പൊതുജനാരോഗ്യം നേരിടുന്ന വെല്ലുവിളികള്‍

2024 ഡിസംബര്‍ 29ന് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴയില്‍ നടന്ന ജനകീയ പ്രതിരോധ കണ്‍വെന്‍ഷനില്‍ കേരളത്തിന്‍റെ പൊതുജനാരോഗ്യ പരിപാലന രംഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മെഡിക്കല്‍ സര്‍വ്വീസ് സെന്‍റര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.പി.ഗോദകുമാര്‍ അവതരിപ്പിച്ച പ്രമേയത്തിന്‍റെ പൂര്‍ണരൂപം.



നുഷ്യന്റെ രോഗ ശുശ്രൂഷയ്ക്ക് മാനവ സംസ്‌കൃതിയോളം തന്നെ പഴക്കമുണ്ട്. മുറിവുണക്കുന്നതിന്റേതും സാന്ത്വന പരിചരണങ്ങളുടേതുമായ ഈ പ്രൊഫഷനെ ഉദാത്തമായ ഒന്നായാണ് മാനവസമൂഹം എക്കാലവും കണ്ടിട്ടുള്ളത്.പ്രാദേശിക സമൂഹങ്ങളില്‍ ഉടലെടുക്കുകയും സാമൂഹ്യ വികാസ ഘട്ടങ്ങളിലൂടെ വളരുകയും ചെയ്ത ചികിത്സാരീതികള്‍ പില്ക്കാലത്ത് ആധുനിക ശാസ്ത്രത്തിന്റെയും ആധുനിക സമൂഹത്തിന്റെയും ആവിര്‍ഭാവത്തോടെ ശാസ്ത്രീയമായ ഒരുറച്ച അടിത്തറയില്‍ പ്രതിഷ്ഠിതമാവുകയും സാര്‍വ്വലൗകിക സ്വഭാവമാര്‍ജിക്കുകയും ചെയ്തു.

കേരളത്തിലെ ആധുനിക ചികിത്സയുടെ ചരിത്രം

കേരളത്തിലെ ആധുനിക ചികിത്സ രാജവാഴ്ചക്കാലത്തുതന്നെ ആരംഭിച്ചിരുന്നു. യൂറോപ്യന്‍ കൊളോണിയല്‍ ശക്തികളുടെ സാന്നിധ്യം, കേരളത്തെ പാശ്ചാത്യ ചിന്തകളോടും രീതികളോടും ഇന്ത്യയിലെ ഇതര പ്രദേശങ്ങളെക്കാള്‍ മുന്‍പേ അടുപ്പിക്കാന്‍ ഇടയാക്കി. പ്രജാക്ഷേമം കണക്കിലെടുത്ത് 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികള്‍ ആധുനിക ചികിത്സ പ്രദാനം ചെയ്യുന്ന ധര്‍മ്മാശുപത്രികള്‍ സ്ഥാപിക്കുകയുണ്ടായി. തിരുവിതാംകൂറില്‍ ഒരു രാജകീയ വിളംബരത്തിലൂടെ 1879-ല്‍ തടവുകാര്‍ക്കും പൊതുസേവകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രോഗപ്രതിരോധ കുത്തിവയ്പ്പുകള്‍ നിര്‍ബ്ബന്ധമാക്കി.1928-ല്‍ കൊക്കപ്പുഴുവിന്റെയും മന്തുരോഗത്തിന്റെയും നിയന്ത്രണ പരിപാടികള്‍ തിരുവിതാംകൂറില്‍ ആരംഭിച്ചു. 1938-ല്‍ ഡോ.മേരി പുന്നന്‍ ലൂക്കോസിനെ തിരുവിതാംകൂറിന്റ സര്‍ജന്‍ ജനറലായി നിയമിച്ചപ്പോള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകത്തുതന്നെ ആ സ്ഥാനത്തു നിയമിതയായ ആദ്യവനിതയായി അവര്‍ മാറി. തിരുവിതാംകൂറില്‍ പ്രവര്‍ത്തനമാരംഭിച്ച ലണ്ടന്‍ മിഷന്‍ സൊസൈറ്റി(LMS) യുടെ മിഷനറിമാര്‍ 1700-ന്റെ തുടക്കം മുതല്‍ തന്നെ ഇംഗ്ളണ്ടില്‍ നിന്നും അലോപ്പതി മരുന്നുകള്‍ കൊണ്ടുവന്ന് നാട്ടുകാരുടെ ചികിത്സക്കായി ഉപയോഗിക്കാനാരംഭിച്ചിരുന്നു. പിന്നീട് കേരളത്തില്‍ പലയിടങ്ങളിലും മിഷനാശുപത്രികള്‍ സ്ഥാപിക്കപ്പെട്ടു. മലബാറില്‍ നേരിട്ടുള്ള ബ്രിട്ടീഷ് വാഴ്ചയിന്‍ കീഴില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ താമസിച്ചാണ് തുടങ്ങിയതെങ്കിലും കോഴിക്കോട് ആശുപത്രി 19-ാം നൂറ്റാണ്ടില്‍ തന്നെ ആരംഭിച്ചിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെയും പ്രേരണ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി.1956-ല്‍ കേരള സംസ്ഥാനം രൂപികരിക്കുമ്പോഴേക്കും ഒരു പൊതുജനാരോഗ്യ സംവിധാനത്തിന്റെ അടിത്തറ ഇവിടെ സ്ഥാപിതമായിക്കഴിഞ്ഞിരുന്നു.

