“… There is more information of a higher order of sophistication and complexity stored in a few square yards of forest than there is in all the libraries of mankind.”
-Poet Gary Snyder paraphrases Eugene Odum
There is a “wisdom” in a mature ecosystem. Mistreated ecosystems become unstable because that wisdom is lost.
അസ്ഥിരമാകുന്ന ആവാസവ്യവസ്ഥകൾ
ഭൗമ – രാസ – ജൈവ പ്രവർത്തനങ്ങളുടെ അനവധിയായ പരസ്പരബന്ധിതമായ ചാക്രിക പ്രവർത്തനങ്ങളുടെ സന്തുലിതത്വങ്ങളെ ആശ്രയിച്ചാണ് ഈ ഭൂമി വാസയോഗ്യമാവുന്നത് എന്ന വസ്തുത ഭൂമി തന്നെയും അതിലോലമായ ഒരു ആവാസവ്യവസ്ഥയാണ് എന്ന് ബോധ്യങ്ങളിലേക്കു നമ്മെ നയിക്കേണ്ടതാണ്. ഓരോ ആവാസവ്യവസ്ഥയും അവിടുത്തെ സ്വാഭാവിക ജൈവസമൂഹങ്ങളും സൂക്ഷ്മമായി ക്രമീകരിക്കപ്പെട്ട സംവിധാനങ്ങളുടെ ഭാഗമാണ്. അവിടെ ഓരോ ജീവിവർഗത്തിനും ആ ആവാസവ്യവസ്ഥയുടെ ഭാഗമായ മറ്റ് ജീവജാലങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പാരിസ്ഥിതിക മൂല്യമുണ്ട്. ഒപ്പം ആവാസവ്യവ്യവസ്ഥയുടെ തന്നെ പാരിസ്ഥിതിക മൂല്യത്തിനും അതിന്‍റേതായ സംഭാവനകൾ നൽകുന്നുണ്ട്. മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ഇത്തരം പാരിസ്ഥിതിക സേവനങ്ങളെ ആശ്രയിച്ചാണ് മുൻപോട്ടു പോവുന്നത്. അതിനാൽ തന്നെ ഓരോ ജീവിവർഗ്ഗത്തിന്‍റേയും നാശം അവ ആവാസവ്യവസ്ഥകളിൽ അത് നിർവഹിച്ചു കൊണ്ടിരുന്ന പാരിസ്ഥിതിക സേവനങ്ങളിൽ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കും എന്നത് നിസ്തർക്കമായ സംഗതിയാണ്. ആവാസവ്യവസ്ഥയുടെ അവസ്ഥയും അവ നൽകുന്ന സേവനങ്ങളും തമ്മിലുള്ള ബന്ധം ലളിതമോ രേഖീയമോ അല്ല. മറിച്ച് കൂടുതൽ സങ്കീർണ്ണമാണ്.
നാളിതുവരെ ‘വികസനം’ എന്ന് പേരിട്ടു വിളിച്ചതെല്ലാം ഭൂമിയിൽ അവശേഷിപ്പിക്കുന്നതെന്തെന്ന് കണക്കെടുക്കാനുള്ള അവസരങ്ങൾ ആണ് ഓരോ പ്രകൃതി ദുരന്തങ്ങളും നമുക്ക് നൽകുന്നത്. വികസനത്തിലേക്കുള്ള വഴി എവിടെ വെച്ചാണോ വിനാശത്തിലേക്കുള്ള വഴി കൂടി ആയി പരിണമിക്കുന്നത് എന്നുള്ള തിരിച്ചറിവുകളെ ഇനിയും അവഗണിച്ചു കൊണ്ട് മുൻപോട്ടു പോവാൻ കഴിയാത്ത വിധം ഈ ദുരന്തങ്ങൾക്കു ആവർത്തന സ്വഭാവം കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. തീരാദുരിതങ്ങളിലേക്കുള്ള ഒരു ഉറക്കമുണർച്ചയുടെ ദൈർഘ്യം മാത്രമാണ് നമ്മുടെ ”വികസന സ്വപ്നങ്ങൾക്ക് ” ഉള്ളൂ എന്ന് അതിതീവ്ര കാലാവസ്ഥ സാഹചര്യങ്ങൾ സംശയത്തിന് ഇടയില്ലാത്ത വിധം തെളിയിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ തന്‍റെ തന്നെ വിനാശത്തിലേക്കും, മറ്റനേകം ജീവിവർഗ്ഗങ്ങളെക്കൂടി വംശനാശത്തിലേക്കു നയിക്കുന്ന ചില വിഡ്ഢിത്തങ്ങളെയാണ് വികസനത്തിന്‍റെ സാമ്പത്തികയുക്തിയായി സ്വീകരിച്ചിരിക്കുന്നത് എന്ന് കൂടിയാണ് ഈ ദുരന്തങ്ങൾ വെളിപ്പെടുത്തുന്നത്.

അനുകൂലമായ (Optimal) പരിതസ്ഥിതിയിൽ ചില സമ്മർദ്ദങ്ങൾക്കെതിരെ സ്വാഭാവികമായ പ്രതിരോധ ശേഷിയും, പുനഃസ്ഥാപന ശേഷിയും പ്രകൃതിക്കുണ്ടെങ്കിലും, ഭൗതിക പരിധികളുടെ നിർണ്ണായക അതിരുകൾക്കപ്പുറം ഈ തിരിച്ചുപിടിക്കലുകൾ സങ്കീർണമായി തീരുന്നു. ആവാസവ്യവസ്ഥകൾക്കും ജീവിവർഗ്ഗങ്ങൾക്കും ഉണ്ടാകുന്ന നാശം അവ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന നിരവധിയായ പാരിസ്ഥിതിക സേവനങ്ങൾ (ecosystem services) ഇല്ലാതെയാക്കുന്നതിലൂടെ പരിസ്ഥിതിസംതുലനം തകരാറിലാവുകയും ചെയ്യുന്നു. ജൈവപരസ്പര്യത്തിന്‍റെ കണ്ണികൾ മുറിഞ്ഞ്, അസ്വസ്ഥമാക്കപ്പെട്ട ഒരു ആവാസവ്യവസ്ഥ, കൂടുതൽ അസ്ഥിരതകൾ നിറഞ്ഞ പരിസ്ഥിതി സാഹചര്യങ്ങളാണ് സൃഷ്ടിക്കുക. ഒരു ആവാസവ്യവസ്ഥയിൽ ഒരു ജീവിവർഗ്ഗത്തിന്‍റെ നാശത്തിലേക്കുള്ള ദൂരം കുറവും, എന്നാൽ അവയുടെ തിരിച്ചു വരവുകളിലേക്കുള്ള കാലദൈർഘ്യം കൂടുതലും ആയിരിക്കും എന്നത് തൊടിയിൽ നിന്നോ ഇടവഴികളിൽ നിന്നോ അപ്രത്യക്ഷമാവുന്ന തുമ്പയോ കാക്കപ്പൂവോ കണ്ണാന്തളിയോ പോലും നമ്മോടു പറയുന്നുണ്ട്. അങ്ങിനെയെങ്കിൽ എത്ര കാലമെടുത്തായിരിക്കും ഉരുൾപ്പൊട്ടലിൽ കുത്തിയൊലിച്ച് പോയ ജൈവസമ്പന്നമായ ഒരു കാട് തിരിച്ചു വരിക?
കാലാവസ്ഥയും ആവാസ വ്യവസ്ഥാ പ്രതികരണങ്ങളും
“In human economics, rising debt is fake energy. In Nature, all debts are paid, and no one is “too big to fail.”
– Howard T Odum
ഭൂമിയിലെ ജീവിവർഗ്ഗങ്ങളുടെ ചരിത്രം എന്നത് മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളോടുള്ള അവയുടെ പ്രതികരണങ്ങളുടെ ചരിത്രം കൂടിയാണ് എന്ന് പറയാം. ജീവിവർഗ്ഗങ്ങളുടെ വ്യാപനവും, വംശനാശവും, ജൈവ-ഭൗമ മേഖലകളുടെ വേർതിരിയലും, സവിശേഷമായ വാസസ്ഥല (Niche) സ്ഥാപനവും, അവിടുത്തെ ജൈവ-അജൈവ ഘടകങ്ങളുടെ പാരസ്പര്യങ്ങളും, ജീവി ബന്ധങ്ങളും അതാതു കാലത്തെ കാലാവസ്ഥ മാറ്റങ്ങളോടുള്ള ജീവിവർഗ്ഗങ്ങളുടെ പ്രതികരണങ്ങളുടെ ആകെത്തുകയും, അവയുടെ തുടർച്ചകളും ഇടർച്ചകളും ആണ്. പാരിസ്ഥിതികവും പരിണാമപരവുമായ പാറ്റേണുകളുമായുള്ള കാലാവസ്ഥയുടെ ബന്ധം സ്ഥാപിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും വംശവർദ്ധനവ്, വംശനാശത്തിൻ്റെ തോത്, വൈവിധ്യ തലം, വിതരണ പാറ്റേണുകൾ, ആവാസവ്യവസ്ഥാ പ്രക്രിയകൾ എന്നിവയിലെല്ലാം കാലാവസ്ഥക്ക് സ്വാധീനം ചെലുത്താനാകും എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഭൂമിയുടെ സ്വാഭാവികമായ പ്രതികൂല-അനുകൂല കാലാവസ്ഥ മാറ്റങ്ങളോടുള്ള പ്രതികരണ ക്രമങ്ങളിൽ നിന്ന് വ്യതിരിക്തമായി മനുഷ്യ നിർമിത/മനുഷ്യ പ്രേരകമായ കാലാവസ്ഥ മാറ്റങ്ങളോടുള്ള ജൈവ സംവിധാനങ്ങളുടെ പ്രതികരണങ്ങളിൽ ആകസ്മികതകളും അനിശ്ചിതത്വങ്ങളും അടിയന്തിരാവസ്ഥകളും ഏറിയിരിക്കുന്നതായി പല നിരീക്ഷണങ്ങളും സൂചന നൽകുന്നുണ്ട്. മനുഷ്യ പ്രേരകമായ കാലാവസ്ഥ മാറ്റങ്ങൾക്കു വേഗവും വ്യാപന ശേഷിയും ഏറിയിരിക്കുന്നതിനാൽ തന്നെ അതിന്‍റെ അനന്തര ഫലങ്ങൾ ജൈവവ്യവസ്ഥകളിൽ എളുപ്പം പ്രതിഫലിക്കുകയും ചെയ്യുന്നു. പ്രകൃതി ദുരന്തങ്ങളുടെ ഭാഗമായി ഒരു പ്രദേശത്തു നിന്ന് ഒന്നോ അതിലധികമോ ജീവി വർഗ്ഗങ്ങൾ പെട്ടെന്ന് ഇല്ലാതാവുന്നത് അവിടുത്തെ ആവാസ സാഹചര്യങ്ങളെ എങ്ങിനെ ബാധിക്കും എന്ന് മേൽസൂചിപ്പിച്ച സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൂടി ആയിരിക്കണം വിശകലനം ചെയ്യേണ്ടത്.
