ആരായിരുന്നു ടാറ്റ?

Movements

നമ്മുടെ രാജ്യത്തേതുപോലെ ഒരു വർഗ്ഗവിഭജിത സമൂഹത്തിൽ ഏതൊരു വിഷയത്തേയും സമീപിക്കുന്നതിൽ രണ്ടു വീക്ഷണഗതികളുണ്ടാകാതെ തരമില്ല. അതിലൊന്ന് മുതലാളി വർഗ്ഗ വീക്ഷണവും മറ്റേത് തൊഴിലാളിവർഗ്ഗ വീക്ഷണവുമാണ്. നമ്മുടെ സമൂഹത്തിൽ രണ്ടു വ്യത്യസ്ത വർഗ്ഗങ്ങളുടെ താല്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രണ്ടു തരത്തിലുള്ള കാഴ്ചപ്പാടുകളുണ്ടായിരിക്കുമെന്നർഥം. ഇവ രണ്ടായിരിക്കും എന്നുമാത്രമല്ല ഒന്ന് മറ്റേതിനു വിപരീതവും ഒരിക്കലും പരസ്പരം ഒത്തുപോകാത്തതുമായിരിക്കും. നമ്മുടെ നാട്ടിൽ, ലോകത്തെവിടേയുമെന്നതുപോലെ മേൽക്കൈ നേടിയിരിക്കുന്നതും ഭരണം കയ്യാളുന്നതുമായ വർഗ്ഗം മുതലാളിവർഗ്ഗമാണെന്നതുകൊണ്ടും സമൂഹത്തിലെ സ്വത്തിന്റെ സിംഹഭാഗവും കയ്യടക്കി വച്ചിരിക്കുന്നതും മാധ്യമങ്ങളുടെ ഉടമസ്ഥരും അവരാണെന്നുള്ളതുകൊണ്ടും അവരുടെ അഭിപ്രായങ്ങൾക്കായിരിക്കും മേൽക്കയ്യും പ്രചാരവും സ്വാധീനവും. ആ കാഴ്ചപ്പാടിന്റെ സ്വാധീനം സമ്പന്നർക്കിടയിൽ മാത്രമല്ല വർഗ്ഗബോധം കുറഞ്ഞ തൊഴിലാളികൾക്കിടയിലും വേരോട്ടമുണ്ടാക്കിക്കൊണ്ടി രിക്കും. കഴിഞ്ഞ ദിവസം അന്തരിച്ച രത്തൻ ടാറ്റയെക്കുറിച്ചുള്ള, ‘മാതൃകാ കോടീശ്വരൻ’ (Model millionaire) എന്നും മുതലാളിമാരിലെ മനുഷ്യസ്നേഹി എന്നുമൊക്കെയുള്ള വാഴ്ത്തിപ്പാടലുകളുടെ പിന്നിൽ ഈ മുതലാളിത്ത താല്പര്യം തന്നെയാണുള്ളത്.

പരിസ്ഥിതി പ്രവർത്തകനും മോദി – സംഘപരിവാർ – കോർപ്പറേറ്റ് സംഘത്തിന്റെ വിമർശകനുമായ കെ. സഹദേവൻ, രത്തൻ ടാറ്റക്കു കീഴിൽ ടാറ്റ ഗ്രൂപ്പ് എങ്ങനെയൊക്കെയാണ് തങ്ങളുടെ ഭീമമായ സമ്പത്ത് കുന്നുകൂട്ടിയതെന്നും അവരുടെ കോർപ്പറേറ്റ് താൽപര്യങ്ങൾ എത്രത്തോളം ജനതാല്പര്യങ്ങൾക്കെതിരായിരുന്നെന്നും അതിനെതിരെ പ്രതിഷേധിച്ച ആദിവാസികൾ അടക്കമുള്ള ജനങ്ങളെ ടാറ്റ, ഭരണകൂടശക്തിയും ‘സൽവാ ജുഡൂം’ എന്ന സ്വന്തം സൈന്യവും ഉപയോഗിച്ച് എങ്ങനെയാണ് അടിച്ചമർത്തിയത് എന്നും വിശദമാക്കുകയാണിവിടെ.


