ആധുനികതയോട് പുറം തിരിഞ്ഞുനില്‍ക്കാന്‍ അപരവത്കരണ പ്രകിയ കാരണമാവുന്നുണ്ടോ? പ്രസവം വീട്ടില്‍ നടത്തുകയും രക്തസ്രാവത്തെ തുടര്‍ന്ന് അമ്മ മരിക്കുകയുംചെയ്ത പശ്ചാതലത്തില്‍ മുസ്ലിം സമൂഹത്തിന്‍റെ പിന്നോക്കാവസ്ഥയുടെ കാരണം തിരയുകയും പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയുംചെയ്യുന്നു.
പശ്ചിമബംഗാൾ മുസ്ലിങ്ങൾക്കിടയിൽ അമർത്യാസെന്നും അദ്ദേഹത്തിൻ്റെ പ്രതീചി ഇൻസ്റ്റിട്യൂട്ടും നടത്തിയ ഒരു പഠനത്തിൻ്റെ റിപ്പോർട്ടും വിശകലനവും ഈയിടെ വായിക്കുകയുണ്ടായി. (‘നമ്മളിലെ അവർ’- എഡിറ്റർ ഹിഫ് സുറഹ്മാൻ കാരോളി) ബംഗാൾ മുസ്ലിങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയ്ക്കും സ്ത്രീആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായി അമർത്യാസെൻ കണ്ടെത്തുന്നത്, കേട്ടാൽ പലരും നെറ്റി ചുളിച്ചേക്കാവുന്ന, മുസ്ലിം അപരവൽക്കരണം എന്ന സമസ്യ തന്നെയാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ബ്ലോക്കുകളിലും ജില്ലകളിൽത്തന്നെയും ആശുപത്രികളുടെയും ആശുപത്രികളുണ്ടെങ്കിൽത്തന്നെ ഡോക്ടർമാരുടെയും കുറവ് വളരെ പ്രകടമാണ് എന്ന് പഠന റിപ്പോർട്ട്. പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും കോളേജുകളും കുറവ്. ഡ്രൈനേജ് സൗകര്യങ്ങളും കുടിവെള്ള ലഭ്യതയും കുറവ്. സർക്കാർതല ഗർഭകാല സംരക്ഷണങ്ങളും സേവനങ്ങളും എത്തുന്നത് കുറവ്. ആശുപത്രി പ്രസവങ്ങളും ഏറെ കുറവ്. ഇവയൊന്നും മതപരമായ സ്വാധീനം കൊണ്ടെന്നതിനേക്കാൾ താൽപര്യവും ലഭ്യതയും തമ്മിലുള്ള വിടവു മൂലമെന്ന് അമർത്യാസെൻ. നിങ്ങൾ കേരളത്തിലെ മുസ്ലിങ്ങളെ നോക്കൂ, അവരിൽ ആശുപത്രി പ്രസവ ശതമാനം 100-നോടടുത്തു തന്നെ നിൽക്കുന്നില്ലേ എന്നു ചൂണ്ടിപ്പറയുന്നു അദ്ദേഹം. ആരോഗ്യ വിദ്യാഭ്യാസ സൗകര്യങ്ങൾ മികച്ചു നിൽക്കുന്നയിടങ്ങളിൽ മുസ്ലിങ്ങൾ അവയെയൊക്കെ ഉപയോഗപ്പെടുത്തുന്നതിൽ വിശ്വാസം ഒരു തടസ്സമാകുന്നതേയില്ല എന്ന് തൻ്റെ ഗ്രൂപ്പിൻ്റെ ഇൻറർവ്യൂകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തിൽ അദ്ദേഹം പറയുന്നു. 2011-12ൽ നടത്തിയ പഠനമായിരുന്നു അദ്ദേഹത്തിൻ്റേത്. ഒരു ദശകം കഴിയുമ്പോൾ കേരള മുസ്ലിങ്ങളുടെ ആരോഗ്യ പ്രബുദ്ധതയ്ക്ക് എന്താണ് സംഭവിക്കുന്നത്?
ബംഗാളിൽ സമാന്തര വൈദ്യശാഖകളെയും ചിലപ്പോഴൊക്കെ വ്യാജ വൈദ്യത്തെയും മന്ത്രവാദത്തെയുമൊക്കെ ആശ്രയിക്കേണ്ടി വരുന്നത് ആധുനിക ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതക്കുറവുകൊണ്ടെങ്കിൽ ലോക നിലവാരത്തിൽ ആരോഗ്യ സൂചികകൾ ഉയർത്താനായ കേരളത്തിലെ, സാംസ്കാരികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലുള്ള ഒരു സമുദായത്തിൽ, വ്യാജ ചികിത്സയും വീട്ടു പ്രസവവും മൂലം അമ്മമാരും നവജാത ശിശുക്കളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് വലിയ ആശങ്കയുളവാക്കേണ്ടതല്ലേ?