പ്രാണികളും, പുഴുക്കളും, പുല്ലുകളും ജീവന്‍റെ വലയിലെ സുപ്രധാന കണ്ണികൾ ആണ്. നമുക്ക് അപ്രധാനമെന്നു തോന്നുന്ന അസംഖ്യം അകശേരുകികളുടെ പ്രാധാന്യത്തെ കുറിച്ച് അമേരിക്കൻ ജീവശാസ്ത്രഞ്ജനായ ഇ.ഓ വിൽസൺ കുറിച്ചത് “The little things that run the world” എന്നാണ്. ‘മനുഷ്യരാശികൾ അപ്രത്യക്ഷമായാൽ, പതിനായിരം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന സമ്പന്നമായ സന്തുലിതാവസ്ഥയിലേക്ക് ലോകം വീണ്ടും പുനർജനിക്കും.
ഭൂമിയിലെ ഒരു പ്രത്യേക സ്ഥലത്ത് ഒരു ജീവിവർഗ്ഗം ഉണ്ടാകുന്നതിന് ജനിതകവും പാരിസ്ഥിതികവും ചരിത്രപരവുമായ കാരണങ്ങൾ ഉണ്ടായിരിക്കും. ജീവജാലങ്ങൾക്ക് അവയുടെ പാരിസ്ഥിതിക വാലൻസി – അതായത് ഒരു ജീവിവർഗത്തിനു അതിജീവിക്കാൻ കഴിയുന്ന അവയുടെ സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങൾ (HESSE 1924) – ആ സ്ഥലത്തിൻ്റെ മൊത്തത്തിലുള്ള പരിസ്ഥിതിയുമായി വൈരുദ്ധ്യങ്ങളില്ലെങ്കിൽ മാത്രമേ ആ പ്രദേശത്തു നിലനിൽപ്പ് സാധ്യമാകൂ. ഇക്കാരണത്താൽ, മൃഗങ്ങളും സസ്യങ്ങളും പാരിസ്ഥിതിക സവിശേഷതകളുടെ ജീവിക്കുന്ന സൂചകങ്ങളാണ്. അവരുടെ വിതരണ പാറ്റേണുകൾ പാരിസ്ഥിതിക സാഹചര്യങ്ങൾ സമാനമോ വ്യത്യസ്തമോ ആയ പ്രദേശങ്ങളെ നിർവചിക്കുകയും വേർതിരിക്കുകയും ചെയ്യുന്നു. പാരിസ്ഥിതിക വാലെൻസിയുടെ അടിസ്ഥാനത്തിലാണ് വിവിധ ഭൂമേഖലകൾ (geographical range) തരംതിരിക്കപ്പെടുന്നത്. കീടങ്ങളുടെയും രോഗകാരികളായ ജീവികളുടെയും വിതരണവും സ്പേഷ്യൽ ഡൈനാമിക്സും മനുഷ്യ സംസ്കാരങ്ങളെ സ്വാധീനിക്കുകയോ അവരുടെ വിധിയെ നിർണ്ണയിക്കുകയോ ചെയ്യുന്നുവെന്ന് മുള്ളർ (Paul Muller ,1972) പറഞ്ഞതിൽ നിന്ന് മനസ്സിലാവും എങ്ങിനെയാണ് ഓരോ ജീവിവർഗ്ഗവും ഓരോ ആവാസവ്യവസ്ഥയെയും അതിനുമപ്പുറം മനുഷ്യന് തന്നെ സാമൂഹിക സാംസ്‌കാരിക ഇടങ്ങളെയും രൂപപ്പെടുത്തുന്നു എന്ന്.
ഒരു ആവാസവ്യവസ്ഥയുടെ സ്ഥിരതയും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിൽ അവിടുത്തെ ജീവജാലങ്ങളുടെ വൈവിധ്യം സുപ്രധാനമായ പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് മാറുന്ന പാരിസ്ഥിതിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും പ്രതികരിക്കാനുമുള്ള കഴിവ് നൽകുന്നതിൽ ജീവജാതികളുടെ വൈവിധ്യം നിർണ്ണായക ഘടകമായി വർത്തിക്കുന്നു. ഒരു നിശ്ചിത എണ്ണം അല്ലെങ്കിൽ സവിശേഷമായ ഒരു സ്പീഷീസ് (കീസ്റ്റോൺ സ്പീഷീസ് പോലുള്ളവ) നഷ്ടപ്പെടുമ്പോൾ, അവിടുത്തെ പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ പ്രകടമാകും. അത് സൂക്ഷ്മ കാലാവസ്ഥയിലും, മണ്ണിന്‍റെ ഈർപ്പ നിലയിലും ഉണ്ടാകുന്ന മാറ്റം തൊട്ടു സാമ്പത്തിക വ്യവസ്ഥയിൽ, വിപണിയിൽ, ചിലപ്പോൾ തലമുറകളിലേക്ക് വരെ നീളുന്ന പ്രത്യാഘാതങ്ങളായി ദൃശ്യമാവാം. ആയതുകൊണ്ട് തന്നെ ആവാസവ്യവസ്ഥയുടെ ആരോഗ്യവും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിന് ജൈവവൈവിധ്യം നിർണായകമാണ്.
പ്രാണികളും, പുഴുക്കളും, പുല്ലുകളും ജീവന്‍റെ വലയിലെ സുപ്രധാന കണ്ണികൾ ആണ്. നമുക്ക് അപ്രധാനമെന്നു തോന്നുന്ന അസംഖ്യം അകശേരുകികളുടെ പ്രാധാന്യത്തെ കുറിച്ച് അമേരിക്കൻ ജീവശാസ്ത്രഞ്ജനായ ഇ.ഓ വിൽസൺ കുറിച്ചത് “The little things that run the world” എന്നാണ്. ”മനുഷ്യരാശികൾ അപ്രത്യക്ഷമായാൽ, പതിനായിരം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന സമ്പന്നമായ സന്തുലിതാവസ്ഥയിലേക്ക് ലോകം വീണ്ടും പുനർജനിക്കും. പ്രാണികൾ അപ്രത്യക്ഷമായാൽ, പരിസ്ഥിതി തകരും” എന്ന് കൂടി കൂട്ടിച്ചേർക്കുന്നുണ്ട് ഇ.ഓ വിൽസൺ. ഒരു ചെടിയുടെയോ, പ്രാണിയുടെയോ, ഒരു ആവാസസ്ഥലത്തിന്‍റെയോ പാരിസ്ഥിതിക മൂല്യം വിപണിയുടെ അളവുകോലുകളിലേക്കു പൂർണ്ണമായി പരിവർത്തിപ്പിക്കാൻ സാധിക്കില്ല എന്നത് കൊണ്ട് തന്നെ അത് സംബന്ധിച്ച നമ്മുടെ തീരുമാനമെടുക്കലുകളിലും പരിമിതികളും അപാകതകളും ഏറെ സംഭവിക്കുന്നുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, വിലനിർണ്ണയത്തിലും തീരുമാനമെടുക്കൽ സംവിധാനങ്ങളിലും ആവാസവ്യവസ്ഥയുടെ മുഴുവൻ സാമ്പത്തിക മൂല്യവും ഉൾപ്പെടുത്തുന്നതിൽ വിപണികൾ പരാജയപ്പെടുന്നു. പാരിസ്ഥിതിക സേവനങ്ങളുടെ ”വിപണി മൂല്യത്തെയോ, വികസന മൂല്യത്തെയോ” സംബന്ധിച്ച അജ്ഞത കൂടിയാണ് ദുരന്തങ്ങൾക്ക് ശേഷവും തുരങ്കപാതകൾക്കും പുതിയ റോഡുകൾക്കും ടൂറിസം വികസനകൾക്കുമൊക്കെയുള്ള മുറവിളികളായി നാമിപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത്.

ഒരു ആവാസ വ്യവസ്ഥയുടെ സ്ഥിരതയും പക്വതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്തേണ്ടത് പ്രധാനമാണ് എന്ന് ഒരോ പ്രകൃതി ദുരന്തങ്ങളും ഓർമ്മിപ്പിക്കുന്നുണ്ട്. ഒരു ആഘാതം ഉണ്ടായതിനുശേഷവും മാറ്റമില്ലാതെ തുടരാനുള്ള ഒരു കമ്മ്യൂണിറ്റിയുടെ കഴിവാണ് സ്ഥിരത കൊണ്ട് അർത്ഥമാക്കുന്നത്. ആഘാതം അവസാനിച്ചുകഴിഞ്ഞാൽ അതിൻ്റെ യഥാർത്ഥ അവസ്ഥയിലേക്ക് മടങ്ങുവാനുള്ള ഒരു ആവാസ വ്യവസ്ഥയുടെ ശേഷിയെ ഇത് സൂചിപ്പിക്കുന്നു (Pimm, 1991). ആയതിനാൽ, മനുഷ്യ പ്രേരകമോ പ്രകൃതിദത്തമോ ആയ അസ്വസ്ഥതകളെ അതിജീവിക്കാനുള്ള ആവാസവ്യവസ്ഥയുടെ ശേഷിയെക്കുറിച്ചുള്ള അറിവ് കൂടുതൽ മെച്ചപ്പെട്ട ആവാസ വ്യവസ്ഥാ മാനേജ്‌മെൻ്റ് സാധ്യമാക്കാൻ സഹായകമാവും. മുള്ളർ (1997) എഴുതിയതു വീണ്ടും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുന്നുണ്ട്. “അസ്വാസ്ഥ്യങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ലോകത്ത് സിസ്റ്റങ്ങളെ നിലനിൽക്കാനും അതിജീവിക്കാനും പ്രാപ്തമാക്കുന്ന പരസ്പര പ്രവർത്തനങ്ങളുടെ പൊതു സവിശേഷതകൾ മനസ്സിലാക്കുന്നതിൽ ആവാസവ്യവസ്ഥാ സിദ്ധാന്തം കൂടുതൽ സഹായകമാവും”.
കാലാവസ്ഥാ ദുരന്തങ്ങളും കേരളത്തിലെ ജൈവവൈവിധ്യ നഷ്ടങ്ങളും
‘To halt the decline of an ecosystem, it is necessary to think like an ecosystem’
-Douglas PWheeler-1990
കോഴിക്കോട് ജില്ലയിലെ നാദാപുരം, കുറ്റ്യാടി ഭാഗത്തുകൂടി യാത്ര ചെയ്തിട്ടുള്ളവര്‍ ഒരുവേള ശ്രദ്ധിക്കാനിടയുള്ള ഒരു കാര്യം ആ ഭാഗങ്ങളില്‍ സ്വാഭാവികമായി കാണപ്പെടുന്ന ഈന്ത് മരങ്ങളില്‍ ബഹുഭൂരിഭാഗവും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉണങ്ങിക്കൊണ്ടിരിക്കുന്ന കാഴ്ചയായിരിക്കും. അപൂര്‍വ്വരോഗത്തിന് കീഴടങ്ങി ഇലകളെല്ലാം വാടി ഉണങ്ങിക്കരിഞ്ഞ് നില്‍ക്കുന്ന ഈന്ത് (Cycas Cicinellis) മരങ്ങള്‍ നമുക്ക് ചില സൂചനകള്‍ നല്‍കുന്നുണ്ട്. അത് പ്രധാനമായും കേരളത്തിന്‍റെ ജൈവ സമ്പത്ത് നേരിടുന്ന ഭീഷണികളെ സംബന്ധിച്ചാണ്.
