പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഡോ.എം.വി.രമണയുടെ Nuclear is not the solution: The folly of atomic power in the age of climate change എന്ന പുസ്തകത്തിന്‍റെ വായന.
രാഷ്ട്രീയ/സാമൂഹ്യ മേഖലകളിലെ ചില സംവാദ വിഷയങ്ങള്‍ അതത് കാലങ്ങളില്‍ അത്ഭുതാവഹമായ രീതിയില്‍ മേല്‍ക്കൈ നേടുകയോ പിന്നീട് പിന്തള്ളപ്പെടുകയോ ചെയ്യാറുണ്ടെന്ന് നമുക്കറിയാം. ആണവോര്‍ജ്ജവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സമാനമായ അവസ്ഥയെ നേരിടുകയാണെന്ന് അനുഭവങ്ങള്‍ സൂചിപ്പിക്കുന്നു. ഊര്‍ജ്ജ പ്രതിസന്ധിക്ക് ആണവോര്‍ജ്ജം ഒരു പരിഹാരമാണെന്ന വാദം തൊണ്ണൂറുകളിൽ അതിശക്തമായ എതിര്‍പ്പിനെ നേരിടുകയോ പരിഹസിക്കപ്പെടുകയോ ചെയ്തിരുന്നത് നാം കണ്ടതാണ്. എന്നാല്‍ രണ്ട്-രണ്ടരപ്പതിറ്റാണ്ടിനിപ്പുറത്ത് കാര്യങ്ങള്‍ മാറിമറിയുന്നതും നാം കാണുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഹരിതോര്‍ജ്ജങ്ങള്‍ക്കായുള്ള അന്വേഷണം ആണവോര്‍ജ്ജ സാങ്കേതിക വിദ്യകളുടെ പുനരുദ്ധാരണത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. ഏറെയൊന്നുമില്ലെങ്കിലും, നിരാശയിലകപ്പെട്ട ഏതാനും ചില മുന്‍നിര പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി ശാസ്ത്രജ്ഞരും അടക്കമുള്ളവര്‍ ആണവോര്‍ജ്ജത്തിനായുള്ള വാദത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നതാണ് പുതുകാല കാഴ്ചകള്‍!!
ആഗോള കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഊര്‍ജ്ജാവശ്യങ്ങള്‍ക്കുള്ള പരിഹാരമെന്ന നിലയില്‍ ആണവ സാങ്കേതിക വിദ്യയെ ഉയര്‍ത്തിക്കാട്ടുന്നവരില്‍ വിവിധ മേഖലകളിലുള്ളവര്‍ ഉണ്ട്. അതിലൊരാള്‍ മൈക്രോസോഫ്റ്റ് കമ്പനി ഉടമയായ ബില്‍ ഗേറ്റ്‌സ് ആണ്. ബില്‍ ഗേറ്റ്‌സ് 2021-ല്‍ ‘എങ്ങിനെ ഒരു കാലാവസ്ഥാ ദുരന്തം ഒഴിവാക്കാം’ (How to Avoid a Climate Disaster) എന്ന പേരില്‍ ഒരു പുസ്തകം എഴുതുകയും തന്‍റെ സ്വാധീനം മുഴുവന്‍ ഉപയോഗപ്പെടുത്തി അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പുതുതായി ഉടലെടുത്ത കാലാവസ്ഥാ പ്രതിസന്ധിയെ സാമ്പത്തിക നേട്ടമാക്കി മാറ്റുന്നതിന് ആണവോര്‍ജ്ജത്തെ ഉപയോഗപ്പെടുത്താനും തന്‍റെ തന്നെ സ്ഥാപനമായ ‘ടെറാ പവറി’നെ ‘ന്യൂ ജനറേഷന്‍ ന്യൂക്ലിയര്‍ പവര്‍’ പ്രൊജക്ടുകളുടെ തലപ്പത്തിരുത്താനുമായിരുന്നു ഇതിലൂടെ ഗേറ്റ്‌സ് ശ്രമിച്ചത്. 2021-ല്‍ സിഎന്‍ബിസിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഗേറ്റ്‌സ് അഭിപ്രായപ്പെട്ടു: ‘There’s a new generation of nuclear power that solves the economics, which has been the big, big problem.’

2006-ല്‍ സ്ഥാപിതമായ ‘ടെറാപവര്‍’ (Terra Power) കമ്പനിയില്‍ ബില്‍ ഗേറ്റ്‌സിന്‍റെ സ്വന്തം നിക്ഷേപം എത്രയുണ്ട് എന്നതും ടെറാ പവറിന്‍റെ സാമ്പത്തിക രേഖകള്‍ പൊതുവായി ലഭ്യമാകാതിരിക്കുന്നതും രഹസ്യസ്വഭാവം പുലര്‍ത്തുന്നതും സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം മാത്രം ആനുഷംഗികമായി ഇവിടെ സൂചിപ്പിക്കാനാഗ്രഹിക്കുന്നു.
ആണവോര്‍ജ്ജ സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട് പുതുതായി വികസിപ്പിച്ചെടുത്ത ചെറുകിട മോഡുലാര്‍ റിയാക്ടറുകളെ (Small Modular Reactor-SMR) ചൂണ്ടിക്കാട്ടി പുതിയ നിലയ മാതൃകകള്‍ ചെലവ് കുറഞ്ഞതും അപകടരഹിതവും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതും ആണെന്നതടക്കമുള്ള നിരവധി അവകാശവാദങ്ങള്‍ അതിന്‍റെ വക്താക്കള്‍ ഉയര്‍ത്തുന്നുണ്ട്. എന്തായാലും ആഗോള തലത്തില്‍ തന്നെ ഒരു ആണവ നവോത്ഥാനത്തി(nuclear renaissance)നായുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെന്ന കാര്യത്തില്‍ സന്ദേഹമൊന്നുമില്ല.
ആണവോര്‍ജ്ജ സാങ്കേതിക വിദ്യയെ എതിര്‍ക്കുന്ന വിഭാഗങ്ങള്‍ അതിനെതിരായി തൊടുത്തുവിടുന്ന പ്രധാനവാദം ആണവ വൈദ്യുതി ചെലവു കൂടിയതാണെന്നും, അവയിലെ അവശിഷ്ട ഇന്ധന മാലിന്യങ്ങള്‍ അടക്കം സംസ്‌കരിക്കുന്നതിന് സുരക്ഷിതമായ ഒരു മാര്‍ഗ്ഗവും ഇന്ന് നിലവിലില്ലെന്നും ആണവായുധവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു എന്നതുകൊണ്ടുതന്നെ ആണവ സാങ്കേതിക വിദ്യ സംബന്ധിച്ച കാര്യങ്ങളില്‍ രഹസ്യാത്മകത നിലനില്‍ക്കുന്നുവെന്നും ആണ്.
കാലാവസ്ഥാ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ആണവോര്‍ജ്ജ സാങ്കേതികവിദ്യകളെ തിരികെപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങള്‍ എത്രമാത്രം യുക്തിസഹമാണെന്നും ചെറുകിട മോഡുലാര്‍ റിയാക്ടറുകളടക്കം ഈ മേഖലയിലെ പുതിയ കണ്ടുപിടുത്തങ്ങള്‍ എത്രമാത്രം സുരക്ഷിതവും അവകാശപ്പെടുന്നതുപോലെ ചെലവുകുറഞ്ഞതാണെന്നും ആഗോള ഊര്‍ജ്ജ മിശ്രിതത്തില്‍ ആണവോര്‍ജ്ജത്തിന്‍റെ സംഭാവന എന്തുകൊണ്ട് ഉയരാന്‍ പോകുന്നില്ലെന്നും മനസ്സിലാക്കാന്‍, ആണവ ശാസ്ത്രജ്ഞനായ ഡോ.എം.വി.രമണ എഴുതിയ, അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ പുസ്തകമായ, Nuclear is not the solution: The folly of atomic power in the age of climate change വായിച്ചാല്‍ മതിയാകും.
ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയില്‍ പ്രൊഫസറും സൈമണ്‍സ് ചെയര്‍ ഇന്‍ ഡിസാര്‍മമെന്‍റ് ആന്‍റ് പബ്ലിക് പോളിസിയുടെ തലവനും ആയ ഡോ.രമണ ആണവോര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട് ഡസന്‍ കണക്കിന് ശാസ്ത്ര ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആണവോര്‍ജ്ജ രംഗത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ‘The power of promise: Examining nuclear energy in India’ എന്ന പുസ്തകം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്.
ഇന്‍റര്‍നാഷഴൃണല്‍ ന്യൂക്ലിയര്‍ റിസ്‌ക് അസസ്സ്‌മെന്‍റ് ഗ്രൂപ്പ് അംഗം, ഇന്‍റര്‍നാഷണല്‍ പാനല്‍ ഓണ്‍ ഫിസൈല്‍ മെറ്റീരിയല്‍ അംഗം, ഇന്‍റര്‍നാഷണല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദ പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാറിന്‍റെ സയന്‍റിഫിക്ക് അഡ്വെെസറി ബോര്‍ഡ് അംഗം, കനേഡിയന്‍ പഗ്‌വാഷ് ഗ്രൂപ്പ് അംഗം എന്നീ നിലകളില്‍ നിരവധി അന്താരാഷ്ട്ര സംഘടനകളില്‍ അംഗമാണ് ജനനം കൊണ്ട് മലയാളി കൂടിയായ ഡോ.എം.വി.രമണ.
ആണവോര്‍ജ്ജ സാങ്കേതിക വിദ്യ ചെലവുകൂടിയതാണെന്ന് ഡോ. രമണ വാദിക്കുമ്പോള്‍ പിന്നെ എന്തുകൊണ്ടാണ് ടെറാ പവര്‍ അടക്കമുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ ആണവ നിലയങ്ങള്‍ സ്ഥാപിക്കുവാന്‍ മുന്നോട്ടുവരുന്നതെന്ന ചോദ്യം പ്രധാനമായും നമ്മുടെ മുന്നിലേക്ക് വരുന്നു. അതിനുള്ള ഉത്തരം അദ്ദേഹം പറയുന്നത്, ആണവോര്‍ജ്ജ വ്യവസായം നിലനില്‍ക്കുന്നത് സര്‍ക്കാര്‍ പിന്തുണയുള്ളതുകൊണ്ടു മാത്രമാണ് എന്നതാണ്. വൈദ്യുതി ബില്ലുകളിലൂടെയും നികുതികളിലൂടെയും, ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും മാലിന്യങ്ങള്‍ സംഭരിക്കുന്നതിനുമായി വന്‍തോതിലുള്ള സൗജന്യങ്ങള്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ആണവ വൈദ്യുതി നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്നുണ്ടെന്നത് വസ്തുതയാണ്. ഗവണ്‍മെന്‍റുകള്‍ സബ്സിഡികള്‍ നല്‍കുകയും വൈദ്യുതി വിപണിയെ ആണവോര്‍ജ്ജത്തിന് അനുകൂലമാക്കുകയും വ്യവസായവുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഗവണ്‍മെന്‍റ് സബ്‌സിഡികള്‍ കൂടാതെ ആണവ വൈദ്യുതി ഉത്പാദനം സാധ്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്രയും സൗജന്യങ്ങള്‍ നല്‍കി, ഒരു വെള്ളാനയെ എന്തിന് പോറ്റണം എന്നതായിരിക്കും സ്വാഭാവികമായും അടുത്തതായി നമ്മുടെ മനസ്സില്‍ ഉയരുന്ന ചോദ്യം. ആണവായുധങ്ങളുമായി ആണവ നിലയങ്ങള്‍ക്കുള്ള ബന്ധമല്ലാതെ മറ്റൊന്നുമല്ല അതിന് കാരണം എന്ന് ആണവായുധ മേഖലയെ സംബന്ധിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുള്ള രമണ ഉറപ്പിച്ചുപറയുന്നു. ”ഒരു രാജ്യത്തിന്‍റെ സുരക്ഷയും ശക്തിയും പ്രത്യക്ഷത്തില്‍ ഉറപ്പുനല്‍കുന്ന ആണവായുധങ്ങളുമായി അത് എത്രത്തോളം ദൃഢമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് സര്‍ക്കാരുകള്‍ ഇത്രയധികം പണം ആണവ നിലയ നിര്‍മ്മാണങ്ങളിലേക്ക് മുടക്കാനുള്ള പ്രധാന കാരണം”. രമണ പറയുന്നു, ”സാങ്കേതികമായി പറഞ്ഞാല്‍, ഒരു ന്യൂക്ലിയര്‍ റിയാക്ടര്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള കൂടുതല്‍ ശേഷി ഉണ്ടാകും എന്നാണ് അര്‍ത്ഥം”.
ആണവ വൈദ്യുതി ചെലവ് കുറഞ്ഞതും സുരക്ഷിതവും ആണെന്ന് നിലയ വിദ്വാന്മാര്‍ വാദിക്കുമ്പോഴും കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തിനിടയില്‍ ആഗോള ആണവ വൈദ്യുതി ഉത്പാദനം ഏതാണ്ട് പകുതിയോളം ആയി കുറഞ്ഞുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗോള ഊര്‍ജ്ജ മിശ്രിതത്തില്‍ ആണവോര്‍ജ്ജത്തിന്‍റെ പങ്ക് 1997-ല്‍ 16.7% ഉണ്ടായിരുന്നത് 2022 ആയപ്പോഴേക്കും 9.2% ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്കല്‍ റിവ്യൂ ഓഫ് വേള്‍ഡ് എനര്‍ജി നല്‍കുന്ന ഡാറ്റയെ വിശകലനം ചെയ്ത് ഡോ.രമണ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ കാരണമായി ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നത് ആണവ നിലയങ്ങളുടെ ഉയര്‍ന്ന നിര്‍മ്മാണ ചെലവും അവയുടെ നിര്‍മ്മാണ കാലയളവിലെ ദൈര്‍ഘ്യവുമാണ്. ആഗോള കാലാവസ്ഥാ യുദ്ധത്തില്‍ ആണവോര്‍ജ്ജം ഒരു പരിഹാരമാകാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ കാലദൈര്‍ഘ്യം കൂടിയാണ്. ഒരു ആണവ നിലയം ആസൂത്രണം ചെയ്യാനും നിര്‍മ്മിക്കാനും കുറഞ്ഞത് 15 മുതല്‍ 20 വര്‍ഷം വരെ എടുക്കും, നിലവില്‍ അതിനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പല രാജ്യങ്ങളിലും ഈ കാലദൈര്‍ഘ്യം പിന്നെയും കൂടിയിരിക്കും.