വൈദ്യശാസ്ത്രത്തിൻ്റെ വികാസം ഒരർഥത്തിൽ ഏറ്റവും താങ്ങാവുന്നത് സ്ത്രീക്കാണ്. അവളുടെ ശാരീരിക സ്വാസ്ഥ്യത്തിന്, ആയുർദൈർഘ്യത്തിന്, അവളുടെ ശാക്തീകരണത്തിന്!
മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്താണ് ‘മത’പ്രബോധനത്തിൻ്റെ പുറത്തുള്ള ഇത്തരം പ്രസവങ്ങൾ കൂടുതൽ. തീർച്ചയായും അപൂർവം മറ്റു മതസ്ഥരും ഇതിൽ ആകർഷിതരാകുന്നുണ്ടെന്നറിഞ്ഞു. പ്രസവത്തിനു അക്യുപങ്ങ്ചർ ഉപയോഗിക്കുന്നത് അശാസ്ത്രീയം എന്ന് അത് അക്കാദമികമായി പഠിച്ച ചികിത്സകർ തന്നെ പറയുന്നു. വ്യാജ ചികിത്സകർ പ്രാക്ടീസ് ചെയ്യുന്നത് അപ്പോൾ മറ്റെന്തോ ആയിരിക്കണം. സ്വയം വിധേയയായി പ്രസവിച്ചിരുന്നു എന്നതുകൊണ്ടു മാത്രം മറ്റൊരാളുടെ ചികിത്സക ആവാൻ യോഗ്യത അവകാശപ്പെടാൻ തുടങ്ങുന്നത്ര അശാസ്ത്രീയം! അവരുടെ കൂട്ടായ്മയുടെ അക്കൗണ്ടിൽ സുഖ പ്രസവങ്ങൾ നടക്കുന്നുണ്ട് എന്നതു വസ്തുത. ആധുനിക വൈദ്യശാസ്ത്രം വികസിക്കും മുമ്പും അതു നടന്നിരുന്നുവല്ലോ. നാടൻ വയറ്റാട്ടിമാർക്ക് പുതിയ കാല വ്യാജന്മാരേക്കാൾ ദീർഘ പരിചയത്തിൻ്റെയും നിരീക്ഷണങ്ങളുടെയും തിരിച്ചറിവുണ്ടായിരുന്നു താനും. എന്നിട്ടും മാതൃ – നവജാത ശിശു മരണങ്ങളും ദീർഘകാല ആരോഗൃപ്രശ്നങ്ങളും വ്യാപകമായിരുന്നു.
വൈദ്യശാസ്ത്രത്തിൻ്റെ വികാസം ഒരർഥത്തിൽ ഏറ്റവും താങ്ങാവുന്നത് സ്ത്രീക്കാണ്. അവളുടെ ശാരീരിക സ്വാസ്ഥ്യത്തിന്, ആയുർദൈർഘ്യത്തിന്, അവളുടെ ശാക്തീകരണത്തിന്! അതുകൊണ്ടാണ് പ്രസവരീതിയും സ്ഥലവും തെരഞ്ഞെടുക്കൽ തങ്ങളുടെ അവകാശമാണ് എന്നു കരുതുന്ന ആധുനിക ഫെമിനിസ്റ്റും സമാന്തര പ്രസവ സംവിധാനങ്ങൾ തെരഞ്ഞെടുക്കും മുമ്പ് ആധുനിക ചികിത്സകരുടെ ഉപദേശങ്ങളും ഗർഭകാല പരിരക്ഷണവും അടിയന്തിര ഘട്ടങ്ങളിൽ സഹായം ലഭിക്കാനുള്ള സാധ്യതകളും ഉറപ്പാക്കുന്നത്. അങ്ങനെ യാതൊരു സഹായ സാധ്യതകളുമില്ലാതെ, ഗർഭകാല പരിചരണങ്ങളോ പരിശോധനകളോ ഇല്ലാതെ, ചുരുക്കത്തിൽ ആധുനിക വൈദ്യശാസ്ത്രത്തെ അപ്പാടെ തള്ളിക്കളഞ്ഞു കൊണ്ടാണ് ഈയിടെ മറ നീക്കി പുറത്തു വന്ന, വ്യാജപ്പേരിലും നിഗൂഢ പ്രചരണങ്ങളുടെ ബലത്തിലും നിലനിൽക്കുന്ന, രക്തം വാർന്ന് മരണത്തിന് കീഴടങ്ങേണ്ടി വന്ന അസ്മയെപ്പോലുള്ളവർ സ്വീകരിക്കേണ്ടി വരുന്ന വീട്ടു പ്രസവ സംവിധാനം. പ്രസവിക്കേണ്ടത് എവിടെ, എങ്ങനെ എന്നുള്ളത് സ്ത്രീയുടെ അവകാശമാണ് എന്ന സാർവ്വദേശീയ കൽപ്പന നിലനിൽക്കുന്നതിനാൽ അതിനെ അപ്പാടെ നിരോധിക്കുന്ന നിയമനിർമ്മാണം പ്രായോഗികവുമല്ല. അപ്പോൾപ്പിന്നെ ഈ സാമൂഹിക തിന്മയ്തിരെ എങ്ങനെയാണ് നിയന്ത്രണം കൊണ്ടുവരിക?
