1. ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളുടെ ഇന്ത്യന്‍ അവസ്ഥ
”രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്ക് വികസനം അനിവാര്യം”, ”വികസനത്തിന് ഊര്‍ജ്ജം അത്യാവശ്യ ഘടകം”, ”ഊര്‍ജ്ജമെന്നാല്‍ വൈദ്യുതി”, ”വൈദ്യുതിക്ക് വന്‍കിട പദ്ധതികള്‍ ഒഴിച്ചൂകൂടാന്‍ പറ്റാത്തത്”, ”കാലാവസ്ഥാ വ്യതിയാനം യാഥാര്‍ഥ്യമായതിനാല്‍ കാര്‍ബണ്‍ മുക്ത പദ്ധതികളാണ് അഭികാമ്യം”, ”ഹരിത ഊര്‍ജ്ജ സ്രോതസ്സുകളില്‍ ഏറ്റവും മികച്ചത് ആണവോര്‍ജ്ജം”, ”ഇന്ത്യയുടെ ആണവോര്‍ജ്ജ ഭാവി ബ്രീഡര്‍ റിയാക്ടറുകളെ കേന്ദ്രീകരിച്ചുള്ളതായിരിക്കും”.
ഇന്ത്യയിലെ ആണവ നവോത്ഥാനത്തിനായുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന വാദങ്ങളെ മേല്‍പ്പറഞ്ഞ രീതിയില്‍ ചുരുക്കിയെഴുതാവുന്നതാണ്. പൊതുബോധത്തെ എളുപ്പം സ്വാധീനിക്കാവുന്ന ഈ തിളക്കമാര്‍ന്ന പ്രസ്താവനകള്‍ പല രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഭാവിയെ സംബന്ധിച്ച സുന്ദര സ്വപ്‌നങ്ങള്‍ നല്‍കുന്നതില്‍ വികസനവാദികള്‍ എക്കാലവും മുന്നിലാണെന്നതാണ് സത്യം.
രണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വികസനവാദികള്‍ പറഞ്ഞിരുന്ന വാദങ്ങള്‍ക്ക് വിരുദ്ധമായവയാണ് മുകളിലെ പ്രസ്താവനകളില്‍ പാതിയും എന്നത് ഇന്ന് പലരും ഓര്‍ക്കാനിടയില്ല. കാലാവസ്ഥാ വ്യതിയാനമെന്നത് പരിസ്ഥിതി മൗലികവാദികളുടെ അമിത ഉത്കണ്ഠയാണെന്നുവരെ പറഞ്ഞവര്‍ കാലാവസ്ഥാ പ്രതിസന്ധി ഇന്നൊരു യാഥാര്‍ഥ്യമാണെന്ന് അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ട്.
അതവിടെ കിടക്കട്ടെ. നമ്മുടെ ചര്‍ച്ചാ വിഷയം ആണവോര്‍ജ്ജത്തെ സംബന്ധിച്ച അവകാശവാദങ്ങളിലെ പൊള്ളത്തരങ്ങളെക്കുറിച്ചാണ്.
ഇന്ത്യയുടെ ഊര്‍ജ്ജ ഭാവി ആണവ വൈദ്യുതിയിലാണെന്നും അതില്‍ത്തന്നെയും ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ (Fast Breeder Reactor-FBR) ഇന്ത്യയുടെ ആണവ ഇന്ധനക്ഷാമത്തിനുള്ള പരിഹാരത്തോടൊപ്പം വൈദ്യുതി ഉത്പാദനത്തിന്‍റെ വലിയൊരു ശതമാനം പൂര്‍ത്തീകരിക്കാന്‍ ശേഷിയുള്ളതുമാണെന്ന വാദം എത്രമാത്രം യുക്തിസഹമാണെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ ആണവ സ്വപ്‌നങ്ങള്‍ ആദരണീയ ശാസ്ത്രജ്ഞന്‍ ഹോമി ജെ.ഭാഭയില്‍ നിന്ന് ആരംഭിക്കുന്നതാണ്. ഇന്ത്യയുടെ ആദ്യത്തെ ആണവ നിലയത്തിന്‍റെ (commercial) നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച 1964ല്‍ ഭാഭ തന്‍റെ സ്വപ്‌നം പങ്കുവെച്ചതിങ്ങനെ: ‘There is little doubt that before the end of the century, atomic energy will be producing a substantial part of the power in India, and therefore practically all the addition to our power generation will come from it at that time.”