പ്രത്യക്ഷത്തില്‍ ഈന്ത് എന്ന മരം മനുഷ്യന് നല്‍കുന്ന സേവനങ്ങളേക്കാള്‍ കൂടുതലാണ് ചുറ്റുമുള്ള പരിസ്ഥിതിയില്‍ അവ നല്‍കുന്ന സേവനങ്ങള്‍. വനമേഖലയിലടക്കം മണ്ണിന്‍റെ പോഷക ഘടനയെ സമ്പുഷ്ടമാക്കി നിര്‍ത്തുന്നതില്‍ ഈന്തിനുള്ള പ്രാധാന്യം ഏറ്റവും കുറഞ്ഞത് സസ്യശാസ്ത്രം പഠിച്ചിട്ടുള്ളവര്‍ക്കെങ്കിലും അറിയാം. ഈന്ത് ഒരു വാണിജ്യ വിള അല്ലാത്തതിനാല്‍ വലിയ കോലാഹലമോ ഈന്ത് സംരക്ഷണ ജാഥകളോ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. കേരളത്തിന്‍റെ ജൈവവൈവിധ്യ ബോര്‍ഡോ, ബന്ധപ്പെട്ട വകുപ്പുകളോ ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നും അറിയില്ല. ഈന്ത് മരങ്ങളുടെ നാശത്തെക്കുറിച്ച് ഏതെങ്കിലും നിയമസഭാ സമാജികന്‍/സമാജിക നിയമസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും പോകുന്നില്ല.
സംഗതി ലളിതമാണ്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നാശം എന്നിവ നമ്മുടെ ഗൗരവമായ ചിന്തകളിലേക്ക് ഇനിയും കടന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രളയം, ഉരുള്‍പൊട്ടല്‍, ഉഷ്ണ തരംഗം തുടങ്ങി കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളിലെല്ലാം കണക്കെടുപ്പുകളില്‍ അവഗണിക്കപ്പെടുകയോ, മതിയായ പ്രാധാന്യം നല്കപ്പടാതിരിക്കുകയോ ചെയ്യുന്ന മേഖലയാണ് ദുരന്ത പ്രദേശങ്ങളിലെ ജൈവവൈവിധ്യ നഷ്ടങ്ങള്‍.
സംസ്ഥാനത്തിന്‍റെ സവിശേഷമായ ഭൂമിശാസ്ത്രപരമായ വൈവിധ്യം – പശ്ചിമഘട്ടവും, തീരപ്രദേശങ്ങളും, ഇടനാടന്‍ ജലാശയങ്ങളും ഉള്‍പ്പെട്ട ഭൂവിഭാഗങ്ങള്‍- കാലാവസ്ഥയിലും ഒപ്പം ജൈവസഞ്ചയത്തിലും അതിനനുസരിച്ചുള്ള വൈവിധ്യം പ്രകടമാകുന്നതിനു കാരണമാകുന്നു. കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളില്‍ ആവശ്യമായ മുന്‍കൂര്‍ തയ്യാറെടുപ്പുകളുടെയും, അപകടങ്ങള്‍ ലഘൂകരിക്കാന്‍ തക്ക ശേഷിയുടെയും അഭാവം കാരണം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതങ്ങള്‍ സംസ്ഥാനത്ത് ഉയരുന്നതായി കണക്കാക്കുന്നു. വയനാട്, കോഴിക്കോട്, കാസര്‍ഗോഡ്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂര്‍, മലപ്പുറം, കൊല്ലം ജില്ലകളാണ് കാലാവസ്ഥാ വള്‍നറബിലിറ്റി കൂടിയ സ്ഥലങ്ങളായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഈ പ്രദേശങ്ങള്‍ പ്രത്യേകമായും, കേരളം ഒന്നാകെയും ജൈവസമ്പന്നമായ ഭൂവിഭാഗമാണ് എന്നതുകൊണ്ട് തന്നെ കാലാവസ്ഥാ വ്യതിയാന ഫലമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ ഇവിടുത്തെ ജൈവ വ്യവസ്ഥകള്‍ക്ക് ഏല്‍പ്പിക്കുന്ന പ്രഹരങ്ങള്‍ അത്രമേല്‍ കനത്തതാണ് എന്ന് കാണാം.
അമിതമായ വിഭവ ചൂഷണം, അശാസ്ത്രീയ വിഭവ വിനിയോഗം, നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അനുഗുണമല്ലാത്ത മാറ്റങ്ങള്‍ കേരളത്തിലെ ജൈവവ്യവസ്ഥകളില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആഗോള കാലാവസ്ഥാ സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഈ മാറ്റങ്ങളെ ത്വരിതപ്പെടുത്തുകയും പരിസ്ഥിതി ദുരന്തങ്ങളിലേക്കുള്ള ദൂരങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ സമുദ്രോപരിതല ഊഷ്മാവില്‍ പ്രകടമാകുന്ന വര്‍ദ്ധനവ് മഴയുടെ പാറ്റേണുകളില്‍ മുന്‍പില്ലാത്ത വിധമുള്ള മാറ്റങ്ങള്‍ക്കു ഹേതുവാകുന്നുണ്ട്. മണ്‍സൂണ്‍ ഗതിയിലെ ഈ മാറ്റങ്ങള്‍ക്കൊപ്പം വ്യാപകമായ വനനശീകരണവും കുന്നുകള്‍ ഇടിച്ചുനിരത്തലും കൂടി ചേരുമ്പോള്‍ കനത്ത വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും കാരണമാവുന്ന സാഹചര്യങ്ങള്‍ സംജാതമാവുന്നു. കേരളത്തില്‍ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ മണ്‍സൂണ്‍ കാലയളവില്‍ നടന്ന പ്രകൃതി ദുരന്തങ്ങള്‍ വിശകലനം ചെയ്താല്‍ മേല്പറഞ്ഞ സാഹചര്യങ്ങളുടെ ചിത്രം കൂടുതല്‍ വ്യക്തമാവും.
പ്രളയം, ഉരുള്‍പൊട്ടല്‍, ഉഷ്ണ തരംഗം തുടങ്ങി കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രകൃതി ദുരന്തങ്ങളിലെല്ലാം കണക്കെടുപ്പുകളില്‍ അവഗണിക്കപ്പെടുകയോ, മതിയായ പ്രാധാന്യം നല്കപ്പടാതിരിക്കുകയോ ചെയ്യുന്ന മേഖലയാണ് ദുരന്ത പ്രദേശങ്ങളിലെ ജൈവവൈവിധ്യ നഷ്ടങ്ങള്‍. ദുരന്തനാന്തര ആഘാത പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കൂടിയും, ജൈവവൈവിധ്യ നഷ്ടം ഉണ്ടാക്കിയ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കണ്ടെത്തി ആവശ്യമെങ്കില്‍ ആവാസവ്യവസ്ഥാ പുനഃസ്ഥാപന ശ്രമങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ തുലോം കുറവാണെന്നു കാണാം.
മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത വനമേഖലകള്‍ കേരളത്തില്‍ ഇല്ലെന്നു ഒട്ടും അതിശയോക്തി ഇല്ലാതെ പറയാം എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആളുകളുടെ ഇടപെടലുകള്‍ ഇല്ലാത്ത കാടിനുള്ളിലും ഉരുള്‍പൊട്ടലുകള്‍ നടക്കുന്നുണ്ടല്ലോ എന്ന ചില ”നിഷ്‌കളങ്കമെന്നു” തോന്നാവുന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഇത്. വനഭൂമികള്‍, തീരപ്രദേശങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ജലാശയങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍… അങ്ങിനെ തുടങ്ങി നാശോന്മുഖമാവാത്ത, അത്തരം ഭീഷണികള്‍ ഇല്ലാത്ത ആവാസവ്യവസ്ഥകള്‍ കേരളത്തില്‍ ഇല്ലെന്നുതന്നെ കാണാവുന്നതാണ്. ഈ വിധം പല വിധ കാരണങ്ങളാല്‍ നശിച്ചുകൊണ്ടിരിക്കുകയോ, ശിഥിലീകൃതമാവുകയോ, വംശനാശ ഭീഷണി നേരിടുകയോ ചെയ്യുന്ന ആവാസവ്യവസ്ഥകളില്‍, അവിടുത്തെ ജീവജാതികളില്‍ കാലാവസ്ഥാ ദുരന്തങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ അവയുടെ അതിജീവനശേഷിയെത്തന്നെ വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയായി മാറുന്നു. സ്വാഭാവിക പുനഃസ്ഥാപന ശേഷിയെ തകിടം മറിക്കുന്ന വിധം അവ പരിണമിക്കാനുമുള്ള സാഹചര്യങ്ങളും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്.
2015-നും 2022-നും ഇടയില്‍, ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 3,782 ഉരുള്‍പൊട്ടലില്‍ 2,239 എണ്ണവും കേരളത്തില്‍ ആണ് സംഭവിച്ചിരിക്കുന്നത്. ആയതിനാല്‍ തന്നെ ഉരുള്‍പൊട്ടല്‍ ബാധിത സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു എന്ന വസ്തുത ഭീതിയുണര്‍ത്തുന്നതാണ്. ജൈവവൈവിധ്യത്തിന്‍റെ ഹോട് സ്‌പോട് ആയ പശ്ചിമഘട്ട മേഖലയിലാണ് കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ നടന്നിരിക്കുന്നത്. 2018 ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ മാത്രം 209 ഉരുള്‍പൊട്ടലുകളാണ് കേരളത്തിലെ വിവിധ ഫോറസ്റ്റ് ഡിവിഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്ന് സര്‍ക്കാര്‍ തലത്തില്‍ നടന്ന ദുരന്തനാന്തര പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Post Disaster Needs Assessment Floods and Landslides – August 2018 (PDNA) പ്രകാരം വനമേഖലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് കുറിച്യര്‍ മലയാണ് . ഉയര്‍ന്ന ജൈവവൈവിധ്യ മേഖലയായി കണക്കാക്കപ്പെടുന്ന സ്ഥലം കൂടിയാണ് ഇത്. നദീതീര ആവാസവ്യവസ്ഥയ്ക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് ഈ റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നുണ്ട്. ചാലക്കുടിപ്പുഴ ഭാഗത്തെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ആറ്റു ചാമ്പ(Syzigium occidentale), നീര്‍പേഴ് (Barringtonia acutangula), ഇലിപ്പ-ആറ്റിലിപ്പ (Madhuha neriifolia), ഒറ്റ അഥവാ ഓട (Ochlandra scriptoria) തുടങ്ങിയ പ്രബലമായ സ്പീഷീസുകളുള്ള പ്രദേശങ്ങളിലെ മുഴുവന്‍ സസ്യജാലങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി KFRIയുടെ റിപ്പോര്‍ട്ട് പറയുന്നു.

