സമത്വ സാഹോദര്യ മൂല്യങ്ങളെ സമൂഹത്തിൽ നിന്നും പുറത്താക്കണമെങ്കിൽ ദൈവ നിഷേധികളും മതാനുഷ്ഠാനവാദികളുമായി സമൂഹത്തെ രണ്ടു ചേരിയിൽ നിർത്തി തമ്മിൽ തർക്കിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്താൽ മതിയാകും.
കേരളത്തിൻ്റെ ബൗദ്ധിക ലോകത്തും പൊതുസമൂഹത്തിലും ഇടതു പ്രത്യയശാസ്ത്രങ്ങൾക്ക് കുറഞ്ഞത് അരനൂറ്റാണ്ട് നിലനിന്നിരുന്ന മേൽക്കൈ ഇരുപത്തിയൊന്നാം നൂറ്റാണ്ടായപ്പോൾ ദുർബ്ബലമാകുന്നുണ്ട്. അതിനു പകരം കേരളത്തിലെ ബൗദ്ധികലോകം 2010-കള്‍ മുതൽ നവ ദൈവനിഷേധികളുടെ താവളമായി വളരുന്നതു കാണാം. സോഷ്യൽ മീഡിയയുടെ വ്യാപനത്തിനൊപ്പം ഫെയ്സ് ബുക്ക്, വാട്ട്സ് ആപ് എന്നിവയിലൂടെയാണ് നവ ദൈവനിഷേധികൾ പ്രധാനമായും മലയാളീ ബൗദ്ധിക ലോകത്തിലേക്കു പ്രവേശിക്കുന്നതും അവിടെ ആധിപത്യമുറപ്പിക്കുന്നതും. ഇതിനു സമാന്തരമായി തന്നെ നമ്മുടെ പൊതുസമൂഹത്തിലാകട്ടെ മതാനുഷ്ഠാനങ്ങളും ജാതി- മതസ്പർദ്ധയും കൂടുതൽ കൂടുതൽ ശക്തിപ്പെട്ടു വരുകയാണ്.
കക്ഷിരാഷ്ട്രീയത്തിലെ അധികാര കരുനീക്കങ്ങളുടെ ഭാഗമായി പ്രവർത്തകരും അണികളും നടത്തുന്ന പതിവു വെട്ടും തടയും പയറ്റലും നിറഞ്ഞ കൗണ്ടറുകളും വ്യാജസ്തുതി/ നിന്ദകളും കഴിഞ്ഞാൽ സോഷ്യൽ മീഡിയയിൽ മുഴച്ചുനിൽക്കുന്നത് നവ ദൈവനിഷേധികളുടെ മതപരിഹാസങ്ങളാണ്. ഈ പരിഹാസങ്ങൾ പെരുകുന്നതിനൊത്ത്, അതിനോടുള്ള പ്രതിഷേധമെന്ന നിലയിൽ പൊതുസമൂഹം അനുഷ്ഠാനങ്ങളുടെ ആഘോഷ ലഹരിയിൽ മുങ്ങിത്താഴ്ന്നു കൊണ്ടിരിക്കുന്നു.
അതായത് ഫലത്തിൽ സമത്വ സാഹോദര്യ മൂല്യങ്ങളെ ചെറുക്കുന്ന രണ്ടു ലോകങ്ങളായി – തീവ്ര മതാനുഷ്ഠാന പൊതുസമൂഹവും ദൈവനിഷേധ ബൗദ്ധിക വർഗവുമായി കേരളം വേർതിരിയുന്നുണ്ട്. ഇരു കൂട്ടരും പരസ്പരം ആശയപ്പോരാട്ടം നടത്തി ശത്രുവിജയത്തിൽ നിരന്തരം വ്യാപൃതരാകുന്നെങ്കിലും മാനവ സമത്വം, സാഹോദര്യം എന്നിവയോട് എതിർ നിൽക്കുന്നതിൽ ഇവർ അകമേ ഒറ്റക്കെട്ടാണ്. അതുകൊണ്ട് സമത്വ സാഹോദര്യ മൂല്യങ്ങളെ സമൂഹത്തിൽ നിന്നും പുറത്താക്കണമെങ്കിൽ ദൈവ നിഷേധികളും മതാനുഷ്ഠാനവാദികളുമായി സമൂഹത്തെ രണ്ടു ചേരിയിൽ നിർത്തി തമ്മിൽ തർക്കിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്താൽ മതിയാകും.