‘വികിരണ കോളനികള്‍ (radioactive colonies): ‘ശുദ്ധ ഊര്‍ജ്ജരൂപങ്ങളു’ടെ പിന്നാമ്പുറങ്ങള്‍
ആണവ ഊര്‍ജ്ജോത്പാദനം എത്രമാത്രം സുരക്ഷിതവും വൃത്തിയുള്ളതുമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനായി, ആണവോര്‍ജ്ജ വകുപ്പ്, വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും, പത്രപ്രവര്‍ത്തകരെയും അവരുടെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി, ആണവ നിലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ക്ഷണിക്കാറുണ്ട്. അവരുടെ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ഭംഗിയുള്ളതും തിളക്കമാര്‍ന്നതുമായ ബ്രോഷറുകള്‍, ഓഫീസ് പരിസരങ്ങള്‍, അവിടെ എല്‍സിഡി പ്രൊജക്ടറുകളുടെയും നിലയ മാതൃകകളുടെയും സഹായത്തോടെ വളരെ ആകര്‍ഷകമായ രീതിയിലുള്ള നിലയ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരണങ്ങള്‍ എന്നിവ പൊതുവില്‍ ആണവോര്‍ജ്ജത്തെ സംബന്ധിച്ച ആശങ്കകള്‍ അകറ്റുന്നവയാണെന്നതില്‍ സന്ദേഹമൊന്നുമില്ല. പബ്ലിക് റിലേഷന്‍സിലും ദേശീയ ശാസ്ത്ര നയങ്ങള്‍ നിശ്ചയിക്കുന്നതിലും ആണവോര്‍ജ്ജ വകുപ്പിന്‍റെ മേല്‍ക്കൈ എക്കാലവും പ്രസിദ്ധമാണല്ലോ.
പക്ഷേ, ആണവോര്‍ജ്ജ വകുപ്പ് നടത്തുന്ന ‘കണ്ടക്ടഡ് ടൂറുകള്‍’ നിങ്ങളെ ഒരിക്കലും കാണിച്ചുതരാത്ത ചില പ്രദേശങ്ങളുണ്ട്. ആണവ ഇന്ധന ചക്രത്തിലെ ഏറ്റവും പ്രാഥമിക മേഖലയായ യുറേനിയം ഖനന പ്രദേശങ്ങളാണവ.
ആണവോര്‍ജ്ജോത്പാദനത്തിന്‍റെ ഏറ്റവും പ്രാഥമിക നടപടിയെന്നത് ആണവ ഇന്ധനമായ യുറേനിയം ഖനനമാണ്. ഖനനം (Mining), പൊടിക്കല്‍ (Milling), ഇന്ധന ദണ്ഡുകളുടെ നിര്‍മ്മാണം (fuel fabrication) തുടങ്ങിയ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയാല്‍ മാത്രമേ ആണവോര്‍ജ്ജ ഇന്ധനം തയ്യാറാക്കപ്പെടുകയുള്ളൂ. ഈ പ്രക്രിയയ്ക്കിടയില്‍ ഭൂമിക്കടിയില്‍ സുരക്ഷിതമായിരുന്ന ആണവ വികിരണ വസ്തുക്കളെ, അവയുടെ വിവിധ രൂപങ്ങളിലൂടെ, ഉപരിതലത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇതോടെ വെള്ളം, ഭൂമി എന്നിവയെല്ലാം വികിരണ മാലിന്യങ്ങളുമായി സമ്പര്‍ക്കത്തിലാകുന്നു.
യുറേനിയം ഇന്ധന ചക്ര(fuel cycle)ത്തിലെ ഈ പ്രഥമിക പ്രക്രിയകള്‍ സൃഷ്ടിക്കുന്ന മലിനീകാരികളായ വികിരണ വസ്തുക്കളെക്കുറിച്ച് ഡോ. രമണ തന്‍റെ പുസ്തകത്തില്‍ ഇങ്ങിനെ വിശദീകരിക്കുന്നു. ”ഈ പ്രക്രിയ, സാധാരണയായി ‘മില്‍ ടെയിലിംഗ്‌സ്’ (mill tailings) എന്ന് വിശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ വലിയ അളവില്‍ സൃഷ്ടിക്കുന്നു. ഖനന-സംസ്‌കരണ മേഖലയോട് ചേര്‍ന്നുനില്‍ക്കുന്ന ടെയിലിംഗ് ഡാമുകളില്‍ ശേഖരിക്കപ്പെടുന്ന ഈ മാലിന്യങ്ങളില്‍ ഘന ലോഹങ്ങളുടെയും (heavy metals) ആണവ വികിരണ വസ്തുക്കളുടെയും (radioactive materials) വിഷ മിശ്രിതം അടങ്ങിയിരിക്കുന്നു. ആദ്യഘട്ടത്തില്‍ മോളിബ്ഡിനം(molybdenum), ആര്‍സെനിക്(arsenic), വനേഡിയം(vanadium) എന്നിവയും, രണ്ടാമത്തേതില്‍ തോറിയം-230(thorium-230), റേഡിയം-226(radium-226) എന്നിവയും ഉള്‍പ്പെടുന്നു. റേഡിയം-226 റേഡിയോ ആക്ടീവ് റാഡോണ്‍ വാതക(radon gas)മായി വിഘടിക്കുകയും വായുവുമായി കൂടിച്ചേര്‍ന്ന് വിദൂരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഈ വികിരണ വസ്തുക്കള്‍ കൈകാര്യം ചെയ്യുക എന്നത് എളുപ്പമല്ല.”
മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഒരു സാങ്കല്പിക സാധ്യതകള്‍ മാത്രമാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍ ന്യൂ മെക്‌സിക്കോയിലെ ചര്‍ച്ച് റോക്ക് അടക്കമുള്ള വിവിധ പ്രദേശങ്ങളിലെ യുറേനിയം ഖനന മേഖലകളിലെ വികിരണ വ്യാപനത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ ഡോ.രമണ തന്റെ പുസ്തകത്തിലൂടെ നല്‍കുന്നു. അരിസോണയിലെ നവാജോ കൗണ്ടിയില്‍ ജനങ്ങളുടെ ഏക ശുദ്ധജല സ്രോതസ്സ് ആണവ മലിനീകരണത്തിന് വിധേയമാക്കപ്പെട്ടതിനെക്കുറിച്ചും ഔദ്യോഗിക സംവിധാനം അതിനോട് പ്രതികരിച്ച രീതിയെക്കുറിച്ചും പുസ്തകം വിശദീകരിക്കുന്നു.
ആണവോര്‍ജ്ജ സാങ്കേതിക വിദ്യയുടെ പ്രയോക്താക്കള്‍ തങ്ങളുടെ ഊര്‍ജ്ജ മിശ്രിത(energy mix)ത്തില്‍ ഏറ്റവും കൂടുതല്‍ ആണവ വൈദ്യുതിയെ ആശ്രയിക്കുന്ന ഫ്രാന്‍സിനെ ഉയര്‍ത്തിക്കാട്ടി സംസാരിക്കുന്നത് നാം പലപ്പോഴും കണ്ടുവരുന്നതാണ്. എന്നാല്‍ ഇക്കൂട്ടര്‍ പറയാതെ മറച്ചുവെക്കുന്ന സുപ്രധാന കാര്യം ഫ്രാന്‍സ് അവരുടെ ആണവ ഇന്ധനത്തിനായി -സ്വാഭാവിക യുറേനിയം- പൂര്‍ണ്ണമായും ആശ്രയിക്കുന്നത് ആഫ്രിക്കയുടെ യുറേനിയം റിസര്‍വ്വിനെയാണ്. ആഫ്രിക്കയെ കോളനി മുക്തമാക്കുന്നതിന്‍റെ ഭാഗമായി 1950-60-കളില്‍ ആഫ്രിക്കയിലെ യുറേനിയം നിക്ഷേപത്തിന്മേല്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ ഫ്രാന്‍സിന് സാധിച്ചിരുന്നു. ‘വികിരണ കോളനീകരണം’ (radiation colonialism) എന്ന് വാര്‍ഡ് ചര്‍ച്ചിലും(Ward Churchill) വിനോന ലാഡ്യൂക്കും (Winona LaDuke) വിശേഷിപ്പിച്ച ആണവ മാലിന്യ ഭാരം പേറാന്‍ വിധിക്കപ്പെട്ട തദ്ദേശീയ ജനതയെക്കുറിച്ച് ആരും ഉത്കണ്ഠാകുലരായിരുന്നില്ലെന്നതാണ് സത്യം. ഇതോടൊപ്പം ഫ്രാന്‍സിന്‍റെ ഊര്‍ജ്ജ മിശ്രിതത്തില്‍ 70%-ത്തോളം ഉണ്ടായിരുന്ന ആണവ വൈദ്യുതി 2025 ആകുമ്പോഴേക്കും 50% ആയി കുറയ്ക്കാന്‍ 2014-ല്‍ ഫ്രഞ്ച് ഗവണ്‍മെന്‍റ് തീരുമാനിച്ച കാര്യവും ആണവോര്‍ജ്ജ അനുകൂലികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവെക്കുമെന്ന കാര്യം ആനുഷംഗികമായി ഇവിടെ സൂചിപ്പിക്കട്ടെ.