പിന്നീട് ഏതാണ്ട് ഒരു ദശകക്കാലത്തിന് ശേഷം ആറ്റമിക് എനര്‍ജി കമ്മീഷന്‍ (Atomic Energy Commission-AEC) ചെയര്‍മാനായിരുന്ന ഹോമി എന്‍.സേത്‌ന (Homi Nusserwanji Sethna) ഭാഭയുടെ സ്വപ്‌നങ്ങള്‍ക്ക് അളവുപരമായ ആകാരം നല്‍കിക്കൊണ്ട് സഹസ്രാബ്ദത്തിന്‍റെ അവസാനത്തോടെ ഇന്ത്യയുടെ ആണവോര്‍ജ്ജത്തില്‍ നിന്നുള്ള സംഭാവന 43,000 മെഗാവാട്ട് ആയിരിക്കുമെന്ന് പ്രസ്താവിക്കുകയുണ്ടായി (1972).
അതത് കാലത്ത് ആണവ വകുപ്പിന്‍റെ തലപ്പത്തിരുന്നവര്‍ ഈ കണക്കുകള്‍ മുറപോലെ വര്‍ധിപ്പിക്കുകയും എക്കാലവും ഇന്ത്യയുടെ ആണവ സ്വപ്‌നങ്ങളെ സജീവമായി നിലനിര്‍ത്തുകയും ചെയ്തു. ആണവ ശാസ്ത്രജ്ഞരുടെയും ഭരണത്തലവന്മാരുടെയും സ്വപ്‌നങ്ങള്‍ എത്രതന്നെ വലുതായിരുന്നാലും ഇന്ത്യയില്‍ ഇന്ന് ഉത്പാദിപ്പിക്കുന്ന ആണവോര്‍ജ്ജത്തിന്‍റെ കണക്ക് മേല്‍പ്പറഞ്ഞവയുമായി വിദൂര ബന്ധംപോലുമില്ലാത്തതാണെന്ന് നമുക്കറിയാം. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 22 ആണവ നിലയങ്ങളുടെ പ്രതിഷ്ഠാപിത ശേഷി (installed capacity) 6,780 മെഗാവാട്ട് മാത്രമാണ്.
സ്വപ്‌നങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മിലുള്ള ഈയൊരു ഭീമമായ അന്തരത്തെ ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞരുടെ കഴിവുകേടായി ചിത്രീകരിക്കുന്നത് പൂര്‍ണ്ണമായും തെറ്റായിരിക്കും. അങ്ങേയറ്റം സമര്‍പ്പിതരും സ്വന്തം മേഖലയില്‍ കഴിവുള്ളവരുമായ വലിയൊരു നിര ശാസ്ത്രജ്ഞര്‍ തന്നെയാണ് ഇന്ത്യന്‍ ആണവ മേഖലയെ നിയന്ത്രിച്ചുകൊണ്ടിരുന്നത് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്. ഇന്ത്യന്‍ ആണവ സ്വപ്‌നങ്ങളുടെ വളര്‍ച്ചാ മുരടിപ്പിന് പിന്നില്‍ ഒട്ടേറെ ബാഹ്യഘടകങ്ങള്‍ കൂടിയുണ്ടെന്നത് അംഗീകരിച്ചേ മതിയാകൂ. 1974-ലെ പൊഖ്‌റാന്‍ അണുപരീക്ഷണവും തുടര്‍ന്ന് അമേരിക്കയും യൂറോപ്പും അടങ്ങുന്ന ആണവ സാങ്കേതികവിദ്യ വില്‍പ്പന ചെയ്യുന്ന സംഘങ്ങളില്‍പ്പെട്ട (Nuclear Supplier Group-NSG) രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മേല്‍ ആണവ ഉപരോധം (Nuclear embargo) ഏര്‍പ്പെടുത്തിയതും ഒക്കെ ഈ മുരടിപ്പിന് കാരണമായിട്ടുണ്ട് എന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്.
അന്താരാഷ്ട്ര ഉപരോധത്തെ മറികടന്നുകൊണ്ട് ഇന്ത്യന്‍ ആണവ നിലയങ്ങള്‍ക്കാവശ്യമായ ഘനജലം (Heavy water) റഷ്യയില്‍ നിന്നും നോര്‍വ്വേയില്‍ നിന്നും രഹസ്യമായി കടത്തിക്കൊണ്ടുവന്ന് നിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ച അതേ ഇന്ത്യയെ ഘനജലം കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറ്റിയത് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മിടുക്ക് തന്നെയാണ്. ഇന്ത്യന്‍ ആണവ പദ്ധതികള്‍ നാളിതുവരെ ഒരുപരിധി വരെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തവയാണെന്നുള്ള കാര്യവും വിസ്മരിക്കാവുന്നതല്ല.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ആണവ സാങ്കേതികവിദ്യ സംബന്ധിച്ച ആണവോര്‍ജ്ജ വകുപ്പിന്‍റെ പല അവകാശവാദങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് പറയേണ്ടതുണ്ട്. ആണവ വൈദ്യുതിയുടെ ഉത്പാദന ചെലവ്, ആണവ സാങ്കേതിക വിദ്യയുടെ സുരക്ഷിതത്വം, ആണവ മാലിന്യ സംസ്‌കരണം, കാര്‍ബണ്‍ മുക്ത സാങ്കേതികവിദ്യ എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് എന്ന് തുടങ്ങി ആണവാനുകൂലികള്‍ ഉയര്‍ത്തുന്ന നിരവധി അവകാശവാദങ്ങള്‍ അസത്യങ്ങളോ അര്‍ദ്ധ സത്യങ്ങളോ ആണ്.