ആധുനികതയെ അങ്ങനെ തന്നെ, അതിൻ്റെ എല്ലാവിധ അഴുക്കുകളോടും കൂടി അലക്കാതെ അണിയുന്നവരാണ് നവ ദൈവനിഷേധികൾ.
നവ ദൈവനിഷേധികളുടെ കൊടും പരിഹാസങ്ങൾ കൊണ്ട് മതാനുഷ്ഠാന ആൾക്കൂട്ടം കുറയുമെന്ന് നാം കരുതുന്നെങ്കിൽ തെറ്റി. കൂടുതൽ മാരകമായ ആശയങ്ങളുടെ സമാഹരണവും പ്രയോഗവും കൊണ്ട് നവ ദൈവനിഷേധികളെ പ്രതിരോധിക്കുന്നതിൽ അപ്പോൾ മതാനുഷ്ഠാന നേതൃത്വം മുഴുകും. ലോകത്തെങ്ങും നവ ദൈവനിഷേധികളുടെ പരിഹാസശരങ്ങളെ ചെറുക്കാൻ കൂടുതൽ കരുത്തരായി തീവ്രാനുഷ്ഠാന സമൂഹം തയ്യാറാകുന്നതു കാണാം. നവ ദൈവനിഷേധികളുടെ ആഗോള വിഗ്രഹമായ റിച്ചാഡ് ഡോക്കിൻസ് അരങ്ങു തകർക്കുന്ന അമേരിക്കയിൽ തന്നെയാണ് വൈറ്റ് ക്രിസ്ത്യൻ ദേശീയവാദം കരുത്താർജ്ജിക്കുന്നതും.
നവ ദൈവനിഷേധികൾ ആധുനികതയുടെ കറകളഞ്ഞ ഭക്തസമൂഹമാണ്. കമ്മ്യൂണിസ്റ്റുകളും ആധുനികതയുടെ ആരാധകരാണെങ്കിലും അവർ ആധുനീകതയിൽ കേന്ദ്രീകൃത ഭരണകൂട ശക്തികൊണ്ട് മാനവികതയിൽ ഊന്നിയ മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആധുനികതയെ അങ്ങനെ തന്നെ, അതിൻ്റെ എല്ലാവിധ അഴുക്കുകളോടും കൂടി അലക്കാതെ അണിയുന്നവരാണ് നവ ദൈവനിഷേധികൾ. കേരളത്തിലെ പഴയ ദൈവനിഷേധികൾ പലരും ഇടതുസഹയാത്രികരായിരുന്നെങ്കിൽ പുതിയ ദൈവനിഷേധികളാകട്ടെ കമ്മ്യൂണിസത്തിൻ്റെ കടുത്ത വിമർശകരാകുന്നതങ്ങനെയാണ്. സോഷ്യലിസം എന്ന വാഗ്ദത്തഭാവിയെ നവ ദൈവനിഷേധികൾ സ്വീകരിക്കുന്നില്ല. കാരണം അവരെ സംബന്ധിച്ച് അസമത്വവും അനീതിയും നിറഞ്ഞ ആധുനിക ലോകം അതിൽ തന്നെ സ്വയംസമ്പൂർണ്ണ ശാസ്ത്രമാണ്- “അർഹതയുള്ളവയുടെ അതിജീവന”മാണ്. അഥവാ ആധുനിക പൂർവ്വലോകത്തിൻ്റെ അവശിഷ്ട ഭീഷണിയായ ദൈവത്തെ ഈ ലോകത്തു നിന്നു തുരത്തിയാൽ അവർക്ക് എല്ലാം ശുഭമായി.
