പ്രളയം കഴിഞ്ഞ് വെയിലുദിച്ചു തുടങ്ങിയ ഒരു പകൽ ഗുരുവും ശിഷ്യനും ആശ്രമം വിട്ടിറങ്ങി. പുഴയും മണപ്പുറവും ദൂരെ കാടും മലന്തുഞ്ചങ്ങളും വെയിൽ സ്പർശമേറ്റിട്ടും അമ്പരപ്പിൻ്റെ മഞ്ഞിൽ വെറുങ്ങലിച്ചു നിൽക്കുകയാണിപ്പോഴും. എങ്ങനെ ഇനി പഴയ താളത്തിലേക്ക് എന്ന അന്തിപ്പ് കനത്തു കിടന്നു വഴിയിൽ കണ്ട ഒറ്റപ്പെട്ട മുഖങ്ങളിലൊക്കെ. കലിയടങ്ങിയ പെരിയാർ ഗുരുവിൻ്റെ കാലിൽ തൊട്ട് ഞാനല്ല, ഞാനല്ലെന്നു വിതുമ്പി നിന്നു. ഗുരു കനിവോടെ അവളെ സമാശ്വസിപ്പിച്ചു കൊണ്ടിരുന്നു.
പിന്നെയവർ മണപ്പുറത്തേയ്ക്കു പുറപ്പെട്ടു. മഹാദേവ ക്ഷേത്രം, മേൽക്കൂര മാത്രം കാണും വിധം വെള്ളത്തിനു മുകളിൽ കഷ്ടിച്ച് കഴുത്തുയർത്തിപ്പിടിച്ചു നിന്നത് നാളുകളോളമാണ്. കിഴക്കൻ മലയുടെ നെഞ്ചിൽ നിന്നും കടപുഴകിയ വൻ മരങ്ങളുടെ അസ്ഥിവാരങ്ങളിൽ നിന്നും പുഴയൊഴുക്കിക്കൊണ്ടു വന്ന കറുത്ത ചെളിയും വിഷമുള്ളവയും അല്ലാത്തവയുമായ പാമ്പുകളും അസംഖ്യം ചെറു ജീവികളുടെ ശവശരീരങ്ങളും വന്നടിഞ്ഞ് ഇനിയൊരു തിരിച്ചുവരവില്ലെന്ന പോലെ മൗനം പുതച്ചു നിന്ന ക്ഷേത്രത്തെ ഇന്നലെ വൈകീട്ടും ഗുരു കണ്ടതാണ്. പൂജാരിയും ഒന്നുരണ്ടു നാട്ടുപ്രമാണിമാരും മേലും കീഴും നോക്കി ഇതികർത്തവ്യതാമൂഢരായി അവിടെ ചുറ്റിപ്പറ്റി നിന്നിരുന്നു. അവരെങ്ങനെയാണ് മഹാ ക്ഷേത്രത്തെ ഇനി പുനരാവിഷ്കരിക്കുക എന്നറിയാനുള്ള കൗതുകം ഗുരുവിനുണ്ടായി. മനുഷ്യൻ്റെ അതിജീവനത്വരയെ തൊട്ടറിയാനുള്ള മോഹം മാത്രമായിരുന്നു അത് . ഒരു നൂറ്റാണ്ടു മുമ്പ് ,ഇനി നമുക്ക് ക്ഷേത്രങ്ങളല്ല വേണ്ടത് എന്ന് പ്രഖ്യാപിച്ച ആളാണല്ലോ. പക്ഷേ, കുടുംബാംഗങ്ങളും വീടും ജീവനമാർഗങ്ങളും നഷ്ടപ്പെട്ടാലും ക്ഷേത്രങ്ങളെ ജനം തിരിച്ചുപിടിക്കുക തന്നെ ചെയ്യും എന്ന് അപൂർവമിത്തരം സന്ദർശനങ്ങളിലൂടെ ഗുരു മനസ്സിലാക്കിയിരുന്നു…
ഇന്നലെ കണ്ട പോലല്ലല്ലോ ഇന്നത്തെ കാഴ്ചകൾ! ഒച്ചയും വിളിവാളങ്ങളും കൊണ്ടു മുഖരിതമാണു ചുറ്റും. വഴിമുടക്കി വീണു കിടന്ന മുട്ടൻ മരങ്ങളുടെ ചില്ലകളാദ്യം വെട്ടിമാറ്റി, തടി ഊർന്നു മുറിച്ചുമാറ്റുന്ന തിരക്കിലാണ് ചിലർ. മണ്ണിൽ പൂഴ്ന്ന് കമിഴ്ന്നു കിടന്ന തോണി നെഞ്ചിലെ തേങ്ങലടക്കി ഏലൈസ പാടി തിരിച്ചിടാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു അഞ്ചെട്ടു പേർ. അതെ, അവർ ജീവിതം തിരിച്ചുപിടിച്ചു കൊണ്ടിരിക്കയാണ്. പാത നിലനിൽക്കുന്നയിടത്തൊക്കെ ജീപ്പുകൾ, ലോറികൾ. ശുചീകരണോപകരണങ്ങളും ഭക്ഷണപ്പാക്കറ്റുകളും ബക്കറ്റും മഗുകളുമൊക്കെയായി ഇറങ്ങുകയും കയറുകയും വാഹനങ്ങളിരമ്പിക്കുകയും ചെയ്യുന്നവർ.