തല്‍ക്കാലം നമുക്ക് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളെ സംബന്ധിച്ച ന്യൂക്ലിയോക്രാറ്റുകളുടെയും ഇതര ആണവാനുകൂലികളുടെയും അവകാശവാദങ്ങളെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം. ഇന്ത്യന്‍ ആണവോര്‍ജ്ജത്തിന്‍റെ ഭാവി ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളെ ആശ്രയിച്ചാണെന്ന് ആണവാധികാരികള്‍ ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

2.നിര്‍മ്മാണത്തിന്‍റെ രണ്ട് പതിറ്റാണ്ടുകള്‍: പൂവണിയാത്ത ബ്രീഡര്‍ സ്വപ്നം
ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ സ്വപ്നവും ഭാഭയില്‍ നിന്നുതന്നെ ആരംഭിക്കുന്നതാണ്. ഭാഭയുടെ മൂന്ന് ഘട്ട ആണവോര്‍ജ്ജ പരിപാടി(Three stage nuclear power program)യിലെ രണ്ടാം ഘട്ടം ബ്രീഡര്‍ റിയാക്ടറുകളെ ആശ്രയിച്ചുള്ളതാണ്(1950). രാജ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ നിര്‍മ്മാണത്തെയും അതിന്‍റെ ഗതിവിഗതികളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് എന്താണ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ എന്ന് ചെറുതായൊന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാം.
വിവിധ നിലയ മാതൃകകള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ആണവ പദ്ധതികള്‍. ഉപയോഗിക്കുന്ന ഇന്ധനം, ആണവ വിഘടന പ്രവര്‍ത്തനങ്ങളെ നിന്ത്രിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്ന ലഘൂകാരികള്‍(moderator), ശീതീകാരികള്‍(coolant), നിയന്ത്രണ ദണ്ഡുകള്‍ (control rods) എന്നിവയിലെ മാറ്റങ്ങള്‍ നിലയ മാതൃകകള്‍ക്ക് ആധാരമാണെന്ന് ലളിതമായി പറയാം. വെള്ളം ശീതീകാരിയും ലഘൂകാരിയും ഉപയോഗപ്പെടുത്തുന്ന ലൈറ്റ് വാട്ടര്‍ റിയാക്ടറുകള്‍ (Light Water Reactor-LWR), ബോയില്‍ഡ് വാട്ടര്‍ റിയാക്ടറുകള്‍(BWR) മുതല്‍ ഘനജലം (heavy water-deuterium oxide) ലഘൂകാരിയായി ഉപയോഗപ്പെടുത്തുന്ന മര്‍ദ്ദിത ഘനജല നിലയം (Pressurised Heavy Water Reactor-PHWR) വരെ അടങ്ങുന്ന നിര ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഇന്ത്യന്‍ ആണവ നിലയങ്ങളില്‍ വലിയൊരു പങ്കും PHWR മാതൃകയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. യുറേനിയം 233, യുറേനിയം 238 എന്നിവയാണ് മേല്‍പ്പറഞ്ഞ നിലയങ്ങളില്‍ ഇന്ധനമായി ഉപയോഗപ്പെടുത്തുന്നത്.