കേരളത്തിൽ സമത്വ സാഹോദര്യ മൂല്യങ്ങളുടെ വാഹകരായ ഇടതു പ്രസ്ഥാനങ്ങൾ ഭരണകൂടാധികാരത്താൽ അമ്പേ മോഹിതരായി ധാർമ്മികമായി പറ്റെ അപചയത്തിലായപ്പോൾ, അവർക്കൊപ്പം സമത്വ സാഹോദര്യ മൂല്യങ്ങളും കാലഹരണപ്പെട്ടിരിക്കുന്നു എന്ന സാമൂഹ്യ നിരാശ നമ്മുടെ സമൂഹത്തെ പരക്കെ ബാധിച്ചിട്ടുണ്ട്. “പാട്ടുകാരൻ നാളെയുടെ ഗാട്ടുകാരനല്ലോ” എന്നു പാടി കേട്ട് ആവോളം പുളകം കൊണ്ടവരാണ് നമ്മൾ. അതിനാൽ ഇപ്പോൾ ചിന്താപരവും വൈകാരികവുമായി വന്നു ചേർന്ന സാമൂഹിക ഡിപ്രഷൻ്റെ അഭയസങ്കേതമായി തീർന്നിരിക്കുന്നു നവ ദൈവനിഷേധം. കാരണം ബൗദ്ധികമായി വികാരം കൊള്ളാതിരിക്കാൻ മധ്യവർഗ്ഗ മലയാളിക്കാവില്ല. സമത്വ സാഹോദര്യ മാനുഷിക മൂല്യങ്ങളുടെ സൗന്ദര്യത്താൽ വഞ്ചിക്കപ്പെട്ട ഒരു സമൂഹത്തിൻ്റെ ഡി അഡിക്ഷൻ സെൻ്ററാണ് നവ ദൈവനിഷേധ വാദം. മാനുഷിക മൂല്യങ്ങളെ തോട്ടിലെറിഞ്ഞ അവിടുത്തെ പ്രതിഷ്ഠ “മൂല്യങ്ങൾ തീണ്ടാത്ത” ശുദ്ധ സയൻസ് ആണ്.

കമ്മ്യൂണിസം നൽകിയ സമത്വ സാഹോദര്യ മൂല്യങ്ങളുടെ ബൗദ്ധിക കാല്പനികതയിൽ നിന്നും മൂല്യനിരാസത്തിൻ്റെ വ്യാജ പ്രതീതി നൽകുന്ന ശുദ്ധ സയൻസിൻ്റെ റൊമാൻ്റിക് ചിന്തയിൽ (ഇതിനെ “സ്വതന്ത്ര ലോകം” എന്നവർ വിളിക്കുന്നു) അഭയാർത്ഥിയാണ് ഇപ്പോൾ മലയാളി. റൊമാൻ്റിസിസത്തെ കൈയൊഴിഞ്ഞ ഒരു ബൗദ്ധിക ലോകം മലയാളിക്കു താങ്ങാനാവില്ല. പ്രസംഗത്തിലും എഴുത്തിലും ചിന്തയിലും കാല്പനികത സ്ഥായീഭാവമാകാത്ത ഒരാളെയും നാം ഉൾക്കൊള്ളില്ല. അതിനാൽ ഇപ്പോൾ നവ ദൈവനിഷേധികൾ പ്രചരിപ്പിക്കുന്ന മൂല്യനിരപേക്ഷമായ സയൻസിൻ്റെ കാമുകരാണ് നമ്മുടെ ബൗദ്ധിക ലോകം. നവ ദൈവനിഷേധികളുടെ യോഗങ്ങൾ നോക്കുക, പ്രായമായവരും മധ്യവയസ്കരും ചെറുപ്പക്കാരുമെല്ലാം ചേർന്നതാണ് അവിടുത്തെ സദസ്സ്.
