സാധര്‍മ്മ്യ ന്യായവാദത്തിലെ (analogical reasoning) വഴിതെറ്റലുകള്‍

Fascism

ക്ലാസിക്കല്‍ ഫാസിസവും പുതുകാല ഫാസിസവും 

ആല്‍ബെര്‍ട്ടോ ടൊസ്‌കാനയുടെ ‘ലേറ്റ് ഫാസിസം’ എന്ന പുസ്തകത്തിന്‍റെ വായന

”ഫാസിസം എന്നത് ആധുനിക സാങ്കേതിക വിദ്യകളാല്‍പൂര്‍ണ്ണമായി യോജിപ്പിച്ച പ്രാചീനതയുടെ ആരാധനയാണ്.കണ്ടീഷനിംഗിന്‍റെയും ഭ്രമാത്മകതയുടെയും അത്യാധുനിക മാര്‍ഗങ്ങളുടെ അതിമനോഹരമായ പശ്ചാത്തലത്തില്‍ മിഥ്യയുടെ അധഃപതിച്ച ഒരു വ്യാജം  പുനരുജ്ജീവിപ്പിക്കപ്പെടുന്നു”.

– Guy Debord, The Society of the Spectacle

Guy Debord

രേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഇന്ത്യയില്‍ രാഷ്ട്രീയാധികാരം നേടിയെടുത്ത ആദ്യവര്‍ഷങ്ങളില്‍ ബിജെപി ഒരു ഫാസിസ്റ്റ് പാര്‍ട്ടിയാണോ അല്ലയോ എന്നത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നിരുന്നു. സിപിഐ (എം) നേതാവായ പ്രകാശ് കാരാട്ട് 2016 ജൂലൈ 28ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ (ഫാസിസവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗവും) ബിജെപിയെ ഒരു ഫാസിസ്റ്റ് പാര്‍ട്ടിയെന്ന് വിളിക്കാന്‍ കഴിയില്ല എന്ന് അസന്നിഗ്ധമായിത്തന്നെ പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്നുള്ള നാളുകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വ്യാപകമായി ഉയര്‍ന്നുവെങ്കിലും പ്രകാശ് കാരാട്ട് തന്‍റെ നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുകയുണ്ടായില്ല.

ബിജെപി ഫാസിസ്റ്റ് പാര്‍ട്ടി അല്ലെന്ന നിഗമനത്തിലേക്ക് എത്തിച്ചേരുന്നതിനായി കാരാട്ട് കൂട്ടുപിടിക്കുന്നത് കമ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ നേതാവായിരുന്ന ഗ്യോര്‍ഗി ദിമിത്രോവി(Georgi Dimitrov)ന്‍റെ ഫാസിസത്തെ സംബന്ധിച്ച നിര്‍വ്വചനത്തെയാണ്. ”തീര്‍ത്തും പിന്തിരിപ്പനും അങ്ങേയറ്റം മേധാവിത്വപരവും ധനമൂലധനത്തിന്‍റെ മുഴുവന്‍ സാമ്രാജ്യത്വഘടകങ്ങളും ഉള്‍ക്കൊള്ളുന്ന തുറന്ന ഭീകരവാദപരവുമായ സ്വേച്ഛാധിപത്യമാണത്. ഈ ഫാസിസമാണ് നാസി ജര്‍മനിയിലും മുസ്സോളിനിയുടെ ഇറ്റലിയിലും ജപ്പാനിലും നിലവില്‍വന്നത്” എന്ന ദിമിത്രോവ് നിര്‍വ്വചനമാണ് കാരാട്ട് ലേഖനത്തില്‍ ഉദ്ധരിക്കുന്നത്. 