ധികാരത്തിന്മേലുള്ള സ്വാധീനമുപയോഗിച്ച് പൊതു വിഭവങ്ങൾ നിർല്ലജ്ജം കൊള്ളയടിച്ച് മാത്രമേ ഏത് കോർപ്പറേറ്റ് ബിസിനസ്സ് സ്ഥാപനങ്ങളും തങ്ങളുടെ വളർച്ച സാധ്യമാക്കിയിട്ടുള്ളൂ.

അതിലൊരാൾ മാത്രമാണ് രത്തൻ ടാറ്റയും. അദ്ദേഹം വളർത്തിയെടുത്ത ടാറ്റ സാമ്രാജ്യവും.

കോർപ്പറേറ്റ് കാരുണ്യത്തിൻ്റെ ഇന്ത്യൻ മുഖമായി രത്തൻ ടാറ്റയെ അവതരിപ്പിക്കുമ്പോൾ തങ്ങളുടെ സാമ്രാജ്യ വികസന മോഹങ്ങൾക്ക് വേണ്ടി ഗ്രീൻ ഫീൽഡിലും മറ്റുമായി തകർത്തെറിഞ്ഞ പതിനായിരക്കണക്കിന് തദ്ദേശീയ ജനതയുടെ ജീവിതത്തെക്കൂടി ഓർക്കുക.

ടാറ്റയ്ക്കും ജിൻഡാലിനും വേണ്ടി 

ഒഡീഷ സർക്കാർ കലിംഗ നഗറിൽ നടത്തിയ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട 13 ആദിവാസികളെ ഓർമ്മിക്കുക.(2006, ഫെബ്രുവരി 4).

2007 ഫെബ്രുവരി 27-28 തീയ്യതികളിൽ, രാജ്യം നാളതുവരെ കാണാത്ത രീതിയിൽ ബസ്തർ മേഖലയിൽ നടത്തിയ ‘Manufactured civil war’ ടാറ്റയുടെ ‘ഉരുക്കു സ്വപ്ന’ങ്ങൾക്ക് വേണ്ടിയായിരുന്നുവെന്നും 80000 ത്തോളം ആദിവാസികളെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കെന്ന പോലെ ആട്ടിത്തെളിച്ച് കൊണ്ടു പോയതും ഓർക്കുക.

രത്തൻ ടാറ്റ എൺപത്തിയാറാമത്തെ വയസ്സിൽ വിട പറയുമ്പോൾ ബാക്കിവെച്ചത് 

കോർപ്പറേറ്റ് അത്യാർത്തിയുടെ പാരമ്പര്യമുഖം മാത്രമാണ്.

1991ല്‍ ടാറ്റാ ഗ്രൂപ്പിന്‍റെ ചെയര്‍മാനായി രത്തന്‍ ടാറ്റ അധികാരമേറ്റെടുക്കുമ്പോള്‍ ടാറ്റാ ഗ്രൂപ്പിന്‍റെ വാര്‍ഷിക റവന്യൂ 4 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നുവെന്നും 2012ല്‍ രത്തന്‍ ടാറ്റ റിട്ടയര്‍ ചെയ്യുമ്പോഴേക്കും അത് 100 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്തിയെന്നും അദ്ദേഹത്തിന്‍റെ മരണത്തെത്തുടര്‍ന്ന് എഴുതപ്പെട്ട ലേഖനങ്ങളില്‍ സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പതിനായിരക്കണക്കിന് കോടി രൂപ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച രത്തന്‍ ടാറ്റ രാജ്യത്തെ ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തകനായും വാഴ്ത്തപ്പെട്ടു. ”സാധാരണക്കാരന് സ്വന്തമായൊരു കാര്‍ എന്ന സ്വപ്നത്തിന് ചിറകുമുളപ്പിച്ച വ്യക്തി”, ”കോര്‍പ്പറേറ്റ് കാരുണ്യത്തിന്‍റെ മുഖം” രത്തന്‍ ടാറ്റയെക്കുറിച്ച് ഏതാണ്ടെല്ലാ മാധ്യമങ്ങളും ഒരേസ്വരത്തില്‍ പാടിയ പാട്ടുകളുടെ സാരാംശം ഇതുതന്നെയായിരുന്നു. 