ഇടതു പ്രത്യയശാസ്ത്രങ്ങൾക്കും മുന്നേ തന്നെ സമൂഹ മനസ്സിൻ്റെ ആഴങ്ങളിൽ വേരോട്ടമുള്ള സമത്വത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ചിരസ്ഥായിയായ ചരിത്ര വൃക്ഷത്തെ, മൂല്യനിരപേക്ഷമെന്നു അങ്കി ചാർത്തിയ സയൻസിനെ വെച്ച് ഉണക്കിക്കളയാൻ ഒരുമ്പെട്ടിരിക്കുന്നു നവ ദൈവനിഷേധികൾ.
മൂല്യങ്ങളിൽ വിശ്വസിക്കാത്ത ഒരു തരം ജീവശാസ്ത്രവാദം (ബയോളജിസം) കൊണ്ട് സമൂഹത്തെ ആദർശവൽക്കരിക്കുക എന്നതാണ് നവ ദൈവനിഷേധികളുടെ ലക്ഷ്യം. ഇതിൽ അവർക്കു സാമ്യം ചില പ്രകൃതിജീവനവാദികളോടാണ്. പ്രകൃതിജീവനവാദികൾ പലപ്പോഴും മനുഷ്യരെ മറ്റു ജീവികളുമായി താരതമ്യം ചെയ്യാറുണ്ട്. മറ്റു ജീവികൾ പ്രകൃതിയെ അതേപടി അനുസരിക്കുന്നതിനാൽ അവർക്ക് രോഗങ്ങളില്ലെന്നും, മനുഷ്യരും അതുപോലെയാകണമെന്നും അവർ പറയാറുണ്ട്. അതേപോലെ, മറ്റുജീവികളെ അനുസരിച്ചു, കുട്ടികൾ വലുതായി കഴിഞ്ഞാൽ പിന്നെ കുടുംബം പിരിച്ചു വിടണം എന്ന ബയോളജിസം ചില നവ നാസ്തികവാദികൾ പറയുമ്പോൾ നമ്മുടെ സയൻസ് ബൗദ്ധിക റൊമാൻ്റിക്കുകൾ എഴുന്നേറ്റു നിന്നു കൈയടിക്കുകയും അത്തരക്കാർക്ക് വീരപരിവേഷം ചാർത്തുകയും ചെയ്യുന്നു.
ധാർമ്മിക മൂല്യങ്ങൾ എന്നാൽ മതത്തിൻ്റെ മാത്രം കുത്തകയായി ചിത്രീകരിച്ച് ധാർമ്മിക മൂല്യങ്ങളുടെ മതേതര സ്വഭാവത്തെ നവനാസ്തികര്‍ നിഷേധിക്കുന്നു.
മൂല്യ നിരാസക്തമായ സയൻസിനെ മാനവ കർമ്മങ്ങളുടെ ആത്യന്തിക മാർഗ്ഗദർശിയായി അവതരിപ്പിച്ചു കൊണ്ട് മൂന്നു വിധത്തിലുള്ള ലക്ഷ്യങ്ങൾ നവ ദൈവനിഷേധികൾ സാധിച്ചെടുക്കുന്നു. ഒന്നാമതായി സയൻസും മൂല്യങ്ങളും തമ്മിലുള്ള ബന്ധത്തെ മറച്ചുവെച്ച് സയൻസിനെ നിഷ്പക്ഷമതിയായ വിധികർത്താവായി പ്രകീർത്തിക്കുന്നു അവർ. അതുവഴി സയൻസ് ഉൾപ്പെടെയുള്ള മേഖലകളിൽ മാനുഷികമായ എല്ലാ (ധാർമ്മിക) ഇടപെടലുകളും അപകടം പിടിച്ചതും ഒഴിവാക്കേണ്ടതുമണെന്ന ബോധം നവ ദൈവനിഷേധികളുടെ വളർച്ചക്കൊപ്പം സൃഷ്ടിക്കപ്പെടുന്നു. രണ്ടാമതായി ധാർമ്മിക മൂല്യങ്ങൾ എന്നാൽ മതത്തിൻ്റെ മാത്രം കുത്തകയായി ചിത്രീകരിച്ച് ധാർമ്മിക മൂല്യങ്ങളുടെ മതേതര സ്വഭാവത്തെ ഇവർ നിഷേധിക്കുന്നു. മൂന്നാമതായി സയൻസിൽ നിന്നും ധാർമ്മിക മൂല്യങ്ങളെ വേർപെടുത്തിക്കൊണ്ട് വിപണിയുടെ കോർപ്പറേറ്റ് മൂല്യങ്ങൾക്കുള്ള ദാസ്യവൃത്തിയാക്കി സയൻസിനെ മെരുക്കിയെടുക്കുന്നു.