വികിരണ കോളനീകരണത്തെക്കുറിച്ച് പ്രൊഫ. രമണ പറയുന്നു: ”തുടര്‍ച്ചയായ പ്രതിഷേധങ്ങളും പോരാട്ടങ്ങളും തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും തദ്ദേശീയസമൂഹങ്ങള്‍ക്ക് മേല്‍ ആണവ മാലിന്യ സംഭരണികള്‍ സ്ഥാപിക്കുന്നത് ആണവ വ്യവസായം തുടര്‍ന്നുകൊണ്ടേയിരുന്നു… ‘അമേരിക്കന്‍ ഇന്ത്യക്കാര്‍’ ഈ പ്രക്രിയയിലൂടെ ‘ഇരുപതാം നൂറ്റാണ്ടിലെ ആദ്യത്തെ ദേശീയ ബലിയാടുകളായി’ മാറി എന്ന് ചര്‍ച്ചിലും ലെഡ്യൂക്കും ചൂണ്ടിക്കാട്ടി. ‘ആണവ കൊളോണിയലിസം'(nuclear colonialism) എന്ന പദം – ഡാനിയല്‍ എന്‍ഡ്രെസിന്‍റെ അഭിപ്രായത്തില്‍, ‘ഗവണ്‍മെന്‍റുകളും കോര്‍പ്പറേഷനുകളും തദ്ദേശവാസികളെയും അവരുടെ ഭൂമിയെയും ആനുപാതികമല്ലാത്ത രീതിയില്‍ നശിപ്പിക്കുന്ന ആധിപത്യ വ്യവസ്ഥ’- പിന്നീടങ്ങോട്ട് കൂടുതല്‍ സാധാരണമായി ഉപയോഗപ്പെടുത്തിത്തുടങ്ങി.

വികിരണ കോളനീകരണത്തെക്കുറിച്ച് ഗ്രന്ഥകാരന്‍ നല്‍കുന്ന ഉദാഹരണങ്ങള്‍ അധികവും ആഫ്രിക്കന്‍, അമേരിക്കന്‍ തദ്ദേശവാസികളുമായി ബന്ധപ്പെട്ടവയാണ്. എന്നാല്‍ ഇന്ത്യയിലെ ഏക യുറേനിയം ഖനന കേന്ദ്രമായ ഝാര്‍ഘണ്ഡിലെ ഈസ്റ്റ് സിങ്ഭം ജില്ലയിലെ ജതുഗുഡയില്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡിന്‍റെ(UCIL) നേതൃത്വത്തില്‍ നടക്കുന്ന യുറേനിയം ഖനന പ്രവര്‍ത്തനങ്ങള്‍ തദ്ദേശീയ സാന്താള്‍ ഗോത്ര ജനതയുടെ ഏതൊക്കെ രീതിയില്‍ ദുരിതമയമാക്കിത്തീര്‍ത്തുവെന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇന്ന് പരക്കെ ലഭ്യമാണ്. ഈ ലേഖകന്‍ (കെ.സഹദേവന്‍) അടക്കമുള്ള ഒരു സംഘം ന്യൂക്ലിയര്‍ ഫിസിസിസ്റ്റായ ഡോ.സുരേന്ദ്ര ഗാഡേക്കറുടെ നേതൃത്വത്തില്‍ 2000-ത്തില്‍ ജതുഗുഡ ഖനന മേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാമീണ മേഖലയില്‍ നടത്തിയ ആരോഗ്യ സര്‍വ്വേയും അനുബന്ധ പഠനങ്ങളും തദ്ദേശീയരുടെ ഇടയില്‍ ജന്മസിദ്ധ വൈകല്യങ്ങളും (congenital deformities) ശ്വാസകോശ അര്‍ബുദങ്ങളും (lung cancer) അടക്കം നിരവധി രോഗങ്ങള്‍ ദേശീയ ശരാശരിയെക്കാള്‍ എത്രയോ അധികമാണെന്ന് കണ്ടെത്തുകയുണ്ടായി.
ആണവ നവോത്ഥാനത്തെക്കുറിച്ചും ആ മേഖലയിലെ സാങ്കേതിക നവീകരണത്തെയും കുറിച്ച് വലിയ വാചകക്കസര്‍ത്തുകള്‍ നടക്കുമ്പോഴും ആഗോളതലത്തില്‍ ആണവ നിലയങ്ങളുടെ എണ്ണത്തില്‍ വലിയ മാറ്റങ്ങളില്ലാതെ തുടരുന്നതെന്തുകൊണ്ടാണെന്ന് ഡോ.രമണ വിശദീകരിക്കുന്നു.
താഴേക്ക് വളരുന്ന ആണവ നവോത്ഥാനം
ആണവോര്‍ജ്ജത്തെ ആശ്രയിക്കുന്നതില്‍ കുറവുവരുത്താന്‍ 2014-ല്‍ തീരുമാനമെടുത്ത ഫ്രഞ്ച് ഗവണ്‍മെന്‍റിന്‍റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി 2022 ഫെബ്രുവരി ആദ്യവാരത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണ്‍ 2050 ആകുമ്പോഴും ഫ്രാന്‍സിന്‍റെ ആണവോര്‍ജ്ജ ശേഷിയില്‍ 25 ഗിഗാവാട്ട് കൂട്ടിച്ചേര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ”ഫ്രഞ്ച് ആണവ നവോത്ഥാനത്തിന് മക്രോണ്‍ തുടക്കമിട്ടു” എന്ന് മാധ്യമങ്ങള്‍ തലക്കെട്ടുകള്‍ എഴുതിച്ചേര്‍ത്തു.
എന്നാല്‍ തലക്കെട്ടുകളില്‍ ഉയര്‍ന്നുകണ്ട ‘ഫ്രഞ്ച് ആണവ നവോത്ഥാനം’ വാര്‍ത്തകളുടെ ആഴങ്ങളിലേക്ക് ചെല്ലുമ്പോള്‍ മങ്ങിക്കൊണ്ടിരുന്നുവെന്ന് ഡോ.രമണ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ അടിയന്തിര യുദ്ധത്തില്‍ ആണവോര്‍ജ്ജം ഒരാശ്വാസമായിരിക്കില്ലെന്ന് മക്രോണ്‍ പറയുന്നത് മാധ്യമങ്ങള്‍ വലിയ പ്രാധാന്യമൊന്നും നല്‍കാതെ വാര്‍ത്തയുടെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റി. ”ഒരു ആണവ റിയാക്ടര്‍ നിര്‍മ്മിക്കാന്‍ 15 വര്‍ഷമെടുക്കുന്നതിനാല്‍, നമ്മുടെ അടിയന്തിര വൈദ്യുത ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏക മാര്‍ഗ്ഗം പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജങ്ങള്‍ മാത്രമായതിനാല്‍, അവ വന്‍തോതില്‍ വികസിപ്പിക്കുക” എന്ന് മക്രോണ്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ പറയുന്നു.