എന്നാല്‍ നാല് ബില്യണ്‍ ഡോളറില്‍ നിന്നും 100 ബില്യണ്‍ ഡോളറിലേക്ക് വാര്‍ഷിക വരുമാനം വര്‍ധിപ്പിച്ച ടാറ്റാ തന്ത്രത്തില്‍ രാജ്യത്തെ പൊതുവിഭവങ്ങള്‍ കൊള്ളയടിക്കപ്പെട്ടതിന്‍റെയോ, നിര്‍ദ്ധനരായ സാധാരണ മനുഷ്യരെ കൊലക്ക് കൊടുത്തതിന്‍റെയോ ചരിത്രം പറയാന്‍ ആരും മെനക്കെട്ടില്ല. കടമ്മനിട്ട ‘ചാക്കാല’ ചൊല്ലിയതുപോലെ:

‘വെറ്റില തിന്നു ചവച്ചു തുപ്പി

കൂട്ടത്തില്‍ കൂടണം നന്മ ചൊല്ലാന്‍.

ഭാഗ്യവാനെന്നേ പറയാവൂ

യോഗ്യതയുച്ചത്തിലോര്‍ക്കേണം

ചാവിന്നു ബന്ധുത്വമേറുമല്ലൊ

ചാവാതിരിക്കൊമ്പോളെന്തുമാട്ടെ.” 

എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍.

‘നാനോ’ കാറിന് പിന്നിലെ ‘മാസ്സീവ്’ തട്ടിപ്പ്

ഒരു ലക്ഷം രൂപക്ക് സാധാരണക്കാരന് ഒരു കാര്‍ എന്ന വാഗ്ദാനവുമായി പശ്ചിമബംഗാളിലെ ഹൂബ്ലി ജില്ലയിലെ സിംഗൂരില്‍ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ തീരുമാനിച്ച ടാറ്റയ്ക്ക് സിംഗൂരിലെ കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിയേണ്ടി വന്നു. തങ്ങളുടെ ഭൂമി സംരക്ഷിക്കാന്‍ പ്രക്ഷോഭത്തിലേര്‍പ്പെട്ട കര്‍ഷകര്‍ക്കെതിരെ പോലീസ് ആക്ഷനടക്കം പ്രയോഗിച്ച് നോക്കിയതിന് ശേഷം മാത്രമാണ് ടാറ്റ പിന്മാറിയത്.

സിംഗൂരിലെ അവസാനത്തെ അടവും പരാജയപ്പെട്ട ടാറ്റയെ തന്‍റെ സംസ്ഥാനത്തേക്ക് ക്ഷണിച്ചുവരുത്തിയത് അക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയായിരുന്നു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ സാനന്ദില്‍ 2010ല്‍ ടാറ്റയുടെ നാനോ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചു. ഒരു ലക്ഷം രൂപയ്ക്ക് കാര്‍ യാഥാര്‍ഥ്യമാക്കിയ ടാറ്റ മഹാത്മാവായി വാഴ്ത്തപ്പെട്ടു.

ആരുടെ പണം?

ബംഗാള്‍ ഗവണ്‍മെന്‍റിന്‍റെ പിടിപ്പുകേടായും മോദിയുടെ സാമര്‍ഥ്യമായും പ്രചരിപ്പിക്കപ്പെടുന്ന നാനോ കഥക്ക് പിന്നില്‍ പൊതുഖജനാവില്‍ നിന്ന് നഷ്ടമാകുന്ന കോടികളുടെ കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ മാത്രമാണ് ആരുടെ പണത്തിന്മേലായിരുന്നു ടാറ്റയുടെ നാനോ സ്വപ്നം പൂവണിഞ്ഞതെന്ന് മനസ്സിലാകൂ.