ജനകീയ പ്രതിരോധ സമ്മേളനം ഡോ.രാം പുനിയാനി ഉദ്ഘാടനം ചെയ്യുന്നു.

സ്വാതന്ത്ര്യപൂര്‍വ്വ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭാഗത്തുനിന്നും ആരോഗ്യപരിപാലന രംഗത്ത് നടത്തിയ ശ്രദ്ധേയമായ ഒരു കാല്‍വെപ്പ് 1943-ലെ ബോര്‍ കമ്മിറ്റിയുടെ രൂപീകരണമായിരുന്നു. 1946-ല്‍ കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ അഭിലാഷങ്ങളെ കൂടെ പരിഗണിച്ചു കൊണ്ട് ആരോഗ്യരംഗത്തെ പ്രതിരോധ, പ്രോത്സാഹന, ചികിത്സാ സേവനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സമഗ്ര ആരോഗ്യ പരിരക്ഷയ്ക്കുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടു വച്ചത് (A comprehensive healthcare integrating preventive, promotive and curative health services). ഒരു ആധുനിക ജനാധിപത്യ സമുഹവും ഭരണകൂടവും തങ്ങളുടെ പൗരന്മാരുടെ ആരോഗ്യസംരക്ഷണത്തിനായി കൈക്കൊള്ളേണ്ട നടപടികളുടെ ഒരു രൂപരേഖയായിരുന്നു ആ റിപ്പോര്‍ട്ട്. അന്ന് നിലനിന്നിരുന്ന ക്ഷേമരാഷ്ട്ര സങ്കല്പവും സോവിയറ്റ് യൂണിയന്‍ നടപ്പാക്കിയ ജനാനുകൂല നയങ്ങളും ആ റിപ്പോര്‍ട്ടിനെ സ്വാധീനിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം ഇന്ത്യാ ഗവണ്‍മെന്റ് 1952-ല്‍ ബോര്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ചു. താഴെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, തൊട്ടു മുകളില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, അതിനു മുകളില്‍ ജില്ലാ ആശുപത്രികള്‍ എന്നിങ്ങനെയുള്ള ഒരു ത്രിതല ആരോഗ്യ പരിപാലന സംവിധാനമാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാനും MBBS ഡിഗ്രി ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കുള്ള അടിസ്ഥാന യോഗ്യതയായി പരിഗണിക്കാനും തീരുമാനിച്ചു. കേരളത്തിലെ ആരോഗ്യ രംഗത്തെ നേട്ടങ്ങള്‍ക്ക് ഈ ത്രിതല സംവിധാനവും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും വലിയ അളവില്‍ കാരണമായി. കേരള സമൂഹത്തിന്റെ ആകമാന വികാസത്തിന് വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപരിപാലനരംഗവും നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കി. ആളോഹരി വരുമാനം കുറവായിരുന്നിട്ടു കൂടി, മാതൃ-ശിശു മരണ നിരക്കുകള്‍, ആയുര്‍ദൈര്‍ഘ്യം, സാക്ഷരത തുടങ്ങിയ വികസന സൂചികകളില്‍ കേരളം പാശ്ചാത്യ രാജ്യങ്ങളോടു കിടപിടിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു.ഇത് ‘വികസനത്തിന്റെ കേരള മാതൃക’ എന്ന രീതിയില്‍ പ്രശസ്തമായി.