തടസ്സങ്ങൾ പ്രശ്നമല്ലാത്തതിനാൽ ഗുരുശിഷ്യന്മാർ പെട്ടെന്നു തന്നെ ക്ഷേത്ര മുറ്റത്തെത്തി. അകത്തും പുറത്തുമൊക്കെയുണ്ട് കൈമെയ് മറന്ന് പണിയെടുക്കുന്നവർ. കാൽസ്രായി മുട്ടുവരെ തെറുത്തു കയറ്റി തലയിൽ തൂവാല കെട്ടിയവരും സായിപ്പന്മാരെപ്പോലെ മുന്നറ്റം കൂർത്ത തൊപ്പി വെച്ചവരും ആയ കുറേയേറെ യുവാക്കൾ പണിയിലെ ശുഷ്കാന്തി കൊണ്ട് വേറിട്ടുനിന്നു. മെയ്തീനേ, കാദറേ വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നു. ശ്രീകോവിലിലേ വെള്ളം പീച്ചിയും ചെളി വടിച്ചെടുത്തും നിലത്തെ കലക്കവെള്ളം തേമ്പിക്കളഞ്ഞും അവർ പണിതു കൊണ്ടേയിരുന്നു.
‘ഇതേതു ദേശക്കാർ കുഞ്ഞിരാമാ ? ഇവിടെ കാണാറുള്ളവരല്ലല്ലോ!’
‘മലബാറുകാരാത്രേ! ഏറനാട്ടുകാർ. മ്മടെ കലാപകാരികളുടെ പിന്മുറക്കാർ. എന്തൊരു ശുഷ്കാന്തി!’
‘ഓ! അമ്പലം കഴുകുന്നതിലെ ആ സമർപ്പണബോധം കണ്ടില്ലേ? അതാണ് മലബാറിലെ മാപ്പിള! കുമാരന് കാവൃമെഴുതുമ്പോൾ തെറ്റുപറ്റിയതാണെന്ന് ഞാനന്നും പറഞ്ഞിരുന്നു. അവരൊന്നിച്ചു തന്നെയായിരുന്നു , മാപ്പിളമാരും ഈഴവരും അതിലും താഴെ നിർത്തപ്പെട്ടിരുന്നവരും ഒക്കെ. എല്ലാവരും കർഷകത്തൊഴിലാളികൾ. കരിം പട്ടിണിക്കാർ. കൂട്ടത്തിൽ ഉശിരു കൂടുതൽ മാപ്പിളമാർക്കായിരുന്നൂന്നു മാത്രം.’
‘അതെ ഗുരോ! ചരിത്രൊക്കെ ഇപ്പൊ മാറ്റിയെഴുതപ്പെട്ടുകൊണ്ടിരിക്യാണെന്നും കേട്ടു. ഹിന്ദുവിൻ്റെ തലകൊയ്തവർ, ബലാൽസംഗികൾ ഒക്കെയാണത്രെ ഇവരുടെ പൂർവികർ!’