Georgi Dimitrov with J.V.Stalin

ആര്‍എസ്എസ്സ് നേതൃത്വം നല്‍കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തെ ഫാസിസമായി തിരിച്ചറിയുന്നതില്‍ കാരാട്ട് അടക്കമുള്ള വ്യവസ്ഥാപിത ഇടതുപക്ഷ നേതൃത്വങ്ങള്‍ക്ക് സംഭവിക്കുന്ന പിഴവ് പ്രധാനമായും ഫാസിസത്തെ വിലയിയിരുത്തുന്നതില്‍ അവര്‍ സാധര്‍മ്മ്യ ന്യായവാദത്തെ (analogical reasoning) കൂട്ടുപിടിക്കുന്നു എന്നതാണ്. ആഗോളതലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചരിത്രപരമായ മുന്നേറ്റങ്ങളെ സംഭവവികാസങ്ങളെ, പ്രത്യയശാസ്ത്രങ്ങളെ നിലനില്‍ക്കുന്ന എല്ലാ വൈരുദ്ധ്യങ്ങളോടെയും പൊരുത്തക്കേടുകളോടെയും തിരിച്ചറിയാന്‍ വിസമ്മതിക്കുന്നു എന്നതുകൂടിയാണ് ഈ പിഴവിന്‍റെ അടിസ്ഥാനം. ഫാസിസത്തെ ഒരു ‘സംഭവ'(event)മെന്ന നിലയില്‍ തിരിച്ചറിയുകയല്ല വേണ്ടത്; മറിച്ച് ഒരു പ്രക്രിയ എന്ന നിലയിലായിരിക്കണം. അത് ഏകശിലാത്മകമോ, സവിശേഷമായ ഇന്‍വെന്‍റുകളില്‍ പരിശോധിച്ച് സമാനതകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഏകീകൃതവും നിശ്ചലവുമായ ഒരു മാതൃകയെ അവലംബിക്കുന്നതോ ആയ ഒന്നല്ലെന്നും, മറിച്ച് സ്ഥലപരവും കാലപരവുമായ ഒന്നിലധികം ഉത്ഭവങ്ങളുള്ള ഒരു പ്രക്രിയ എന്ന നിലയില്‍ ഫാസിസത്തെ സമീപിക്കുമ്പോള്‍ മാത്രമേ വര്‍ത്തമാനകാല ഫാസിസ്റ്റ് രൂപങ്ങളെ ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.

ഈയൊരു സന്ദര്‍ഭത്തിലാണ് ഇറ്റാലിയന്‍ കള്‍ച്ചറല്‍ ക്രിട്ടിക്കും, സോഷ്യല്‍ തിയറിസ്റ്റും ആയ ആല്‍ബെര്‍ട്ടോ ടൊസ്‌കാനോ ചില നിര്‍ദ്ദേശങ്ങള്‍ നമ്മുടെ മുന്നിലേക്ക് വെക്കുന്നത്. ലോകമെമ്പാടും ഇന്ന് നിലനില്‍ക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയ സ്വരൂപങ്ങളെ മനസ്സിലാക്കുന്നതിലും വിശകലനം ചെയ്യുന്നതിലും സംഭവിക്കുന്ന രീതിശാസ്ത്രപരമായ പിഴവുകളെ ആഴത്തില്‍ പരിശോധിക്കുന്നതിനായി ആല്‍ബെര്‍ട്ടോ ടൊസ്‌കാനോ (Alberto Toscano) തന്‍റെ Late Fascism: Race, Capitalism and Politics of Crisis എന്ന ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നു.