ചതുരശ്ര മീറ്ററിന് 10,000 രൂപ വിപണി മൂല്യമുള്ള ഭൂമി ടാറ്റയ്ക്ക് പതിച്ചു നല്‍കിയത് 900 രൂപയ്ക്കായിരുന്നുവെന്നത് നാനോ കാറുകളുടെ വാഴ്ത്തുപാട്ടുകാരില്‍ ആരും തന്നെ മിണ്ടിയില്ല. ഇത്രയും തുച്ഛമായ വിലയ്ക്ക് 1,106 ഏക്കര്‍ ഭൂമിയാണ് സാനന്ദില്‍ നാനോ ഫാക്ടറിക്കായി നല്‍കപ്പെട്ടത്. സാനന്ദ് ഭൂമി ഇടപാടില്‍ യാതൊരു വിധ സ്റ്റാമ്പ് ഡ്യൂട്ടിയും ടാറ്റയ്ക്ക് നല്‍കേണ്ടി വന്നില്ല. ഈയൊരു ഭൂമി ഇടപാടിലൂടെ മാത്രം ടാറ്റ ഗ്രൂപ്പ് ലാഭിച്ചത് 33,000 കോടി രൂപയായിരുന്നു. തീര്‍ന്നില്ല, തുച്ഛമായ ഈ ഭൂമി വിലപോലും തവണകളായി അടക്കാനുള്ള സൗകര്യവും ഗവണ്‍മെന്‍റ് അനുവദിച്ചുകൊടുത്തു. സാനന്ദിലെ നാനോ ഫാക്ടറിക്കായി 9,570 കോടി രൂപ പൊതുമേഖലാ ബാങ്കില്‍ നിന്ന് കടമായി അനുവദിച്ചത് കേവലം 0.01% പലിശ നിരക്കിലായിരുന്നു. അതും 20 വര്‍ഷത്തെ മൊറൊട്ടോറിയത്തോടെ!!! കമ്പനിയിലേക്കുള്ള റോഡ്, റെയില്‍ സൗകര്യങ്ങള്‍ സര്‍ക്കാര്‍ വക വേറെയും!!! 14000 ഘന മീറ്റര്‍ വെള്ളം ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്കായി സൗജന്യമായി അനുവദിച്ചുകൊടുത്തു. വൈദ്യുതി ഇരുപത്തിനാലു മണിക്കൂറും ഇടതടവില്ലാതെ നികുതി ഭാരങ്ങളില്ലാതെ നല്‍കപ്പെട്ടു. 

ടാറ്റയുടെ ഒരു നാനോ കാര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുകടക്കുമ്പോഴേക്കും 60,000 രൂപയിലധികം പൊതുഖജനാവില്‍ ചെലവഴിക്കപ്പെട്ടിരുന്നുവെന്ന സത്യം മാത്രം ആരും പറഞ്ഞില്ല. സാനന്ദില്‍ ആനന്ദതുന്ദിലനായ ടാറ്റ സന്തോഷം സഹിക്കവയ്യാതെ വിളിച്ചുപറഞ്ഞു; ‘You are stupid if you are not in Gujarat’

പ്രതിവര്‍ഷം 2,50,000 നാനോ കാറുകള്‍ നിര്‍മ്മിക്കുമെന്നായിരുന്നു ടാറ്റാ കമ്പനി അവകാശപ്പെട്ടിരുന്നത്. 2010ല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഏതാണ്ട് 3 ലക്ഷം കാറുകള്‍ മാത്രമേ ടാറ്റയുടെ നാനോ ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുകയുണ്ടായുള്ളൂ എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2019ല്‍ കേവലം 319 നാനോ കാര്‍ മാത്രമായിരുന്നു സാനന്ദ് ഫാക്ടറിയില്‍ നിര്‍മ്മിക്കപ്പെട്ടത്. 2020ല്‍ നാനോ നിര്‍മ്മാണം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചു. സാധാരണക്കാരന്‍റെ കാര്‍ സ്വപ്നം യാഥാര്‍ഥ്യമാക്കിയ ടാറ്റയുടെ വിശാല മനസ്സിനെക്കുറിച്ച് വായ്ത്താരി ചൊല്ലുന്നവര്‍ ആരും തന്നെ ഈ കണക്കുകളോ യാഥാര്‍ഥ്യങ്ങളോ ജനങ്ങളോട് പറയാന്‍ മെനക്കെട്ടില്ല.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത തുച്ഛമായ കടം തിരിച്ചടക്കാന്‍ സാധിക്കാതെ ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യയെ അഭയം പ്രാപിച്ചുകൊണ്ടിരുന്ന അതേ കാലയളവിലാണ് വ്യാവസായിക വികസനത്തിന്‍റെയും തൊഴില്‍ സൃഷ്ടിയുടെയും പേരില്‍ ടാറ്റയ്ക്ക് ഈ രീതിയില്‍ അസാധാരണാംവിധമുള്ള സൗജന്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തുകൊടുത്തുകൊണ്ടിരുന്നത്.