ഇതില്‍ നിന്നും ഭിന്നമായി യുറേനിയം-പ്ലൂട്ടോണിയം മിശ്രിതമാണ് (Uranium-Plutonium Mixed Oxide-MOX) ബ്രീഡര്‍ റിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ആണവ നിലയങ്ങളുടെ കോറിനകത്ത് നിയന്ത്രിതമായ രീതിയില്‍ ആറ്റത്തെ വിഘടിപ്പി(fission)ക്കുമ്പോള്‍ ലഭിക്കുന്ന താപോര്‍ജ്ജമാണ് പിന്നീട് വൈദ്യുതിയായി പരിവര്‍ത്തിപ്പിക്കുന്നത് എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഫാസ്റ്റ് ന്യൂട്രോണ്‍ റിയാക്ടറുകളില്‍ ന്യൂട്രോണുകളുടെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവികമായും മന്ദഗതിയിലായിരിക്കില്ല. റിയാക്ടറിന്‍റെ ഉള്‍ക്കാമ്പില്‍ (reactor core) ഉയര്‍ന്ന സാന്ദ്രതയിലുള്ള, വിഘടന സ്വഭാവമുള്ള, വസ്തുക്കള്‍ (fissile material)-സാധാരണ നിലയില്‍ പ്ലൂട്ടോണിയം-239- അടങ്ങിയിരിക്കുന്നു എന്നതുകൊണ്ടുതന്നെ അവയ്ക്കകത്ത് ശൃംഖലാ പ്രവര്‍ത്തനം (chain reaction) തുടര്‍ന്നുകൊണ്ടേയിരിക്കും.
യുറേനിയം(U-238) അല്ലെങ്കില്‍ തോറിയം(Th-232) കൊണ്ട് നിര്‍മ്മിച്ച ഒരു ‘പുതപ്പ്’ (Blanket) റിയാക്ടര്‍ കോറിന്‍റെ എല്ലാവശങ്ങളെയും പൊതിഞ്ഞുകൊണ്ടുണ്ടായിരിക്കും. സാമാന്യ നിലയ മാതൃകകളില്‍ വിഘടന പ്രതിപ്രവര്‍ത്തനങ്ങളുടെ ഫലമായി കോറില്‍ ഉല്‍പ്പാദിപ്പിക്കുന്ന ന്യൂട്രോണുകളില്‍ വലിയൊരളവ് കോറില്‍ നിന്ന് രക്ഷപ്പെടും. എന്നാല്‍ ബ്രീഡര്‍ റിയാക്ടറുകളില്‍ സ്ഥാപിച്ചിരിക്കുന്ന പുതപ്പുകളില്‍ ഈ ന്യൂട്രോണുകള്‍ പിടിച്ചെടുക്കുകയും അതിലുള്ള വിഭജനശേഷി ഇല്ലാത്ത ഐസോടോപ്പുകളെ (fertile isotopes) പ്ലൂട്ടോണിയം-239, യുറേനിയം-233 എന്നിവയായി പരിവര്‍ത്തിപ്പിക്കുകയും ഇവ ആണവോര്‍ജ്ജ ഇന്ധനമായി മാറുകയും ചെയ്യുന്നു. ഇക്കാരണം കൊണ്ടുതന്നെ ഇത്തരം നിലയ മാതൃകകളില്‍ ഉപയോഗിക്കുന്ന ഇന്ധനത്തേക്കാള്‍ കൂടുതല്‍ വിഘടന വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കും. ഇതുകൊണ്ടാണ് ഈ നിലയ മാതൃകകയെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ എന്ന് വിളിക്കുന്നത്.
രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും പൂവണിയാത്ത ബ്രീഡര്‍ സ്വപ്നം
ഇന്ത്യയിലെ ആദ്യത്തെ കമേര്‍ഷ്യല്‍ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്‍റെ നിര്‍മ്മാണം 2004 ഒക്‌ടോബര്‍ 23ന് അക്കാലത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തറക്കല്ലിടല്‍ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ വെച്ച് ഔദ്യോഗികമായി നടന്നു. ചെന്നൈക്കടുത്തുള്ള കല്‍പ്പാക്കത്ത് 500 മെഗാവാട്ട് പ്രതിഷ്ഠാപിത ശേഷിയുള്ള പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്‍റെ നിര്‍മ്മാണം പ്രഖ്യാപിച്ച ഷെഡ്യൂളിന് 18 മാസം മുന്നെ തന്നെ പൂര്‍ത്തിയാക്കുമെന്നായിരുന്നു നിലയ ഡയറക്ടര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഷെഡ്യൂള്‍ചെയ്ത സമയത്തിന് പണിപൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.
പിന്നീട് ആണവോര്‍ജ്ജ വകുപ്പില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍റേതായ ഒരു പ്രസ്താവന ഇതുസംബന്ധിച്ച് വരുന്നത് 2010 ഫെബ്രുവരിയിലാണ്. ആ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞത് ‘PFBR 2011-ല്‍ കമ്മീഷന്‍ ചെയ്യും” എന്നായിരുന്നു. തുടര്‍ന്നങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ നിലയം കമ്മീഷന്‍ ചെയ്യുന്ന തീയ്യതികള്‍ പ്രഖ്യാപിക്കുക എന്നതായി ആണവ വകുപ്പ് ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ജോലി. താഴെക്കൊടുത്തിരിക്കുന്ന തീയ്യതികളും പ്രസ്താവനകളും കാണുക (Ref: International Panel on Fissile Materials).