Alberto Toscano

ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ ഭൂതകാല സ്വപ്നങ്ങളോടുള്ള അഭിനിവേശവും മുതലാളിത്തത്തിന്‍റെ തുടര്‍ച്ചയിലും ചലനാത്മകതയിലും ഉള്ള അമിത ശ്രദ്ധയെയും വംശീയ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നതിലും കാര്‍സറല്‍ ഭരണകൂട നിര്‍മ്മിതികളിലും സ്വീകരിച്ചിരിക്കുന്ന പുതുതന്ത്രങ്ങളെയും രീതിശാസ്ത്രപരമായ വിശകലനങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ടൊസ്‌കാനോ തന്‍റെ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്. അതോടൊപ്പം തന്നെ വ്യക്തിസ്വാതന്ത്ര്യം, സഹിഷ്ണുത തുടങ്ങിയ, സാധാരണ നിലയ്ക്ക് ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് അഭികാമ്യമല്ലെന്ന് നാം നീരീക്ഷിക്കുന്ന, ക്ലാസിക്കല്‍ ലിബറല്‍ ബോധ്യങ്ങളെ പോപ്പുലിസ്റ്റ് വലതുരാഷ്ട്രീയം തങ്ങളുടെ സ്വന്തം വളര്‍ച്ചയ്ക്കും താല്‍പ്പര്യസംരക്ഷണത്തിനുമായി ഏതൊക്കെ രീതിയില്‍ ഉപയോഗിക്കുന്നുവെന്നും പുസ്തകം പരിശോധിക്കുന്നു.

കൊളോണിയലിസം, അടിമത്തം എന്നിവയില്‍ നിന്നുള്ള ചരിത്രപരമായ വ്യതിയാനമായി ഫാസിസത്തെ കാണേണ്ടതില്ല. ഫാസിസം അതിന്‍റെ ജനിതക മുന്‍ഗാമികളായ ക്രിസ്തുമതം, സാമ്രാജ്യത്വം, ദേശീയത, ലിംഗവിവേചനം, വംശീയത എന്നിവയെപ്പോലെ വരേണ്യവാദികള്‍ക്ക് അധികാരത്തിലേറാനും നിലനില്‍ക്കാനുമുള്ള മാര്‍ഗങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ആധുനിക സാമൂഹിക വ്യവസ്ഥയായിരുന്നുവെന്ന് റോബിന്‍സണെ ഉദ്ധരിച്ചുകൊണ്ട് ടൊസ്‌കാനോ വിശദീകരിക്കുന്നു (Robinson, ‘Fascism and the Response of Black Radical Theorists’.)

അതോടൊപ്പം തന്നെ ലിബറല്‍ ജനാധിപത്യം ഫാസിസത്തിന്‍റെ മറുമരുന്നായല്ല അവതരിക്കുന്നതെന്നും, അവ ഫാസിസത്തിന്‍റെ സാധ്യതാ സാഹചര്യങ്ങളെ സൃഷ്ടിക്കുകയാണെന്നും ടൊസ്‌കാനോ നിരീക്ഷിക്കുന്നു. ഫാസിസ്റ്റ് ഭരണക്രമം തീവ്ര ദേശീയ സ്വഭാവമുള്ള സ്വേച്ഛാധിപത്യ രാഷ്ട്രങ്ങള്‍ കൂടി ഉള്‍പ്പെടുന്നതായിരിക്കാം. എന്നാല്‍ അവ അതില്‍ മാത്രം പരിമിതപ്പെടുന്നില്ലെന്നും, ലിബറല്‍ ജനാധിപത്യ ഭരണസംവിധാനങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന സാമ്പത്തിക കുഴമറിച്ചിലുകള്‍ സാമൂഹികമായ കയ്യൊഴിയല്‍ എന്നിവയുടെ ഫലമായി ഉറവെടുക്കുന്ന അസമമായ സാമൂഹിക ക്രമത്തിന്‍റെ പ്രതിസന്ധികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് വംശീയവും മതപരവും ലിംഗപരവുമായി അപരവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ടൊസ്‌കാനോ വിലയിരുത്തുന്നു. 