ഫോട്ടോഗ്രാഫിലേക്കല്ല; ഫിലിമിലേക്ക് നോക്കൂ…
ഫോട്ടോഗ്രാഫ് നിശ്ചലമായ ഒരു ചിത്രത്തെയാണ് നമുക്ക് കാണിച്ചുതരുന്നത്; എന്നാല്‍ ഒരു ഫിലിം കാലികമായ മാറ്റങ്ങളെ അടയാളപ്പെടുത്തുന്നു. ആണവ സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ മനസ്സിലാക്കാന്‍ രാഷ്ട്രത്തലവന്മാാരും മാധ്യമ സിണ്ടിക്കേറ്റുകളും നല്‍കുന്ന തലക്കെട്ടുകളെ ആശ്രയിക്കാതെ വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്നാല്‍ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുമെന്ന് ‘വേള്‍ഡ് ന്യൂക്ലിയര്‍ ഇന്‍ഡസ്ട്രി സ്റ്റാറ്റസ് റിപ്പോര്‍ട്ട്’ തയ്യാറാക്കുന്നതില്‍ കഴിഞ്ഞ ഒരു ദശകക്കാലമായി ഇടപെട്ടുവരുന്ന ഗ്രന്ഥകാരന്‍ വസ്തുതകളുടെ പിന്‍ബലത്തോടെ വിശദീകരിക്കുന്നു.
”1997 ഒരു നല്ല തുടക്കമാണ്. 1997-ല്‍ ക്യോട്ടോയില്‍ ചേര്‍ന്ന, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂട് കണ്‍വെന്‍ഷന്‍റെ കീഴില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ആദ്യ പ്രതിജ്ഞ രാജ്യങ്ങള്‍ സ്വീകരിച്ച അവസരത്തില്‍, ആഗോള വൈദ്യുതോര്‍ജ്ജത്തിന്‍റെ ഏകദേശം 17 ശതമാനം സംഭാവന ചെയ്തത് ആണവോര്‍ജമായിരുന്നു. 2022-ല്‍ അത് വെറും 9 ശതമാനമായി കുറഞ്ഞു. നേരെമറിച്ച്, പുനരുല്‍പ്പാദിപ്പിക്കാവുന്നവ-അതായത്, സൗരോര്‍ജ്ജം, കാറ്റ്, ഭൗമതാപം, ബയോമാസ് തുടങ്ങിയവയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. 1997-ല്‍ ഏകദേശം 1 ശതമാനം മാത്രമുണ്ടായിരുന്ന പുതുക്കാവുന്ന ഊര്‍ജ്ജത്തില്‍ വൈദ്യുതിയുടെ തോത് 2022 ആയപ്പോഴേക്കും 14 ശതമാനത്തിലധികമായി ഉയര്‍ന്നു.”
ആണവ നവോത്ഥാനത്തെക്കുറിച്ചുള്ള അവകാശവാദങ്ങളിലെ പൊള്ളത്തരം മനസ്സിലാക്കാന്‍, അല്ലെങ്കില്‍ ആഗോള ഊര്‍ജ്ജമിശ്രിതത്തിലെ ആണവോര്‍ജ്ജ വിഹിതമെന്തെന്ന് അറിയാന്‍, പുതുതായി ആരംഭിക്കുന്നതും അടച്ചുപൂട്ടുന്നതുമായ ആണവ റിയാക്ടറുകളുടെ കണക്കുകളിലേക്ക് ഒന്ന് നോക്കിയാല്‍ മതിയാകും. വേള്‍ഡ് ന്യൂക്ലിയര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഡോ.രമണ ചൂണ്ടിക്കാട്ടുന്നു; ”പലപ്പോഴും ബദലുകളുമായി സാമ്പത്തികമായി മത്സരിക്കാന്‍ കഴിയാത്തതിനാല്‍ ഈ നൂറ്റാണ്ടിന്‍റെ ആദ്യ രണ്ട് ദശകങ്ങളില്‍ ലോകമെമ്പാടുമായി 95 റിയാക്ടറുകള്‍ പുതുതായി ആരംഭിച്ചപ്പോള്‍ 98 റിയാക്ടറുകള്‍ അടച്ചുപൂട്ടുകയുണ്ടായി. പുതു തുടക്കങ്ങള്‍ക്കും അടച്ചുപൂട്ടലുകള്‍ക്കും ഇടയില്‍ ആഗോള ആണവ നിലയങ്ങളുടെ എണ്ണത്തില്‍ 1980കളുടെ അവസാനത്തോടെ ഏറിയും കുറഞ്ഞും സ്ഥിരത കൈവന്നിരിക്കുകയാണ്”.
കാലാവസ്ഥാ യുദ്ധത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജരൂപങ്ങളോടൊപ്പം വാഴ്ത്തപ്പെടുന്ന ആണവോര്‍ജ്ജം ഉത്പാദനത്തില്‍ കുറവു വരികയും പുതിയ നിലയ നിര്‍മ്മാണങ്ങളില്‍ വലിയ കുതിച്ചുചാട്ടം സംഭവിക്കുകയും ചെയ്യാത്തത് എന്തുകൊണ്ടാണ്?
ഇതിനുത്തരം ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത്, ആണവ നിലയങ്ങളുടെ ഉയര്‍ന്ന നിര്‍മ്മാണ ചെലവ് തന്നെയാണെന്നാണ്. ഇംഗ്ലണ്ടിലെ സോമര്‍സെറ്റിലെ ഹിങ്ക്‌ലി പോയിന്‍റ് സി (Hinkley Point C) ആണവ നിലയത്തിന്‍റേയും ജോര്‍ജിയയിലെ (യുഎസ്) വോഗ്ടല്‍ (Vogtle) പ്രൊജക്ടിന്‍റെയും അടക്കം ഉദാഹരണം ചൂണ്ടിക്കാട്ടി ഉയര്‍ന്ന നിര്‍മ്മാണ ചെലവ് എങ്ങിനെയാണ് ആണവ വൈദ്യുതി ലാഭകരമല്ലാതാക്കുന്നത് എന്ന് ഗ്രന്ഥകാരന്‍ സമര്‍ത്ഥിക്കുന്നു.
കുറഞ്ഞ എസ്റ്റിമേഷനില്‍ പദ്ധതി ആരംഭിക്കുകയും പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഏതാണ്ട് ഇരട്ടിയിലധികം തുക പൊതുഖജനാവില്‍ നിന്ന് മുടക്കുകയും ചെയ്യേണ്ടിവരുന്നത് സംബന്ധിച്ച വിശാദംശങ്ങളും പുസ്തകത്തില്‍ നല്‍കുന്നുണ്ട്. ഉദാഹരണത്തിന്, ”റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഇന്ത്യയുടെ കൂടംകുളം-1, 2 റിയാക്ടറുകള്‍ 2010-ല്‍ 131.71 ബില്യണില്‍ നിന്ന് 2015-ല്‍ 224.62 ബില്യണായി ഉയര്‍ന്നു, അതിന്‍റെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ 34.9 ബില്യണില്‍ നിന്ന് ഇപ്പോള്‍ 68.4 ബില്യണായി ഉയര്‍ന്നിരിക്കുകയാണ്”.
നിര്‍മ്മാണത്തിലെ കാലദൈര്‍ഘ്യം, യഥാര്‍ത്ഥ ചെലവും എസ്റ്റിമേഷനും തമ്മിലുള്ള അഗാധമായ പൊരുത്തക്കേടുകള്‍ എന്നിവ ഇന്ത്യയിലെ മാത്രം പ്രശ്‌നമായി കരുതേണ്ടതില്ല. ആഗോളതലത്തില്‍ ആണവോര്‍ജ്ജോത്പാദനത്തില്‍ ഏര്‍പ്പെട്ട എല്ലാ രാജ്യങ്ങളിലെയും സ്ഥിതി സമാനമാണെന്ന് ഇതുസംബന്ധിച്ച ഡാറ്റകള്‍ തെളിവുനല്‍കുന്നു.