മാര്‍ച്ച് 2011: പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള സഹമന്ത്രി മന്ത്രി (നാരായണസ്വാമി) ”2012-13 കാലയളവില്‍ നിലയം കമ്മീഷന്‍ ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന”തായി അറിയിച്ചു. (https://idsa.in/system/files/ParliamentQAonNuclearIssues2011.pdf)
മാര്‍ച്ച് 2012: മേല്‍പ്പറഞ്ഞ അതേ കേന്ദ്ര സഹമന്ത്രി ”റിയാക്ടറിന്‍റെ കമ്മീഷന്‍ 2014-15ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന”തായി പത്രക്കുറിപ്പ് വഴി അറിയിച്ചു.
അടുത്ത ഊഴം ഭാവിനി(BHAVINI-Bharatiya Nabhikiya Vidyut Nigam)യുടെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുടേതായിരുന്നു. 2012 ഡിസംബര്‍ മാസം അദ്ദേഹം നടത്തിയ പ്രസ്താവന ഇങ്ങനെയായിരുന്നു: ”നിലയ നിര്‍മ്മാണം അന്തിമ ഘട്ടത്തില്‍, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 6 വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ കമ്മീഷന്‍ ചെയ്യും”.
ഓഗസ്റ്റ് 2014: പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി; ”30.06.2014ലെ കണക്കനുസരിച്ച് നിലയ നിര്‍മ്മാണത്തില്‍ 97.6% പുരോഗതി കൈവരിച്ചു”വെന്നും ”നിലയം ക്രിട്ടിക്കാലിറ്റിയിലേക്ക് കടക്കുന്നതിനുള്ള അംഗീകൃത തീയതി 2014 സെപ്റ്റംബര്‍ ആണെന്നും” അറിയിച്ചു.
അടുത്തത് 2015 ഫെബ്രുവരി ഭാവിനിയുടെ ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറുടേത്: ”2015 ജൂണിലോ ജൂലൈയിലോ നിലയം ക്രിട്ടിക്കല്‍ ആകും”, ”2016 അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങും” എന്ന് പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 2016: ആറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍: ‘അടുത്ത വര്‍ഷം കമ്മീഷന്‍ ചെയ്യും’
ഫെബ്രുവരി 2017: പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി: ”2017 ഒക്ടോബറോടെ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും”.
ഡിസംബര്‍ 2017: ഇന്ദിരാഗാന്ധി സെന്‍റര്‍ ഫോര്‍ ആറ്റമിക് റിസര്‍ച്ച് (IGCAR)ന്റെ ഡയറക്ടര്‍: ”രണ്ട് മാസത്തിനുള്ളില്‍ കമ്മീഷന്‍ ചെയ്യും”.
മാര്‍ച്ച് 2018: IGCARന്‍റെ ഡയറക്ടര്‍: ”ഒന്നുകില്‍ 2018 അവസാനമോ അല്ലെങ്കില്‍ 2019 ആദ്യമോ” പ്രവർത്തനം ആരംഭിക്കും.
സെപ്റ്റംബര്‍ 2018: ആറ്റോമിക് എനര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍; ”അടുത്ത വര്‍ഷം നിലയം ക്രിട്ടിക്കാലിറ്റിയിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു”.
ഫെബ്രുവരി 2019: പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി ഡോ.ജിതേന്ദ്ര കുമാര്‍: ”2020-ഓടെ ക്രിട്ടിക്കലാകും എന്ന് പ്രതീക്ഷിക്കുന്നു”
മാര്‍ച്ച് 2020: കേന്ദ്ര സഹമന്ത്രി ഡോ.ജിതേന്ദ്ര കുമാര്‍, ”ഡിസംബര്‍ 2021ല്‍ കമ്മീഷനിംഗ് പ്രതീക്ഷിക്കുന്നു”
ഒക്ടോബര്‍ 2020: IGCARന്‍റെ ഡയറക്ടര്‍: ”കമ്മീഷനിംഗിന്‍റെ അവസാന ഘട്ടത്തിലാണ്. എനിക്ക് ഇത്രയേ പറയാന്‍ കഴിയൂ’ (March 2020: Minister of State for Parliamentary Affairs, Personnel, Public Grievances & Pensions & Prime Minister’s Office, ‘expected commissioning’ in ‘December 2021’)
ഏറ്റവും ഒടുവില്‍ 2024 മാര്‍ച്ച് 4ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോ ടൈപ്പ് ബ്രീഡര്‍ റിയാക്ടര്‍ നിലയത്തിന്‍റെ ‘കോര്‍ ലോഡിംഗ് ‘ പ്രക്രിയ നടക്കുകയുണ്ടായി. നിലയം അടുത്തുതന്നെ ക്രിട്ടിക്കാലിറ്റിയിലേക്ക് കടക്കുമെന്നും ഊര്‍ജ്ജോത്പാദനം ഉടന്‍ തന്നെ നടക്കുമെന്നും ഇതുസംബന്ധിച്ച് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ (https://pib.gov.in/PressReleaseIframePage.aspx?PRID=2011347) അറിയിച്ചുവെങ്കിലും നിലയം നാളിതുവരെയും കമ്മീഷന്‍ ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.