നദികളിലും, മറ്റു തണ്ണീര്‍ തടങ്ങളിലും സ്വാഭാവികമായി കണ്ടു വന്നിരുന്ന നാടന്‍ മല്‍സ്യ ഇനങ്ങള്‍ കുറഞ്ഞതായും, ഒപ്പം പൊതുവില്‍ മല്‍സ്യ ലഭ്യതയില്‍ കുറവ് സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. വിവിധ ജലപക്ഷികള്‍ ഉരഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ ജലജീവിവര്‍ഗ്ഗങ്ങളുടെ എണ്ണത്തില്‍ വന്നിട്ടുള്ള കുറവുകളും, സാധാരണയായി ഒരു പ്രദേശത്തു കണ്ടു വരാത്ത ജീവിവര്‍ഗ്ഗങ്ങളുടെ സാനിധ്യവും ആവാസവ്യവസ്ഥ അസ്വസ്ഥമാക്കപ്പെട്ടതിന്‍റെ ലക്ഷണങ്ങളാണ്. മലേഷ്യന്‍ ക്യാറ്റ്ഫിഷ്, ആഫ്രിക്കന്‍ മുഷി, സക്കര്‍ ക്യാറ്റ്ഫിഷ്, ഗൗരാമി തുടങ്ങിയ വിദേശ ഇന മല്‍സ്യങ്ങളുടെ സാന്നിധ്യം പല പ്രളയ ബാധിത ജലാശയങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് ജൈവവൈവിധ്യ ബോര്‍ഡിന്‍റെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രളയം കണ്ടല്‍കാടുകള്‍ക്കും വലിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്/മറ്റ് ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതിന്‍റെ ഫലമായി മുളവുകാട്, വല്ലാര്‍പാടം, വൈപ്പിന്‍, മംഗളവനം, കുമ്പളം, നെട്ടൂര്‍-വളന്തക്കാട്, പള്ളിപ്പുറം, കുമരകം തുടങ്ങിയ പ്രദേശങ്ങളില്‍ വ്യപകമായി കണ്ടല്‍ക്കാടുകള്‍ നശിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടു ചൂണ്ടികാണിക്കുന്നു.
ജൈവവൈവിധ്യ ബോര്‍ഡും, ടി ബി ജി ആര്‍ ഐ യും കൂടി 2018 ലെ ഉരുള്‍പ്പൊട്ടല്‍ വയനാടന്‍ കാടുകളിലെ ആവാസവ്യവസ്ഥയ്ക്കുമേല്‍ ഉണ്ടാക്കിയ ആഘാതങ്ങളെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ 376 സപുഷ്പികളായ സസ്യങ്ങളും 21 പന്നല്‍ വര്‍ഗ്ഗത്തില്‍ പെട്ട സസ്യങ്ങളും നാശം സംഭവിച്ചതായി (Population Loss) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . ഇതില്‍ പതിനാല് സപുഷ്പികളും അഞ്ച് പന്നല്‍ വര്‍ഗ്ഗങ്ങളും ഭീഷണി നേരിടുന്ന (threntended) ജീവിവര്‍ഗ്ഗങ്ങള്‍ എന്ന വിഭാഗങ്ങളില്‍ പെടുന്നവയാണ്(IUCN, 2019). സപുഷ്പികളില്‍ എണ്‍പത്തിയൊന്ന് ഇനം തദ്ദേശീയവും നിയന്ത്രിത വിതരണവുമുള്ള (restricted distribution) സസ്യ വര്‍ഗ്ഗങ്ങള്‍ ആണ് . അതില്‍ 40 ഇനം തെക്കന്‍ പശ്ചിമഘട്ടത്തിലും 23 എണ്ണം പശ്ചിമഘട്ടത്തിലും മാത്രം കാണപ്പെടുന്ന എന്‍ഡെമിക് (endemic) സസ്യ വര്‍ഗ്ഗങ്ങള്‍ ആണ്. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരമുള്ള പശ്ചിമ ഘട്ട പ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന ഒരു നിത്യഹരിത വൃക്ഷമായ എണ്ണപ്പൈന്‍ (Kingiodendron pinetum), കമ്പകം (Hopea ponga) തുടങ്ങിയ വംശനാശ ഭീഷണി (endangered) നേരിടുന്ന പല സസ്യ വിഭാഗങ്ങളും ഉരുള്‍പൊട്ടലില്‍ നശിച്ചു പോയിട്ടുണ്ട്. തടിയുപകരണങ്ങള്‍ നിര്‍മിക്കുന്നതിനും, വാര്‍ണിഷ് ഉണ്ടാക്കാനാവശ്യമായ ഒരു കറ (ഒളിയോറെസിന്‍) ലഭിക്കുന്നതുമായ മലബാര്‍ മഹാഗണി എന്ന പേരില്‍ അറിയപ്പെടുന്ന വൃക്ഷമാണ് മുകളില്‍ സൂചിപ്പിച്ച എണ്ണപ്പൈന്‍. ‘ഗുരുതരമായി വംശനാശഭീഷണി’ നേരിടുന്ന IUCN റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വെള്ള കുന്തിരിക്കം അഥവാ വെള്ളപ്പയിന്‍ (Vateria indica) എന്നറിയപ്പെടുന്ന വൃക്ഷ ഇനത്തിന്‍റെ ഏകദേശം 5,958.651 ക്യൂബിക് മീറ്റര്‍ മരങ്ങള്‍ ആണ് 2018 ലെ ഉരുള്‍പൊട്ടലില്‍ നഷ്ടപ്പെട്ടതായി ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ജീവജാലങ്ങളുടെ ജീവിത ചക്രങ്ങള്‍, ഒരു ചെടി തളിരിടുന്നതോ പുഷ്പ്പിക്കുന്നതോ ആയ സമയം, പക്ഷികളോ ഉഭയജീവികളോ മുട്ടയിടുന്ന കാലം, പക്ഷികളുടെ /പ്രാണികളുടെ ദേശാടനം, മണ്ണിലെ സൂക്ഷജീവികളുടെ രൂപീകരണം കൂടിച്ചേരല്‍ അങ്ങിനെ അങ്ങിനെ നിരവധിയായ ജൈവപ്രതിഭാസങ്ങള്‍ കാലാവസ്ഥയിലെ ചെറിയ വ്യതിയാനങ്ങളോട് പോലും വളരെ സെന്‍സിറ്റീവ് ആണ്. ഈ വിധം സൂക്ഷവും വിപുലവുമായ, നിസ്സാരമോ, മാരകമോ ആയ നിരവധി പ്രത്യാഘാതങ്ങള്‍ക്കാണ് കാലാവസ്ഥാ വ്യതിയാനം വഴിവെക്കുന്നതെന്നു അതിന്‍റെ സമഗ്രതയില്‍ നോക്കികാണുമ്പോഴാണ് വയനാട്ടില്‍ സംഭവിച്ചതു പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ണ്ണമാവുകയുള്ളൂ.
പരിസ്ഥിതിയിലെ ജൈവപിന്തുടര്‍ച്ചകൾ
‘Life in a local site struck down by a passing storm spring back quickly: opportunistic species rush in to fill the spaces. They entrain the succession that circles back to something resembling the original state of the environment’.
-Edward O Wilson
”വിരുന്നിനെത്തി, വില്ലനായി”; ”അധിനിവേശ സസ്യങ്ങള്‍ പെരുകുന്നു, മൃഗങ്ങള്‍ കാടിനു പുറത്തേക്ക്”, ”മഞ്ഞക്കൊന്ന-അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്യാന്‍ 5.31 കോടി രൂപയുടെ പദ്ധതിക്ക് തുടക്കം”, ”അരികൊമ്പന്‍ ഇനി വിതുരയില്‍ എത്താന്‍ അര ദിവസം; നെയ്യാര്‍ വന്യജീവി സങ്കേതത്തിനടുത്തുള്ളവര്‍ ആശങ്കയില്‍”, ”മിഷന്‍ അരികൊമ്പന്‍; വനംവകുപ്പിന് ഇതുവരെ ചെലവായത് 80 ലക്ഷത്തോളം രൂപ”
വാര്‍ത്തകളുടെ തലക്കെട്ടില്‍ നിന്ന് ”മഞ്ഞക്കൊന്നയും അരികൊമ്പനും തമ്മിലെന്ത്?” എന്ന് സംശയം തോന്നാം. ഒരു ആനയുടെ ഭക്ഷണത്തിനായുള്ള കാടിറക്കങ്ങളെ, സഞ്ചാരഗതികളെ ഭീഷണിയായി കണ്ട്, ആ ആനയെ തുരത്താനുള്ള സര്‍ക്കാര്‍തല ”ലൈവ്” ഓപ്പറേഷനുകള്‍ മാധ്യമങ്ങളിലൂടെ ജനങ്ങളുടെ വിരുന്നുമുറികളില്‍ നിറഞ്ഞോടിയത് യഥാര്‍ത്ഥത്തില്‍ നമ്മുടെ സഹജീവി സ്‌നേഹമോ, പരിസ്ഥിതി സ്‌നേഹമോ മൂലമാണോ? ക്ഷണിച്ചു വരുത്തിയവന്‍ വില്ലനായി മാറിയ ഒരു അധിനിവേശ കഥയാണ് വയനാട് മുത്തങ്ങ ഫോറസ്റ്റ് റേഞ്ച് ഉള്‍പ്പെടെയുള്ള സമീപപ്രദേശങ്ങളിലായി ഏതാണ്ട് 12000-ലധികം ഹെക്ടര്‍ വ്യാപിച്ചു നില്‍ക്കുന്ന മഞ്ഞ കൊന്ന കാടുകള്‍ക്കു പറയാനുള്ളത് എന്ന് വാര്‍ത്തകളും പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. അധിനിവേശ സസ്യങ്ങള്‍ പ്രാദേശിക ജൈവവ്യവസ്ഥയിലെ സ്വാഭാവിക സസ്യ ജാലങ്ങളെ ഇല്ലാതാക്കുകയും, അതുവഴി ആ മേഖലകളില്‍ പാര്‍ത്തിരുന്ന മൃഗങ്ങള്‍ക്കു ഭക്ഷണമോ വാസ സ്ഥലമോ നഷ്ടമാവുകയും, അവിടുത്തെ സ്വാഭാവികമായ ആവാസങ്ങളെ തീര്‍ത്തും മാറ്റിമറിക്കുകയും ചെയ്യും എന്നത് വസ്തുത ആയിരിക്കുമ്പോഴും, മനുഷ്യ നിര്‍മിത കാലാവസ്ഥ വ്യതിയാനത്തിന്‍റെ ആഘാതങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒരു ”വിദേശ ഇനം ചെടിയോ/മൃഗമോ” നടത്തുന്ന അധിനിവേശങ്ങള്‍ അത്ര ഭീകരമല്ല എന്നുതന്നെ പറയേണ്ടി വരും. മനുഷ്യര്‍ നടത്തിയ കാടുകയ്യേറ്റങ്ങളുടെയോ ആവാസവ്യവസ്ഥാ നാശങ്ങളുടെയോ തീവ്രത അതിലുമെത്രയോ വലുതാണ്. ”സെന്‍സേഷണല്‍” അല്ലാത്ത ഈ വസ്തുത അധികമൊന്നും ചര്‍ച്ചകളില്‍ ഇടം പിടിക്കാറില്ല എന്ന് മാത്രമല്ല നാം പലപ്പോഴും സൗകര്യപൂര്‍വ്വം വിസ്മരിക്കുന്ന കാര്യങ്ങള്‍ കൂടിയാണ്.