(2013 ജൂണ്‍ 23-29 ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഞാന്‍ എഴുതിയ ‘ഗുജറാത്തിലെ വംശഹത്യാനന്തര വികസനം’ എന്ന ലേഖനത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വായിക്കാം)

ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാന്‍ നിയമവിരുദ്ധ സ്വകാര്യ സേനയ്ക്ക് സഹായം നല്‍കിയ ടാറ്റ

2005 ജൂണ്‍ 4

ഛത്തീസ്ഗഢിലെ ബസ്തര്‍ ജില്ലയിലെ ലോഹാന്‍ഡിഗുഡയില്‍ മെഗാ സ്റ്റീല്‍ പ്ലാന്‍റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടാറ്റാ സ്റ്റീല്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി 19,500 കോടി രൂപയുടെ പദ്ധതി സംബന്ധിച്ച MoU ഒപ്പുവെക്കുന്നു. ലോഹാന്‍ഡിഗുഡയിലെ 10ഓളം ഗ്രാമങ്ങളില്‍ നിന്നായ് ഏതാണ്ട് 2000 ഹെക്ടര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റൈടുത്ത് ടാറ്റയ്ക്ക് നല്‍കണം എന്നായിരുന്നു കരാറിലെ ഒരു വ്യവസ്ഥ. 1700ഓളം കര്‍ഷകരെ നേരിട്ട് ബാധിക്കുന്നതായിരുന്നു പദ്ധതി. പദ്ധതി സംബന്ധിച്ച ആലോചനകള്‍ ആരംഭിച്ച കാലംതൊട്ടുതന്നെ ഭൂമി വിട്ടുനല്‍കുന്നതില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് കര്‍ഷകര്‍ അധികാരികളെ അറിയിച്ചിരുന്നു.

ജൂണ്‍ 4ന്, ടാറ്റാ സ്റ്റീല്‍ കമ്പനി അധികൃതര്‍ ഛത്തീസ്ഗഢ് സര്‍ക്കാരുമായി കരാര്‍ ഒപ്പിടുന്ന അതേ അവസരത്തില്‍ ബസ്തര്‍ ജില്ലയിലെ കാന്‍കേര്‍ ബ്ലോക്കിലെ മാട്ട്‌വാഡ ഗ്രാമത്തില്‍ സല്‍വാ ജുദൂം എന്ന സ്വകാര്യ സേനയുടെ ആദ്യ പൊതുയോഗവും നടന്നു.

ബിജെപി മുഖ്യമന്ത്രി രമണ്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റ് ഭരണത്തിലിരിക്കുമ്പോഴായിരുന്നു ടാറ്റയുമായുള്ള ഈ കരാര്‍ ഒപ്പുവെക്കപ്പെട്ടത്. അതേസമയം സല്‍വാ ജുദൂം എന്ന നിയമവിരുദ്ധ സ്വകാര്യ സേനയെ സംഘടിപ്പിക്കുന്നതിന് മുന്‍കൈ എടുത്തത് കോണ്‍ഗ്രസ്സ് എംഎല്‍എ ആയിരുന്ന മഹേന്ദ്ര കര്‍മ്മയും!!! മഹേന്ദ്ര കര്‍മ്മ അക്കാലത്ത് ഛത്തീസ്ഗഢില്‍ അറിയപ്പെട്ടിരുന്നത് രമണ്‍ സിംഗ് മന്ത്രിസഭയിലെ 16ാമത്തെ മന്ത്രി എന്ന നിലയിലായിരുന്നു. ഭരണ-പ്രതിപക്ഷ നേതൃത്വങ്ങളും വ്യവസായികളും എത്രമാത്രം ഒത്തൊരുമയോടെയായിരുന്നു ആദിവാസികളില്‍ നിന്നും ഭൂമി തട്ടിപ്പറിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നുവെന്നത് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും.