നിലയ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നത് സംബന്ധിച്ച കാരണങ്ങള്‍, അതുണ്ടാക്കുന്ന സാമ്പത്തിക ഭാരങ്ങള്‍, ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ നേരിടുന്ന മറ്റ് പ്രശ്‌നങ്ങള്‍ എന്നിവ അടുത്തതില്‍ വായിക്കാം.

3. അനുഭവങ്ങള്‍ തെളിവ് നല്‍കുന്നു; അത്ര സുരക്ഷിതമല്ല ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍
ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനം 2004-ല്‍ ആരംഭിച്ചിട്ടും നാളിതുവരെ നിലയത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തതിന്‍റെ കാരണം എന്തായിരിക്കും?
സാധാരണഗതിയില്‍ സാമ്പത്തിക പ്രതിസന്ധികളായിരിക്കാം കാരണമെന്ന് വിശ്വസിക്കാന്‍ സാധ്യത ഏറെയുണ്ടെങ്കിലും അങ്ങിനെയല്ലെന്ന് ഔദ്യോഗിക രേഖകള്‍ തെളിവുനല്‍കുന്നു. PFBR പദ്ധതിക്ക് സാമ്പത്തികമായി പരിപൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു.
അതേസമയം നിലയവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകളാണ് കാരണം എന്ന് ‘ന്യൂക്ലിയര്‍ ഏഷ്യ’യിലെ ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു. 2019 നവമ്പര്‍ 11-ന് തയ്യാറാക്കിയ ഈ ലേഖനം ആണവോര്‍ജ്ജ വകുപ്പിലെ വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം വിശദീകരിക്കുന്നു:
”ന്യൂക്ലിയര്‍ ഏഷ്യയുമായി സംസാരിച്ച ആണവോര്‍ജ വകുപ്പിലെ (Department of Atomic Energy-DAE) ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിച്ചത്, റിയാക്ടറിന്‍റെ ദ്വിതീയ സംവിധാന(secondary system)ത്തിലേക്ക് സോഡിയം കൂളന്‍റ് (ശീതീകാരി) ഒഴിച്ചപ്പോള്‍ പ്രതീക്ഷിച്ച ഫലങ്ങള്‍ ലഭ്യമായില്ലെന്നായിരുന്നു”. കൂളന്‍റ് ഒഴിച്ചതിന് ശേഷമുള്ള അടുത്ത ഘട്ടത്തിലാണ് റിയാക്ടറിലെ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ നടക്കേണ്ടത്. ”റിയാക്ടറില്‍ സോഡിയം നിറച്ചതിന് ശേഷം ഈര്‍പ്പം നിറഞ്ഞ CO2 അതിലൂടെ കടത്തിവിടുന്നു. ഈ പ്രക്രിയ വളരെയധികം സമയമെടുത്ത് ചെയ്യേണ്ടുന്ന ഒന്നാണ്. ഏകദേശം 21 ദിവസം. ഈ പ്രക്രിയ ചില സാങ്കേതിക തസ്സങ്ങള്‍ നേരിടുന്നുണ്ട്”. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥന്‍ ന്യൂക്ലിയര്‍ ഏഷ്യയോട് പറഞ്ഞു. പുതിയ സാങ്കേതികവിദ്യയായതിനാല്‍ ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് (AERB-Atomic Energy Regulatory Board) കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും, നിലയത്തിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായി സോഡിയം ഫാസ്റ്റ് റിയാക്ടറിന്‍റെ സാങ്കേതിക-സാമ്പത്തിക പ്രവര്‍ത്തനക്ഷമത തെളിയിക്കുക എന്നതാണ് PFBR-ന്റെ പ്രധാന ലക്ഷ്യം” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (https://www.nuclearasia.com/news/prototype-fast-breeder-reactor-delays-throws-spanner-indias-thorium-energy-plans/3254/).