നവ ദൈവനിഷേധികളുടെ പരമമായ ലക്ഷ്യം മാനവ സമൂഹത്തെ അതിൻ്റെ നിലനില്പിൻ്റെ അത്താണിയായ ധാർമ്മിക മൂല്യങ്ങളിൽ നിന്നും വേർപ്പെടുത്തി ലാഭാസക്തമായ വിപണി മത്സരങ്ങളുടെ ഇച്ഛകൾക്കു പൂർണ്ണമായി കീഴ്പ്പെടുത്തുക എന്നതാണ്. അതിന് അവർ കൃത്രിമമായി നിർമ്മിച്ചെടുത്ത ഒന്നാമത്തെ ഉപാധിയാണ് വ്യക്തി- സാമൂഹ്യ നിരപേക്ഷവും മൂല്യരഹിതവുമായ സയൻസ്. അതിൻ്റെ എതിർ ശക്തിയായി വ്യക്തിനിഷ്ഠവും മൂല്യങ്ങളാൽ മലിനപ്പെട്ടതുമായ മതത്തെ അവർ നിർമ്മിച്ചെടുത്തുകൊണ്ട് ധാർമ്മിക മൂല്യങ്ങളെ അപ്പാടെ മനുഷ്യവിരുദ്ധമായി ചിത്രീകരിക്കുന്നു. ഇപ്രകാരം, ശാസ്ത്രീയ വീക്ഷണം എന്നാൽ സമത്വ സാഹോദര്യ ധാർമ്മികതയെ അപ്പാടെ കൈയൊഴിയലാണെന്ന ബോധം നവ ദൈവ നിഷേധികളാൽ സമൂഹത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്.

അതായത് മതവിശ്വാസം, ശാസ്ത്രചിന്ത എന്നിങ്ങനെ രണ്ടു വിപരീത ധ്രുവങ്ങൾ ചമച്ചു സമൂഹത്തെ കൃത്രിമമായി വിഭജിക്കുന്നവരാണ് നവ ദൈവനിഷേധികൾ. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും മുൻനിർത്തി വിശ്വാസികളെ മൊത്തം മരമണ്ടരും വിവരംകെട്ടവരും പിന്തിരിപ്പന്മാരുമാക്കി മുദ്രകുത്തുന്നു. മറുവശത്ത്, സയൻസിൻ്റെ ഉപാസകരെയെല്ലാം ഉത്തമ മാതൃകകളായി അവരോധിക്കുന്നു. ചുരുക്കത്തിൽ ചരിത്രത്തെയും മനുഷ്യരെയും മതമെന്ന കറുപ്പും ശാസ്ത്രമെന്ന വെളുപ്പുമാക്കി വിഭജിക്കുകയാണ് നവ ദൈവനിഷേധികൾ. മതത്തെ ശത്രുവായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഈ യുദ്ധത്തിൻ്റെ യഥാർത്ഥ ഇര മതമല്ല, മതാതീതമായി കൂടി അസ്തിത്വമുള്ള മാനവ മൂല്യങ്ങളത്രേ.
“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്നു പറയുമ്പോൾ മാനവീയമായ ധാർമ്മികതയിലേക്കാണ് നമ്മുടെ മനസ്സ് ഉയർത്തപ്പെടുന്നത്. എന്നാൽ നവ ദൈവനിഷേധികളെ സംബന്ധിച്ച് സയൻസിനെ ഉപാസിക്കുക എന്നതിനർത്ഥം സമത്വ സാഹോദര്യമൂല്യങ്ങൾ വലിച്ചെറിഞ്ഞു വിപണി മൂല്യങ്ങളെ മാത്രം പിന്തുടരുക എന്നാണ്.