ആസൂത്രണത്തില്‍ നിന്നും കമ്പോളത്തിലേക്ക്

സ്വാതന്ത്ര്യാനന്തരം മാറിമാറി വന്ന സര്‍ക്കാരുകള്‍ ജനക്ഷേമപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയെങ്കിലും,ക്രമേണ കാര്യങ്ങള്‍ മന്ദഗതിയിലാകാന്‍ തുടങ്ങി. 80-കളില്‍ത്തന്നെ ആരോഗ്യ ബജറ്റ് വെട്ടിക്കുറയ്ക്കാന്‍ ആരംഭിച്ചു. എന്നാല്‍ 90-കളുടെ തുടക്കത്തില്‍ ആഗോളവല്‍ക്കരണത്തിന്റെ വരവോടെ ആരോഗ്യനയത്തിലും പ്രകടമായ വ്യതിയാനമുണ്ടായി. ലോക ബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ നിബന്ധനകള്‍ക്കനുസരിച്ചുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ (Structural Adjustment Programs-SAP) ആരോഗ്യരംഗത്തും നടപ്പാക്കാന്‍ തുടങ്ങി. ലോകബാങ്ക് എല്ലാവര്‍ഷവും പുറത്തിറക്കുന്ന ലോക വികസനരേഖയുടെ, 1993-ലെ തലക്കെട്ട് ‘ആരോഗ്യത്തിലുള്ള നിക്ഷേപിക്കല്‍’ (World Development Report-1993-Investing in Health) എന്നായിരുന്നു. 1996-ലെ ലോകവികസനരേഖക്ക് ‘ആസൂത്രണത്തില്‍ നിന്നും കമ്പോളത്തിലേക്ക്’ (From Plan to Market) എന്നായിരുന്നു പേര്. അത്രനാളും ഒരു സേവനമേഖലയായി നിലനിന്നിരുന്ന ആരോഗ്യരംഗത്തെ, ഒരു നവലിബറല്‍ കമ്പോള സമ്പദ് വ്യവസ്ഥയുടെ താല്പര്യാര്‍ത്ഥം, ഒരു നിക്ഷേപ സാദ്ധ്യതയുള്ള വ്യവസായ മേഖലയാക്കി (from heath service to health industry) മാറ്റിത്തീര്‍ക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ആ രണ്ടു രേഖകളിലുമുണ്ടായിരുന്നത്.

സര്‍ ജോസഫ് വില്യം ബോര്‍

നമ്മുടെ നാട്ടിലും ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള പരിഷ്‌കാരങ്ങള്‍ ആരോഗ്യരംഗത്ത് നടപ്പാക്കാന്‍ തുടങ്ങി. ആരോഗ്യമേഖലയെ ലാഭനഷ്ട പരിഗണനകള്‍ ഇല്ലാതെ ഒരു പബ്ലിക് യൂട്ടിലിറ്റി സര്‍വീസ് ആയി കണാക്കാക്കിയിരുന്നതിനു നേര്‍ വിപരീതമായി ലാഭാധിഷ്ഠിതമായി നടപ്പാക്കാനുള്ള ഒരു മേഖലയായി പരിഗണിക്കാന്‍ തുടങ്ങി. ആരോഗ്യരംഗത്തെ സര്‍ക്കാര്‍ വിഹിതം ക്രമേണ വെട്ടിക്കുറച്ചു കൊണ്ടുവന്നു. ആശുപത്രിയിലെ ഓരോരോ സേവനങ്ങള്‍ക്കും വിലയീടാക്കാനാരംഭിച്ചു. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ഒ.പി. ടിക്കറ്റിന് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ട് ആ നടപടികള്‍ക്ക് 90 കളില്‍ത്തന്നെ തുടക്കം കുറിച്ചു .