സർക്കാരിനും പൊതുജനാരോഗ്യ മേഖലക്കും പൊതു സമൂഹത്തിനും ഫെമിനിസ്റ്റുകൾക്കും, യഥാർത്ഥ മതവിശ്വാസികൾക്കും ഇതിൽ അടിയന്തിരമായി ഇടപെടാൻ ഉത്തരവാദിത്തമുണ്ട്.
സർക്കാറിനും പൊതുജനാരോഗ്യമേഖലയ്ക്കും ചെയ്യാവുന്നത്
ഒന്ന്, അസ്മയുടെ മരണത്തിനു കാരണക്കാരായവരെ മാത്രമല്ല, കഴിഞ്ഞ 5 വർഷത്തിൽ ഉണ്ടായി എന്നു കേട്ട മാതൃമരണങ്ങളുടെയും നവജാതശിശു മരണങ്ങളുടെയും കാരണക്കാരായവരെപ്പറ്റി അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്ന് ശിക്ഷ ഉറപ്പാക്കുക.
രണ്ട്, മത വിശ്വാസത്തിൻ്റെ പേരു പറഞ്ഞ് തികഞ്ഞ സ്ത്രീ വിരുദ്ധതയും വ്യാജ ചികിത്സാരീതികളും പ്രചരിപ്പിക്കുന്നവർക്കെതിരെ പരാതി ലഭിക്കുമ്പോൾ വനിതാ കമ്മീഷനും സോഷ്യൽ വെൽഫെയർ ഡിപ്പാർട്ടുമെൻറും അത് ഗൗരവത്തിലെടുത്ത് നടപടികൾ സ്വീകരിക്കുക.
മൂന്ന്, സമാന്തര പ്രസവചികിത്സാരീതികളെന്ന പേരിൽ പ്രചരണം നടത്തുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും രജിസ്ട്രേഷൻ സ്ഥിതി പരിശോധിക്കുകയും അത് നിർബന്ധമാക്കുകയും ചെയ്യുക.
നാല്, വീട്ടു പ്രസവത്തിനു തയ്യാറാവുന്നവരുടെ വിവരങ്ങൾ മുൻകൂട്ടി ശേഖരിക്കുക. അവർ ഗർഭകാല സേവനങ്ങൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ആരോഗ്യ വകുപ്പിൽ അറിയിക്കുകയും ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടം ഉണ്ടെന്നുറപ്പു വരുത്തുകയും ചെയ്യുക. അടിയന്തിര ഇൻസ്റ്റിട്യൂഷണൽ സഹായം ലഭ്യമാക്കാനാവുമെന്നയിടങ്ങളിൽ മാത്രം അതിന് അനുമതി കൊടുക്കുക.
സ്ത്രീയുടെയും കുഞ്ഞിൻ്റെയും ആരോഗ്യ സംരക്ഷണമെന്നത് അവളുടെ ഭർത്താവിൻ്റെ മാത്രമോ, അവളുടെ തന്നെയോ വിഷയമായി ചുരുക്കാനാവില്ല. അതൊരു സാമൂഹ്യ വിഷയം കൂടിയാണ് എന്നതിന് ഊന്നൽ വേണം. അസ്മയുടെ 5 കുഞ്ഞുങ്ങളുടെ അനാഥത്വം ഓർക്കുക. അവസാനത്തെ കുഞ്ഞിന് ഗ്ലൂക്കോസ് കുറഞ്ഞോ പ്രാണവായു കുറഞ്ഞോ ഉണ്ടായേക്കാവുന്ന മസ്തിഷ്ക ക്ഷതം കൂടി അതിൻ്റെ ഭാവിയിലെ ഭീഷണിയാണ്.