‘ഊം! കുമാരൻ പിന്നീട് തിരുത്തീരുന്നു. 24ൽ സർവമത സമ്മേളനം നടത്തിയതിന് ഒരു ഹേതുവും അതായിരുന്നൂലോ… പിന്നെ, വടക്കനിന്ത്യയിൽ മുള പൊട്ടി വളർന്നുതുടങ്ങിയിരുന്ന ആശയങ്ങളുടെ വാർത്തകളും. കുമാരൻ പക്ഷേ അതിനു മുമ്പ് പോയി. അതു വലിയ വേദനയായി അന്നു തോന്നീരുന്നു. ഇന്ന് ഒരു നൂറ്റാണ്ടിനു ശേഷം ആലോചിക്കുമ്പോൾ കാലത്തിൻ്റെ അലംഘനീയതയെ സമഗ്രമായി മനസ്സിലാക്കാനാവുന്നു. ഒരു നൂറ്റാണ്ടിതാ ഒരു പുസ്തകത്താള് മറിച്ചിടും പോലെ കാലം മറിച്ചിട്ടിരിക്കുന്നു. എന്തു ഹിന്ദു, എന്തു മുസ്ലിം, അല്ലേ?’
‘ജനത്തിനതു തോന്നണ്ടേ ഗുരോ. തീരെ ചെറിയ ജീവിതകാലം മുഴുവൻ ജാതിയും മതവും തമ്മിൽത്തല്ലുമായി കഴിയുന്നു! പ്രവർത്തനങ്ങളാെക്കെ പാഴായിപ്പോയിന്ന് തോന്നണുണ്ടോ ഗുരുവിന്?’

‘കുഞ്ഞിരാമാ, ഒരു പ്രകൃതിദുരന്തം വന്നപ്പോൾ ഒന്നിക്കാനുള്ളത്ര അകലമേ ആ തമ്മിൽതല്ലലുകളൊക്കെ ഉണ്ടാക്കിയിട്ടുള്ളൂ എന്നാലോചിച്ചു കൂടേ? എനിക്കു വിശ്വാസമുണ്ട്.മലബാറിൽ ഇനിയിതുപോലൊരു ദുരന്തമുണ്ടായാൽ ഇവിടത്തുകാർ, ഹിന്ദു സമൂഹത്തിൽ നിന്നുള്ളവർ അവിടെ ഓടിയെത്തും. അത്രയ്ക്കാഴമുണ്ട് ഇപ്പോഴുണ്ടായ ആത്മബന്ധത്തിന്. തിന്മയുടെ നൂറാം വാർഷികത്തെ ഇവർ ചെറുക്കുക തന്നെ ചെയ്യും. നോക്കിക്കോളൂ. 24ലല്ലേ അടുത്ത ജനഹിതം? ഈ മഹാരാജ്യത്തെ രക്ഷിച്ചെടുക്കാനുള്ള ഊഴം?’
ഗുരു പറഞ്ഞ ആദൃപ്രവചനം കൃത്യമായിരുന്നു. അടുത്ത വർഷത്തെ തീവ്ര മഴക്കാലത്ത് കൊച്ചിക്കരയിലെ ചെറുപ്പക്കാർ മൂന്നു നാലു ജീപ്പുകളിലായി എന്തിനും സന്നദ്ധരായി മലബാറിൻ്റെ കിഴക്കൻ മലയോരത്തെത്തി.ഉരുൾപൊട്ടി മണ്ണിനടിയിലായിപ്പോയ ഗ്രാമത്തിലേയ്ക്ക്. അവർ ശവശരീരങ്ങൾ ഓരോന്നോരോന്നായി മണ്ണിനടിയിൽ നിന്ന് വലിച്ചെടുത്തു. വിശന്നപ്പോൾ അടുപ്പുകൂട്ടി മലബാറുകാരോടൊപ്പം കഞ്ഞി വെച്ചു കുടിച്ചു. പള്ളിയങ്കണത്തിൽ കിടത്തി ജാതിയും മതവും നോക്കാതെ മൃതശരീരങ്ങളെ കുളിപ്പിച്ചു കഫൻ ചെയ്തു. മറ്റു ചിലരെ ചിതയിലേക്കെടുത്തു. പിന്നെ നിരത്തോരങ്ങളിൽ നിസ്സഹായതയോടെ തലയ്ക്കു കൈ കൊടുത്ത് തേങ്ങുന്നവരോടൊപ്പം തേങ്ങി..