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ പുതിയ ഡോക്ടര്‍മാരെ സ്ഥിരമായി നിയമിക്കുന്ന നടപടികള്‍ മരവിപ്പിച്ചിരിക്കുകയാണ്. എന്നു മാത്രമല്ല സീനിയര്‍ ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റോടുകൂടി പല തസ്തികകളും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയുമാണ്. കേരളത്തിലെ ഹെല്‍ത്ത് സര്‍വീസിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ഇപ്പോഴും 1965-ലെ ജനസംഖ്യ അനുസരിച്ചുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് നിലനില്‍ക്കുന്നത്. അന്ന് കേരളത്തിലെ ജനസംഖ്യ 1കോടി 87 ലക്ഷം ആയിരുന്നെങ്കില്‍ 2024 ല്‍ അത് 3 കോടി 60 ലക്ഷം, അതായത് ഏകദേശം ഇരട്ടിയായി മാറിയിട്ടുണ്ട്. അന്നില്ലാതിരുന്ന പലതരം പകര്‍ച്ചവ്യാധികള്‍ ഇന്നു കാണപ്പെടുന്നു. അതൊടൊപ്പം സാംക്രമികമല്ലാത്ത ജീവിതശൈലീ രോഗങ്ങളുടെ തോതും വളരെ കൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ആശുപത്രികളെ സമീപിക്കുന്ന രോഗികളുടെ എണ്ണം പല മടങ്ങുകളായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ വസ്തുതകളെല്ലാം പരിഗണിക്കുമ്പോഴാണ് ഈ രംഗത്തെ അപര്യാപ്തതയുടെ ആഴം മനസ്സിലാവുക.
ലോകബാങ്കിന്റെ വമ്പിച്ച ധനസഹായത്തോടുകൂടി 2005-ല്‍ ആരംഭിച്ച നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ (NRHM) പൊതുജനാരോഗ്യ രംഗത്ത് ഒരു അടിമുടി അഴിച്ചുപണി നടത്തുകയാണ് ചെയ്തത്. പദ്ധതിരേഖ തന്നെ ചൂണ്ടിക്കാണിച്ച പോലെ അത് ഒരു ശില്പഘടനാപരമായ തിരുത്തലാണ് (Architectural Correction) ലക്ഷ്യമിട്ടത്. അത് ആരോഗ്യമേഖലയിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ (Structural Adjustment Program) തന്നെയായിരുന്നു എന്ന് പദ്ധതിയുടെ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാനാകും.

  1. സര്‍ക്കാര്‍ ആശുപത്രികളുടെ നടത്തിപ്പിന്റെ ഉത്തരവാദിത്വം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുക.
  2. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക വിഹിതം കുറച്ചുകൊണ്ടുവരിക.
  3. സര്‍ക്കാരാശുപത്രികളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിക്കുക
  4. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ ചെയ്തുകൊണ്ടിരുന്ന ജോലികള്‍ പ്രോഫഷണല്‍ യോഗ്യതയും മതിയായ പരിശീലനവും ഇല്ലാത്തവരെ തുച്ഛമായ പ്രതിഫലം മാത്രം നല്കി ഏല്‍പ്പിക്കുക.
  5. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ(Public -Private -Participation-PPP) വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.
  6. ചികിത്സകള്‍ സ്റ്റാന്‍ഡേര്‍ഡൈസ് ചെയ്യുക എന്നതിന്റെ പേരില്‍ അവയോരോന്നിനും വിലനിശ്ചയിക്കുകയും അവ ഈടാക്കുകയും ചെയ്യുക.
  7. ആരോഗ്യരംഗത്ത് ഇന്‍ഷ്വറന്‍സ് വല്‍ക്കരണം നടപ്പാക്കുക.

അങ്ങനെ പൊതുജനാരോഗ്യത്തിന്റെ കച്ചവടവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും പാതയൊരുക്കുന്ന ഒരു സമഗ്രപദ്ധതിയായിരുന്നു NRHM.

ആരോഗ്യ ഇന്‍ഷൂറന്‍സ് എന്തുകൊണ്ട് എതിര്‍ക്കപ്പെടണം?