നിര്‍മ്മാണ ചെലവുകളിലെ അസാധാരണമായ വര്‍ധനവിനോടൊപ്പം തന്നെ ആണവ വൈദ്യുതിയെ ചെലവുകൂടിയ ഒന്നാക്കി മാറ്റുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. അത് പ്രവര്‍ത്തനച്ചെലവാണ് (operational cost). വര്‍ധിച്ച പ്രവര്‍ത്തന ചെലവ് താങ്ങാന്‍ കഴിയാതെ ഇനിയും കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത ആണവ നിലയങ്ങള്‍ അടച്ചുപൂട്ടാന്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (International Atomic Energy Agency-IAEA) വാര്‍ഷിക പ്രസിദ്ധീകരണമായ nuclear power reactors in the world നല്‍കുന്ന സ്ഥിതിവിവരക്കണക്കുകളെ ലേഖകന്‍ ഉദ്ധരിക്കുന്നു. ”യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍, 2010 അവസാനത്തോടെ 104 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം, 2020 അവസാനത്തോടെ, അത് 94 ആയി കുറഞ്ഞു. യുകെയില്‍ 19-ല്‍ നിന്ന് 15 ആയി കുറഞ്ഞു; സ്വീഡനില്‍ 10ല്‍ നിന്ന് 6 ആയി കുറഞ്ഞു. കൂടുതല്‍ റിയാക്ടറുകള്‍ അടച്ചിടുന്നത് സംബന്ധിച്ച ആലോചനകളിലാണ്.”
നിര്‍മ്മാണ ചെലവുകളിലെയും പ്രവര്‍ത്തന ചെലവുകളിലെയും അസാധാരണമായ വര്‍ധന ഒരു ഭാഗത്ത് ആണവോര്‍ജ്ജ വ്യവസായത്തിന്‍റെ മുന്നോട്ടുപോക്കിന് വിഘാതം സൃഷ്ടിക്കുമ്പോള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്‍റെ കുറഞ്ഞ ഉത്പാദന ചെലവുകള്‍ മറുഭാഗത്ത് അവയെ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യുന്നു. ഈയൊരു പ്രവണത നിലവില്‍ ആണവോര്‍ജ്ജ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ പ്രേരിപ്പിക്കുന്നുവെന്ന് അമേരിക്കയിലെ തന്നെ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാട്ടി ഡോ.രമണ വിശദീകരിക്കുന്നു.
”വൈദ്യുതിക്കായി ആണവോര്‍ജത്തെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഇല്ലിനോയിസ്. അവിടുത്തെ വൈദ്യുതി വിതരണത്തില്‍ ആധിപത്യം പുലര്‍ത്തുന്നത് ആ സംസ്ഥാനത്തിനുള്ളില്‍ പതിനൊന്ന് റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന Exelon കോര്‍പ്പറേഷനാണ്. 2021 വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്‍റെ വാര്‍ഷിക സിമ്പോസിയത്തില്‍ സംസാരിക്കുമ്പോള്‍-മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആണവ വക്താക്കള്‍ക്കിടയില്‍-ഒരു എക്‌സലോണ്‍ ഉദ്യോഗസ്ഥന്‍ കോര്‍പ്പറേറ്റ് ഭീമന്‍ നേരിടുന്ന പ്രശ്നം വിശദീകരിച്ചു, ”ഡക്കോട്ടയില്‍ നിന്നും അതുപോലെ മറ്റിടങ്ങളില്‍ നിന്നും വരുന്ന കാറ്റില്‍ നിന്നുള്ള വൈദ്യുതി വിപണിയിലെ വില കുറയ്ക്കും, പ്രത്യേകിച്ച് കാറ്റ് കൂടുതലും ലോഡ് കുറവും ആയ വൈകുന്നേരങ്ങളില്‍!! കാറ്റില്‍ നിന്നുള്ള വൈദ്യുതിയുമായുള്ള മത്സരം എക്‌സലോണിന് നഷ്ടമുണ്ടാക്കി. അവര്‍ തങ്ങളുടെ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. അതോടാപ്പം സബ്സിഡികള്‍ക്കായി ലോബിയിംഗ് നടത്തുകയും ചെയ്തു. അത് ഫലം കണ്ടു, ഇല്ലിനോയിസ് സംസ്ഥാനം എക്‌സെലോണിന്‍റെ ആണവ നിലയ ശൃംഖലയ്ക്ക് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചു. സ്വാഭാവികമായും, ഈ സബ്സിഡികളുടെ ഭാരം ഉപഭോക്താക്കളുടെ ചുമലിലേക്ക് വീഴുന്നു”.
ആണവോര്‍ജ്ജം ചെലവു കുറഞ്ഞതും ലാഭകരവുമാണെന്ന് പ്രചരിപ്പിക്കുന്നവര്‍ ആണവ വൈദ്യുതിയുടെ യഥാര്‍ത്ഥ ഉത്പാദന ചെലവ് എന്തെന്ന് നമ്മോട് പറയാറുണ്ടോ? കാലാവധി കഴിഞ്ഞ ആണവ നിലയങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞാല്‍ അത് സുരക്ഷിതമായി നിലനിര്‍ത്തുന്നതിന് നല്‍കേണ്ട ഊര്‍ജ്ജമെത്രയെന്ന് പറയാറുണ്ടോ? അവശിഷ്ട ഇന്ധനം (spent fuel) സംസ്‌കരിക്കുന്നതിനാവശ്യമായ ചെലവുകളെക്കുറിച്ച് സംസാരിക്കാറുണ്ടോ? ഇല്ല എന്നതാണ് ഉത്തരം.
പ്രതിസന്ധികളെ കച്ചവടത്തിനുള്ള അവസരങ്ങളാക്കി മാറ്റാൻ തുനിഞ്ഞിറങ്ങിയവർ
ഇന്ത്യന്‍ ആണവോര്‍ജ്ജ വകുപ്പിന്‍റെ (Department of Atomic Energy-DAE) യും ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍റേയും (Nuclear Power Corporation of India Ltd-NPCIL) പ്രചരണ സാമഗ്രികളില്‍ ആണവോര്‍ജ്ജത്തെക്കുറിച്ച് ‘സുരക്ഷിതം'(Safe) എന്നും ‘വൃത്തിയുള്ളത്’ (clean) എന്നും ആവര്‍ത്തിച്ച് വിശേഷിപ്പിക്കുന്നത് കാണാം. മറ്റേതെങ്കിലും ഊര്‍ജ്ജരൂപത്തെക്കുറിച്ച്- കാറ്റ്, സൗര, ജൈവ, ജല വൈദ്യുതി- ഇങ്ങനെയൊരു പ്രചരണം നടത്തുന്നതായി കാണാന്‍ കഴിയില്ല!! എന്തുകൊണ്ടാണ് ആണവോര്‍ജ്ജ വകുപ്പിന് ഈ രീതിയില്‍ ആണവ നിലയങ്ങള്‍ ‘സുരക്ഷിത’മാണെന്ന് പറയേണ്ടി വരുന്നത്?!
സംഗതി ലളിതമാണ്.
ആണവോര്‍ജ്ജ സാങ്കേതികവിദ്യയുടെ നാളിതുവരെയുള്ള ചരിത്രം പറയുന്നത് അവ ഒട്ടും സുരക്ഷിതമല്ല എന്നുതന്നെയാണ്. വിനാശകരമായ നിരവധി അപകടങ്ങളുടെ ഒരു നിര തന്നെ ആണവ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ഇനി വന്‍ അപകടങ്ങളെ മാറ്റി നിര്‍ത്തിയാലും ആണവ നിലയങ്ങളുടെ പതിവ് പ്രവര്‍ത്തനങ്ങള്‍ പോലും അനിവാര്യമായും ആണവ വികിരണ വസ്തുക്കള്‍ പുറന്തള്ളുന്നവയാണ്. ഇതിനര്‍ത്ഥം ആണവ സാങ്കേതികവിദ്യ ഒരിക്കലും ‘സുരക്ഷിത’മോ ‘ശുദ്ധ’മോ ആയിരുന്നില്ല എന്നാണ്.