സോഡിയം ശീതീകാരിയായി ഉപയോഗപ്പെടുത്തുന്ന ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകളില്‍ പല തരത്തിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടുള്ളതായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായി ന്യൂക്ലിയര്‍ ഫിസിസിസ്റ്റുകളായ എസ് ആര്‍ പിള്ള, എം.വി.രമണ എന്നിവര്‍ 2014 മെയ് 1ന് ‘ബുള്ളറ്റിന്‍ ഓഫ് ആറ്റമിക് സയന്റിസ്റ്റി’ല്‍(Bulletin of Atomic Scientist) എഴുതിയ ലേഖനത്തില്‍ വിശദീകരിക്കുന്നു:
”ഗവേഷണത്തിനും വികസനത്തിനുമായി ശതകോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചിട്ടും, വേഗതയേറിയ ന്യൂട്രോണ്‍ റിയാക്ടറുകള്‍(fast neutron reactors) വിശ്വസനീയമല്ലെന്ന് തെളിയിക്കപ്പെടുകയും സോഡിയം കൂളന്‍റിന്‍റെ ചോര്‍ച്ച കാരണം അവ പലപ്പോഴും അടച്ചുപൂട്ടുകയും ചെയ്യുന്നതായി കാണാം. ലോകമെമ്പാടുമുള്ള വ്യത്യസ്ത റിയാക്ടറുകള്‍ ഈ ചോര്‍ച്ച പ്രശ്നം അനുഭവിച്ചിട്ടുണ്ട്. ഇത് നിര്‍മ്മാണത്തിലെ അപാകതകളുടെയോ പ്രവര്‍ത്തനത്തിലെ പോരായ്മകളുടെയോ ലക്ഷണമാകുന്നതിനുപകരം മറ്റ് അടിസ്ഥാന കാരണങ്ങളുണ്ടാകാമെന്നാണ് സൂചിപ്പിക്കുന്നത്. ഇത്തരം റിയാക്ടറുകളിലെ ലോഹ ഘടകങ്ങളില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണും റിയാക്ടറുകള്‍ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന സോഡിയവും തമ്മിലുള്ള രാസപ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരയാണ് സാധ്യമായ ഒരു കാരണം. ഈ രാസപ്രവര്‍ത്തനങ്ങള്‍ സിസ്റ്റത്തിന്‍റെ ലോഹ ഭാഗങ്ങള്‍ തുരുമ്പെടുക്കാന്‍ ഇടയാക്കുകയും ഒടുവില്‍ ചോര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇക്കാര്യം ശരിയാണെങ്കില്‍, ഈ സംവിധാനം റിയാക്ടറുകളുടെ സുരക്ഷിതത്വത്തിനും അവയുടെ സാമ്പത്തിക ഭദ്രതയ്ക്കും ഗുരുതരമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു” എന്നാണ് പ്രസ്തുത ലേഖനത്തില്‍ സൂചിപ്പിക്കുന്നത്. (https://thebulletin.org/2014/05/breeder-reactors-a-possible-connection-between-metal-corrosion-and-sodium-leaks/)
കല്‍പ്പാക്കത്തിലെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടര്‍ നിര്‍മ്മാണത്തിലെ കാലതാമസത്തിന് പിന്നില്‍ വേറെയും ചില സാങ്കേതിക കാരണങ്ങള്‍ ഉണ്ടാകാമെന്ന് ഡോ.എം.വി.രമണയുമായി നിധി ശര്‍മ്മ നടത്തിയ അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു. ”പ്ലൂട്ടോണിയവുമായി ബന്ധപ്പെട്ടതോ അല്ലെങ്കില്‍ ബ്രീഡര്‍ റിയാക്ടറില്‍ സവിശേഷമായി ഉപയോഗിക്കുന്ന മിശ്രിത ഇന്ധന(Mixed Oxide-MOX)മായി പരിവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതോ ആയ പ്രശ്‌നങ്ങള്‍ ആകാം ഇവ. എന്നാല്‍ ഇതേക്കുറിച്ച് ആരും തുറന്നു പറയുന്നില്ല. ഇവിടെ വരികള്‍ക്കിടയിലൂടെ വായിക്കേണ്ടത് ആവശ്യമാണ്” എന്നാണ് രമണ ഈ അഭിമുഖത്തില്‍ പറയുന്നത്.