ഗുരുവും ശിഷ്യനും ആ വർഷം നാട്ടിലേക്കില്ലെന്നുറപ്പിച്ചു. നാടിന് അതിൻ്റേതായ ആന്തരിക നന്മയും തീരുമാനങ്ങളുമുണ്ട്. വെറുതെയെന്തിന് കഥയെഴുത്തുകാരുടെ ക്ലീഷേകഥാപാത്രങ്ങളാവണം! ഗാന്ധിയെയും അയ്യങ്കാളിയെയും ഗോദ്സേയേയും വരെ അവർ മരണശേഷവും വലിച്ചു കൊണ്ടുവന്നു പുതിയ കഥകളും കവിതകളും മെനഞ്ഞു. അതു വേണ്ട!
പക്ഷേ, ഗുരുവിന് വീണ്ടും വരേണ്ടി വന്നു. കാരണമായത് തൻ്റെ അനുയായി എന്നഭിമാനിക്കുന്ന യോഗം ഭാരവാഹിയുടെ പരസ്യ പ്രസ്താവന കേട്ട് കിടിലപ്പെട്ട്! പരിവാർ കൂട്ടത്തിൽ ചേരാൻ വെമ്പുന്നവൻ്റെ വാക്കുകളായിരുന്നൂലോ അത്! അണികളുടെ വോട്ടു ചോർന്നുവെങ്കിൽ അതിനു കാരണമുണ്ടത്രെ! ഭരിക്കുന്ന തൊഴിലാളിപ്പാർട്ടി സൗജന്യങ്ങളെല്ലാം ഒരു കൂട്ടർക്ക് മാത്രം നൽകുന്നു. ആ കൂട്ടരാണെങ്കിലോ, നോട്ടപ്പുള്ളികൾ, അഹങ്കാരികൾ സ്ത്രീവിരുദ്ധർ! ആഗോള അക്രമികൾ! അതിൽ മനംമടുത്തിട്ടത്രെ വലതുപക്ഷപാതയിലേക്കുള്ള മാറി നടത്തം. ഒരു രാജ്യം മൊത്തം കൊടുക്കേണ്ടി വന്ന വിലയെത്രയാണ് എന്നിവരോർക്കുന്നില്ല. മാറി നടന്നു നോക്കാൻ തുടങ്ങുന്ന വഴിയിലെ കെണികളെപ്പറ്റി അനുയായികൾക്കറിയില്ലെങ്കിൽ പറഞ്ഞു കൊടുക്കേണ്ട ആൾ തന്നെ കുറുവടിയെടുത്തു കയ്യിൽ കൊടുക്കുകയാണല്ലോ!
‘ഇയാൾ പുലമ്പുന്നതിലെത്ര സത്യമുണ്ട് കുഞ്ഞിരാമാ? ഒന്നന്വേഷിച്ച് വരാമോ? പ്രീണനം യാഥാർത്ഥ്യം തന്നെയോ എന്ന്?’
കുഞ്ഞിരാമൻ അധിക ദിവസമെടുത്തില്ല. അന്വേഷണം കഴിഞ്ഞെത്തി ഗുരുവിനോട് മൊഴിഞ്ഞതിങ്ങനെ.
‘ഒരു യാഥാർത്ഥൃവുമില്ല ഗുരുദേവാ.കണക്കുകളുണ്ട്. ഈയിടെ കുറേ അവകാശങ്ങളെടുത്ത് വേറെ ചിലർക്ക് കൊടുത്തിട്ടുണ്ട് എന്നതാണു വാസ്തവം. പിന്നെ, പുതിയകാല ഫാസിസത്തിനെതിരെയുള്ള സാംസ്കാരിക പരിപാടികളിലൊക്കെ അക്കൂട്ടരിലെ പൗരോഹിതൃത്തെ ക്ഷണിക്കും. തലേക്കെട്ടും തൊപ്പിയുമൊക്കെയായി അവർ വലിയ അവകാശബോധത്തോടെ വന്നു നിരന്നിരിക്കും. അത്രയേ ഉള്ളു പ്രീണനം. അല്ലെങ്കിൽ അത്രയേ വേണ്ടൂ എന്ന് വിളിച്ചവരും കരുതും. അത്രയേ ഉള്ളു വിളിച്ചവരോട് വന്നവർക്കുള്ള പ്രതിബദ്ധതയും. വോട്ടുപെട്ടിക്കു മുമ്പിലെത്തുമ്പോൾ അവർക്ക് മതം തന്നെ വലുത്. പുറമേ കാണുന്നവർക്ക് പ്രീണനശങ്ക കലശലായി ഉണ്ടാകാൻ പക്ഷേ അതു മതിയല്ലോ!’