കലിംഗ നഗറില്‍ 2006 ജനുവരി 2ന് ടാറ്റയുടെ സ്റ്റീല്‍പ്ലാന്‍റിനെതിരായി നടന്ന പ്രതിഷേധത്തിനെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട 13 ഗ്രാമീണരുടെ ശവസംസ്‌കാര ചടങ്ങിന്‍റെ ദൃശ്യം

‘സല്‍വാ ജുദൂം’ എന്ന വാക്കിന് സമാധാനപരമായ മുന്നേറ്റം എന്നാണര്‍ഥം. ഛത്തീസ്ഗഢിലെ ധാതുനിക്ഷേപങ്ങളില്‍ കണ്ണുവെച്ച് വന്‍കിട വ്യവസായികളുടെ സാമ്പത്തിക പിന്തുണയോടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആശീര്‍വ്വാദത്തോടെയും രൂപീകരിച്ച ഈ സംഘടനക്ക് ടാറ്റ ഗ്രൂപ്പ് വന്‍തോതിലുള്ള സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്ന് പിന്നീട് വെളിപ്പെട്ടു.

ഭൂമി ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയര്‍ത്തുന്ന ഗ്രാമീണരെ ഭീഷണിപ്പെടുത്തി അവരുടെ ഭൂമിയില്‍ നിന്നും കുടിയിറക്കുക എന്നതായിരുന്നു സല്‍വാ ജൂദൂമിന്റെ പ്രാഥമിക ജോലി. ദണ്ഡേവാദയില്‍ ശക്തമായിരുന്ന ഇടത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായുള്ള മുന്നേറ്റം എന്ന നിലയിലായിരുന്നു ഇതിനെ അവതരിപ്പിച്ചത്. സല്‍വാ ജുദൂമിന്‍റെ കാലാള്‍പ്പടയില്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ആദിവാസികളായിരുന്നുവെങ്കിലും അതിന്‍റെ നേതൃസ്ഥാനത്ത് മുഴുവനായും തന്നെ ആദിവാസിയേതര വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു എന്നതായിരുന്നു യാഥാര്‍ഥ്യം.

2007ല്‍ സുപ്രീം കോടതി സല്‍വാ ജുദൂമിനെ നിയമവിരുദ്ധ സേനയായി പ്രഖ്യാപിക്കുന്നതുവരെയുള്ള കാലയളവില്‍ ഏതാണ്ട് 644 ഗ്രാമങ്ങളില്‍ നിന്നായി 1 ലക്ഷം മുതല്‍ 3 ലക്ഷം വരെ (ഇതുസംബന്ധിച്ച കണക്കുകള്‍ ഇപ്പോഴും വ്യക്തമല്ല) ആദിവാസി ഗ്രാമീണരെ അവരുടെ വാസസ്ഥലങ്ങളില്‍ നിന്ന് കുടിയൊഴിപ്പിച്ച് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയുണ്ടായി. തോക്കുകളും ലാത്തികളും അടക്കമുള്ള ആയുധങ്ങള്‍ നല്‍കിയായിരുന്നു സല്‍വാ ജുദൂം സേനയെ ഗ്രാമങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതിനായി കയറഴിച്ചുവിട്ടത്.