ലോകമെമ്പാടുമുള്ള ജൈവവൈവിധ്യ നാശത്തിന്‍റെയും ജീവജാലങ്ങളുടെ വംശനാശത്തിന്‍റെയും മുന്‍നിര കാരണങ്ങളില്‍ ഒന്നാണ് ജൈവ അധിനിവേശങ്ങള്‍ എങ്കിലും അതിലേക്കുള്ള വഴി വെട്ടിയത് മനുഷ്യ നിര്‍മിത കാലാവസ്ഥാ വ്യതിയാനമോ, ആവാസ വ്യവസ്ഥാ നശീകരണമോ ആണെന്ന് നിസ്സംശയം പറയാം. കാലാവസ്ഥാ വ്യതിയാനം ആക്രമണകാരികളായ ജീവികളുടെ കടന്നുവരവും, വ്യാപനവും ത്വരിതപ്പെടുത്തുന്നുണ്ട്. അധിനിവേശ ജീവിവര്‍ഗങ്ങളും കാലാവസ്ഥാ വ്യതിയാനവും ഒരുമിക്കുമ്പോള്‍ ആവാസവ്യവസ്ഥയുടെ പ്രതിരോധശേഷി ക്ഷയിക്കുകയും ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ തദ്ദേശീയവും അല്ലാത്തതുമായ ജീവിവര്‍ഗങ്ങളുടെ സാന്നിധ്യം, അഭാവം, വിതരണം, പ്രത്യുല്‍പാദന നിരക്കിലെ വര്‍ദ്ധനവ്, നിലനില്‍പ്പ് എന്നിവയെ സ്വാധീനിക്കുന്നതായി കണക്കാക്കപ്പെടുന്നു. കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ ചിലപ്പോള്‍ ചില അധിനിവേശ ജീവിവര്‍ഗങ്ങള്‍ക്ക് അവയുടെ പരിധി വിപുലീകരിക്കാന്‍ (range expansion) സഹായിക്കും. കൂടാതെ, ‘ശൂന്യമായ’ സ്ഥലങ്ങളുടെ ലഭ്യത, പ്രകൃതിദത്ത ശത്രുക്കളില്‍ നിന്നുള്ള രക്ഷപ്പെടല്‍, പുതിയ ആവാസ വ്യവസ്ഥകളുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവ കാലാവസ്ഥാ വ്യതിയാനത്തോട് അനുകൂലമായി പ്രതികരിക്കാനുള്ള അധിനിവേശ ജീവികളുടെ കഴിവ് വര്‍ദ്ധിപ്പിക്കും. ഉരുള്‍പൊട്ടലോ പ്രളയമോ മൂലം നശിക്കപ്പെട്ട ആവാസവ്യവസ്ഥകളില്‍ പലപ്പോഴും അധിനിവേശ ജീവിവര്‍ഗ്ഗങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നതിന്‍റെ കാരണം ഇതാണ്.
കാടിന്‍റെ വിടവുകള്‍, ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങള്‍ അല്ലെങ്കില്‍ നാശത്തെനേരിടുന്ന വനമേഖല എന്നിവിടങ്ങളില്‍ ജൈവത്തുടര്‍ച്ചകളെ കൂടുതലും സ്വാധീനിക്കുന്നത് അവശേഷിക്കുന്ന സസ്യങ്ങളും ചുറ്റുമുള്ള വിത്ത് സ്രോതസ്സുകളുമാണ്. പ്രാണികളും കള സസ്യങ്ങളുമാണ് (പലപ്പോഴും ചുറ്റുമുള്ള ആവാസവ്യവസ്ഥകളില്‍ നിന്ന്) പ്രകൃതി ദുരന്തങ്ങളാല്‍ അസ്വസ്ഥമായ പ്രദേശം വീണ്ടും കോളനിവല്‍ക്കരിക്കാന്‍ ആദ്യം എത്തുന്നത്. പിന്നീട് മറ്റു സസ്യ-ജന്തു വര്‍ഗ്ഗങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. പ്രദേശം പിന്നീട് അസ്വസ്ഥതകള്‍ ഇല്ലാതെ തുടരുകയാണെങ്കില്‍, ജൈവ സമൂഹത്തിന്‍റെ പാരിസ്ഥിതിക ഘടനയും ജീവിവര്‍ഗങ്ങളുടെ ഘടനയും അവിടെ സ്ഥിരത കൈവരിക്കും. മുന്‍വര്‍ഷങ്ങളില്‍ കേരള വന ഗവേഷണ സ്ഥാപനം നടത്തിയ പഠനങ്ങള്‍ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളിലെ അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യത്തെ സംബന്ധിച്ചുള്ള ഈ വസ്തുതകളെ സാധൂകരിക്കുന്നുണ്ട്. പ്രളയത്തിന് ശേഷം നദീതടങ്ങളിലും കാടുകളിലും ഒരുപോലെ അധിനിവേശ കള സസ്യങ്ങള്‍ പെരുകിയതായി ഇവരുടെ പഠനങ്ങള്‍ തെളിയിക്കുന്നു. നദികള്‍ കരകവിഞ്ഞൊഴുകിയതും, മണ്ണിന്‍റെ ഒലിച്ചുപോക്കും അധിനിവേശ ജീവികള്‍ക്ക് ഒരു മേഖലയില്‍ നിന്നോ, പ്രദേശത്തു നിന്നോ മറ്റൊരിടത്തേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴിയൊരുക്കി. വെള്ളപ്പൊക്കത്തിന് ശേഷം കായലുകളില്‍ കാണപ്പെടുന്ന ആക്രമണകാരികളായ കുളവാഴ, ആഫ്രിക്കന്‍ പായല്‍ എന്നിവ നെല്‍വയലുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രളയത്തിന് ശേഷം ജലാശയങ്ങളില്‍ തദ്ദേശീയ മല്‍സ്യങ്ങള്‍ കുറയുകയും പകരം ആധിപത്യ സ്വഭാവമുള്ള ചില വിദേശ മല്‍സ്യങ്ങള്‍ കണ്ടു തുടങ്ങിയതായും മുന്‍പ് സൂചിപ്പിച്ചിരുന്നല്ലോ. പുതുതായി തുറന്നിടപെട്ട ഭൂവുപരിതലം അധിനിവേശ സസ്യങ്ങളായ കൊങ്ങിണി (Lantana Iymad), കമ്യുണിസ്‌റ് പച്ച (Chromolaena odorata), ധൃതരാഷ്ട പച്ച (Sphagneticola trilobata), കമ്മല്‍ ചെടി (Mikania micrantha) ആനത്തൊട്ടാവാടി (Mimosa diplotricha) മഞ്ഞ കൊന്ന (Senna spectabilis) എന്നിവയുടെ വളര്‍ച്ചയ്ക്ക് ഏറെ അനുകൂലമാകുന്നുണ്ടെന്ന് എന്ന് നിരീക്ഷണങ്ങള്‍ തെളിയിക്കുന്നുണ്ട്. സമാനമായ സാഹചര്യങ്ങള്‍ നിലവില്‍ മുണ്ടകൈ -ചൂരല്‍മല പ്രദേശങ്ങളിലും നിലനില്‍ക്കുന്നതായി നേരിട്ട് കാണാന്‍ സാധിച്ചിട്ടുണ്ട്. തോട്ടപ്പയര്‍ എന്ന ദ്രുത ഗതിയില്‍ വ്യാപിക്കുന്ന അധിനിവേശ വള്ളിച്ചെടി ഇപ്പോള്‍ സംരക്ഷിത വന മേഖലയില്‍ പോലും കാണപ്പെടാന്‍ തുടങ്ങിയെന്നു KFRIലെ ശാസ്ത്രജ്ഞര്‍ പറയുന്നു. പല അധിനിവേശ സസ്യങ്ങള്‍ക്കും പ്രതികൂല കാലാവസ്ഥയില്‍ പോലും പെട്ടെന്ന് വളരാനും വ്യാപിക്കാനും ശേഷിയുള്ളതായി കണക്കാക്കുന്നു.
വലിയ തോതിലുള്ള മരങ്ങളുടെ നാശം, പുനരുത്പാദനത്തിനോ വ്യാപനത്തിനോ നേരിടുന്ന പരിമിതികള്‍ എന്നിവ പ്രകൃതി ദുരന്തങ്ങള്‍ക്ക് ശേഷം സ്വാഭാവിക വന ഭൂമികള്‍ വീണ്ടെടുക്കത്തിന് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളാണ്. പ്രകൃതി ദുരന്തങ്ങളാല്‍ അസ്വസ്ഥമായ ഭൂശകലത്തിന്‍റെ വലിപ്പത്തിലുള്ള വ്യത്യാസം ജൈവപിന്തുടര്‍ച്ചകള്‍ നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന ഘടകമാണ്. ദുരന്തബാധിത ഭൂപ്രദേശത്തിന്‍റെ വലുപ്പം പ്രാദേശിക ജൈവ സമൂഹത്തിന്‍റെ പുനരുജ്ജീവനത്തെ സ്വാധീനിക്കുന്നുണ്ട്. ദുരന്തം ബാധിച്ച ഭൂമിയുടെ ചിതറിയ ചെറിയ ഭൂവിഭാഗങ്ങളില്‍ ഉണ്ടാകുന്ന successionനും അതേ വിസ്തീര്‍ണ്ണമുള്ള ഒരു വലിയ ഭൂപ്രദേശത്തിന്‍റെ ഫലങ്ങളും തുല്യമായിരിക്കില്ല. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, നശിക്കപ്പെട്ട ചെറിയ ഭൂശകലങ്ങളില്‍ വേഗത്തില്‍ ജൈവപിന്തുടര്‍ച്ചകള്‍ ഉണ്ടാവും. കാരണം ഹ്രസ്വ-ദൂര കുടിയേറ്റങ്ങളിലൂടെ ജീവജാലങ്ങള്‍ക്ക് അവിടേക്കു എളുപ്പത്തില്‍ സംക്രമിക്കാന്‍ കഴിയും. മറുവശത്ത്, വലിയ ഭൂവിസ്തൃതിയുള്ള പ്രദേശങ്ങളില്‍ ഒരു ജൈവ സമൂഹം വീണ്ടും രൂപപ്പെട്ടുവരാന്‍ കൂടുതല്‍ സമയമെടുക്കും. ഉരുള്‍പൊട്ടല്‍ ബാധിക്കാത്ത പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ തദ്ദേശീയ സസ്യജാലങ്ങളുടെ സാനിധ്യം കുറവാകാന്‍ സാധ്യതയുണ്ട് എന്ന് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഹിമാലയത്തിലെ സസ്യങ്ങളുടെ സങ്കലനത്തിലും ഘടനയിലും ഉണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള ഒരു പഠനം തെളിവുകള്‍ നല്കുന്നുണ്ട്. (Jaya Arora et al 2024).