മലപ്പുറത്തെ ആരോഗ്യ വകുപ്പ് കുറച്ചു കാലമായി ഈ വിഷയത്തെ ഗൗരവമായി കണക്കിലെടുത്ത് സാമൂഹ്യ അവബോധ പ്രവർത്തനങ്ങളിലേക്കും സർക്കാരിലേക്ക് വിഷയമെത്തിക്കുന്ന കാര്യത്തിലേക്കും തിരിഞ്ഞിട്ടുണ്ടായിരുന്നു എന്നറിയാം. സാമൂഹ്യ പ്രവർത്തകരെയും സംഘടനകളെയും സഹകരിപ്പിച്ച് ഇതിനെതിരെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണം. മുസ്ലിം സമുദായത്തിലെ ലിംഗനീതിക്കുവേണ്ടി പ്രവർത്തിക്കുന്ന FORGEM എന്ന സംഘടന അതിനു വേണ്ട സഹകരണം വാഗ്ദാനം ചെയ്യുകയാണ്.
‘മതമല്ല, പുരുഷാധിപത്യമാണ് സ്ത്രീയ്ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത്.’
ഇസ്ലാം മത നേതൃത്വം അവകാശപ്പെടുന്നവർക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ട്.കുറച്ചുവർഷങ്ങളായി തികഞ്ഞ സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന, സ്ത്രീയെ വീടുകളിലേക്കൊതുങ്ങാൻ ഉദ്ബോധനം ചെയ്യുന്ന, സ്ത്രീ ജോലി ചെയ്യുകയോ സമ്പാദിക്കുകയോ ചെയ്യുന്നതിനെ തടയുന്ന, പലപ്പോഴും മഹാ അശ്ലീലകരമായ, മൗലവിമാരുടെ വീഡിയോകളുടെ പ്രളയമാണ്. അസ്മയുടെ കൊലയാളിയെന്ന കുറ്റം പേറുന്ന സിറാജുദ്ദീൻ മൗലവി തന്നെ പതിനായിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള യൂട്യൂബർ ആണ്. പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം പ്രവർത്തിക്കുന്ന ഇത്തരക്കാർക്കെതിരെ നിയമ നടപടികളിലൂടെയും എതിർ പ്രചരണങ്ങളിലൂടെയും പ്രതിരോധം തീർക്കാൻ ശ്രമിക്കുന്നുണ്ട് FORGEM. സ്ത്രീകൾ വിദ്യാഭ്യാസം നേടി, പൊതുരംഗത്തേക്കിറങ്ങി, അവകാശങ്ങൾ ചോദിച്ചു തുടങ്ങിയതിൽ അസ്വസ്ഥരായ പുരുഷ നേതൃത്വം ഈ അധമപ്രവർത്തനങ്ങൾക്കു നേരെ കണ്ണടയ്ക്കുന്നത് മനപ്പൂർവമാകാം. അവരുടെ അധികാര പരിധിയിലേക്ക് സ്ത്രീകളെ തിരികെ കൊണ്ടുവരാമെന്ന വ്യാമോഹത്തിന് ഇരകളാവുന്നത് അസ്മയെപ്പോലുള്ള കുറച്ചു നിസ്സഹായരാണ് എന്നതാണ് സങ്കടം. ബഹു ഭൂരിപക്ഷം മുസ്ലിം പെൺകുട്ടികളും ഏറെ മുന്നിൽ സഞ്ചരിച്ചു തുടങ്ങിയെന്നത് അവരറിയുന്നില്ല.
ഇസ്ലാംമതവിശ്വാസികളുടെ ബലഹീനതകളും അജ്ഞതയിൽ നിന്നുൾപ്പെടെ ഉയരുന്ന സ്ത്രീവിരുദ്ധതകളും ഉപകരണമാക്കുന്നത് ആരെന്നോർക്കാതെ, ഇസ്ലാമോഫോബിയ എന്നാർക്കുന്നതിൽ ഒരർഥവുമില്ലതന്നെ. ഇസ്ലാം അപരവൽക്കരണവും ഇസ്ലാമോഫോബിയയും ഒരു ആഗോള യാഥാർഥ്യമായിരിക്കുമ്പോൾ, അതിന് ഇന്ധനമാവുന്ന ഇത്തരം യുട്യൂബർമാരെയും അവരുണ്ടാക്കുന്ന സാമൂഹ്യാഘാതങ്ങളെയും നിയന്ത്രിക്കേണ്ടത് വിശ്വാസികൾ കൂടിയാണ്.
1927-ൽ ബംഗാളിലെ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായിരുന്ന റൊകെയ്യാ ബീഗം പറഞ്ഞത് അമർത്യസെൻ ഉദ്ധരിക്കുന്നുണ്ട്. ‘മതമല്ല, പുരുഷാധിപത്യമാണ് സ്ത്രീയ്ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത്.’വിദ്യാഭ്യാസമെന്നതിന് പരിമിതമായ മാനമല്ലല്ലോ ഉള്ളത്!