‘എന്നെ അസ്വസ്ഥനാക്കുന്നത് ഇതൊന്നുമല്ല കുഞ്ഞിരാമാ. ഒരു നൂറ്റാണ്ടു കഴിഞ്ഞു പോയില്ലേ? ആ സമുദായം ഏറെ മുന്നോട്ടു പോയിട്ടുണ്ടാവില്ലേ? സ്ത്രീ വിദ്യാഭ്യാസത്തിൻ്റെ ചലനങ്ങളൊക്കെ അന്നേ ഉണ്ടല്ലോ! നീതിക്കും ലിംഗസമത്വത്തിനുമൊക്കെക്കൂടി കരുതലുള്ളവരാവാതെ വരുമോ നമ്മെ കർമ്മകുശലത കൊണ്ടു ഞെട്ടിച്ച യുവാക്കൾ? എന്നിട്ടുമെന്തേ ഈ പുരോഹിതരെത്തന്നെ തങ്ങളുടെ പ്രതിനിധികളാക്കിയിരുത്തുന്നു? അവരാണോ മതത്തിൻ്റെയും വോട്ടിൻ്റെയും തീർപ്പുകാർ?’
‘അതു വെറും തെറ്റിദ്ധാരണ തന്നെയാണ് ഗുരോ! നല്ല ഉശിരും വീറുമുള്ള പെൺകുട്ടികളുണ്ട് ഇന്നാ സമുദായത്തിൽ. തലേക്കെട്ടുകാരെയൊന്നും അവരു ഗൗനിക്കില്ല. ആണിൻ്റെ പകുതി മതി പെണ്ണിനെന്നു പറഞ്ഞാൽ അവർ ഭരണഘടനയുയർത്തി സമരം ചെയ്യും.’

‘അപ്പോൾ നാം കണ്ട ആൺകുട്ടികളോ?’
‘അതാണു രസം! പെണ്ണിൻ്റെ അവകാശത്തിൻ്റെ കാര്യം വരുമ്പോൾ അവരും തികഞ്ഞ യാഥാസ്ഥിതികർ. ഗ്രന്ഥങ്ങളെ വള്ളിപുള്ളി തെറ്റിക്കാത്തവർ! അവർക്കതാണ് സൗകര്യമെന്നതിനാൽ …’
‘അപ്പോൾ വഞ്ചിയിപ്പോഴും തിരുനക്കര തന്നെ അല്ലേ?’ ഗുരു ചിന്താധീനനായി.
‘ഞാൻ പണ്ടൊരു ചോദ്യം ഗുരുവിനോട് ചോദിച്ചിരുന്നു. നമ്മുടെ ആ സംവാദം ഇന്നീ ശതാബ്ദി വർഷത്തിൽ വലിയ ചർച്ചയാകുന്നുണ്ട്. എല്ലാ മതങ്ങളും തത്വത്തിൽ ഒന്നെന്നു പറയുമ്പോഴും, മതം വൃക്തി മനസ്സിൻ്റെ കാര്യമെന്നു പറയുമ്പോഴും വേദഗ്രന്ഥങ്ങളെ പിൻപറ്റുന്ന സാധാരണ ജനങ്ങളെയും ഗുരു അംഗീകരിക്കുന്നുണ്ടല്ലോ. എങ്കിൽ വേദഗ്രന്ഥങ്ങളിൽ കാണാവുന്ന മനുഷ്യ വിരുദ്ധതകളെപ്പറ്റി ഗുരു എന്തു പറയുന്നു എന്നതായിരുന്നു എൻ്റെ ചോദ്യം. അവയെ തിരുത്തേണ്ടതും ത്യാജ്യഗ്രാഹ്യ വിവേചനബുദ്ധിയോടെ സ്വീകരിക്കാൻ സഹായിക്കേണ്ടതും അതാതു മതങ്ങളിലെ പണ്ഡിതരുടെ കടമയാണ് എന്നായിരുന്നു അന്ന് ഗുരുവിൻ്റെ മറുപടി. ഏറെ വെളിച്ചം നൽകുന്ന മറുപടിയായിരുന്നു അത്. പക്ഷേ അവരത് ചെയ്യില്ല ഗുരോ. അതേ പടി അവയെ പാടിക്കൊണ്ടിരുന്നാലേ സ്ത്രീകളുടെ മേൽ അവർക്ക് നിയന്ത്രണമുണ്ടാവൂ. സ്ത്രീകളുടെ മേൽ നിയന്ത്രണമുണ്ടാവുക എന്നാൽ സമുദായത്തിൻ്റെ മേൽ നിയന്ത്രണമെന്നാണ്. പൗരോഹിത്യത്തിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്നമാണത്. എല്ലാ മതങ്ങളിലും ഇതു തന്നെയാണ് സ്ഥിതിയും.’