ആരോഗ്യ രംഗത്തെ ഇന്‍ഷ്വറന്‍സ് വല്‍ക്കരണം യഥാര്‍ത്ഥത്തില്‍ സ്വകാര്യവല്‍ക്കരണത്തിന്റെയും കച്ചവടവല്‍ക്കരണത്തിന്റെയും പദ്ധതിയാണ്. സര്‍ക്കാരാശുപത്രികളില്‍ അതേവരെ സൗജന്യമായി നല്‍കിവന്നിരുന്ന സേവനങ്ങള്‍ക്ക് വിലയിടുകയും അവ പണംകൊടുത്ത്, ഇന്‍ഷൂറന്‍സിന്റെ സഹായത്തോടെ നേടിയെടുക്കുകയും ചെയ്യുക എന്നതാണ് സങ്കല്പം. തുടക്കത്തില്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ ആരംഭിക്കുന്ന ഈ പദ്ധതികള്‍, പണം നല്‍കി ചികിത്സ നേടാന്‍ ജനങ്ങളെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. കാലക്രമത്തില്‍ ഈ രംഗത്തുനിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയും വന്‍കിട സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ രംഗം കയ്യടക്കുകയും ചെയ്യും. അമേരിക്ക ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്വകാര്യ ചികിത്സാ മേഖല ആധിപത്യം സ്ഥാപിച്ചിട്ടുള്ള ആ രാജ്യത്ത് ആരോഗ്യ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവന് ചികിത്സയേക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല. ലോകത്തെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ഇന്‍ഷൂറന്‍സ് കമ്പനിയായ അമേരിക്കയിലെ ‘യുണൈറ്റഡ് ഹെല്‍ത്തിന്റെ’ സി.ഇ.ഒ ന്യൂയോര്‍ക്കിലെ തെരുവില്‍ 2024 ഡിസംബര്‍ 4ന് വെടിയേറ്റ് മരിച്ചത് ഏവരേയും ഞെട്ടിച്ചു. എന്നാല്‍ അതിലേറെ അവിടത്തെ ഭരണാധികാരികളെ അമ്പരപ്പിച്ചതും അസ്വസ്ഥമാക്കിയതും ആ കൊലപാതകത്തോട് അമേരിക്കയിലെ ജനങ്ങള്‍ പ്രതികരിച്ച രീതിയായിരുന്നു. മരണത്തില്‍ അനുശോചിക്കുന്നതിനു പകരം ലക്ഷക്കണക്കിന് സാധാരണ അമേരിക്കക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്ലാദത്തിന്റെ ഇമോജികള്‍ പോസ്റ്റ് ചെയ്തു. തങ്ങളുടെ ഇന്‍ഷൂറന്‍സ് വരിക്കാരില്‍ മൂന്നില്‍ രണ്ടു പേരുടെയും ചികിത്സാ അപേക്ഷകള്‍ അന്യായമായി നിരസിക്കുകയോ വൈകിപ്പിക്കുകയോ ചെയ്തുകൊണ്ട് പതിനായിരക്കണക്കിന് രോഗികളെ ദ്രോഹിക്കുകയും മരണത്തിലേക്കു തള്ളിവിടുകയും ചെയ്തുകൊണ്ട് കോടികള്‍ കൊയ്തുകൊണ്ടിരിക്കുകയാണ് ഈ കമ്പനി എന്ന ഭീഷണമായ യാഥാര്‍ത്ഥ്യം അമേരിക്കന്‍ ജനത ഒന്നടങ്കം രോഷത്തോടെ വിളിച്ചു പറഞ്ഞു. ഇന്‍ഷൂറന്‍സ് വല്‍കരണത്തിലൂടെ നമ്മുടെ നാടിന്റെ ആരോഗ്യരംഗവും സമാനമായൊരു പതനത്തിലേക്കാണ് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.


കോര്‍പ്പറേറ്റുകള്‍ ‘ഓരോ രോഗത്തേയും ഒരു മനുഷ്യ ദുരന്തമായല്ല മറിച്ച് കച്ചവട അവസരമായിട്ടാണ് കാണുന്നത്.


മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ആരോഗ്യ ബജറ്റ് മെച്ചപ്പെട്ടതാണെങ്കില്‍ക്കൂടിയും (സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 5%). അതില്‍ സര്‍ക്കാരിന്റെ വിഹിതം 1.7% മാത്രമാണ്. ചികിത്സക്കായി ജനങ്ങള്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്ന സംസ്ഥാനവും കേരളം തന്നെയാണ്. സര്‍ക്കാരിന്റെ അവഗണന മൂലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ വരെ മുടന്തി നീങ്ങുകയാണ്. വികസനപ്രവര്‍ത്തനങ്ങള്‍ വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിലും വിലപിടിപ്പുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിലും മാത്രമാണ് ഒതുങ്ങുന്നത്. ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതുകൊണ്ട് ഒരു ഡോക്ടര്‍ക്ക് ഒരു ദിവസം നൂറുകണക്കിന് രോഗികളെ പരിശോധിക്കേണ്ടിവരുന്നത് ഫലപ്രദമായ ചികിത്സ അസാധ്യമാക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ അമിതഭാരത്തിന്റെ സമ്മര്‍ദ്ദത്തിലാണ് ജോലിചെയ്യുന്നത്. മറുവശത്ത് ശരിയായ ചികിത്സ ലഭിക്കാത്തതില്‍ രോഗികളും അസംതൃപ്തരാണ്. ഇത്, രോഗികളും ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരും തമ്മിലുള്ള ഒരു നിതാന്തസംഘര്‍ഷത്തിന്റെ രംഗമാക്കി ആശുപത്രികളെ മാറ്റിയിരിക്കുന്നു. ഭരണാധികാരികള്‍ ആശുപത്രിസേവനങ്ങളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ (Consumer Protection Act-1986) കീഴില്‍ കൊണ്ടുവന്നിരിക്കുന്നത് ചികിത്സ വിലകൊടുത്ത് വാങ്ങേണ്ട ഒരു ചരക്കാണ് എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ്. ഇത് ഡോക്ടര്‍-രോഗി ബന്ധം വീണ്ടും വഷളാക്കാനും ഒരു നിയമവ്യവഹാര വ്യവസായത്തെ വളര്‍ത്താനും ആത്യന്തികമായി ജനങ്ങള്‍ക്കു തന്നെ നഷ്ടമുണ്ടാക്കാനും മാത്രമേ സഹായിക്കൂ.

