‘യ്യ്ന്ന് പള്ളിക്കൂടത്തീ പോയില്ലേ പ്രദീപാ? എന്താ വ്ട് ങ്ങനെ ചുറ്റിത്തിരിയണത്?’
അച്ചാച്ചൻ്റവടെ എന്തൊക്യാ നടക്കണത് എന്നു നോക്കി വന്നതാണ് പ്രദീപൻ. തെയ്യച്ചമയങ്ങളോടൊപ്പമായിരിക്കും അച്ചാച്ചനിപ്പോൾ എന്നവനൂഹിച്ചിരുന്നു. തെയ്യക്കാലമടുത്തല്ലോ.ചമയങ്ങൾ പുറത്തെടുത്ത് മുഖപ്പാളയുടെയും നെറ്റിയിലണിയേണ്ട തലപ്പാളിയുടെയും ഒക്കെ കേടുപാടുകൾ തീർക്കുക, ഇളകിപ്പോയ അലുക്കുകൾ ഉറപ്പിക്കാനാവുമോ എന്നു നോക്കുക എന്ന പണികളൊക്കെ തുലാമാസമാദ്യം തന്നെ അച്ചാച്ചൻ തുടങ്ങും. വളരെ സൂക്ഷ്മതയോടെ ഏറ്റവും ചെറിയ കുറവും കണ്ടെത്തുകയും പറ്റുമെങ്കിൽ സൂചിയും നൂലും കൊണ്ടു തന്നെ തനിച്ചു പരിഹരിക്കുകയും ചെയ്യും. സൂചിയിൽ നൂലുകോർത്തു കൊടുക്കാൻ പ്രദീപനടുത്തുണ്ടെങ്കിൽ സന്തോഷമാവും. കുരുത്തോല മുടിയൊക്കെ ഓരോ വട്ടവും പുതുതായി ഉണ്ടാക്കണം.അതിനു പിന്നെ വേറെ സഹായികളുണ്ടാവും. തെയ്യക്കാലം തുടങ്ങിയാൽ സ്കൂളിൽ പോവുന്നതൊക്കെ കണക്കാണ്.അച്ഛനറിഞ്ഞാൽ നന്നായി കിട്ടുകയും ചെയ്യും.
‘ഇന്നു ക്ലാസില്ല അച്ചാച്ചാ. ഗാന്ധിജയന്തൃല്ലേ.’
പ്രദീപൻ ചെമ്പരത്തിയുടെ ഇളം ചില്ല പിടിച്ചൊടിച്ചെടുത്തു കൊണ്ടു പറഞ്ഞു.
‘ചെടീന്ന് കൈബിട്ടേക്ക്. അത് പിടിച്ചൊടിക്കണ്ട. ഗാന്ധി ജയന്തിക്ക് കൂട്ടം ചേർന്ന് ശുചിയാക്കലും മുട്ടായി വിതരണോം ക്കെല്ലേ? അതൊയിവാക്ക്യേതെന്തായ്നു? ക്ലാസിലിരിക്കാനല്ലേ നെനക്കു ചടപ്പ്? ‘
ഈ അച്ചാച്ചനെപ്പോഴും ഇങ്ങന്യാ. താനൊരു കുഴിമടിയനാണെന്നാ അച്ചാച്ചൻ കരുതി വെച്ചിരിക്കണത്. ക്ലാസീ പോകാത്തപ്പോഴല്ലേ അച്ചാച്ചൻ തന്നെ കാണാറ്. തനിക്ക് കിട്ടാറുള്ള മാർക്കിനെപ്പറ്റിയൊക്കെ അച്ചാച്ചനോടിപ്പൊ പറഞ്ഞിട്ടും കാര്യല്ല.
‘നമ്മള് ബാബാ സാഹിബിൻ്റെ ആൾക്കാരല്ലേ അച്ചാച്ചാ? ഗാന്ധീ ൻ്റെല്ലല്ലോ. അച്ഛൻ അങ്ങന്യാണല്ലോ പറയാറ്!’ പ്രദീപൻ മിടുക്കു ഭാവിച്ചു.
അച്ചാച്ചൻ അത്ര ചുരുങ്ങിയ ആളല്ല എന്ന് പ്രദീപനറിയാം.വില്ലേജാഫീസില് ജോലി ചെയ്ത ആളല്ലേ. തെയ്യക്കാരനെന്നു ചുരുക്കണ്ട. ചരിത്രമൊക്കെ അറിയാം. ഗാന്ധീനേം, ബാബാ സാഹിബിനേം സ്വാതന്ത്രൃ സമരത്തേം ഒക്കെ പറ്റി ഓർത്തോർത്തു പറയുന്ന ആൾ.
‘ബാബാ സാഹിബിനെ ആദരിക്കണം. നമ്മളെ രക്ഷകനാണ്. സംശല്ല. ന്ന്വച്ച് ഗാന്ധീനെ തള്ളണന്നൊന്നൂല്ലാട്ടോ. ഓര് രണ്ടു പേരും മ്മളെ നേതാക്കള്. എന്നും ഓർക്കണ്ടോര്. ഒരൊറ്റ ദിവസം മാത്രമല്ലേനും.’
ഇക്കഴിഞ്ഞ അംബേദ്ക്കർ ദിനത്തിലും അച്ഛൻ ടൗൺ ഹാളിൽ പ്രസംഗിക്കുന്നത് പ്രദീപൻ കേട്ടതാണ്. അവന് മനസ്സിലായത് ഇതൊക്കെ.ഗാന്ധിയല്ല അംബേദ്ക്കറാണ് മഹാൻ. ഗാന്ധി ആദിമർക്കു വേണ്ടി എന്താണ് ചെയ്തത്! ഹരിജൻ എന്ന വിളിയല്ലാതെ വേറെന്തു തന്നു നമുക്ക്! തെരഞ്ഞെടുപ്പിൽ പ്രത്യേക നിയോജക മണ്ഡലമെന്ന ബാബയുടെ നിർദ്ദേശം വെള്ളക്കാർ പോലും അംഗീകരിച്ചതായിരുന്നു.പറ്റില്ല എന്ന് പറഞ്ഞ് നിരാഹാരം കിടന്നു ഗാന്ധി. ജനങ്ങളുടെ മനസ്സിലെ തന്നോടുള്ള സ്നേഹം മുതലാക്കുകയായിരുന്നില്ലേ അദ്ദേഹം? ജനങ്ങളുടെ മുമ്പിൽ ഗാന്ധിയുടെ മരണത്തിനു കാരണക്കാരനാവാൻ വയ്യാത്തതു കൊണ്ട് ബാബാ സാഹിബ് വഴങ്ങി. അന്നത് അംഗീകരിച്ചിരുന്നെങ്കിൽ എവിടെയെത്തിപ്പോകുമായിരുന്നു നമ്മൾ! ഭരണത്തിൽ പങ്കുണ്ടായാൽ മാത്രമേ ഒരു സമൂഹത്തിന് ഉന്നതിയുള്ളു. ഏതാണ്ടിങ്ങനെയൊക്കെയാണ് അച്ഛൻ പറഞ്ഞതായി ഓർമ്മ. അച്ഛൻ നല്ല പ്രസംഗക്കാരനാണ്.മുഖം നോക്കാതെ പറയാനുള്ളത് പറയും. അതു കേൾക്കാൻ ഇഷ്ടള്ളോര് എപ്പഴും വിളിച്ചോണ്ടു പോവും. അതിൻ്റെ പേരില് ഏറെ സഹിക്കേണ്ടീം വന്നിട്ടുണ്ട്.