സാധാരണയായി ഏതാനും മരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ തന്നെ വനമേലാപ്പില്‍ (forest canopy) സൃഷ്ടിക്കപ്പെടുന്ന വിടവുകള്‍ (gap effect) ആ പ്രദേശത്തെ സൂക്ഷ കാലാവസ്ഥയില്‍ മാറ്റം വരുത്താന്‍ പ്രേരകമാവുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
മരങ്ങളുടെ സാമൂഹിക ജീവിതത്തില്‍ വനത്തിലെ മരങ്ങള്‍ പരസ്പരം പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്നും, ചിലപ്പോള്‍ വെട്ടിമാറ്റിയ മരത്തിന്‍റെ കുറ്റിയെ നൂറ്റാണ്ടുകളോളം ജീവനോടെ നിലനിര്‍ത്താന്‍ മറ്റു മരങ്ങള്‍ സഹായിക്കുന്നു എന്നും പ്രശസ്ത ജര്‍മന്‍ വനശാസ്ത്രജ്ഞന്‍ ആയ പീറ്റര്‍ വോഹ്ലബെന്‍ (Peter Wohlleben) മരങ്ങളുടെ നിഗൂഢ ജീവിതത്തെ കുറിച്ചുള്ള തന്‍റെ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പക്ഷെ ഉരുള്‍പൊട്ടല്‍ ബാധിച്ച പ്രദേശങ്ങളില്‍ തടി കഷ്ണങ്ങളില്‍ നിന്നോ മര കുറ്റികളില്‍ നിന്നോ വീണ്ടും മുള പൊട്ടുന്നതിനുള്ള സാദ്ധ്യതകളോ സാഹചര്യങ്ങളോ കുറയുന്നു. ഉരുള്‍പൊട്ടല്‍ മരങ്ങളെ ആഴത്തില്‍ വേരോടെ പിഴുതുമാറ്റുന്നു. സാധാരണയായി ഏതാനും മരങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ തന്നെ വനമേലാപ്പില്‍ (forest canopy) സൃഷ്ടിക്കപ്പെടുന്ന വിടവുകള്‍ (gap effect) ആ പ്രദേശത്തെ സൂക്ഷ കാലാവസ്ഥയില്‍ മാറ്റം വരുത്താന്‍ പ്രേരകമാവുന്നുണ്ട് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വര്‍ധിച്ച സൂര്യപ്രകാശത്തിന്‍റെയും, ഊഷ്മാവിന്‍റെയും സാന്നിധ്യം കാടിന്‍റെ ഭൂനിരപ്പിലെ ഈര്‍പ്പത്തിലും, സൂക്ഷ്മാണുക്കളിലും, പോഷക ഘടകങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ക്കു അനുസരിച്ചു തണല്‍ അസഹിഷ്ണുതയുള്ള (shade -intolerant) സസ്യ വര്‍ഗങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ സംജാതമാവുന്നു. ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്ന പയനിയര്‍ ഹെര്‍ബേഷ്യസ് സസ്യങ്ങള്‍ സാധാരണയായി ചുറ്റുമുള്ള അസ്വസ്ഥ ബാധിതമല്ലാത്ത പ്രദേശത്തില്‍ നിന്ന് വ്യത്യസ്തമായ സമൂഹങ്ങള്‍ രൂപീകരിക്കുന്നുവെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു. ആവാസവ്യവസ്ഥകളുടെ ജൈവസങ്കലനപരവും ഘടനാപരവുമായ ഇത്തരം മാറ്റങ്ങള്‍ അവിടുത്തെ ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങളെ വരെ പ്രതികൂലമായി ബാധിച്ചേക്കാം. പ്രകൃതി ദുരന്തങ്ങളാല്‍ മാറ്റി മറിക്കപ്പെടുന്ന പരിസ്ഥിതി സാഹചര്യങ്ങള്‍, അവയുമായി ബന്ധപ്പെട്ടു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്ന പ്രാദേശിക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
മാറ്റിവരക്കേണ്ട വികസന ഭൂപടങ്ങൾ
”കാഞ്ഞിരപ്പാറയിലെ നിലച്ച നീരുറവയ്ക്കല്‍
പാളയും പാത്രങ്ങളുമായി ആളുകള്‍ തിങ്ങിക്കൂടിയിരിക്കുന്നു
അന്യോന്യം പുലഭ്യം പറയുകയും പുലയാട്ടുകയും ചെയ്യുന്നു
തനിക്ക് വെള്ളം കിട്ടാത്തതിന് കാരണം മറ്റവനാണെന്ന് ധരിക്കുന്നവര്‍”
‘ശാന്ത’, കടമ്മനിട്ട
കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളും കാരണം 2050-ഓടെ ആഗോളതലത്തില്‍ 1.2 ബില്യണ്‍ ആളുകള്‍ കുടിയിറക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ആരാണ് ലോകത്തെവിടെയും കൂടുതലായി കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ ആയി മാറുന്നത്? കാലാവസ്ഥ പ്രതിസന്ധി ഒരു യാഥാര്‍ഥ്യമായിക്കഴിഞ്ഞിട്ടും, ഈ വസ്തുതയെ രാഷ്ട്രീയ ബോധ്യങ്ങളിലേക്കു ഉള്‍ച്ചേര്‍ക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ പരാജയപ്പെടുന്നിടത്ത് ”ദുരന്ത വിനോദസഞ്ചാരങ്ങള്‍” ആഘോഷമാവുന്നു. എത്ര ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാലാണ് ഭരണ നേതൃത്വങ്ങളോ, ആസൂത്രണ വിദഗ്ദ്ധരോ വികസന നയങ്ങളിലോ ആസൂത്രണങ്ങളിലോ പുനര്‍വിചിന്തനങ്ങള്‍ നടത്താന്‍ തയ്യാറാവുക? കേരളത്തില്‍ പലയിടത്തായി സംഭവിച്ച പ്രകൃതിദുരന്ത ബാധിതരായ ആളുകളുടെ ഉപജീവന മാര്‍ഗ്ഗങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് വീടും പരിസരവും മാത്രമല്ല അവരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ കൂടിയായിരുന്ന കൃഷിയിടങ്ങള്‍ ഉള്‍പ്പെടെയുള്ള ആവാസവ്യവസ്ഥകള്‍ കൂടിയാണ് തകര്‍ത്തെറിയപ്പെട്ടു പോയത് എന്ന് തിരിച്ചറിയുക. ഭക്ഷണത്തിനും, മരുന്നിനും, ഉപജീവന മാര്‍ഗ്ഗത്തിനുമായി ആശ്രയിച്ചു വന്നിരുന്ന വനങ്ങളും, തോട്ടങ്ങളും, കൃഷിയിടങ്ങളും, ജലാശയങ്ങളും ഉള്‍പ്പെടെയുള്ള ആശ്രയങ്ങള്‍ കൂടിയാണ് അവര്‍ക്കു നഷ്ടപെട്ടത്. ആവാസവ്യവസ്ഥാ നഷ്ടം മാനവരാശിയുടേതായി മാറുന്നത് അതുകൊണ്ടു കൂടിയാണ്. ഓരോ ജീവിവര്‍ഗ്ഗത്തിന്‍റെയും നഷ്ടം അതുകൊണ്ടു തന്നെ കണക്കെടുപ്പുകളില്‍ സുപ്രധാനമാവുന്നു.
”വയനാട് ടൂറിസം ഉണരുന്നു”, ”വയനാട് സുരക്ഷിതം ടൂറിസം മേഖല തകരാന്‍ പാടില്ല”. രാഷ്ട്രീയ നേതൃത്വങ്ങളും ടൂറിസം മാഫിയകളും ഒരുപോലെ വിളിച്ചു പറയുന്നു. എന്നാലതേസമയം, വീടും, സ്ഥലവും, സ്വത്തും, പ്രിയപ്പെട്ടവരും നഷ്ടപ്പെട്ട് നാടിന്‍റെ പലയിടത്തായി ചിതറിപ്പോയ ദുരന്തബാധിതരായവര്‍ ഇപ്പോള്‍ എന്തുചെയ്യുകയായിരിക്കും?
2018-ലെ വെള്ളപ്പൊക്കത്തില്‍ 2,36,650 ഹെക്ടര്‍ കൃഷിഭൂമി ആണ് നശിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംസ്ഥാനത്തിന്‍റെ മൊത്തം കൃഷിയിടത്തിന്‍റെ 11% ആണ്. ചെളി നിക്ഷേപിക്കപ്പെട്ടും, ഉരുള്‍പൊട്ടലില്‍ മണ്ണ് ഒലിച്ചുപോയും നശിച്ച കൃഷിഭൂമി കുറഞ്ഞത് 51,194 ഹെക്ടറോളം ഉണ്ടാവും എന്ന് റീ ബില്‍ഡ് കേരളയുടെ വെബ്‌സൈറ്റില്‍ പറയുന്നു.