ജനകീയ പ്രതിരോധ സമ്മേളനവേദി

2010-ലെ കേന്ദ്രനയത്തിന്റെ ചുവടൊപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്റ്റ്, സ്വകാര്യ ആശുപത്രികളില്‍ ഗുണനിലവാരമുള്ള ചികിത്സ ഉറപ്പുവരുത്താനെന്ന പേരില്‍, നാട്ടുകാര്‍ക്ക് താങ്ങാവുന്ന ചെലവില്‍ സേവനം നല്‍കുന്ന ചെറിയ ഹോസ്പിറ്റലുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയും വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികളെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ്. അങ്ങനെ ചികിത്സാരംഗം കച്ചവടക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന കോര്‍പ്പറേറ്റുകള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നു.

സര്‍ക്കാരിന്റെ ധനസഹായവും പിന്‍തുണയുമില്ലാത്തതും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് വിദഗ്ദ്ധ ഡോക്ടര്‍മാരെ നിയമിക്കാത്തതും മൂലം സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ സേവനം സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് ശസ്ത്രക്രിയ അടക്കമുള്ള ഹൃദയ ചികിത്സ, ന്യൂറോ സര്‍ജറി, ഉദരശസ്ത്രക്രിയകള്‍, അവയവമാറ്റ ശസ്ത്രക്രിയകള്‍ എന്നിവയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേരളജനത. ഇത്തരം ചികിത്സയിലൂടെ നിരവധി കുടുംബങ്ങള്‍ വലിയ കടക്കെണിയില്‍ പെടുകയും പാപ്പരായി മാറിക്കൊണ്ടിരിക്കുകയുമാണ്. നിര്‍ധനരായ രോഗികളുടെ ചികിത്സക്കു വേണ്ടി നാടുനീളെ പണപ്പിരിവ് നടക്കുകയാണ്. ഇതിലൂടെ ജനങ്ങളുടെ ജീവകാരുണ്യ മനോഭാവത്തെ ചൂഷണം ചെയ്തുകൊണ്ട് വന്‍കിട സ്വകാര്യ ആശുപത്രികളുടെ ചികിത്സാവ്യവസായത്തെ കൊഴുപ്പിക്കുക എന്നതാണ് ഫലത്തില്‍ നടക്കുന്നത്.

അമേരിക്ക ആസ്ഥാനമാക്കിയ ബ്ലാക്ക് സ്റ്റോണ്‍, KKR എന്നീ ഭീമന്‍ നിക്ഷേപ കമ്പനികള്‍ പതിനായിരത്തിലേറെ കോടി രൂപ മുടക്കി കേരളത്തിലെ വന്‍കിട ആശുപത്രികളായ ആസ്റ്റര്‍, കിംസ്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ എന്നിവയുടെ നിര്‍ണായകമായ ശതമാനം ഓഹരികള്‍ വാങ്ങിയിരിക്കുന്നു എന്നതാണ് അടുത്തയിടെ പുറത്തുവന്ന വാര്‍ത്ത. അത്യാര്‍ത്തി പൂണ്ട ആഗോള കോര്‍പ്പറേറ്റുകള്‍ നമ്മുടെ ആരോഗ്യരംഗത്ത് വരുത്തിവെക്കാന്‍ പോകുന്ന വിപത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. അമേരിക്കന്‍ കോര്‍പ്പറേറ്റ് ചികിത്സയുടെ ശക്തനായ വിമര്‍ശകനായ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഡോക്ടര്‍ ജോണ്‍ എബ്രാംസണ്‍ തന്റെ ‘Overdosed America’ എന്ന കൃതിയില്‍ പറയുന്നപോലെ, ചികിത്സാരംഗത്തെ അമേരിക്കന്‍ കോര്‍പ്പറേറ്റുകള്‍ ‘ഓരോ രോഗത്തേയും ഒരു മനുഷ്യ ദുരന്തമായല്ല മറിച്ച് കച്ചവട അവസരമായിട്ടാണ് കാണുന്നത് ‘(they view disease not as a human tragedy but as a commercial opportunity).