‘ഗാന്ധി കീഴ്ജാതിക്കാരെ സഹായിച്ചില്ല എന്നാണ് അച്ഛനെപ്പോഴും പറയുക.’
‘സുധാരൻ പറയുന്ന സംഭവം നേരന്നെ. പക്ഷേങ്കില് അപ്പറഞ്ഞത് മാത്രം വെച്ച് തെറ്റും ശരീം അളക്കണ്ട. അച്ഛൻ പറഞ്ഞത് അച്ഛൻ്റെ ശരി. അച്ചാച്ചൻ അച്ചാച്ചൻ്റെ ശരി നെൻ്റെ മേൽ കെട്ടിയേൽപ്പിക്കില്ല. ങാ, ഒരു കണക്കിന് ഇതന്ന്യാ നല്ലത്.ഗാന്ധിയെ ദൈവാക്കി പൂജിക്കുന്നതിലൊന്നും അർത്ഥ ല്ല .പഠിക്കണം, വിമർശിക്കേണ്ടിടത്ത് വിമർശിക്കണം. അങ്ങന മനസ്സിലാക്കുമ്പഴാ ശരിയായ മനസ്സിലാക്കല് വര്വാ. നീ കുഞ്ഞല്ലേ. വായിച്ചും കേട്ടും വളരണം. മനസ്സങ്ങു തൊറന്നു വെച്ചാ മതി. ചെല വാതിലുകള് അടച്ചിടാതിരുന്നാ മതി. നീ മിടുക്കനാ!’

‘യ്യ് ന്തേനൂ പ്രദീപാ ഇന്നലെ വരാഞ്ഞേ?യ്യ് ല്ലാണ്ട് ഒരു ഉഷാറില്ലായിന്.’
രാവിലെ സ്കൂളിലെത്തിയ ഉടനെ വന്നു ഹംസയുടെ ചോദ്യം.
‘ഞാള് ഗാന്ധീൻ്റെ ആളല്ല, ഹംസാ. അച്ഛൻ പറഞ്ഞിക്കണ്.’
ഹംസേൻ്റെ കണ്ണുകൾ വട്ടം വെച്ചു.ഉച്ച ബെല്ലടിച്ച നേരം ഹംസ വീണ്ടും അടുത്തെത്തി.
‘അതെന്താ യ്യങ്ങനെ പറഞ്ഞേ? മ്മടെ രാഷട്രപിതാവല്ലേ ഗാന്ധിജി? നിൻ്റേം എൻ്റേം എല്ലാര്ടേം?’
‘നെനക്കങ്ങനെ തോന്നും. ഗാന്ധിക്ക് മുസ്ലിങ്ങളെ പ്രത്യേകം ഷ്ടായിരുന്നല്ലോ. അയിനോ ണ്ടല്ലേ ഗാന്ധീനെ വെടിവെച്ചുകൊന്നതും !’
‘നേരോ! അപ്പ ഗോദ്സേയ്ക്ക് ബെറുപ്പ് ഞാളോടായിര്ന്ന് ല്ലേ? നെനക്ക് ഗാന്ധ്യോടും. ഗാന്ധീനെ കൊന്നോര്ക്ക് ഞാളോട്. അപ്പൊ യ്യും ഗോദ്സേയും ഒന്നായോ?”
ഹംസയുടെ കുസൃതിച്ചോദ്യം പ്രദീപനെ കുഴച്ചു.
‘യ്ക്ക് നിന്നോട് വെറുപ്പോ? അതൊന്നൂല്ല. ഞാളോടാണ് എല്ലാരിക്കും വെറുപ്പ്. ഗാന്ധിക്കും നാട്ടിലുള്ളോർക്കും, എല്ലാം.’
‘ജ്ജല്ലേടാ എൻ്റെ ബെസ്റ്റ് ഫ്രൻഡ്! ജ്ജ് കഴിഞ്ഞേ ള്ളു എനക്കാരും. പെണങ്ങല്ലേ. ‘
ഹംസ പ്രദീപനെ തോളിൽ കയ്യിട്ടടുപ്പിച്ചു.രണ്ടു പേരും ഒന്നിച്ചു പിന്നെ നെല്ലിമരത്തിനു നേരെ നടന്നു. നിറയെ നെല്ലിപ്പുളിയുണ്ട് ഇപ്പോൾ മരത്തിൽ. അതുകൊണ്ടുതന്നെ കുട്ടിപ്പട ഒട്ടും കുറയാതെ ചുറ്റുമുണ്ട്.
പ്രദീപനറിയാം, ഹംസയ്ക്കു മാത്രമല്ല, ഓൻ്റെ ഉമ്മാക്കും വാപ്പാക്കും തന്നെ ഏറെ ഇഷ്ടമാണെന്ന്. കഴിഞ്ഞ നോമ്പുകാലത്ത് സ്കൂളുവിട്ട് പടി കടന്ന് കേറിപ്പോയ ഹംസയോട് നോമ്പുതുറയ്ക്കെത്തിയ ഹസീനമ്മായി ചോദിക്കുന്നത് മതിലുകടന്ന് രണ്ടടി മാത്രം ദൂരെയെത്തിയ പ്രദീപൻ കേട്ടിരുന്നു. ‘പൊലേച്ചെക്കൻ്റെ കൂടെ ചെളീലും ബെള്ളത്തിലും കള്യന്നെ കളീലേ? നോമ്പുകാലല്ലേ ഹംസമോനേ, ഞാനെത്തിരനേരായി നിന്നേം കാത്ത്!’
ഉമ്മ ഇങ്ങനെ തിരുത്തുന്നുമുണ്ടായിരുന്നു. ‘പയ്യെപ്പറേൻ്റെ ഹസീനാ. ഓങ്കേക്കൂലേ! ഓനെപ്പോലൊരു മിടുക്കൻ ക്ലാസിലില്ലാന്നാ ഇന്നാള് മെഴ്സി ടീച്ചറ് പറഞ്ഞത്. അല്ലെങ്കിത്തന്നെ ഇന്നത്തെ കാലത്ത് ആരെങ്കിലും ജാത്യൊക്കെ നോക്ക്വോ? ഹംസക്ക് ഓനെ അത്തറ ഇഷ്ടാ.’
ഉമ്മാനെ ഇഷ്ടാണെങ്കിലും അപ്പറഞ്ഞത് പ്രദീപനെ ഇത്തിരി ചൊടിപ്പിച്ചു. കാലം മാറിയപ്പൊ കിട്ടിയ ഔദാര്യമൊന്നുമല്ല ഇതൊന്നും. ഞങ്ങടെ അവകാശമാണ് എന്നു പറയാൻ അവൻ്റെ നാവു തരിച്ചു. നിരത്തോരത്തെ പുന്നമരച്ചോട്ടിൽ അവനൊന്നു തമ്പിട്ടു നിന്നു. അപ്പഴയ്ക്കും അമ്മേൻ്റെ വിളി രണ്ടു വളപ്പപ്പുറത്തു നിന്നു കേട്ട് അവൻ നടത്തം മാറ്റി ഓട്ടമാക്കി.