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ യുദ്ധത്തില്‍ ആണവോര്‍ജ്ജത്തെ പങ്കാളിയാക്കുക എന്നതിനര്‍ത്ഥം ഇപ്പോള്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്ത രാജ്യങ്ങളില്‍പ്പോലും അവ സ്ഥാപിക്കുക എന്നതാണ്. ഇത് സൃഷ്ടിക്കാന്‍ പോകുന്ന അപകട സാധ്യതകളെക്കുറിച്ച് പ്രൊഫ.രമണ ഈ രീതിയില്‍ ആശങ്കപ്പെടുന്നു: ”അപകട സാധ്യത എന്നത് റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന നടപടികളെക്കൂടി ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിന് ആണവോര്‍ജ്ജം ഗണ്യമായി സംഭാവന നല്‍കണമെങ്കില്‍, നിലവില്‍ ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കാത്ത രാജ്യങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ വളരെയധികം റിയാക്ടറുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ചെലവുചുരുക്കല്‍, ലാഭമുണ്ടാക്കല്‍ എന്നിവയുള്‍പ്പെടെ പലതരം മുന്‍ഗണനകളുള്ള സ്ഥാപനങ്ങള്‍ ഈ റിയാക്ടറുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ പിന്തുടരുമെന്ന് പ്രതീക്ഷിക്കാമോ?”
ഫുകുഷിമ ആണവാപകടത്തെക്കുറിച്ച് വളരെ സൂക്ഷ്മമായി പഠനം നടത്തിയിട്ടുള്ള ഗ്രന്ഥകാരന്‍ പറയുന്നു: ”ഉത്തരം ‘ഇല്ല’ എന്ന് ആയിരിക്കും. …ടോക്കിയോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ഫുകുഷിമ പ്രതിസന്ധിയെത്തുടര്‍ന്ന് സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയിട്ടില്ലെന്ന് വളരെ വിശദമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭൂകമ്പവും സുനാമിയും പോലുള്ള പ്രകൃതിദുരന്തങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ കാര്യമായ അനുഭവപരിചയമുള്ള, സാങ്കേതിക വൈദഗ്ധ്യത്തിന് പേരുകേട്ട, ഒരു രാജ്യത്ത് നല്ല ധനസഹായം ലഭിക്കുന്ന ഒരു സ്ഥാപനം സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ലെങ്കില്‍, പിന്നെ ഏത് രാജ്യത്തെയാണ് വിശ്വാസത്തിലെടുക്കുക?”
ആണവ ലോബിയുടെ പുതിയ മന്ത്രം: ”ചെറുതത്രേ മനോഹരം”!!
പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്ന ആണവ വ്യവസായം കുഞ്ഞന്‍ ആണവ നിലയങ്ങള്‍ എന്ന ആശയവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. 10 മെഗാവാട്ട് മുതല്‍ 300 മെഗാവാട്ട് വരെ മാത്രം ഉത്പാദന ശേഷിയുള്ള ചെറുകിട മോഡുലാര്‍ റിയാക്ടറുകളാണ് (Small Modular Reactors-SMRs) ഈ രംഗത്തെ പുതിയ താരം. രസകരമായ സംഗതി, ചെറുകിട മോഡുലാര്‍ റിയാക്ടറുകളെ പ്രോത്സാഹിപ്പിക്കുന്നവര്‍ പരമ്പരാഗത നിലയ മാതൃകകളെ തള്ളിക്കളയുന്നത് അവയുടെ ഉയര്‍ന്ന നിര്‍മ്മാണ ചെലവ്, ദൈര്‍ഘ്യമേറിയ നിര്‍മ്മാണ കാലയളവ് എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ്.
മോഡുലാര്‍ റിയാക്ടറുകളുടെ വരവ് വന്‍ പ്രചരണങ്ങളോടെയായിരുന്നു. ലോകത്തിലെ സഹസ്ര കോടീശ്വരന്മാരുടെ വമ്പന്‍നിര പുതിയ സാങ്കേതിവിദ്യയുടെ പ്രചരണത്തിനായി മുന്നിട്ടിറങ്ങി. പ്രൊഫ. രമണ നിരീക്ഷിക്കുന്നു: ”ബില്‍ഡപ്പ് തീവ്രമായിരുന്നു. ന്യൂക്ലിയര്‍ റിയാക്ടര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ സ്വകാര്യമേഖല നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടി. 2014-ല്‍, ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍ NuScale Power: ‘The Future of Small Modular Reactors’ എന്ന ലേഖനത്തിലൂടെ ചെറുകിട ആണവ നിലയങ്ങളുടെ ഭാവിയെ സംബന്ധിച്ച ഒരു സാധ്യത അവതരിപ്പിച്ചു. ഇതില്‍ 2020-35 കാലപരിധിക്കുള്ളില്‍ നൂറുകണക്കിന് ചെറുകിട മോഡുലാര്‍ റിയാക്ടറുകള്‍ നിര്‍മ്മിക്കുമെന്ന് വിഭാവനം ചെയ്തു. ഇതിനുള്ള പ്രചരണങ്ങളും നിക്ഷേപങ്ങളും പരസ്പരം ഉറപ്പിച്ചു.”
ആരാണ് ഈ പദ്ധതികള്‍ക്ക് പിന്നില്‍?
”ഇത്തരം നിക്ഷേപങ്ങള്‍ക്ക് പിന്നിലുള്ളവരില്‍ പലരും ഉയര്‍ന്ന വ്യക്തികളാണ്. ബില്‍ ഗേറ്റ്‌സും പീറ്റര്‍ തീലും (അമേരിക്കന്‍ വെന്‍ച്വര്‍ കാപിറ്റലിസ്റ്റ്, PayPal-ന്‍റെ മുന്‍ സിഇഓ) ആണ് മാധ്യമങ്ങളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന അറിയപ്പെടുന്ന പേരുകള്‍. സാം ആള്‍ട്ട്മാനും(OpenAIയുടെ സിഇഓ) എലോണ്‍ മസ്‌കും ആണവോര്‍ജ്ജത്തില്‍ നിക്ഷേപം നടത്തുന്ന അല്ലെങ്കില്‍ പ്രോത്സാഹിപ്പിക്കുന്ന മറ്റ് പ്രമുഖ ശതകോടീശ്വരന്മാരില്‍ ഉള്‍പ്പെടുന്നു” എന്ന് ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നു.
ചെറുകിട മോഡുലാര്‍ റിയാക്ടറുകളുടെ വക്താക്കള്‍ അതിന്‍റെ പ്രചരണത്തിനായി കൂട്ടുപിടിക്കുന്നത് ഷുമാക്കറുടെ ‘ചെറുതത്രേ മനോഹം’ എന്ന വാക്കുകളെയാണ്. ഇക്കണോമീസ് ഓഫ് സ്‌കെയിലിനെ ഉയര്‍ത്തിക്കാട്ടി ചെറുകിട മോഡ്യുലാര്‍ റിയാക്ടറുകളെ പിന്തുണയ്ക്കാനും അവര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ വാദഗതികള്‍ക്ക് പിന്നില്‍ എത്രമാത്രം വാസ്തവികതയുണ്ടെന്ന് പ്രൊഫ. രമണ വിശദീകരിക്കുന്നു.