പൊതുജനാരോഗ്യത്തിന് ദോഷകരമായ സങ്കരവൈദ്യം

ആധുനിക വൈദ്യശാസ്ത്രവുമായി മറ്റു വൈദ്യശാഖകളെ കൂട്ടിക്കുഴയ്ക്കുന്ന അശാസ്ത്രീയവും അപകടകരവുമായ ‘മിക്സോപ്പതി’ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയത്തിന്റെ കാര്‍മ്മികത്വത്തില്‍ രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുകയാണ്. ഓരോ വൈദ്യശാഖയും കലര്‍പ്പില്ലാതെ സ്വതന്ത്രമായി നിലനില്‍ക്കുകയും തങ്ങളുടേതായ രീതിയില്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുകയുമാണ് അതാത് വൈദ്യശാഖകകള്‍ക്കും പൊതുജനാരോഗ്യത്തിനും ഏറ്റവും അഭികാമ്യം. അതിനു വിരുദ്ധമായ സങ്കര ചികിത്സ പല രീതിയില്‍ ഒളിച്ചുകടത്താനുള്ള നീക്കങ്ങള്‍ നമ്മുടെ സംസ്ഥാനത്തും തകൃതിയായി നടക്കുന്നുണ്ട്.

നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ പരിരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക.

ലോകം മുഴുവന്‍ അമ്പരന്നു നിന്ന കോവിഡ് മഹാമാരിക്കാലത്ത് നമ്മുടെ കേരളത്തിന് ധൈര്യപൂര്‍വ്വം അതിനെ നേര്‍ക്കുനേര്‍ നേരിടാന്‍ കഴിഞ്ഞത് സുദീര്‍ഘമായ പാരമ്പര്യമുള്ള നമ്മുടെ പൊതുജനാരോഗ്യ സംവിധാനം അതിന്റെ നിരവധിയായ പരാധീനതകള്‍ക്കിടയിലും നിലനിന്നു എന്നതുകൊണ്ടാണ്. നമ്മുടെ ആരോഗ്യ പരിപാലന മേഖല സൃഷ്ടിച്ചെടുത്ത സേവന മനസ്‌കരായ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റെല്ലാ ആരോഗ്യ പ്രവര്‍ത്തകരും ആ കാലയളവില്‍ നടത്തിയ നിസ്വാര്‍ത്ഥവും സാമൂഹ്യലക്ഷ്യബോധത്തോടെയുള്ളതുമായ അശ്രാന്ത പരിശ്രമങ്ങളെ എത്ര ശ്ലാഖിച്ചാലും മതിയാവില്ല. നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ അതേപടി നിലനിര്‍ത്തുകയും ഇനിയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ആഴത്തില്‍ ബോധ്യപ്പെടുത്തിയ ഒരു സന്ദര്‍ഭമായിരുന്നു കോവിഡ് കാലം. അങ്ങ് യൂറോപ്പില്‍ വികസിത രാജ്യമായ സ്പെയിന്‍ മഹാമാരിയെ നേരിട്ടത് തങ്ങളുടെ ആരോഗ്യ സംവിധാനത്തെ സമ്പൂര്‍ണ്ണമായും ദേശസാല്‍ക്കിച്ചുകൊണ്ടായിരുന്നു എന്നത് നമുക്കും ഒരു പാഠമാണ്.

വി.ആര്‍.കൃഷ്ണയ്യര്‍

കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി അതിന്റെ ആദരണീയനായ പ്രസിഡന്റ് ആയിരുന്ന ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ 1990-കളില്‍ത്തന്നെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഫീസ് ഏര്‍പ്പെടുത്തുന്നതിനെതിരെ രംഗത്തുവന്നിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ ഒ.പി. ടിക്കറ്റിന് ഫീസേര്‍പ്പെടുത്തിയതിനെതിരെ വന്ദ്യ വയോധികയായ ലക്ഷ്മി.എന്‍.മേനോന്‍ തന്നെ തന്റെ 94-ാം വയസ്സില്‍ സെക്രട്ടേറിയേറ്റിനു മുന്നല്‍ പ്രതിരോധസമിതീ പ്രവര്‍ത്തകര്‍ക്കൊപ്പം ധര്‍ണ്ണയിരുന്നു.