ഒരു ആവാസ വ്യവസ്ഥയിലെ സ്വാഭാവിക ജൈവ സഞ്ചയത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍-ഏതെങ്കിലും ജീവിവര്‍ഗ്ഗങ്ങളുടെ കുറവോ, നാശമോ-സവിശേഷമായ ചില ഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രബലമോ, അപൂര്‍വ്വമോ, കീസ്റ്റോണ്‍ ആയ ജീവിവര്‍ഗ്ഗമോ ഏതായാലും അവ ഓരോന്നിന്‍റെയും നാശം ആവാസവ്യവസ്ഥയെ വ്യത്യസ്തമായാണ് ബാധിക്കുക. ഒരു ആവാസവ്യവസ്ഥയില്‍ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ജീവിവര്‍ഗ്ഗമാണ് അവിടുത്തെ പ്രബല വിഭാഗം. അഥവാ ഒരു ആവാസവ്യവസ്ഥയുടെ ഗണ്യമായ അനുപാതം ഉള്‍ക്കൊള്ളുന്ന ജീവജാതിയാണ് അവയിലെ പ്രബലമായ സ്പീഷീസ്. പ്രബലമായ ജീവജാതികള്‍ അവയുടെ അധിക സാനിധ്യം കൊണ്ട് തന്നെ ആവാസവ്യവസ്ഥയുടെ മൊത്തത്തിലുള്ള ഘടനയിലും പ്രവര്‍ത്തനത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. ഗ്രിമ്മിന്‍റെ (Grime -1998) mass ratio hypothesis എന്ന ആശയപ്രകാരം ഒരു ആവാസവ്യവസ്ഥയില്‍ ഉയര്‍ന്ന ജൈവപിണ്ഡവും സ്വാഭാവികമായി വ്യാപകമായ സാന്നിധ്യവുമുള്ള ഒരു ജീവിവര്‍ഗ്ഗം ആ ആവാസ വ്യവസ്ഥയിലെ ഉത്പാദനം, വിഭവ ഉപയോഗം എന്നിവയിലേക്ക് ആനുപാതികമായി സംഭാവന നല്‍കുന്നുണ്ട്. ആവിധം ഒരു പ്രദേശത്തെ പ്രബല ജീവിവര്‍ഗ്ഗം അവിടുത്തെ ആഹാരശൃംഖല, ഊര്‍ജ്ജപ്രവാഹം, ജൈവ-ഭൗമ -രാസ ചക്രങ്ങള്‍, അഴുകല്‍ പ്രക്രിയ എന്നിവയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. ആയതുകൊണ്ടുതന്നെ സസ്യജാലങ്ങളിലെ പ്രബല വര്‍ഗ്ഗത്തിന്‍റെ നാശം അവിടുത്തെ ആവാസവ്യവസ്ഥയുടെ ഘടനയെയും, ധര്‍മ്മങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കും. ഉദാഹരണത്തിന് ഒരു നിത്യഹരിത വനത്തില്‍ പ്രബലമായി കാണപ്പെടുന്ന ശലഭപ്പുഴുവിന്‍റെ (caterpillar) എണ്ണത്തില്‍ സംഭവിക്കുന്ന ഗണ്യമായ കുറവ് ഒരു ”കാസ്‌കേഡിങ് എഫക്ട്” (തുടര്‍ച്ചയായ സ്വാധീനം) തന്നെ ഉണ്ടാക്കിയേക്കാം എന്ന് നിരീക്ഷിക്കപ്പെടുന്നു. ഇത് ആ ആവാസ വ്യവസ്ഥയിലെ പരസ്പരാശ്രിതത്വ വൈവിധ്യത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉളവാക്കുന്നു. ശലഭപ്പുഴുവിന്‍റെ കുറവ് വനത്തിനകത്തും സമീപത്തുമുള്ള വവ്വാലുകളും പക്ഷികളും ഉള്‍പ്പെടെയുള്ള കീടഭക്ഷകരായ കശേരു വര്‍ഗ്ഗത്തില്‍പ്പെട്ട ഇരപിടിയന്‍ ജീവികളില്‍ കുറവുണ്ടാക്കും. തന്മൂലം പരിസര പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെ കീടബാധ വര്‍ധിപ്പിക്കുന്നു. കൃഷിയെ അത് പ്രതികൂലമായി ബാധിക്കുന്നു. പരാദജീവനം, സഹജീവനം തുടങ്ങിയ ആഹാരബന്ധങ്ങളിലും ഇത് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുവരുത്തുന്നു. ചിത്രശലഭങ്ങളും, മോത്തുകളും (നിശാശലഭങ്ങള്‍) ഒരു ആവാസവ്യവസ്ഥയില്‍ സൂചക ജീവി വര്‍ഗ്ഗങ്ങള്‍ (indicator taxa) ആണ്. ഒരു ആവാസവ്യവസ്ഥയുടെ ആരോഗ്യം നിരീക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന സ്പീഷീസുകള്‍ അല്ലെങ്കില്‍ ജീവി വര്‍ഗ്ഗങ്ങളുടെ ഗ്രൂപ്പുകളാണ് ഇന്‍ഡിക്കേറ്റര്‍ ടാക്‌സ അഥവാ സൂചക ജീവിവര്‍ഗ്ഗം. ആവാസവ്യവസ്ഥയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിനും ആവാസ വ്യവസ്ഥ പുനഃസ്ഥാപനം, മലിനീകരണ ഫലങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനും സൂചക ജീവിവര്‍ഗ്ഗങ്ങളുടെ സാന്നിധ്യം സഹായിക്കുന്നു. ആയതുകൊണ്ടുതന്നെ ശലഭപ്പുഴുക്കളുടെ നാശം ഇത്തരം സൂചക ജീവിവര്‍ഗ്ഗങ്ങളെ പൂര്‍ണ്ണമായി ഇല്ലാതാകുന്നതോടെ, പൊതുവില്‍ ഒരു ആവാസവ്യവസ്ഥയുടെ പാരിസ്ഥിതികമായ അനുയോജ്യത ദുര്‍ബലമാവുകയും ചെയ്യുന്നു. ചിത്രശലഭങ്ങളുടെ കുറവ് പരാഗണത്തിനു വിഘാതമാകുന്നതിനാല്‍ തത്ഫലമായി മറ്റു സസ്യവര്‍ഗ്ഗങ്ങളുടെ പ്രതുല്പാദന നിരക്കിനെ പ്രതികൂലമായി ബാധിക്കുന്നു.
ഒരു കീസ്റ്റോണ്‍ സ്പീഷീസ് അഥവാ കേന്ദ്ര ജീവജാതി എന്നത് ആവാസവ്യവസ്ഥയില്‍ കൂടുതലായി കാണപ്പെടുന്ന ജീവികള്‍ അല്ല എങ്കിലും, മറ്റ് ജീവജാലങ്ങളുമായുള്ള ഇടപെടലിലൂടെ ആവാസവ്യവസ്ഥയുടെ ഘടന, പ്രവര്‍ത്തനം, ജൈവവൈവിധ്യം എന്നിവ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവയാണ്. കീസ്റ്റോണ്‍ സ്പീഷീസുകള്‍ക്ക് പ്രവര്‍ത്തനപരമായ ആവര്‍ത്തനക്ഷമത കുറവാണ്. ഇതിനര്‍ത്ഥം ആവാസവ്യവസ്ഥയില്‍ നിന്ന് ഈ ജീവിവര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമായാല്‍, മറ്റൊരു ജീവിവര്‍ഗത്തിനും അതിന്‍റെ പാരിസ്ഥിതിക സ്ഥാനം നിറയ്ക്കാന്‍ കഴിയില്ല എന്നാണ്. കമ്പകം, നാഗപൂമരം എന്നീ വൃക്ഷങ്ങള്‍ വയനാടന്‍ കാടുകളിലെ കീസ്റ്റോണ്‍ സസ്യ ജീവിവര്‍ഗ്ഗങ്ങള്‍ക്കു ഉദാഹരണമാണ്.
അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ നിരവധി സസ്യ-ജന്തു വിഭാഗങ്ങള്‍ വയനാടന്‍ കാടുകളില്‍ ഉണ്ട്. ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഒരു കുറ്റിച്ചെടിയായ വയനാടന്‍ കായാമ്പൂ (Memecylon wayanadense) 2010-ല്‍ ചെമ്പ്ര-വെള്ളരിമല മലനിരകളില്‍ നിന്നാണ് ആദ്യമായി കണ്ടെത്തുന്നത്. വയനാട്ടിലെ മലപ്രദേശങ്ങളിലെ പാറകള്‍ ഉള്ള അരുവികളും തോടുകളിലും നദികളിലും കാണപ്പെടുന്ന ഒരു പ്രാദേശിക മത്സ്യം ആണ് വയനാടന്‍ വരാല്‍ (Barbodes wynaadensis). IUCN റെഡ് ലിസ്റ്റില്‍ ഇത് ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന മല്‍സ്യ വിഭാഗമായി പട്ടികപ്പെടുത്തിയിട്ടുണ്ട്.
ക്വാറികള്‍ മൂലമുള്ള ഭൂവിനിയോഗ-ഭൂ ആവരണ (LULC) മാറ്റങ്ങള്‍ ഗുരുതരമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഹൈഡ്രോ-ജിയോളജിക്കല്‍ സിസ്റ്റത്തില്‍ ഇടപെടുകയും ജല ശൃംഖലയില്‍ സാരമായ മാറ്റം വരുത്തുകയും ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് മൂവാറ്റുപുഴ നദീതടത്തിലെ വൃഷ്ടി പ്രദേശങ്ങളിലെ ക്വാറി പ്രവര്‍ത്തനങ്ങളുടെ ആഘാതങ്ങളെ ആസ്പദമാക്കി 2021 ജൂലൈ മാസത്തിലെ ജിയോ സയന്‍സ് റിസര്‍ച്ച് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടി കാണിക്കുന്നുണ്ട്.
ഇതിനു പുറമെയാണ് കാര്‍ഷിക ആവാസവ്യവസ്ഥയില്‍ ഉരുള്‍പൊട്ടലും, പ്രളയവും ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍. ഓരോ വര്‍ഷത്തെയും മണ്‍സൂണ്‍ കാലയളവിലെ പതിവ് വിള നഷ്ടങ്ങള്‍ക്കു പുറമെയാണ് പ്രളയവും, ഉരുള്‍പൊട്ടലും മൂലം ഉണ്ടാക്കുന്ന വലിയ തോതിലുള്ള ആഘാതങ്ങള്‍. 2018-ലെ വെള്ളപ്പൊക്കത്തില്‍ 2,36,650 ഹെക്ടര്‍ കൃഷിഭൂമി ആണ് നശിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത് സംസ്ഥാനത്തിന്‍റെ മൊത്തം കൃഷിയിടത്തിന്‍റെ 11% ആണ്. ചെളി നിക്ഷേപിക്കപ്പെട്ടും, ഉരുള്‍പൊട്ടലില്‍ മണ്ണ് ഒലിച്ചുപോയും നശിച്ച കൃഷിഭൂമി കുറഞ്ഞത് 51,194 ഹെക്ടറോളം ഉണ്ടാവും എന്ന് റീ ബില്‍ഡ് കേരളയുടെ വെബ്‌സൈറ്റില്‍ പറയുന്നു. മൊത്തം വിളനഷ്ടം ഏതാണ്ട് 18545 കോടിയോളം ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വാര്‍ഷിക വിളകള്‍ക്കും, സീസണല്‍ വിളകള്‍ക്കും ഒരുപോലെ നഷ്ടം സംഭവിച്ചിട്ടുണ്ട്. കുരുമുളക്, ഏലം, വാഴ എന്നിവയ്ക്കാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരിക്കുന്നത്. തോട്ടം മേഖലയിലാണ് കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചിട്ടുള്ളത് എന്നതുകൊണ്ട് തന്നെ തോട്ടം വിളകളിലും കനത്തനഷ്ടം ഉണ്ടായിട്ടുണ്ട് എന്ന് കാണാം.
സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രളയത്തിലും ഉരുള്‍പൊട്ടലിലും ഭൂരിഭാഗം വനമേഖലകളിളും വന്‍തോതിലുള്ള മണ്ണൊലിപ്പ് സംഭവിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ഉര്‍വ്വരമായ മേല്‍മണ്ണ് നഷ്ടമാവുന്നതിനും, ഒപ്പം മണ്ണിലെ പോഷക നഷ്ടത്തിനും കാരണമായിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഓഫ് റിമോട്ട് സെന്‍സിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐഐടി ബോംബെ), മുംബൈയിലെ റൂറല്‍ ഡാറ്റ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ 2018 ലെ കേരളത്തിലെ വെള്ളപ്പൊക്കത്തിനു മുമ്പും ശേഷവും ശേഷവും ഉള്ള മണ്ണൊലിപ്പ് നിരക്ക് വിലയിരുത്തിയിട്ടുണ്ട്. പ്രളയകാലത്തെ മണ്ണൊലിപ്പ് നിരക്കില്‍ ശരാശരി 80% വര്‍ധനവുണ്ടായതായി ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ജില്ലകളില്‍, ഇടുക്കിയിലാണ് മണ്ണൊലിപ്പ് നിരക്ക് (220%,) കൂടുതലായി രേഖപെടുത്തിയിരിക്കുന്നതു. വെള്ളപ്പൊക്കവും അനുബന്ധ മണ്ണൊലിപ്പും മഴയുടെ തുടര്‍ച്ചയായി മാത്രം സംഭവിച്ചതല്ല എന്നും, ഭൂവിനിയോഗത്തിലും ഭൂ-ആവരണത്തിലും സംഭവിച്ച ദ്രുതഗതിയിലുള്ള മാറ്റവും ഇതിനു കാരണമായിട്ടുണ്ടെന്നു ഈ പഠനം വിലയിരുത്തുന്നു. ജില്ലയിലെ മണ്ണ് സംരക്ഷണ വകുപ്പിന്‍റെ പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നത് 2019-ല്‍ വയനാട് പുത്തുമലയില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ ഏകദേശം 25,000 ഹെക്ടര്‍ പ്രദേശത്ത്, രണ്ട് സെന്റീമീറ്റര്‍ കനത്തില്‍ ഫലഭൂയിഷ്ഠമായ മേല്‍മണ്ണ് നഷ്ടമായിട്ടുണ്ടെന്നാണ്. കാടും കൃഷിഭൂമികളും ഒരുപോലെ നശിക്കുമ്പോള്‍ തകരുന്നത് ആ പ്രദേശത്തിന്‍റെ സാമ്പത്തികവ്യവസ്ഥ കൂടിയാണ്. ഇതിനെയെല്ലാം ആശ്രയിച്ചു തൊഴിലും, ഉപജീവന മാര്‍ഗ്ഗവും കണ്ടെത്തുന്ന സമൂഹത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തിക നഷ്ടങ്ങള്‍ക്കും അപ്പുറത്തു സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍ കൂടി ഇത്തരം ദുരന്തമുഖങ്ങള്‍ നല്‍കുന്നു.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്ണിലെ ജൈവവസ്തുക്കളുടെയും സൂക്ഷ്മാണുക്കളുടെയും നഷ്ടത്തിനു കാരണമാകുന്നു. മണ്ണും ചെളിയും വലിയതോതില്‍ വന്നടിഞ്ഞതിനാല്‍ കൃഷിഭൂമിയുടെ ഉര്‍വ്വരത നശിക്കുകയും, അമ്ലത്വം, ലവണത്വം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പുതുതായി കാണപ്പെടുകയും ചെയ്യുന്നുണ്ട്. കൃഷിക്ക് അനുയോജ്യമായ മേല്‍മണ്ണിന്‍റെ നഷ്ടത്തെ ഗൗരമായി പരിഗണിക്കാനോ, അനുബന്ധമായ പാരിസ്ഥിതിക പുനഃസ്ഥാപന പ്രക്രിയകള്‍ ഏറ്റെടുക്കാനോ കേരളത്തിലെ ഭരണകൂടം കാര്യമായി ശ്രദ്ധ ചെലുത്തിയിട്ടില്ല എന്നത് ഭാവിയില്‍ വരാനിരിക്കുന്ന ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നതിലേക്കു നയിക്കുമെന്ന് നിസ്സംശയം പറയാം. വനനശീകരണം ഉരുള്‍പ്പൊട്ടലിന്‍റെ തീവ്രത വര്‍ധിപ്പിക്കാന്‍ കാരണമാകും എന്ന് നിരവധി പഠനങ്ങള്‍ തെളിയിട്ടുണ്ട്. മണ്ണിടിച്ചിലില്‍ സസ്യജാലങ്ങള്‍ നീക്കം ചെയ്യപ്പെടുന്നതോടെ കുന്നിന്‍ ചെരിവുകള്‍ കൂടുതല്‍ ദുര്‍ബലമാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍, മണ്ണ് രൂപീകരണ പ്രക്രിയകള്‍ മണ്ണിന്‍റെ ആവരണം പുനരുജ്ജീവിപ്പിക്കും. എന്നിരുന്നാലും, ഈ പ്രക്രിയകള്‍ മന്ദഗതിയിലുള്ളതും ജൈവ ഘടകങ്ങളാല്‍ വലിയതോതില്‍ നിര്‍ണ്ണയിക്കപ്പെടുന്നതുമാണ്. പാറപൊടിഞ്ഞു മണ്ണുണ്ടാകുന്നതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നത് വേരുകളുടെ ബയോടര്‍ബേഷന്‍ എന്ന പ്രക്രിയയിലൂടെയും, സൂക്ഷ്മ ജീവികള്‍ ഉള്‍പ്പെടെയുള്ള വേരുകളുടെ ജൈവ-രാസ സവിശേഷതകളിലൂടെയുമാണ്. അതിനാല്‍ സസ്യ ആവരണത്തിന്‍റെ അഭാവത്തില്‍, മണ്ണിന്‍റെ ഉല്‍പാദന നിരക്കും സാധാരണയായി കുറയുന്നു.
ഓരോ ജീവി വര്‍ഗ്ഗത്തെയും ആവാസങ്ങളെയും പ്രാധാന്യത്തോടെ കണ്ടു കൊണ്ട്, സുവ്യക്തമായ പാരിസ്ഥിതിക ബോധ്യങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കണം നമ്മുക്ക് ചുറ്റുമുള്ള പ്രകൃതി ദുരന്തങ്ങളുടെ കണക്കെടുപ്പുകളും തുടര്‍ന്ന് ഭാവി പരിപാടികളുടെ ആസൂത്രണങ്ങളും നടത്താന്‍.
കാലാവസ്ഥ വ്യതിയാനങ്ങള്‍ തീരദേശ പരിസ്ഥിതിയിലും ഗുരുതരമായ ആഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സമുദ്രനിരപ്പ് ഉയരുന്നത് നദികളിലേക്കും സംസ്ഥാനത്തിന്‍റെ മറ്റ് തീരദേശ ശുദ്ധജല സ്രോതസ്സുകളിലേക്കും കടല്‍ വെള്ളം കയറുന്നതിന് ഇടയാക്കും. സമുദ്രനിരപ്പ് ഉയരുന്നതിനനുസരിച്ച്, ശുദ്ധജല ഉപ്പുവെള്ള സമ്പര്‍ക്കമുഖം (ശുദ്ധജലവും കടല്‍ വെള്ളവും തമ്മിലുള്ള സംക്രമണ മേഖല) ഉള്ളിലേക്ക് നീങ്ങുന്നു, ഇത് കിണറുകളിലും തീരത്തിനടുത്തുള്ള നദികളിലും ലവണാംശം വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ നടത്തിയ ഗവേഷണ പഠനങ്ങള്‍ ശുദ്ധജല സ്രോതസ്സുകളില്‍ ലവണാംശം വര്‍ധിച്ചതായി കാണിക്കുന്നു (cay et al., 2018). നദികളിലെ ലവണാംശത്തിലെ മാറ്റങ്ങള്‍ നദികളിലെ പാരിസ്ഥിതിക വ്യവസ്ഥയെ ബാധിക്കും, ഇത് അവിടുത്തെ സസ്യജന്തുജാലങ്ങളിലും കാര്‍ഷിക രീതികളിലും വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സംസ്ഥാനത്തിന്‍റെ തീരദേശങ്ങളില്‍ മത്സ്യസമ്പത്തില്‍ വന്നിട്ടുള്ള കുറവുകള്‍ കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമാണ്. ഒരു കാലത്തു സുലഭമായിരുന്ന ചാള(മത്തി)യുടെ ലഭ്യതയില്‍ വന്ന കുറവ് ഇതിനുദാഹരണമാണ്.
ഓരോ ജീവിവര്‍ഗവും, അവയെത്ര ചെറുതായാലും, നിസ്സാരമെന്നു തോന്നിക്കുന്നതായാലും ഭൂമിയില്‍ ജീവന്‍റെ തുടര്‍ച്ച നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നു. മണ്ണും ജലവും കാലാവസ്ഥയും അനുബന്ധ പ്രകൃതി വിഭവങ്ങളും അടങ്ങുന്ന പ്രകൃതിദത്ത മൂലധനത്തിന്‍റെ വിശാലമായ അടിത്തറയാണ് ജീവന്‍റെ ആധാരം. ഒരു നിശ്ചിത പരിധിക്കപ്പുറമുള്ള ആവാസവ്യവസ്ഥകളുടെയും ജീവിവര്‍ഗ്ഗങ്ങളുടെയും ഏതൊരു നാശവും ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും, ഒപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളും ഉണ്ടാക്കും. ഇത് പലപ്പോഴും കൂടുതല്‍ ദുരിതപൂര്‍ണ്ണമാക്കുക പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളുടെയും യഥാര്‍ത്ഥ കര്‍ഷകരുടെയും ജീവിതങ്ങള്‍ ആയിരിക്കും. ആയതുകൊണ്ട് തന്നെ ഓരോ ജീവി വര്‍ഗ്ഗത്തെയും ആവാസങ്ങളെയും പ്രാധാന്യത്തോടെ കണ്ടു കൊണ്ട്, സുവ്യക്തമായ പാരിസ്ഥിതിക ബോധ്യങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കണം നമ്മുക്ക് ചുറ്റുമുള്ള പ്രകൃതി ദുരന്തങ്ങളുടെ കണക്കെടുപ്പുകളും തുടര്‍ന്ന് ഭാവി പരിപാടികളുടെ ആസൂത്രണങ്ങളും നടത്താന്‍.