മുസ്സോളിനിയുടെ ഇറ്റലിയിലും ഹിറ്റ്ലറുടെ ജര്‍മ്മനിയിലും മാത്രമായി ഫാസിസത്തെ തിരിച്ചറിയുന്നതില്‍ നാം സ്വയം പരിമിതപ്പെടുത്തരുതെന്ന് ടൊസ്‌കാനോ ആവശ്യപ്പെടുന്നു. ഫാസിസത്തിന്‍റെ വിവിധങ്ങളായ രൂപങ്ങളെ അടയാളപ്പെടുത്തുന്നതിനും സിദ്ധാന്തീകരിക്കുന്നതിനുമായി കറുത്ത വംശജരുടെ കൊളോണിയല്‍ വിരുദ്ധ പാരമ്പര്യങ്ങളെ, പോരാട്ടങ്ങളെ ടൊസ്‌കാനോ തന്‍റെ ഗ്രന്ഥത്തിലുടനീളം സവിശേഷ ശ്രദ്ധയോടെ അവതരിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ സാമ്പത്തിക ക്രമത്തിലെ ബലഹീനതകള്‍ക്കും അതിനോടുള്ള എതിര്‍പ്പിന്‍റെ ദുര്‍ബലതയ്ക്കും മേല്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന പരാന്നഭോജികളായ ഫാസിസ്റ്റ് രൂപങ്ങള്‍ വംശീയ മുതലാളിത്ത പ്രതിസന്ധികളുടെയും സാമ്രാജ്യത്വ അതിരുകവിയലിന്‍റെയും സൂചകങ്ങളാണ് എന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. 

മുതലാളിത്തത്തിനെതിരായി സംസാരിക്കാന്‍ തയ്യാറല്ലാത്തവര്‍ ഫാസിസത്തെക്കുറിച്ച് മിണ്ടരുതെന്ന് ടൊസ്‌കാനോ അല്‍പ്പം ഉറക്കെത്തന്നെ പറയുന്നുണ്ട് തന്‍റെ ഗ്രന്ഥത്തില്‍. ഫാസിസം മുതലാളിത്ത ഭരണകൂടത്തിന്‍റെ പുനര്‍നിര്‍മ്മാണവുമായി അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിനും മൂലധന ഭരണകൂടത്തിന്‍റെ അഖണ്ഡതയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഗുരുതരമായ ഭീഷണികള്‍ നേരിടുന്ന അവസരത്തിലൊക്കെ അവ അവതരിക്കുമെന്നതിനും ചരിത്രപരമായ തെളിവുകള്‍ നിരവധിയാണ്. ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനുമായ ഡാനിയല്‍ ഗെന്‍റെ Big Business and Fascism എന്ന ഗ്രന്ഥത്തെ ടൊസ്‌കാനോ ഇതിനായി സമീപിക്കുന്നു. ഗെറന്‍ നിരീക്ഷിക്കുന്നു: ”സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, ലാഭത്തിന്‍റെ തോത് പൂജ്യത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍, ബൂര്‍ഷ്വാസിക്ക് അതിന്‍റെ ലാഭം പുനഃസ്ഥാപിക്കാന്‍ ഒരേയൊരു വഴി മാത്രമേ കാണാനാകൂ. അത് അവസാന ഇഞ്ചുവരെ വരെ ജനങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുന്നു. ഒരിക്കല്‍ ഫ്രാന്‍സിലെ ധനകാര്യ മന്ത്രിയായിരുന്ന എം. കെയ്‌ലാക്‌സ് ‘മഹാ പ്രായശ്ചിത്തം’ (great penance) എന്ന് പ്രത്യക്ഷമായി വിശേഷിപ്പിച്ചത് ഇതിനെയാണ്. വേതനവും സാമൂഹിക ചെലവുകളും ക്രൂരമായി വെട്ടിക്കുറയ്ക്കല്‍, ഉപഭോക്താവിന്‍റെ ചെലവില്‍ താരിഫ് തീരുവ വര്‍ധിപ്പിക്കല്‍ മുതലായവ. സംസ്ഥാനം, കൂടാതെ, ബിസിനസിനെ രക്ഷിക്കുന്നു. പാപ്പരത്തത്തിന്‍റെ വക്കിലെത്തിലെത്തി നില്‍ക്കുന്ന ജനങ്ങളെ കടുത്ത നികുതി നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്നു. സബ്‌സിഡികള്‍, നികുതി ഇളവുകള്‍, പൊതുമരാമത്തിനായുള്ള ഓര്‍ഡറുകള്‍, ആയുധങ്ങള്‍ എന്നിവ ഉപയോഗിച്ച് വന്‍കിട ബിസിനസ് സംരംഭങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നു.’ (Daniel Guerin, Big Business and Fascism, p-27-28)

