണയപകയുടെ പുതിയ കാലത്ത് അവ നൽകുന്ന സന്ദേശം ചെറുതെ അല്ല. ഇടയിൽ, ജോജു സ്നേഹബന്ധങ്ങളെ കുറിച്ച് പറയുന്ന വാക്കുകൾ ‘പലതും നിർണയിക്കുന്നു’. പെട്ടന്ന് ഇല്ലാതെയാകുന്ന, അർഹത ഇല്ലാതെ ഇടത്ത് അവശേഷിക്കുന്ന സ്നേഹത്തെ പറ്റിയുള്ള ആകുലതയും ഇവർ മൂന്ന് പേരിൽ മാത്രം തങ്ങി നിൽക്കുന്നു. കാലം കസിന്‍സില്‍ ജനിപ്പിക്കുന്നു എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കല്‍പ്പിക്കുന്ന ബന്ധം ‘അവന്റെ പ്രായം അതല്ലേ’ എന്ന ഒറ്റ ചിന്തയിൽ അവസാനിപ്പിക്കാവുന്നതും അതിന്റെ ശാസ്ത്രീയതയെ തുറന്നു പറയാവുന്നതുമായ ലോക പരിചയവും വിദ്യാഭ്യാസവും ഭാസ്കറിനും നഫീസക്കുമുണ്ട്. ഇതിലൂടെ സമാധാനപരമായും ബോധ്യപ്പെടുംവിധവും പുതുതലമുറയെ തെറ്റുകള്‍ തിരുത്തി കുതിക്കാന്‍ സഹായിക്കുന്ന സാമൂഹ്യ ചുറ്റുപാടും നമുക്ക് ആവശ്യമുണ്ടെന്ന് സിനിമ പറഞ്ഞുവെക്കുന്നു.

ഭാസ്കറും, വിശ്വനാഥനും തുല്യമായി നീങ്ങുന്നത് ഒരുപക്ഷെ മക്കളെ സംരക്ഷിക്കാൻ മാത്രമാണ്. “നിന്റെ മോൻ”, “നിന്റെ മോൾ” എന്ന് പറഞ്ഞുള്ള കുറ്റപ്പെടുത്തലുകളിൽ അവർ തനി രക്ഷിതാക്കൾ മാത്രമാണ്.


മാറാത്ത അഥവാ സനാതനമായ കുംടുംബാന്തരീക്ഷത്തെ ചോദ്യം ചെയ്യാൻ ഒരുമ്പെടുന്ന സിനിമ മാറേണ്ടുന്ന കുടുംബത്തെ തുറന്നു കാട്ടുന്നു.


സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളില്‍ ആതിരയൊഴികെ ആശയപരമായി നിശബ്ദമാണെകിലും. എല്ലാവരുടേയും വ്യക്തിത്വം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കിടപ്പിലായ അമ്മയെ പറ്റി പോലും നമുക്ക് വായിക്കാം. ഓരോരുത്തരുടെയും ചുറ്റുപാടുകളെ കാണിക്കാനും പാകത്തിനുള്ള വേദി സിനിമ ഒരുക്കുന്നു. ആതിരയും നാഫീസയും ഇല്ലെങ്കിൽ കുശുമ്പിന്റെയും കുന്നായ്മയുടെയും ക്ലീഷേ പാട്രിയാർക്കൽ ഭാവനയിൽ കാണിച്ചെക്കാവുന്ന സ്ത്രീ കഥാപാത്രങ്ങൾ മാത്രമേ ഇതിൽ വരുമായിരുന്നുള്ളു. ഈ രണ്ടുപേര്‍ പുതിയ ലോകത്തെയെ പ്രതിനിധീഭവിക്കുന്നു. അത് മതത്തെ പറ്റി പറയുമ്പോഴും ബന്ധങ്ങളെ പറ്റി പറയുമ്പോഴും ജോലിയെ പറ്റി പറയുമ്പോഴും എല്ലാം അവരുടെ മാറിയ വീക്ഷണം പ്രകടമാണ്. വ്യക്തികളുടെ കുറ്റവും കുറവും ഒരു സ്ഥലത്തു നിന്നും മറ്റിടങ്ങളിലേക്ക് സംപ്രേഷണം ചെയ്യുന്ന ചെറിയമ്മയും സജിത മഠത്തിൽ അവതരിപ്പിച്ച ജയശ്രീ എന്ന കഥാപാത്രവും സൊ കാൾഡ് ഒരു നാട്ടിൻപുറത്തുകാരി ഭാര്യയുടെ, അമ്മയുടെ ചുവടു പിടിക്കുന്നു. ഒരേ സമയം നിങ്ങളുടെ കുടുംബകാര്യത്തിൽ ഞാൻ ഇടപെടാൻ ഇല്ല എന്ന് പറയുകയും അതെ സമയം ‘ഓർമിച്ചാൽ നന്ന്’ താക്കീത് ചെയ്യുയുകയും ചെയ്യുന്ന ഒരാൾ. എന്നാല്‍ ലണ്ടനില്‍ തൊഴിലെടുക്കുന്ന ഫാത്തിമയുടെ കഥാപാത്രം കുട്ടികളുടെ മതം അവരുടെ ചോയ്സ് ആയി അവതരിപ്പിക്കുകയും കുടുംബ സ്വത്ത് വീതംവെപ്പില്‍ അഭിപ്രായം പറയാതിരിക്കുകയും ചെയ്യുന്നു. മറ്റേയാൾ മകളെ താല്പര്യം ഇല്ലാത്ത പി.എസ്.സി ടെസ്റ്റിന് നിർബന്ധിക്കുകയും, ഭർത്താവിന്റെ തീരുമാനത്തെ നിക്ഷ്പക്ഷത നടിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുകയുംചെയ്യുന്നു.

മാറാത്ത അഥവാ സനാതനമായ കുംടുംബാന്തരീക്ഷത്തെ ചോദ്യം ചെയ്യാൻ ഒരുമ്പെടുന്ന സിനിമ മാറേണ്ടുന്ന കുടുംബത്തെ തുറന്നു കാട്ടുന്നു. വ്യക്തികൾക്ക് തിരഞ്ഞെടുപ്പുകളോ  തീരുമാനങ്ങളോ ഇല്ലാതെയാവുന്നത് മാത്രമല്ല, കനപെട്ട ‘നാഥൻ’ മാരുടെ ഈഗോയും ഇല്ലാതാകണമെന്നും സിനിമ ആവശ്യപ്പെടുന്നു. ഇഷ്ടപ്പെട്ട തീരുമാനം എടുക്കുന്നവരൊക്കെ ധിക്കാരികളാക്കി മാറ്റുകയും അവരുടെ നിലനിൽപ് തന്നെ കുടുംബ വ്യവസ്ഥയിൽ ചോദ്യം ചെയ്യപെടുകയും ചെയ്യുന്നുണ്ട്. മക്കൾ, അനുസരിച്ചു ജീവിക്കേണ്ടുന്ന മാംസങ്ങൾ മാത്രമാവുന്നു. ഭർത്താവിനൊപ്പം മദ്യപിച്ചുരുന്നത് മടിയോട് കൂടി പറഞ്ഞ ഏട്ടത്തിയേയും കൂട്ടി നടുത്തളത്തിലേക്ക് കടന്നിരിക്കുന്ന പുതിയ കാലത്തെ സ്ത്രീയും സിനിമയിൽ വരുന്നുണ്ട്. ആൺ അധികാരത്തിന്റെ പിടിയിൽ നിന്നും, ചോദ്യങ്ങളെ പേടിക്കുകയും ഉത്തരങ്ങൾ അക്രമണവും കണക്ക് പറച്ചിലുമായി അവതരിപ്പിക്കുന്ന കുടുംബനാഥന്മാരിൽ നിന്ന് കുടുംബവും മോചിക്കപെടേണ്ടതുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ സനിമയില്‍ ഓരോ കഥാപാത്രതിനും കുടുംബങ്ങൾ പകർന്ന സ്വാധീനവും അതിൽ നിന്നും പുറത്തു കടന്നപ്പോൾ സംഭവിച്ച മാറ്റവും പ്രകടമാണ്.