പ്രദീപന് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് നാടിനെ ഞെട്ടിച്ച ആ സംഭവമുണ്ടായത്. നെരത്തുമ്മലൂടെ പോകുമ്പോൾ കൗതുകത്തോടെ അവൻ നോക്കി നിൽക്കാറുള്ള തയ്യുള്ളതിൽ പവിത്ര. പത്തും കഴിഞ്ഞ് കംപ്യൂട്ടർ കോഴ്സ് പഠിക്കാൻ പോകുന്നവൾ. വാകപ്പൂക്കൾ നിറയെ വിതറിക്കിടക്കുന്ന നിരത്തോരത്തൂടെ ഓറഞ്ചു ചുരിദാറുമിട്ട് പത്തു മണി വെയിലിൽ നടന്നുപോവുമ്പോൾ പവിത്രേച്ചിക്ക് ഏറെക്കൂടുതലാണ് ഭംഗി. ഒരു വൈകീട്ട് പോസ്റ്റ് ഓഫീസ് റോഡിലൂടെ കാള്യമ്മായിയുടെ മോൻ സുരേഷേട്ടനോടൊപ്പം വർത്തമാനം പറഞ്ഞു നടന്നു വരുന്നതു കണ്ടപ്പോൾ പ്രദീപൻ കണ്ണെടുക്കാതെയാണ് നോക്കി നിന്നത്. രണ്ടു പേരും കൂടി മാല ചാർത്തി നിന്നാൽ നല്ല ചേർച്ചയായിരിക്കും. അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത ദിവസം സുരേഷേട്ടൻ അതു തന്നെ പറയുകയും ചെയ്തു. സുരേഷേട്ടൻ കമ്യൂണിസ്റ്റാണ്. വീട്ടിൽ ചെല്ലുമ്പോഴൊക്കെ സോഷ്യലിസത്തെപ്പറ്റിയും കമ്യൂണിസത്തെപ്പറ്റിയും നന്നായി പറഞ്ഞു തരാറുള്ള ആൾ.
‘ഞങ്ങടെ കല്ല്യാണം നീ വിചാരിക്കുമ്പോലുള്ള കല്യാണമാകില്ല ട്ടോ. കൊട്ടും കൊരവയുമൊന്നുമുണ്ടാവില്ല. രജിസ്ട്രാഫീസിൽ പോക്വാ. ഒപ്പിടൽ കഴിഞ്ഞ് രക്തഹാരം ചാർത്ത്വാ. കഴിഞ്ഞു. പിന്നെ, കണ്ണങ്കോട് യു.പി സ്കൂളില് ഒരു ചായ സൽക്കാരം. സഖാക്കളൊക്കെണ്ടാകും. നീയും വരണം.’
ആ കല്യാണം നടന്നില്ല. അതിനു നാലു ദിവസം മുമ്പാണ് പവിത്രേച്ചിയെ സ്വന്തം അച്ഛൻ രാമേട്ടൻ തേങ്ങ വെട്ടുന്ന കത്തികൊണ്ട് കണ്ടം വെട്ടി കൊന്നത്. കേട്ടതു പാതി കേൾക്കാത്തതുപാതി കൊളള് ചാടിക്കടന്ന് അണച്ചു വിയർത്ത് തയ്യുള്ളതിൽ വീടിനു മുമ്പിലെത്തുമ്പോൾ ചേച്ചി ആശുപത്രി മോർച്ചറിയിൽ തന്നെയാണ് എന്നറിഞ്ഞു. മാവിൻ ചോട്ടിലും ഉമ്മറത്തുമൊക്കെയായി കുറച്ചാളുകളുണ്ടെങ്കിലും മിണ്ടാട്ടം മുട്ടി തരിച്ചുനിൽക്കുകയാണ് തയ്യുള്ളതിൽ വീട്. മുൻവശത്തെ ചുമരിൽ നാരായണഗുരു എല്ലാവരെയും നോക്കി നിർമ്മമം ഇരിക്കുന്നുണ്ടായിരുന്നു എന്നോർക്കുന്നു പ്രദീപൻ.

‘ഹംസേ, നിൻക്ക് ഞാൻ മുമ്പു പറഞ്ഞത് ഓർമ്മേണ്ടോ? ഞാളെ ആർക്കും കണ്ടൂടാ. ഞാള് പുലേരല്ലേ. അല്ലെങ്കി ൻ്റെ സുരേഷേട്ടന് ന്താ ഒരു കൊറവ്?’
ഹംസ ഒന്നും പറയാതെ പ്രദീപനെ അപ്പോഴും തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു.
ഞായറാഴ്ചയാണ് പായ്യാരക്കാരി നാരായണി മരിച്ച വീട്ടിൽ പോയി വരുന്ന വഴി അമ്മയെ കണ്ട് മിറ്റത്തേയ്ക്കു കേറിയത്.
‘എന്തൊരു ദുരവസ്ത്യാണ് അത്തറവാടിൻ്റെ! ഒറ്റ മോളേ ണ്ടാർന്നുള്ളൂ. അതുപോയി. കുടുംബനാഥൻ ജയിലിലും …’
‘സ്വയണ്ടാക്കി വെച്ചതല്ലേ ദുരവസ്ഥ! വേറാരും കൊണ്ടെക്കൊടുത്തതൊന്ന്വല്ലല്ലോ! ഞാടെ സുരേഷിൻ്റെ മനസ്സും തകർത്തില്ലേ. ഒന്ന്വല്ലാണ്ടായില്ലേ ഓൻ! അതെന്താ ഇങ്ങള് പറയാത്തേ?’
അമ്മയ്ക്കങ്ങു ചൊറിഞ്ഞു കേറുന്നുണ്ടായിരിക്കണം. ദുരവസ്ഥ എന്നാവർത്തിക്കുമ്പോൾ അമ്മ അതിന് വല്ലാതെ ഊന്നൽ കൊടുക്കുന്നുമുണ്ട്!
‘അല്ല, ഞാമ്പറഞ്ഞൂന്നേള്ളു. സ്വജാതിക്കാരനൊരുത്തനെ കിട്ടാഞ്ഞിട്ടാ അപ്പെങ്കൊഞ്ചിന്!’
അമ്മേടെ പൊള്ളുന്ന നോട്ടത്തിന് നേരെ കണ്ണുകോർക്കാനാകാതെയാകണം മയിലാഞ്ചി മറപിടിച്ച് ‘ഞാമ്പോന്നേ’ എന്നുരച്ച് അവര് പതുക്കെ തടി കയ്ച്ചലാക്കുന്നത് മുറിയിൽ പുസതകത്തിനു മുമ്പിലിരുന്ന പ്രദീപൻ ഉമ്മറ ജന വാതിലിലൂടെ കണ്ടു. അമ്മയും തീപ്പൊരിയാണ്. ജനറൽ ആസ്പത്രീല് നഴ്സുമാണ്.അച്ഛന് കട്ട പിന്തുണ!
‘പൊലയച്ചെക്കനേ പ്രേമിക്കാൻ കിട്ടിയൊള്ളു എന്ന് ഓള് പറയാതിരുന്നത് നന്നായി. അല്ലെങ്കി ഞാനെന്താ ചെയ്യ്യായിരുന്നു എന്ന് നിയ്ക്കു തന്നെ നിശ്ചല്ല.’
തെരക്കിട്ട് കുപ്പായക്കയ്യു കേറ്റിയിട്ട് വരാന്തയിലേക്കിറങ്ങിവന്ന അച്ഛനോടു തിരിഞ്ഞാണ് അമ്മയതുപറഞ്ഞത്. അച്ഛൻ്റെ മുഖഭാവം മുറിയിലിരുന്നു കാണാൻ വയ്യ. പരിപാടിക്കിറങ്ങിയതാണ് അച്ഛൻ.