Daniel Guerin

ഇതാണ് ഫാസിസം എന്ന് എളുപ്പത്തിലുള്ള നിര്‍വ്വചനം സാധ്യമാക്കാനല്ല ടൊസ്‌കാനോ തന്‍റെ ഗ്രന്ഥത്തിലൂടെ ശ്രമിക്കുന്നത്. മറിച്ച്, ഫാസിസത്തെ സംബന്ധിച്ച പൂര്‍വ്വകാല സിദ്ധാന്തങ്ങള്‍ വര്‍ത്തമാനകാല സന്ദര്‍ഭങ്ങളില്‍ അവതരിപ്പിക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന് കണ്ടെത്താനാണ്. ചരിത്ര കാലവുമായി ഫാസിസത്തിന്‍റെ ബന്ധമെന്താണെന്നും ഫാസിസത്തിന്‍റെ ഭാവനകളിലും തന്ത്രങ്ങളിലും വര്‍ഗ്ഗങ്ങള്‍ക്കും ബഹുജനങ്ങള്‍ക്കും സംഘങ്ങള്‍ക്കും ഉള്ള സ്ഥാനമെന്താണെന്നും ഫാസിസത്തെ മാനസികവും കാമചോദനാ(libidinal) പ്രതിഭാസമായും സാമൂഹിക-രാഷ്ട്രീയ പ്രശ്‌നമായും മനസ്സിലാക്കേണ്ടതുണ്ടോ എന്നും ഉള്ള ചോദ്യങ്ങളാണ് തന്‍റെ ഗ്രന്ഥത്തിലൂടെ അദ്ദേഹം ഉയര്‍ത്തുകയും ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത്.

ഫാസിസ്റ്റുകളെ, ഫാസിസ്റ്റ് മനോഘടനയുള്ളവരെ എങ്ങിനെ തിരിച്ചറിയാന്‍ കഴിയും എന്ന് ടൊസ്‌കാനോ പരിശോധിക്കുന്നുണ്ട് തന്റെ ഗ്രന്ഥത്തില്‍. സാമൂഹ്യശാസ്ത്രജ്ഞന്‍ ഒലിവര്‍ ക്രോംവെല്‍ ക്രോക്‌സിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം അത് വിശദീകരിക്കുന്നു: ”ഫാസിസ്റ്റുകളെയും പൊട്ടന്‍ഷ്യല്‍ ഫാസിസ്റ്റുകളെയും സാമൂഹ്യവിരുദ്ധരായും അധഃപതിച്ചവരും ആയ ആളുകളായി, ഗുണ്ടാ സംഘങ്ങളായി കരുതുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട തെറ്റ്. തീര്‍ച്ചയായും സത്യം ഇതിന് നേര്‍വിപരീതമാണ്. ഒരു മുതലാളിത്ത സമൂഹത്തിലെ സജീവ ഫാസിസ്റ്റ് പാര്‍ട്ടിയില്‍ സംഘടിക്കുന്ന വ്യക്തികള്‍ പ്രധാനമായും ആദരണീയ വ്യക്തികളാണ്… ഫാസിസ്റ്റുകള്‍ രാഷ്ട്രീയ-വര്‍ഗബോധം നേടിയ മുതലാളിമാരും അവരുടെ അനുഭാവികളുമാണ്.” ഫാസിസം സമൂഹത്തിലേക്ക് കടന്നുവരുന്നത് വെറിപിടിച്ച വ്യക്തികളുടെ കൂട്ടങ്ങളായല്ല; മറിച്ച് ഒരു രാഷ്ട്രീയ പ്രത്യശാസ്ത്രമെന്ന നിലയിലാണ് മുതലാളിത്തത്തെ അതിന്‍റെ പ്രതിസന്ധികളില്‍ നിന്ന് രക്ഷിക്കാനും ആവശ്യമായ രാഷ്ട്രീയ ക്രമം പുനഃസ്ഥാപിക്കാനും പ്രതിസന്ധികള്‍ പരിഹരിക്കാനുമുള്ള ഒരു പ്രത്യയശാസ്ത്രം എന്ന നിലയാണ് അതിന്‍റെ പ്രവര്‍ത്തനം.