നാരായണീന്‍റെ മൂന്നാണ്മക്കള്‍ എല്ലാവരുടെയും കപ്പിലെ ചായയല്ല, പക്ഷെ ചിലരിൽ ബാക്കിയാവുക തന്നെ ചെയ്യും.


പാരമ്പര്യം, ജാതി, മതം എന്നിവയിൽ തമ്മിൽ തർക്കിക്കുന്ന സഹോദരങ്ങൾ മാത്രം അല്ല, മുസ്ലിം സ്ത്രീയെ അമ്പല പരിസരത്തേക്ക്  കടക്കുന്നതിൽ നിന്നും തടയുന്ന അഭിപ്രായത്തെ ‘ഒരൊറ്റ വാക്കിൽ’ മുറിച്ചു കളഞ്ഞ സേതു, നമ്പൂതിരി മഞ്ഞൾ പൊടിക്ക് പകരം പേരില്ലാത്ത മഞ്ഞൾ പൊടി നൽകുമ്പോൾ പുതിയകാലത്തും പഴയകാലത്തും ‘പൊട്ടൻ’ ആയതിന്റെ കാരണം വ്യക്തമാണ്. അതയാളുടെ നിലപാടുകളുടെ കൂടി ഭാഗമായാണ്. സേതു ഒറ്റക്കായി പോയതും ഇത്തരം തീരുമാങ്ങളുടെ കൂടി ഭാഗമാണ്. കുടുംബമായൽ ചിലപ്പോൾ വിട്ടു കൊടുക്കാനോ, സ്വത്തുക്കൾ വേണ്ട എന്ന് പറയാനോ “നിന്‍റെ മക്കള്‍” എന്നതിന് പകരം “നമ്മുടെ മക്കൾ” എന്ന് പറയാനോ സേതു ബാക്കി ആയേക്കില്ല എന്ന് സിനിമ ശങ്കിക്കുന്നുണെന്ന് തോനുന്നു.

ഒടുവിൽ, ഒടുവിൽ അമ്മ മരിച്ചു കിട്ടാൻ കാത്തുനിന്നവർ, കൊല്ലാൻ കൈ വിറച്ചവർ പിരിഞ്ഞു പോയപ്പോഴും സിനിമകണ്ടവർ കുറച്ചുപേരെങ്കിലും കസിൻസ് തമ്മിലുള്ള പ്രേമത്തിന്റെയും ചുംബനത്തിന്റെയും ചുവട്ടിലാണ്. നമ്മുടെ തന്നെ പാരമ്പര്യ ലോകത്ത് പൂത്തു വളർന്ന ‘മുറചെറുക്കനും മുറപെണ്ണും’ എത്ര പെട്ടന്നാണ് അവര്‍ക്ക് അന്യരായത്, മറന്നത്. മുറിവേറ്റ മനുഷ്യബന്ധങ്ങളല്ല, മുറിവേറ്റ സംസ്കാരംമാത്രമാണ് അവരുടെ കൺസേൺ. കസിന്‍സ് വിവാദം പുകഞ്ഞതുകൊണ്ടാവാം അമ്പലപറമ്പിലെ ഡിജെക്കാരനും അവിടെ കയറിയ മുസ്ലിം സ്ത്രീയും തലനരിഴയ്ക്കാണ് രക്ഷപെട്ടത്.

കഞ്ചാവും, പുകയും നോർമലൈസ് ചെയ്യാതെ തന്നെ പുതിയ കാലത്തേക്ക് സിനിമയെ പറഞ്ഞു വിടാമായിരുന്നു. അവസാനം ചെറിയമ്മയെ സേതു പറഞ്ഞു വിട്ട അതെ ലാഘവത്തിൽ സിനിമയോടുള്ള പക്വതയില്ലാത്ത സമീപനവും തള്ളാം. നാരായണീന്‍റെ മൂന്നാണ്മക്കള്‍ എല്ലാവരുടെയും കപ്പിലെ ചായയല്ല, പക്ഷെ ചിലരിൽ ബാക്കിയാവുക തന്നെ ചെയ്യും.



Latest articles