അങ്ങാടി മുക്കിൽ ഹാഥ്റസ് സംഭവം റിപ്പോർട്ടു ചെയ്യാൻ പോയി അറസ്റ്റിലായ പത്രപ്രവർത്തകന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന യോഗത്തിൽ സംസാരിച്ചുവന്ന അന്നാണ് വീടിനു നേരെ കല്ലേറുണ്ടായത്. ഇന്നിനി എന്താണോ! മുമ്പൊരിക്കൽ ആർഎസ്എസ് കാരിൽ നിന്ന് ഇരുട്ടടിയും കിട്ടിയിട്ടുണ്ടത്രെ. അന്ന് പ്രദീപൻ ചെറുതായിരുന്നതിനാൽ പറഞ്ഞു കേട്ട അറിവേയുള്ളു.
‘ഓൻ, സുധാരൻ, വിവരുള്ളോനെങ്കിലും എട്ത്ത് ചാട്ടക്കാരനാ. അതോണ്ടല്ലേ ഇതൊക്കെ. പ്രദീപാ നീ സൂക്ഷിക്കണം ട്ടോ. ഒരു കണക്കിന് ഗാന്ധീടെ മാർഗാ ഇക്കാര്യത്തിലൊക്കെ നല്ലത്.’
എന്നിട്ടും ഗാന്ധീനെ അവരുതന്നെ കൊന്നില്ലേ എന്നു ചോദിക്കണമെന്നു തോന്നി പ്രദീപന് .അച്ഛാച്ഛൻ അതവൻ്റെ മുഖത്ത് വായിച്ചു കാണണം.
‘നെൻ്റെ മനസ്സിലിപ്പൊ എന്താന്ന് നിക്കറിയാം. ഗാന്ധീനെ എന്നിട്ടും കൊന്നില്ലേന്ന്! കൊന്നു. പക്ഷേങ്കില് അയ്നും മുമ്പ് ആ മനുഷേന് കൊറേയേറെ ചെയ്യാനായിന്. അയ്നെപ്പറ്റിയൊക്കെ നീ പഠിക്കണം. പള്ളിക്കൂടത്തിലെ പഠിപ്പു പോരാ. നിൻ്റച്ഛൻ്റെ അലമാരീലും കാണും കൊറേ പൊസ്തകങ്ങള്. എന്നാലതും പോരാ. വായനശാലേപ്പോണം. അവനാൻ തെരഞ്ഞെടുത്തു പഠിക്കണം. അച്ചാച്ചന് അങ്ങനെ ക്രമമായി പറഞ്ഞു തരാനൊന്നുമാകൂല. ഈ തെയ്യക്കാരന് അത്രേയ്ക്കല്ലേ വിവരോമുള്ളു.’
പൊട്ടൻ തെയ്യമാണ് അച്ചാച്ചൻ കെട്ടുക. ഈയിടെയായി വിഷ്ണുവും ചന്ദ്രശേഖരനുമൊക്കെ പൊട്ടൻ തെയ്യം പറഞ്ഞ് തന്നെ നോക്കി അമർത്തി ചിരിക്കാറുണ്ട് എന്നുമോർത്തു. അത് ഓരിക്ക് പൊട്ടൻ തെയ്യത്തിൻ്റെ വെല അറിയാത്തതോണ്ടല്ലേ എന്ന് അച്ചാച്ചൻ. പ്രദീപന് അതറിയാലോ!
പണ്ടൊന്നും രാരോത്തെ വിഷ്ണു ഇങ്ങനെയായിരുന്നില്ല. ഒന്നാം ക്ലാസു മുതൽ ഒന്നിച്ചു പഠിച്ചവൻ. സംഘമായാണ് നിരത്തും പാടവരമ്പും കടന്ന് അന്ന് സ്കൂളിൽ പോവുക. വികൃതിയും തമാശകളും ഒക്കെയായി.സ്കൂൾ ഗ്രൗണ്ടിലും കളിച്ചു വിയർക്കുന്നത് ഒന്നിച്ച്. ഈയിടെയായി വിഷ്ണു തനിക്കും ഹംസയ്ക്കുമൊപ്പം കളിക്കാൻ കൂടാറില്ല. നെറ്റിയിൽ വലിയൊരു ചന്ദനക്കുറി സ്ഥിരമാക്കിയിരിക്കുന്നു. കൈത്തണ്ടയിൽ ഒന്നല്ല, അനവധി ചരടുകൾ. ഇതൊക്കെ എന്തിനാണ് എന്നു ചോദിച്ച് താനൊരിക്കൽ നാണംകെട്ടു.
‘അമ്പലോം ഭക്തീമില്ലാത്തോന് എന്ത് മനസ്സിലാവാൻ ! പൊട്ടൻ തെയ്യത്തിനെ കാണാൻ മാത്രല്ല ക്ഷേത്രവളപ്പീ കേറണ്ടത്. നിൻ്റെ കൂട്ടരൊക്കെ സിരം വര്ന്ന്ണ്ടല്ലോ. സദ്യയ്ക്കും പ്രഭാഷണത്തിനും ഒക്കെ കൂടാറൂണ്ട്. യ്യൊക്കെ ഏതു കൊമ്പത്ത്യാന്നാ വിചാരം.’
പ്രദീപൻ്റച്ഛൻ ക്ഷേത്രങ്ങൾക്കും ദൈവങ്ങൾക്കുമൊക്കെ എതിരാണ്. കവാത്തുകാരെയും വെറുപ്പാണ്. അപകടകാരികളാണവർ എന്നു പറയും. നമ്മുടെ ദൈവം ദാദാസാഹിബാണ്. നമുക്ക് ജീവിതം തന്നത് അദ്ദേഹമല്ലേ.
ഇപ്പോൾ ദാദയുടെ അനുയായികളുടെ നേതാവ് ബഹൻജിയാണെന്ന് അച്ഛൻ പറഞ്ഞറിയാം. ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനമായ യുപി രണ്ടു വട്ടം ഭരിച്ചവർ. കുടുംബ ജീവിതം പോലും വേണ്ടെന്നു വെച്ച് അശരണരുടെ കൂടെ നിൽക്കുന്നവർ.
‘നിന്നെ ഞാനൊരിക്കൽ ബഹൻജിയെ കാണാൻ കൊണ്ടു പോകാം പ്രദീപാ’
കൊല്ലം പലതു കഴിഞ്ഞിട്ടാണ് അവരാ യാത്ര പോയത്. അപ്പോഴേയ്ക്കും അച്ചാച്ചൻ ഒരു മഴക്കാലത്ത് ഇല്ലാതായിക്കഴിഞ്ഞിരുന്നു. ബഹൻജിയുടെ സുവർണകാലം പറ്റെ തകർന്നടിഞ്ഞിരുന്നു. ‘തമ്മീത്തല്ലി ഇല്ലാണ്ടായി ആ പാർട്ടി’ എന്ന് പുച്ഛത്തോടെ പറയുന്നവരെ എന്നും വാക്കുകൾ കൊണ്ടെതിർത്തു നിന്നു അച്ഛൻ. ആ തകർച്ചയ്ക്കു പിന്നിൽ പ്രവർത്തിച്ചവർ പാർട്ടിക്കു പുറത്തുള്ളവർ എന്നാണ് പറയുക. അതാരാണ് എന്ന് ആ പ്രായമായപ്പോഴേയ്ക്കും പ്രദീപന് സ്വയം മനസ്സിലാവാനും തുടങ്ങിയിരുന്നു.