അടുത്തകാലത്ത് ജനകീയ പ്രതിരോധ സമിതിയുടെ ആശയ നേതൃത്വത്തില്‍ കേരളത്തില്‍ പലയിടത്തും ജനങ്ങള്‍ കക്ഷിരാഷ്ട്രീയത്തിനും ജാതിമത പരിഗണനകള്‍ക്കും അതീതമായി ആശുപത്രി സംരക്ഷണ സമിതികള്‍ രൂപീകരിച്ചുകൊണ്ട് തങ്ങളുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള പ്രക്ഷോഭണം നടത്തിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് കുറ്റ്യാടിയിലും കോട്ടയത്ത് മുണ്ടക്കയത്തും കുറിച്ചിയിലും സമരങ്ങള്‍ ഉയര്‍ന്നുവന്നു. കുറിച്ചിയില്‍ സചിവോത്തമപുരം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫിന്റെയും ഒഴിവുകള്‍ നികത്തുക, കിടത്തി ചികിത്സ പുനരാരംഭിക്കുക എന്നീ ഡിമാന്റുകള്‍ ഉന്നയിച്ചുകൊണ്ട് സുദീര്‍ഘ പ്രക്ഷോഭണം നടന്നുവരികയാണ്. എറണാകുളം ജില്ലയിലെ കീച്ചേരിയില്‍ ആശുപത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഈയിടെ നടന്ന പ്രക്ഷോഭണത്തില്‍ ആയിരങ്ങളാണ് അണിനിരന്നത്. ഈ പ്രക്ഷോഭണങ്ങളെല്ലാം തന്നെ നമ്മുടെ സംസ്ഥാനത്ത് പൊതുജനാരോഗ്യ സംവിധാനത്തെ നിലനിര്‍ത്താനും സംരക്ഷിക്കാനും വിപുലപ്പെടുത്താനുമുള്ള ഒരു വമ്പിച്ച പോരാട്ടത്തിന്റെ അഗ്രഗാമികളാണ്.


ഈ ജനകീയ പ്രതിരോധ കണ്‍വെന്‍ഷന്‍ താഴെപ്പറയുന്ന ഡിമാന്റുകള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ശക്തമായി ഉന്നയിക്കുകയാണ്.

  1. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുക; സംസ്ഥാന ബജറ്റിന്റെ 10% ആരോഗ്യ മേഖലക്കായി നീക്കി വയ്ക്കുക.
  2. സര്‍ക്കാരാശുപത്രികളില്‍ ഏര്‍പ്പെടുത്തിയ എല്ലാത്തരം ചാര്‍ജുകളും ഫീസുകളും ഉടന്‍ പിന്‍വലിക്കുക. അവിടെ മുഴുവന്‍ പേര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുക.
  3. എല്ലാ ആശുപത്രികളിലും ജനസംഖ്യാനുപാതികമായി സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിച്ചുകൊണ്ട് പര്യാപ്തമായ എണ്ണം ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റു സ്റ്റാഫിനെയും സ്ഥിരമായി നിയമിക്കുക.
  4. കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ അടക്കം എല്ലാ ആശുപത്രികളിലും കിടത്തിച്ചികിത്സ പുനരാരംഭിക്കുക.
  5. ചികിത്സാരംഗത്തെ ഇന്‍ഷുറന്‍സ് വല്‍ക്കരണം ഉടന്‍ അവസാനിപ്പിക്കുക.
  6. മരുന്നുകളുടെ വിലക്കയറ്റം തടയുക. സര്‍ക്കാര്‍ ഹോസ്പിറ്റലുകളില്‍ ഗുണ നിലവാരമുള്ള മരുന്നുകള്‍ ഉറപ്പാക്കുക.

മേല്‍പ്പറഞ്ഞ ഡിമാന്‍ഡുകള്‍ ഉന്നയിച്ചുകൊണ്ട് നമ്മുടെ നാടിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ സംരക്ഷിക്കാനുള്ള സുദീര്‍ഘമായ ഒരു സമരം വളര്‍ത്തിയെടുക്കാന്‍ ഈ കണ്‍വെന്‍ഷന്‍ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. മെഡിക്കല്‍ പ്രൊഫഷന്റെ മഹനീയത ഉയര്‍ത്തിപ്പിടിക്കാന്‍ കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പ്രക്ഷോഭണത്തില്‍ ജനങ്ങളോടൊപ്പം അണിചേര്‍ന്നുകൊണ്ട് വിപുലമായൊരു ജനകീയ ആരോഗ്യ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പങ്കാളികളാകണമെന്ന് ഡോക്ടര്‍മാര്‍ അടക്കമുള്ള മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരോടും ഈ കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിക്കുന്നു.


References.

  1. Historical Analysis of the Development of Healthcare Facilities in Kerala State-Dr. V Ramankutty.
  2. Bhore Committee Report.
  3. World Development Report 1993 of the World Bank-Investing in Health
  4. World Development Report 1996- From Plan to Market.
  5. Different publications of National Rural Health Mission (NRHM).
  6. Overdosed America -Dr.John Abramson.


Latest articles

Leave a comment