”ഒരു സാങ്കല്‍പ്പിക ഉദാഹരണം ഇക്കാര്യം വ്യക്തമാക്കാന്‍ സഹായിച്ചേക്കാം. ഭാവിയില്‍ എപ്പോഴെങ്കിലും 1,000 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഒരു രാജ്യമോ ഒരു യൂട്ടിലിറ്റി കമ്പനിയോ പ്രതീക്ഷിക്കുന്നതായി സങ്കല്‍പ്പിക്കുക. ഈ പ്രൊജക്റ്റ്ഡ് ഡിമാന്‍ഡ് നിറവേറ്റുന്നതിനായി ആണവ റിയാക്ടറുകള്‍ നിര്‍മ്മിക്കാന്‍ അവര്‍ തീരുമാനിച്ചു. 1,000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു വലിയ റിയാക്ടറും 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു ചെറിയ റിയാക്ടറുമാണ് അതിന്‍റെ തിരഞ്ഞെടുപ്പുകള്‍ എങ്കില്‍, 1,000 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യം നിറവേറ്റുന്നത് അഞ്ച് ചെറുകിട പ്ലാന്റുകളോ ഒരു വലിയ പ്ലാന്‍റോ നിര്‍മ്മിക്കും എന്നാണ് കരുതേണ്ടത്. 200 മെഗാവാട്ട് പ്ലാന്റിന്‍റെ ചെലവ് 1,000 മെഗാവാട്ട് പ്ലാന്റിനേക്കാള്‍ 2.5 മടങ്ങ് കുറവായിരിക്കാം; പക്ഷേ അഞ്ചിരട്ടി കുറവായിരിക്കില്ല. അപ്പോള്‍, അഞ്ച് ചെറിയ റിയാക്ടറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ചെലവ് ഒരു വലിയ പ്ലാന്റിന്‍റെ വിലയുടെ ഇരട്ടിയാകും. ഈ അഞ്ച് റിയാക്ടറുകളുടെ പ്രവര്‍ത്തനവും ഇന്ധനവും വലിയ റിയാക്ടറിന്‍റെ അനുബന്ധ ചെലവിനേക്കാള്‍ ചെലവേറിയതായിരിക്കും. ഇതിനര്‍ത്ഥം ചെറിയ റിയാക്ടറുകളില്‍ നിന്നുള്ള വൈദ്യുതി കൂടുതല്‍ ചെലവേറിയതായിരിക്കും എന്നാണ്”.
വളരെ എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന ഈ കണക്കുകള്‍ മുന്നിലുള്ളപ്പോഴും ആരാണ് മോഡുലാര്‍ റിയാക്ടറുകള്‍ക്കായി വമ്പന്‍ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നതും അവയ്ക്കായ് പ്രവര്‍ത്തിക്കുന്നതും? സ്‌പെഷല്‍ പര്‍പ്പസ് അക്വിസഷന്‍ കമ്പനി (Special Purpose Acquisiton Company-SPAC) എന്ന് വിശേഷിപ്പിക്കുന്ന ഷെല്‍ കമ്പനികളാണ് ഇത്തരം പദ്ധതികള്‍ക്ക് പിന്നിലെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു:
2021 ഫെബ്രുവരിയിലെ ഹാര്‍വാര്‍ഡ് ബിസിനസ് റിവ്യൂയിലെ ഒരു ലേഖനം വിശദീകരിക്കുന്നു, ”എസ്.പി.എ.സികള്‍ ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ് വഴി സമാഹരിച്ച പണം ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനിയെ ഏറ്റെടുക്കുന്നതല്ലാതെ പ്രവര്‍ത്തനങ്ങളോ ബിസിനസ് പ്ലാനോ ഇല്ലാത്ത ഷെല്‍ കമ്പനികളാണ്. മുന്‍കൂര്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്ലാതെ കമ്പനി ഒരു ഐപിഒയിലൂടെ കടന്നുപോകുന്നതിനാല്‍, അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിന് വേണ്ട രേഖകളൊന്നും അത് നല്‍കുന്നില്ല. ആണവോര്‍ജ്ജത്തിന്‍റെ പ്രശ്‌നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പുതിയ റിയാക്ടര്‍ ഡിസൈനുകള്‍ വികസിപ്പിക്കുന്ന കമ്പനികള്‍ ഈ തിരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കാണാന്‍ കഴിയും.
എന്നാല്‍ പിന്നീട്, ഷെല്‍ കമ്പനി മറ്റൊരു കമ്പനിയുമായി ലയിക്കുമ്പോള്‍, രണ്ടാമത്തേത് ഫലപ്രദമായി ഒരു പൊതു കമ്പനിയായി മാറുന്നു. അഴിമതികളില്‍ നിന്നും അമിത അപകടസാധ്യതകളില്‍ നിന്നും നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള പരിശോധനകള്‍ നടത്താതെയായിരിക്കും ഈ വേഷപ്പകര്‍ച്ച!! യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ പോലും SPAC ഇടപാടുകളിലെ വളര്‍ച്ചയെക്കുറിച്ച് ആശങ്കാകുലരാണ്.
കാലാവസ്ഥാ പ്രതിസന്ധിയെ കച്ചവടത്തിനുള്ള ഉപാധിയാക്കി മാറ്റാമെന്ന് ആണവ വ്യവസായികള്‍ തിരിച്ചറിയുന്നിടത്താണ് പുതിയ ആശയങ്ങള്‍ കടന്നുവരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉടമകള്‍ തന്നെ ഈ വ്യവസായത്തിന്‍റഎ നടത്തിപ്പുകാരായി മാറുകയും അതിന്‍റെ പ്രചരണം ഏറ്റെടുക്കുകയും ചെയ്യുന്നതും നമ്മള്‍ കാണുന്നു. ദക്ഷിണേഷ്യന്‍-ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങളാണ് അവരുടെ വിപണി.
ഇന്ത്യയില്‍ അതിനുള്ള അരങ്ങൊരുങ്ങിക്കഴിഞ്ഞു. രാജ്യത്തിന്‍റെ ആണവോര്‍ജ്ജ ഉത്പാദന ശേഷി 6780 മെഗാവാട്ടില്‍ നിന്നും 2031ഓടെ 22,480 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് 2023 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. 8 വര്‍ഷത്തിനുള്ളില്‍!!! എങ്ങിനെയെന്ന് ചോദിക്കരുത്. ആദരണീയ ശാസ്ത്രജ്ഞന്‍ ഹോമി ജെ.ജെ.ഭാഭ തൊട്ടുള്ളവര്‍ കണ്ട ആണവ സ്വപ്നങ്ങള്‍ക്ക് എന്തു സംഭവിച്ചുവെന്നും ചോദിക്കരുത്. കാരണം ആണവ കടങ്കഥകളില്‍ ചോദ്യങ്ങളില്ലതന്നെ.
എന്തുതന്നെയായാലും പ്രതിസന്ധിയെ അവസരങ്ങളാക്കാന്‍ തുനിഞ്ഞിറങ്ങിയവരാണ് ഭരണ-കച്ചവട മേഖലകളില്‍ എന്ന് ഓർമ്മിക്കുക..
കാലാവസ്ഥാ പ്രതിസന്ധിക്ക് ആണവ മരുന്നെന്ന പുത്തന്‍ മുദ്രാവാക്യത്തിന്‍റെ പൊള്ളത്തരങ്ങളെ വസ്തുതകളെ അടിസ്ഥാനത്തില്‍ തുറന്നുകാട്ടുന്ന, ആണവോര്‍ജ്ജ പഠന രംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവ പരിചയമുള്ള പ്രൊഫ. എം.വി.രമണയുടെ പുസ്തകം ആണവലോബിയുടെ പ്രചരണതന്ത്രങ്ങളെ പ്രതിരോധിക്കുന്നതിന് അസാധാരണമായ വിധത്തില്‍ സഹായകമാണ് എന്ന് മാത്രം പറയാനാഗ്രഹിക്കുന്നു.