ടൊസ്‌കാനോ തന്‍റെ ഗ്രന്ഥം തയ്യാറാക്കുന്നത് ഫാസിസത്തിന്‍റെ ഭീഷണി ലോകത്തിന്‍റെ വിവിധ കോണുകളില്‍ ഭിന്നങ്ങളായ രൂപഭാവങ്ങളോടെ പതിയിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ്. എങ്കില്‍ക്കൂടിയും, ഫാസിസത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ അവ്യക്തമായി തുടരുന്ന തരത്തിലുള്ള നിര്‍വചനങ്ങള്‍, സാമ്യവല്‍ക്കരണങ്ങള്‍, സൂചകങ്ങള്‍ എന്നിവയെക്കുറിച്ചുള്ള സംവാദങ്ങളില്‍ മുഴുകിയിരിക്കുകയാണ് നാം. കൊളോണിയല്‍ വിരുദ്ധ, വംശീയ വിരുദ്ധ, മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങളുടെ അടിത്തറയായ ലിബറലിസം ഫാസിസത്തിന്‍റെ ശത്രുവല്ലെന്നും അത് ഫാസിസത്തിന് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കാന്‍ പര്യാപ്തമായ ഒന്നാണെന്നും ടൊസ്‌കാനോ വ്യതിരിക്തമായ വിശകലന പടുത്വത്തോടെ വ്യക്തമാക്കുന്നു. തന്‍റഎ വാദങ്ങള്‍ക്ക് ബലം പകരുന്നതിനായി ബ്ലാക് റാഡിക്കല്‍ പാരമ്പര്യങ്ങളില്‍ നിന്നും മാര്‍ക്‌സിയന്‍ ദാര്‍ശനിക ധാരയില്‍ നിന്നും വലിയൊരു നിരയെത്തന്ന ടൊസ്‌കാനോ അവതരിപ്പിക്കുന്നു. എണസ്റ്റ് ബ്ലോഷ്(Ernt Bloch), ജോര്‍ജ് ബെറ്റായ്(George Battaille), ലിയോ ലെവന്താള്‍(Leo Lewenthal), ആജ്ഞല ഡേവിസ്((Angela Davis), ജോര്‍ജ്ജ് ജാക്‌സണ്‍(George Jackson), സ്റ്റ്യുവര്‍ട്ട് ഹാള്‍(Stuart Henry McPhail Hall), റൂത്ത് വില്‍സണ്‍ ഗില്‍മോര്‍(Ruth Wilson Gilmore), ഫ്യൂറിയോ ജെസി(Furio Jesi) എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.

ഫാസിസം സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലേക്ക് പല രൂപത്തിലും ഭാവത്തിലും കടന്നുകയറുമ്പോള്‍, സാമ്യതകളുടെ സ്തംഭനാവസ്ഥകളില്‍ നിന്ന് പുറത്തുകടന്ന്, വര്‍ത്തമാനകാലത്തെ അതിന്‍റെ ഭിന്ന സ്വരൂപങ്ങളെ ഫലപ്രദമായി മനസ്സിലാക്കാനുള്ള വഴികള്‍ ടൊസ്‌കാനോ തന്‍റെ ഗ്രന്ഥത്തിലൂടെ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. നമ്മുടെ ബൗദ്ധികതയില്‍ നിന്ന് അപ്രത്യക്ഷമായ സംഭവങ്ങളെ ഗ്രന്ഥകാരന്‍ പുനരുജ്ജീവിപ്പിക്കുന്നു. വര്‍ത്തമാനകാല അവസ്ഥകളെ ആഴത്തില്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നു.

Latest articles

Leave a comment