ഉഷ്ണം അതിൻ്റെ മൂർദ്ധന്യത്തിലെത്തിയ സമയത്താണ് അച്ഛനുൾപ്പെടെയുള്ള ചെറുസംഘത്തോടൊപ്പം പ്രദീപനും ദേശീയ നേതാക്കളെ കാണാൻ പുറപ്പെട്ടത്. തെരഞ്ഞെടുപ്പിൻ്റെ അത്യുഷ്ണമാകട്ടെ, മാസങ്ങൾ മാത്രമകലെ. രണ്ടു നാളത്തെ ട്രെയിൻ യാത്രയിലെ പുഴുക്കവും ക്ഷീണവുമൊന്നും അച്ഛനെ തളർത്തിയിട്ടില്ല എന്നു തോന്നി. ബഹൻജിയുടെ മനസ്സിലെന്താണ് എന്നാർക്കുമുറപ്പില്ലെന്ന് തീവണ്ടിയിലെ ചർച്ചകളിൽ നിന്നു മനസ്സിലായി. പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ഒരു സഖ്യത്തിനുമില്ല എന്നാണെന്ന് എല്ലാവരും ഊഹിക്കുന്നു. വേവലാതികളുണ്ടെങ്കിലും ബഹൻജിയുടേത് എപ്പോഴും ശരിയായ തീരുമാനമായിരിക്കും എന്ന് അച്ഛനു വിശ്വാസമുണ്ട്, അത് പ്രത്യക്ഷത്തിൽ തെറ്റായിപ്പോയെന്നു തോന്നിയാലും.
യോഗത്തിന് അധികം പേരൊന്നുമുണ്ടായിരുന്നില്ല. വെള്ള ചട്ടിത്തൊപ്പി വെച്ച കുറച്ചു മുസ്ലിം പ്രതിനിധികളെ കണ്ടപ്പോൾ ഹംസയെ ഓർത്തു. കുറച്ചു ആദിവാസി പ്രതിനിധികളും ഉണ്ടായിരുന്നു. പറഞ്ഞു തന്നില്ലായിരുന്നെങ്കിൽ അവരെ തിരിച്ചറിയില്ലായിരുന്നു. കേരളത്തിലെ ആദിവാസികളെപ്പോലല്ല കാഴ്ചയിലൊന്നും അവർ.
പ്രദീപൻ ബഹൻജിയെ പഠിക്കാൻ ശ്രമിക്കുകയായിരുന്നു. മനസ്സിലാക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ് എന്നു തോന്നി. ചിലപ്പോൾ വലിയ നിശ്ചയദാർഢ്യമുള്ളവളും സ്വന്തം വഴികളെപ്പറ്റി ഉറപ്പുള്ള ആളുമായി തോന്നിപ്പിച്ചു. ചിലപ്പോൾ അവരിൽ വലിയ തീർച്ചയില്ലായ്മകളോ കുററബോധമോ ഉണ്ടെന്നും. എല്ലാറ്റിനും മീതെ അച്ഛൻ്റെ മുഖത്തു സ്ഥായിയായി കാണാറുള്ള പോലെ രോഷത്തിൻ്റെ നീളൻ നിഴലുകളും.
യു.പിയിലെ ഗ്രാമങ്ങളിലൂടെ പോയപ്പോൾ ദളിതരുടെ ജീവിതം ഇപ്പോഴും എത്രമേൽ ദുരിതമയം എന്നു കണ്ടു. ഉഷ്ണശ്വാസമുതിർക്കുന്ന മൺകട്ടവീടുകളുടെ കൂട്ടം അവിടെയുമിവിടെയുമായി. മഞ്ഞനിറം പാഞ്ഞ ഗോതമ്പുവയലുകളുടെ കരയിൽ അവ ദു:ഖസ്മൃതികൾ പോലെ നിന്നു.അതിനകത്തുനിന്ന് നേതാക്കളെ കണ്ടു പുറത്തു വന്ന മുഷിഞ്ഞ ചേലകളണിഞ്ഞ മൂക്കുത്തിയിട്ട സ്ത്രീകൾ ഇപ്പോഴും ബഹൻജിയെപ്പറ്റി പ്രതീക്ഷയുള്ളവരായി തോന്നിപ്പിച്ചു. ഒരിക്കൽ നമ്മുടെ കാലം വീണ്ടും വരും, ദീദിജി അതു വീണ്ടെടുക്കും എന്നവർ സ്വപ്നം കാണുന്നു. ജീവിതത്തിലെ സ്വന്തം സന്തോഷങ്ങളെല്ലാം തങ്ങൾക്കു വേണ്ടി നഷ്ടപ്പെടുത്തിയവളല്ലേ ദീദിജി! കുടുംബമില്ല, കുഞ്ഞുങ്ങളില്ല, അവർക്കല്ലാതെ വേറെ ആർക്കാണ് തങ്ങൾക്ക് ജീവിതം തരാനാവുക! നോക്കൂ, എത്ര കാലമായി ഞങ്ങളിങ്ങനെ! അരക്ഷിതരായ പെൺകിടാങ്ങൾ. പോഷകാഹാരമില്ലാതെ വിളർത്തു മെലിഞ്ഞ കുഞ്ഞുങ്ങൾ. ഭക്ഷണമില്ലെങ്കിലും അവർ കളിച്ചു തിമർക്കുന്നുണ്ട് എന്ന് പ്രദീപൻ കണ്ടു. ബാല്യം മാത്രമല്ലേ അവർക്ക് അവരുടേതായിട്ടുള്ളു! അച്ഛനിലെ അമർഷഭാവം തന്നിലേയ്ക്കും പതുക്കെപ്പതുക്കെ പടരുന്നതായി പ്രദീപനപ്പോളറിഞ്ഞു.
ലഖ്നൗവിൽ പ്രവർത്തക ക്യാമ്പിൽ വെച്ചാണ് രഘുവരനെ പരിചയപ്പെട്ടത്. കന്നടക്കാരൻ. ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ പി.എച്ച്.ഡി ചെയ്യുന്നു. മെലിഞ്ഞ് ഇരുനിറക്കാരൻ. പ്രകാശമുള്ള കണ്ണുകൾ. രോഹിത് വെമുലയെപ്പറ്റി പറയുമ്പോൾ വേദനയുടെ അഗാധമായ മൗനത്തിലേയ്ക്ക് പോകുന്നവൻ. ഗ്രാമങ്ങളിലൂടെയുള്ള യാത്രകളിലും പ്രാദേശിക നേതാക്കളുടെ വീടുകളിലെ ഇടുങ്ങിയ മുറികളിലെ അന്തിയുറക്കത്തിലും രഘുവരൻ സുഹൃത്തായി. അവർ ഏറെ കാര്യങ്ങൾ ചർച്ച ചെയ്തു .