ഗുരുവും ശിഷ്യനും ഇപ്പോൾ അതിഥിമന്ദിരത്തിൻ്റെ മുന്നിലായിരുന്നു. 24ൻ്റെ ഓർമ്മകളിലേക്ക് ഊളിയിട്ടിറങ്ങി അവിടെ നിന്നപ്പോൾ രണ്ടു പേരും. ഒരിക്കൽ വേനൽക്കാല രാജകൊട്ടാരമായിരുന്ന അവിടത്തെ മുറികളിലായിരുന്നു സർവമത സമ്മേളനത്തിനായി ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ പ്രതിനിധികൾ താമസിച്ചിരുന്നത്. ഭിന്നമത വിശ്വാസികളായ പണ്ഡിതർ. ബുദ്ധ, ആര്യമത, ബ്രഹ്മസമാജ, ഇസ്ലാമിക, ക്രൈസ്തവ പണ്ഡിതർ… പൊതുവേ സമന്വയ പാത. സ്വമതാഹങ്കാരം സ്പുരിപ്പിക്കുന്നവരോട് വിയോജിക്കാൻ പരിഭാഷകർ പോലും മടിച്ചതുമില്ല. സത്യവ്രതൻ്റെ സുദീർഘ സ്വാഗത ഭാഷണം ചെവിയിൽ ഇപ്പോഴും അലയടിക്കുന്നതായി ഗുരുവിനു തോന്നി. ‘പുരോഹിതാധികാരവും രാജാധികാരവും ഏകത്ര ലയിച്ചിരിക്കുന്നത് ആപത്ക്കരമെന്നു മനസ്സിലാക്കി ആധുനിക പരിഷ്കൃത ജനസമുദായങ്ങളെല്ലാം ആ രണ്ടധികാരങ്ങളെയും തമ്മിൽ വേർപെടുത്തി…’
ഗുരു പുഴയോടു ചേർന്നു നിന്നു, പുഴയെ തൊടുവോളം. കണ്ണുകൾ വിദൂരതയിലായിരുന്നു എന്നു കണ്ടു ശിഷ്യൻ
അന്ത്യമടുത്ത വേളയിൽ ഗുരുവിൽ കണ്ട അഗാധമായ ശോകഭാവം ആ കണ്ണുകളിൽ ഇപ്പോൾ നിഴലിക്കുന്നതായി അയാൾക്കു തോന്നി.
‘യോഗവുമായുള്ള ബന്ധം നാം ഏറെ മുമ്പേ വിട്ടതാണ്. എങ്കിലും ആ സമുദായവും സ്നേഹത്തോടെ ചേർത്തു പിടിച്ച സമുദായങ്ങളും സ്വാർത്ഥ പൂരിതമായ ജൽപ്പനങ്ങളിൽ ഇവ്വിധം പെട്ടു പോയെന്നോ? അത്ഭുതകരമായിരിക്കുന്നു! നമുക്കു ശേഷം ഇവിടെ തൊഴിലാളികളുടെ പ്രസ്ഥാനമല്ലേ വന്നത്? എത്ര ത്യാഗപൂർണമായ പരീക്ഷണങ്ങളിലൂടെ കടന്നു വന്ന പ്രസ്ഥാനം! അതിലേക്ക് ഉയിരും ചോരയും കൊടുത്ത് കൂട്ടം കൂട്ടമായി അണിചേർന്നവരല്ലേ അവരൊരു കാലത്ത് ? അവരെന്തിനു വഴിമാറി പോകണം കുഞ്ഞിരാമാ? ആ സമുദായങ്ങളിലും വളർന്നു വന്നിട്ടുണ്ടാവില്ലേ വിവേകികളായ ചെറുപ്പക്കാർ?’