ആണവോര്‍ജ്ജോത്പാദനത്തിലെ സുപ്രധാന ഘടകമായ യുറേനിയത്തിന്‍റെ നിക്ഷേപം ലോകമെമ്പാടും തന്നെ കുറഞ്ഞുവരികയാണ് എന്നത് ബ്രീഡര്‍ റിയാക്ടറുകളിലേക്ക് ആണവാനുകൂലികളുടെ ശ്രദ്ധ തിരിയുന്നതിന് പിന്നിലെ പ്രധാന കാരണമാണ്. ലോകത്തിലെ എല്ലാ മേജര്‍ യുറേനിയം റിസര്‍വ്വുകളും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നുവെന്നത് വസ്തുതയാണ്. ഇന്ത്യയിലെ യുറേനിയം നിക്ഷേപങ്ങളിലെ അയിര് അളവ് (Ore Content) വളരെ കുറഞ്ഞതോതില്‍ ആയതിനാലും നമ്മുടെ രാജ്യത്തെ ഏക യുറേനിയം ഖനിയായ ജതുഗുഡ (ഈസ്റ്റ് സിങ്ഭം, ഝാര്‍ഘണ്ഡ്)യില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഇന്ധനം രാജ്യത്തെ മുഴുവന്‍ ആണവ നിലയങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിന് മതിയാവുകയില്ലെന്നതിനാലും ബ്രീഡര്‍ റിയാക്ടറുകള്‍ ഇന്ത്യന്‍ ആണവാധികാരികള്‍ക്ക് പ്രിയങ്കരമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മറ്റ് നിലയങ്ങള്‍ക്കാവശ്യമായ ഇന്ധനം കൂടി ഉത്പാദിപ്പിക്കപ്പെടുന്നുവെന്നത് ഈ നിലയ മാതൃകയെ താല്‍പ്പര്യപൂര്‍വ്വം പരിഗണിക്കാന്‍ വിദഗ്ധരെ പ്രേരിപ്പിക്കുന്നു.
എങ്കില്‍ക്കൂടിയും ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തിലും വാണിജ്യാടിസ്ഥാനത്തിലും പ്രവര്‍ത്തിപ്പിച്ചിരുന്ന പല രാജ്യങ്ങളും അവ പൂര്‍ണ്ണമായും കയ്യൊഴിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. നിലവില്‍ കമേഷ്യല്‍ അടിസ്ഥാനത്തില്‍ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരേയൊരു രാജ്യം റഷ്യയാണ്. BN-600 എന്ന് വിളിക്കപ്പെടുന്ന 600 മെഗാവാട്ട് ശേഷിയുള്ള ഒരു FBR 1980 മുതല്‍ അവിടെ പ്രവര്‍ത്തിക്കുന്നു. BN 800 (800 MW ശേഷി)ന്‍റെ പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. 2010-ല്‍ ചൈന 65 മെഗാവാട്ട് ശേഷിയുള്ള ഒരു പരീക്ഷണ റിയാക്ടറും ആരംഭിച്ചു. 1200 മെഗാവാട്ട് ശേഷിയുള്ള മറ്റൊരു റിയാക്ടര്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരിക്കുകയാണ് റഷ്യന്‍ സര്‍ക്കാര്‍. ജപ്പാനിലെ രണ്ട് റിയാക്ടറുകള്‍ ജോയോ(Joyo), മോഞ്ജു(Monju) എന്നിവ അടച്ചുപൂട്ടുകയാണ്. മോഞ്ജു റിയാക്ടര്‍ അടച്ചുപൂട്ടാന്‍ 2016-ല്‍ ജാപ്പാനീസ് ഗവണ്‍മെന്‍റെ തീരുമാനിക്കുകയുണ്ടായി.
സാങ്കേതികവും സാമ്പത്തികവും ആയ ഒട്ടനവധി കാരണങ്ങളാല്‍ ഫാസ്റ്റ് ബ്രീഡര്‍ റിയാക്ടറുകള്‍ കാര്യക്ഷമമോ ലാഭകരമോ അല്ലെന്ന് ആഗോളതലത്തിലുള്ള അനുഭവങ്ങള്‍ വ്യക്തമാക്കുന്നു. കല്‍പ്പാക്കം നിലയത്തിന്‍റെ ആദ്യ എസ്റ്റിമേഷന്‍ ഏതാണ്ട് 3200 കോടിയോളമായിരുന്നത് പണി ആരംഭിക്കുന്നതിന് മുമ്പ് തന്നെ 6300 കോടിയായി ഉയര്‍ത്തിയിരുന്നു. നിലയം കമ്മീഷന്‍ ചെയ്യുമ്പോഴേക്കും അത് എത്രമടങ്ങായി ഉയരുമെന്ന് പറയാനാവില്ല. ആണവ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വിവരാവകാശ നിയമത്തിന്‍റെ സെക്ഷന്‍ (8)1(എ) അനുസരിച്ച് പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കുന്നു എന്നതുകൊണ്ടുതന്നെ ഇക്കാര്യം ജനങ്ങള്‍ക്ക് അജ്ഞാതമായിരിക്കുകയും ചെയ്യും.
Great insights! It’s fascinating how AI is reshaping productivity, much like tyy.AI’s AI Twitter Assistant streamlines social engagement with smart automation.