‘ദളിത് മുന്നേറ്റങ്ങളെ എന്നും ഭയപ്പെടുന്നുണ്ട് കാലങ്ങളായി അധികാരം കൈയാളുന്നവർ. എങ്ങനെയെങ്കിലും അത്തരം മുന്നേറ്റങ്ങളെ അവർ ചെറുക്കും. ചിലപ്പോൾ ചേർത്തു നിർത്തി നശിപ്പിക്കാൻ നോക്കും. ഒരു ശക്തിയായി നമ്മളുയിർത്തെഴുന്നേൽക്കുന്നത് അവരെല്ലാം ഭയപ്പെടുന്നു. സെൻസസ് കണക്കിൽ ജാതി ഹിന്ദുക്കളല്ലാത്തവരല്ലേ ഏറെ മുന്നിൽ ! ഭയത്തിലും അജ്ഞതയിലും അങ്ങനെയുള്ളവരെ നിലനിർത്തിയാലേ അവർക്ക് ജയിക്കാനാവൂ. നമ്മൾ സംഘടിച്ചു ശക്തരായാൽ അധികാരവും സമ്പത്തും തങ്ങൾക്ക് നഷ്ടമാവും എന്നവർ ഭയക്കുന്നു. ആ ഭയത്തിൽ നിന്നു തന്നെയാണ് ആർ.എസ്.എസ് പോലുള്ള സായുധ സേനകൾ ഉണ്ടാവുന്നതും. ‘
ഗാന്ധിജിയെപ്പറ്റിയും രഘുവരന് അച്ഛൻ്റേതിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായമായിരുന്നു.
‘നീ കുറേയേറെ ഗാന്ധിയെപ്പറ്റിയും അംബേദ്ക്കറെപ്പറ്റിയും വായിച്ചിട്ടുണ്ടാകും എന്നറിയാം. പക്ഷേ നീ സവർക്കറെ വായിച്ചിട്ടുണ്ടോ? സവർക്കർ സാഹിത്യം എന്നറിയപ്പെടുന്ന വലിയ എഴുത്തു ലോകം?’
ഞാനെന്തിനു സവർക്കറെ വായിക്കണം എന്ന പ്രദീപൻ്റെ ചോദ്യത്തിന് രഘുവരന് കൃത്യമായ ഉത്തരമുണ്ടായിരുന്നു.
‘എതിർക്കുന്നതാരെ എന്നു കൃത്യമായി അറിയേണ്ടതില്ലേ? എന്താണവരുടെ മാരക പ്രഹര ശക്തിക്കു പിന്നിൽ? എന്താണ് നിഗൂഢതയിൽ ഒളിച്ചിരിക്കുന്ന ചതി? അതറിയണ്ടേ?’
പ്രദീപൻ നിശ്ശബ്ദനായി കേട്ടുകൊണ്ടിരുന്നു.

‘നിനക്കറിയാമോ? മനുസ്മൃതി കത്തിച്ചതിനും വിലക്കപ്പെട്ട തടാകത്തിൽ കൂട്ടായി ഇറങ്ങി വെള്ളം കുടിച്ചതിനും ലക്ഷക്കണക്കിനു പേർ ഒന്നിച്ച് ബുദ്ധമതം സ്വീകരിച്ചതിനും ഒക്കെ വലിയ പ്രതീകാത്മക ശക്തിയുണ്ട്. പക്ഷേ, ഹിന്ദുമതത്തിനകത്തുനിന്നുള്ള ഗാന്ധിയുടെ പൊരുതലുകൾക്കു അതിനേക്കാൾ കരുത്തുണ്ടായിരുന്നു. അല്ലെങ്കിൽ, മതത്തെ ഉപയോഗിച്ചുള്ള ചതിയുടെ പ്രത്യയശാസ്ത്രത്തിനു സമാന്തരമായി ഉൾക്കൊള്ളലിൻ്റെ ഒരു ഹിന്ദുമതം ആവശ്യമായിരുന്നു എന്നു ഗാന്ധി മനസ്സിലാക്കിയിരുന്നു. വലിയ ആത്മശക്തി ആവശ്യമുണ്ടായിരുന്നു അത്തരം പ്രതിരോധങ്ങൾക്ക്. അങ്ങനെയൊരാൾ ഇല്ലായിരുന്നെങ്കിൽ ജനാധിപത്യ ഇന്ത്യ 47 ൽ ഉണ്ടാകുമായിരുന്നില്ല. ഇവ്വിധമൊരു ശ്രേഷ്ഠ ഭരണഘടന നമുക്ക് ലഭിക്കുമായിരുന്നില്ല.’
ഒന്നുകൂടി വിശദമാക്കാമോ എന്നായി പ്രദീപൻ.
‘നീ ഓർത്തു നോക്കൂ. ബാലഗംഗാധര തിലകൻ്റെ കാലം കഴിയും വരെ എന്തായിരുന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ്? പാരമ്പര്യാഭിമാനികളായ, അധികാര മോഹം മാത്രമുണ്ടായിരുന്ന ഒരു സവർണക്കൂട്ടം. തിലകൻ്റെ ബ്രാഹ്മണധാരയിലുള്ള, സവർക്കറെപ്പോലുള്ളവരെ മാത്രം ഉൾക്കൊള്ളുന്ന, അക്കൂട്ടരുടെ കൈയിലേക്കായിരുന്നു ഭരണമെത്തിയിരുന്നതെങ്കിൽ ഇന്ത്യ എന്തു തരം രാജ്യമായിരുന്നേനെ? ഹിന്ദു രാജ്യ സംസ്ഥാപനം അന്നേ യാഥാർത്ഥ്യമാകുമായിരുന്നില്ലേ? നമ്മളൊക്കെ ഇന്നും ചെളിക്കുണ്ടിൽ തന്നെയാകുമായിരുന്നു. കന്നടക്കാരനായ ഞാനും മലയാളിയായ നീയും മറ്റൊരു ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഇവിടെയിരുന്ന് ഭാവി ഇന്തൃയെപ്പറ്റി ചർച്ച ചെയ്യുമായിരുന്നില്ല.’
പ്രദീപൻ അപ്പോൾ ഓർത്തു കൊണ്ടിരുന്നത് മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലിലെ കോൺഗ്രസുകാരനായിരുന്ന മാധവൻ എന്ന നായകനെയായിരുന്നു. വിദ്യാസമ്പന്നൻ, ആഢ്യൻ, സായിപ്പൻമാരെപ്പോലെ പെരുമാറാനാവുന്നവൻ. ആൾ പറയുകയാണ് -. ‘നമ്മളെപ്പോലെ മാന്യരായവർ കോൺഗ്രസിൽ ഏറി വരുമ്പോൾ വെള്ളക്കാർക്ക് ഭരണം നമ്മളെ ഏൽപ്പിക്കാമെന്ന് വിശ്വാസമുണ്ടാവും.’ ഈ മാന്യരിൽ ആരൊക്കെയാണുണ്ടാവുക? തീർച്ചയായും സവർണർമാത്രം. ജാതി നിർമാർജ്ജനത്തെപ്പറ്റിയൊന്നും സംസാരിക്കാനായിട്ടില്ല എന്നുകൂടി പറയുന്നുണ്ടല്ലോ കഥാനായകൻ! അതായിരുന്നു ആദ്യ കാല കോൺഗ്രസിൻ്റെ ചിത്രം !