‘ഈ ചോദ്യം ആ പ്രസ്ഥാനം സ്വയം ചോദിക്കേണ്ട ഒന്നല്ലേ ഗുരോ? ഞാനെന്തു പറയാനാണ്!’
ഒരുവട്ടം കൂടി ഇപ്പോൾ ശാന്തയായി ഒഴുകുന്ന പെരിയാറിലേയ്ക്ക് മിഴികൾ പായിച്ച് ശോകമൂകനായി നിന്നു ഗുരു. കാലസാക്ഷിയായ അവൾക്കെന്തോ തന്നോടു പറയാനുണ്ടോ? കാലങ്ങളായി കാത്തു വെച്ച എന്തോ ഒന്ന്!
സ്ഥൂലങ്ങൾ കൊണ്ട് എത്ര കാലമാണ് ഒരു പ്രസ്ഥാനം പിടിച്ചു നിൽക്കുക! കാലത്തെയറിഞ്ഞ് സൂക്ഷ്മത്തിലേക്ക് പോവണം. ഇന്നും അന്തരാളങ്ങളിൽ നിലനിൽക്കുന്ന ജാതിബോധം, സൂക്ഷ്മത്തിൽ അറിയുന്ന അവഗണന, അവകാശ നിഷേധങ്ങൾ… ഇവയൊക്കെ കൃത്യമായി തിരിച്ചറിയാനും പ്രതിരോധിക്കാനും പ്രാപ്തരാക്കിയിരുന്നില്ലേ ഗുരോ, താങ്കളെപ്പോലുള്ളവർ പണ്ടു തന്നെ അവരെ! വടക്കുള്ളവർ കൃത്യമായി തിരിച്ചറിഞ്ഞവ, ജീവിതത്തെ ഞെരുക്കുന്ന ഭാരങ്ങളും പീഡനങ്ങളും വിവേചനങ്ങളും, അത്ര തീക്ഷ്ണതയിൽ ഇവിടെയില്ലായിരിക്കാം. എങ്കിലും ഇരുണ്ട ഭാവിയെ തിരിച്ചറിയുന്നവർ ഇവരിൽ അനേകമുണ്ട്. പക്ഷേ,നമ്മുടെ എന്നു പറഞ്ഞ് കൈയെത്തിപ്പിടിക്കാൻ, ആവേശത്തോടെ അണിചേരാൻ അവർക്കൊരു പ്രസ്ഥാനവുമില്ലാതാവുന്ന അവസ്ഥ സങ്കടകരമല്ലേ? ആരാണ് അതിനുത്തരവാദി? ചാരി നിൽക്കാൻ ആരുമില്ലാതാവുന്നവർ ഏത് അപ്പക്കഷണത്തിനും കൈ നീട്ടും ഏതു തലോടലും അവരെ മതി മറന്നവരാക്കും. അവരും സൂക്ഷ്മം മറക്കും… ഗുരു ഭയന്ന ആ വടക്കൻ രാഷ്ട്രീയത്തിന് ഇന്നാട്ടിലെ അനുയായികളുടെ എണ്ണം കുത്തനെ കൂടുകയാണ് ഗുരോ….
പുഴ ഇപ്പോൾ ചിരിക്കുകയാണോ, അതോ കരയുകയോ…? ഉണങ്ങിപ്പൊട്ടിയ കായകൾ നിറയെയുള്ളൊരു ഇലവുമരമായി ഗുരു പുഴക്കരയിൽ നിശ്ചലം നിന്നു. അപ്പൂപ്പൻ താടികൾ ചുറ്റും പാറിയെത്തി പുഴയുടെ ഗതിവേഗത്തെ ഗുരുവിൻ്റെ കാഴ്ചയിൽ നിന്ന് മറച്ചു കളഞ്ഞു…