സല്‍വാ ജുദൂമിന്റെ പിറവിക്ക് പിന്നില്‍ ടാറ്റ മാത്രമാണെന്ന് ആരോപിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യമാണ്. എസ്സാര്‍, ജിന്‍ഡാല്‍ എന്നിവ അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഭരണാധികാരികളുടെ ഒത്താശയോടെ ജനങ്ങളെ നിയമവിരുദ്ധമായി ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സല്‍വാ ജുദൂമിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ലെങ്കിലും സല്‍വാ ജുദൂം സേനാംഗങ്ങള്‍ സ്‌പെഷല്‍ പോലീസ് ഓഫീസര്‍ പദവി നല്‍കിക്കൊണ്ട് ഗ്രാമങ്ങളില്‍ അഴിഞ്ഞാടാന്‍ അവസരം നല്‍കുകയുണ്ടായി എന്ന് സല്‍വാ ജൂദൂമിനെക്കുറിച്ച് പിന്നീട് നടത്തിയ ജനകീയാന്വേഷണത്തില്‍ വെളിപ്പെടുകയുണ്ടായി. നൂറുകണക്കായ ഗ്രാമീണരെ കൊന്നൊടുക്കിയും സ്ത്രീകള്‍ക്കെതിരായി അക്രമങ്ങള്‍ അഴിച്ചുവിട്ടും ആയിരുന്നു ഗ്രാമീണ മേഖലയില്‍ നിന്ന് ക്യാമ്പുകളിലേക്ക് ആദിവാസികളെ എത്തിച്ചിരുന്നത്. സല്‍വാ ജൂദൂമിനെ സംബന്ധിച്ച് രാമചന്ദ്ര ഗുഹയുടെയും നന്ദിനി സുന്ദറുടെയും നേതൃത്വത്തില്‍ രൂപീകരിച്ച ഇന്‍ഡിപെന്‍റന്‍റ് സിറ്റിസണ്‍സ് ഇനീഷ്യേറ്റീവ് 2006 ജൂലൈ 20ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിശദമായി അവതരിപ്പിക്കുന്നുണ്ട്. (റിപ്പോര്‍ട്ട് പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്).

ജനകീയ ചെറുത്തുനില്‍പ്പുകളെ തുടര്‍ന്ന് ടാറ്റയുടെ ബസ്തറിലെ സ്റ്റീല്‍ പ്ലാന്‍റ് സ്വപ്നം തകര്‍ന്നുവെങ്കിലും തങ്ങളുടെ ഭൂമിയില്‍ നിന്നും ബലംപ്രയോഗിച്ച് കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങള്‍ക്ക് തങ്ങളുടെ ഭൂമി തിരികെ ലഭിക്കാന്‍ പിന്നെയും പോരാട്ടം നടത്തേണ്ടി വന്നു. 2016ന് ടാറ്റാ സ്റ്റീല്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ചു. 2016ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഭൂപേന്‍ ഭാഗല്‍ ടാറ്റയ്ക്ക് ഏറ്റെടുത്ത ഭൂമി ജനങ്ങള്‍ക്ക് തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചു. എങ്കില്‍ക്കൂടിയും 2019ല്‍ മാത്രമാണ് 1764.61 ഹെക്ടര്‍ ഭൂമി തിരികെ ജനങ്ങള്‍ക്ക് നല്‍കുന്നതായി അറിയിച്ചുകൊണ്ടുള്ള ഉത്തരവ് ഛത്തീസ്ഗഢ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്.

ഛത്തീസ്ഗഢ് അടക്കമുള്ള ആദിവാസി ഇടനാഴികളിലെ ധാതുക്കളിന്മേല്‍ കണ്ണുവെച്ച് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ‘strategic hamletting തന്ത്രങ്ങള്‍ക്ക് അടിത്തറപാകിയത് ‘മൃഗസ്‌നേഹി’യെന്നും ‘ആതുരസേവകനെ’ന്നും ‘കോര്‍പ്പറേറ്റ് ലോകത്തിന്‍റെ കാരുണ്യമുഖ’മെന്നും പാടിപ്പുകഴ്ത്തപ്പെടുന്ന ഇതേ ടാറ്റ തന്നെയാണ് എന്നുകൂടി ഓര്‍ക്കുക.

Latest articles

Leave a comment