‘നീ എച്ച്.ഡി.തോറോയെപ്പറ്റി കേട്ടിട്ടില്ലേ? അമേരിക്കൻ എഴുത്തുകാരൻ, ദാർശനികൻ? ഗാന്ധിക്ക് നിസ്സഹകരണ സമരമെന്ന ആശയം കിട്ടിയത് അദ്ദേഹത്തെ വായിച്ചിട്ടാണെന്നു പറയുന്നവരുണ്ട്. അല്ല, ലോകത്തിൻ്റെ രണ്ടു കോണുകളിലിരുന്ന് രണ്ടു മനുഷ്യ സ്നേഹികൾ ഒരു പോലെ ചിന്തിച്ചതുമാകാം. പക്ഷേ, അദ്ദേഹം ഒന്നാം സ്വാതന്ത്രൃ സമരത്തെപ്പറ്റി അക്കാലത്തെഴുതിയ ലേഖനത്തിൻ്റെ തലക്കെട്ട് എന്തായിരുന്നു എന്നറിയാമോ? ‘ആശീർവാദം ബ്രാഹ്മിൺസ്’ എന്ന്! അദ്ദേഹം മനസ്സിലാക്കിയ പ്രകാരം അതൊരു ബ്രാഹ്മണ സമരമായിരുന്നു എന്നർത്ഥം. ഇന്ത്യയിലെ ദരിദ്ര ഹിന്ദു -മുസ്ലിം തൊഴിലാളികൾ അവസാനത്തെ മുഗൾ പിന്മുറക്കാരനായ ബഹദൂർ ഷാ സഫറിനെ മുന്നിൽ നിർത്തി നടത്തിയ, ദുരന്തമായി കലാശിച്ച ധീരസമരത്തെപ്പറ്റിയാണ് നമ്മളൊക്കെ കേട്ടത്. ചിത്പവൻ ബ്രാഹ്മണരിൽ ചിലരൊക്കെക്കൂടി അതിലുണ്ടായിരുന്നു എന്ന് സവർക്കർ സാഹിത്യമുൾപ്പെടെ പറയുന്നുണ്ട്. ശരിയുമാണത്. എങ്കിലും ജ്ഞാന സമ്പത്തിനെ കുത്തകയാക്കി വെച്ചവർ പറയുന്നതു മാത്രമല്ലേ വിദേശികളറിയുക! ഇന്ത്യയിലെ ഏതു പ്രസക്ത മൂവ്മെൻറുകളും നേട്ടങ്ങളും ബ്രാഹ്മണരുടേതു മാത്രമാക്കാൻ കഴിയുന്ന അത്തരം തന്ത്രങ്ങളുടെ മുനയൊടിഞ്ഞത് ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിൻ്റെ നേതൃസ്ഥാനത്തെത്തിയപ്പോഴാണ് എന്നു ഞാൻ പറയും. ‘
‘എന്നിട്ടും ഗാന്ധിജിയല്ലേ കമ്യൂണൽ അവാർഡിന് എതിരു നിന്നത്? അതിനെപ്പറ്റി എന്തു പറയുന്നു?’
‘അത്രയ്ക്കും ധൃതി സഫലതയിലേയ്ക്ക് നയിക്കില്ല എന്നദ്ദേഹം കരുതിക്കാണും. ഹിന്ദു സമൂഹത്തിനകത്ത് വിള്ളലുണ്ടാകുമെന്ന് അദ്ദേഹം ന്യായമായും ഭയന്നിരിക്കാം. നവ രാഷ്ട്രീയ ബ്രാഹ്മണിസത്തോട് എതിരിട്ടു നിൽക്കാൻ സാവകാശവും ഐക്യവും വേണമെന്നു കരുതിയിരിക്കാം. അതു തെറ്റായിരുന്നിരിക്കാം ഒരു പക്ഷേ. എങ്കിലും അതിൽ മനുഷ്യനെ സ്നേഹിക്കുക മാത്രം ചെയ്ത ഗാന്ധിയുടെ ശരി ഉണ്ടായിരുന്നു.’
എത്ര നന്നായി കാര്യങ്ങൾ പറയാൻ രഘുവരനാകുന്നു എന്ന് വിസ്മയപ്പെട്ടു പ്രദീപൻ. ലക്നൗവിനടുത്തുള്ള കുഗ്രാമത്തിലെ പ്രാദേശിക നേതാവിൻ്റെ വീടിനു പുറത്ത് ഒറ്റമരച്ചുവട്ടിൽ അവരിരിക്കുകയായിരുന്നു. നിലാവുണ്ട്. നേരിയ കാറ്റിൽ കുളിരിൻ്റെ ചെറിയ അലകൾ വന്ന് അപ്പോഴും ശമനമാവാത്ത ചൂടിനെ ആറ്റിത്തണുപ്പിച്ചിരുന്നു. അകത്ത് പ്രവർത്തകരിൽ ചിലർ കൂർക്കം വലിച്ചു തുടങ്ങിയിരുന്നു. നാളെ മടക്കയാത്രയാണ്. കഴിയുന്നത്ര രഘുവരനോടൊപ്പം സംസാരിച്ചിരിക്കണമെന്ന് പ്രദീപൻ ആഗ്രഹിച്ചു.
‘നീ ആൽഡസ് ഹക്സ്ലിയുടെ ‘ദ ബ്രേവ് ന്യൂ വേൾഡ്’ വായിച്ചിട്ടുണ്ടാവാൻ വഴിയില്ല. പഴയ നോവലാണ്. 1930 കളിൽ എഴുതിയതാണ്. സന്ദർഭം വരുമ്പോൾ ഒന്നു വായിച്ചോളൂ. അത്തരം ഒരു ധീരനൂതന ലോകമാണ് ലോകത്തിലെ പല രാജ്യങ്ങളുടെയും സ്വപ്നം. അധികാരവും സമ്പത്തും കൈകോർത്ത് ഭരണം കയ്യാളുന്നയിടം.ശക്തനും ദൈവ സമാനനുമായ ഭരണാധികാരി. സ്റ്റബിലിറ്റിയാണ് അതിൻ്റെ മുഖമുദ്ര. ആധുനികശാസ്ത്രത്തിൻ്റെ അപ്രമാദിത്തമാണ് അതിൻ്റെ ശക്തി. ആ ലോകത്ത് മനുഷ്യസഹജവികാരങ്ങളായ സ്നേഹം, വാത്സല്യം, കരുണ, നീതിബോധം അങ്ങനെയുള്ളതൊന്നും ആരിലും കാണില്ല. കാണിക്കുന്നവർ ഒറ്റപ്പെട്ടു പോവുകയും ചെയ്യും. നാസിക്കാലത്തെ പോലെ വൃദ്ധരെയും രോഗികളെയും വികലാംഗരെയുമൊക്കെ മരണ മുറിയിലേക്കയക്കും അവിടെ. അത്ഭുതപ്പെടുത്തിയ കാര്യം ആ ലോകത്ത് ജാതി സമാനമായ മനുഷ്യവിഭജനം ഉണ്ട് എന്നതാണ്.ഇന്ത്യയെ നോക്കിക്കണ്ട് എഴുതിയതാണോ എന്നു സംശയം തോന്നുംവിധം! ജാതി സംവിധാനം പോലെ നാലഞ്ചു തട്ടുകളിൽ മനുഷ്യർ.ഇൻക്യുബേറ്ററുകളിൽ ജനിതക എൻജിനീയറിംഗ് നടത്തി ഉത്പ്പാദിപ്പിച്ചെടുക്കുകയാണ് മനുഷ്യരെ. ഭരിക്കാനറിയുന്നവർ, ബുദ്ധിരാക്ഷസർ, പിന്നെ, ചിന്താശൂന്യരായി അനുസരിക്കാനും നിശ്ശബ്ദം ജോലി ചെയ്യാനും മാത്രമറിയുന്ന തൊഴിലാളികൾ ഇങ്ങനെ… ഹിന്ദുത്വയുടെ സ്വപ്നവും അതുതന്നെയാണല്ലോ. ഇവിടെ പക്ഷേ ലബോറട്ടറിയിൽ ഉണ്ടാക്കിയെടുക്കേണ്ടതില്ല. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യവസ്ഥയുണ്ടല്ലോ. അതിനെയൊന്നു പൊടി തട്ടിയെടുത്ത് നിയമ വിധേയമാക്കിയാൽ മതി. അല്ലെങ്കിൽ പൊടി തട്ടാനെന്തിരിക്കുന്നു! അതിവിടെത്തന്നെയുണ്ടല്ലോ. രണ്ടു ദിവസങ്ങളായി ഗ്രാമങ്ങളിൽ അതു തന്നെയല്ലേ നമ്മൾ കണ്ടു കൊണ്ടിരുന്നത്!’
അവർ രണ്ടു പേരും അന്ന് പുറത്തു തന്നെയാണ് കിടന്നത്. അകത്തെ പുഴുക്കത്തേക്കാൾ നല്ലത് പുറത്തെ കയറ്റുകട്ടിലിലെ കിടപ്പു തന്നെ.
പുലരാറായപ്പോൾ പ്രദീപനൊരു ദു:സ്വപ്നം കണ്ടു ഞെട്ടിയുണർന്നു. ദേഹം മുഴുവൻ മുറിവുകളോടെ ഉറക്കെ നിലവിളിക്കുന്ന ഒരു നഗ്ന സ്ത്രീരൂപം നിരത്തിലൂടെ ഓടി വരികയാണ്. പിന്നാലെ ആർത്തു ചിരിച്ചുകൊണ്ട് ഒരു സംഘം പുരുഷന്മാർ. തരം കിട്ടുന്നവരൊക്കെ ആ സ്ത്രീ ശരീരത്തെ ഞെക്കിയും ഞെരിച്ചും വിടച്ചിരി ചിരിക്കുന്നു. ഞെട്ടലോടെ പ്രദീപനറിഞ്ഞു, അവരുടെ മുഖം തൻ്റെ അമ്മയെപ്പോലിരിക്കുന്നല്ലോ! അല്ല, അമ്മ തന്നെയാണത്. പേടിച്ചു ചൂളി ഒരിടത്തിരിക്കുകയാണ് താനിപ്പോൾ. മിണ്ടാനും അനങ്ങാനുമാവാതെ. ഇപ്പോൾ ദൂരെ നിന്നൊരു മൂളക്കം കേൾക്കാനുണ്ട്.മൂളക്കമല്ല. ഒരു അഗ്നികുണ്ഠത്തിനു ചുറ്റുമിരുന്ന് മന്ത്രം ചൊല്ലുകയാണ് കുറേപ്പേർ.അമ്മയെ അവർ അങ്ങോട്ടാണ് ഓടിച്ചെത്തിക്കുന്നത്. അടുത്തെത്തുംതോറും മന്ത്രധ്വനി മുറുകുന്നു. ഇപ്പോൾ രംഗം കൂടുതൽ വ്യക്തമാണ് പ്രദീപന്. അഗ്നികുണ്ഡത്തിനരികിൽ ശൂലത്തിൽ കുത്തി നിർത്തിയ കുറേ അർദ്ധകായ പ്രതിമകൾ! ആരൊക്കെയാണവർ? ബാബാ സാഹെബ്, ബാപ്പുജി… പിന്നെയും ആരൊക്കെയോ! അതാ, അമ്മയെ അവർ അഗ്നികുണ്ഡത്തിലേയ് തള്ളിയിടുകയാണ്! പ്രദീപൻ വാവിട്ടു കരഞ്ഞു…

വിയർത്തു കുളിച്ചു എഴുന്നേറ്റിരിക്കുമ്പോൾ കരുണയുള്ള ഒരു കൈ തോളത്തു വീണു.
‘ദു:സ്വപ്നം കണ്ടു അല്ലേ? സാരമില്ല. ഞാനടുത്തുണ്ട്. കുറച്ചു സമയം കൂടി കിടന്നോളൂ. നേരം വെളുത്തില്ല…’
പരിസരബോധമുണ്ടാവാൻ ഇത്തിരി നേരമെടുത്തു. താനെവിടെയാണ്? ഏതോ അജ്ഞാത ലോകത്ത് ഒരു മരച്ചുവട്ടിൽ, കയറ്റു കട്ടിലിൽ!
വീണ്ടും കട്ടിലിലേയ്ക്കു ചായുമ്പോൾ ഇരുട്ടുവിട്ടുമാറാത്ത നരച്ച ആകാശം മേലെ വിശാലമായൊരു അത്ഭുതക്കുട മുകളിൽ തീർക്കുന്നതറിഞ്ഞു.ഒരു കോണിൽ പാതി മുറിഞ്ഞ അമ്പിളി. അലിഞ്ഞില്ലാതാകണോ, ഉറഞ്ഞു നിറയണോ എന്ന് സന്ദേഹിച്ചു നിൽക്കും പോലെ. ഇരുളിൽ ചാരനിറം പൂണ്ടു മൗനത്തിലാണ് വീട്. അച്ഛനും സുഹൃത്തുക്കളുമൊക്കെ അവിടെയുറങ്ങുന്നുണ്ടാവും. ദൂരെയൊരു കിളി ഭാഷയില്ലാത്ത സ്വരത്തിൽ ചിലച്ചുവോ? നേർത്ത മഞ്ഞ് വന്നു പൊതിയുന്നുണ്ട്. ദൂരെ ദൂരെ നരച്ച കുന്നുകളുടെ രൂപരേഖകൾ തെളിയുന്നു.പൂർവ സ്മൃതികളുടെ ഏതോ കടവിൽ ഉറഞ്ഞു നിന്നു പോയ ഒരുവനെപ്പോലെ ചെറിയൊരു വിറയലുമായി പ്രദീപൻ കണ്ണുതുറന്നു പിടിച്ചു കിടന്നു…
‘ദു:സ്വപ്നങ്ങൾ ആവർത്തിച്ചു കാണുന്നത് നല്ലതാണ് സുഹൃത്തേ.അവ ഒരിക്കലും യാഥാർത്ഥ്യങ്ങളാവിതിരിക്കാൻ കരുത്തു നൽകും അത്. ഭയക്കണ്ട.’
അരികിൽ സ്നേഹത്തോടെ തന്നെ നോക്കിക്കൊണ്ടിരിക്കുന്ന രഘുവരൻ്റെ ഇടതു കൈ പ്രദീപൻ കൂട്ടിപ്പിടിച്ചു.അടഞ്ഞ ഒച്ചയിൽ ഇങ്ങനെ ചോദിക്കാനാണ് അപ്പോളവനു തോന്നിയത്.
‘രഘു ഭായി, നിങ്ങൾ ഞങ്ങടെ നാട്ടിലെ തെയ്യങ്ങളെപ്പററി കേട്ടിട്ടുണ്ടോ?’
Brilliant perspective on digital audio! The creative environment at Sprunked aligns with these concepts.
Great breakdown! For those diving deeper into AI tools, checking out platforms like AI Companions can offer fresh insights into how AI is reshaping everyday interactions.