ദൈവനിഷേധികൾ ചരിത്രത്തിൻ്റെ തിര മുറിയാത്ത തുടർച്ചയെ പഴയ മതജീർണ്ണ ലോകമെന്നും ആധുനിക സയൻസ് ലോകമെന്നും രണ്ടായി പിളർക്കുന്നു. ഒരു കരയിൽ ദൈവവും മറുകരയിൽ സയൻസും തമ്മിലുള്ള പോരാട്ടമാണവരുടെ ചരിത്രം. അഥവാ സയൻസിനു മുമ്പുള്ള മനുഷ്യചരിത്രം ഇരുണ്ട യുഗമാണവർക്ക്. സയൻസ് പൂർവ്വകാലം സമ്പൂർണ്ണമായ കറുപ്പും സയൻസ് യുഗം അറിവിൻ്റെ വെള്ളിവെളിച്ചവുമായി അവർ അവതരിപ്പിക്കുന്നു. തൻ്റെ മുൻഗാമികൾ നേടിയ അറിവുകൂമ്പാരത്തിൻ്റെ മുകളിലിരുന്നാണ് താൻ ശാസ്ത്ര വിചിന്തനം ചെയ്യുന്നതെന്ന ഐസക് ന്യൂട്ടൻ്റെ വിനയം അവരെ അനുഗ്രഹിച്ചിട്ടില്ല. അതിനാൽ പാരമ്പര്യത്തെയാകെ മതാനുഷ്ഠാനങ്ങൾ എന്നു ചാപ്പകുത്തി തൂത്തുവാരി അങ്ങനെ തന്നെ ചവറ്റുകൊട്ടയിലേക്കു തള്ളിക്കൊണ്ട്, സയൻസ് തുടക്കമിട്ട ലോകാരംഭത്തിൻ്റെ പുതിയ കലണ്ടർ നിർമ്മിച്ചിരിക്കുന്നു അവർ. ചില ഭരണാധികാരികൾ വിജശ്രീലാളിതരായി സിംഹാസനം കൈയടക്കുമ്പോൾ, തനിക്കു മുമ്പുള്ളതെല്ലാം ശത്രുവിൻ്റെ മഹത്വത്തെ വിളിച്ചറിയിക്കുമെന്നു കണ്ട് അവ തച്ചു തകർത്ത്, തൻ്റെ രാജഭാരത്തോടെ ലോകം ഒന്നാമതായി തുടങ്ങുന്നു എന്ന പ്രതീതി വരുത്തുന്നതുപോലെയാണിത്.

ചരിത്രത്തെ മതയുഗമെന്നും ശാസ്ത്രയുഗമെന്നും നവ ദൈവനിഷേധികൾ രണ്ടായി വിഭജിക്കുന്നതിനെ സാമ്യപ്പെടുത്താവുന്നത് ഹിന്ദുഭരണം, മുസ്ലീം ഭരണം, ബ്രിട്ടീഷ് ഭരണം എന്നിങ്ങനെ ഇന്ത്യാചരിത്രത്തെ മുറിച്ച ജെയിംസ് മില്ലിൻ്റെ കൊളോണിയൽ ചരിത്രരചനാ തന്ത്രത്തോടാണ്. അതിൽ ബ്രിട്ടീഷ് പൂർവ്വകാലം മുഴുവനും അന്ധകാരമയവും ഇഗ്ലീഷ് ഭരണകാലം സുവർണ്ണയുഗവുമത്രേ. ഇതേ മാതിരി ആധുനിക ലോകം ശാസ്ത്രവിജ്ഞാനത്താൽ മാനവരാശി നയിക്കപ്പെടുന്ന ദിവ്യയുഗമാണ് നവ ദൈവനിഷേധികൾക്ക്. ഈ കൃത്രിമ ചരിത്ര വിഭജനം കൊണ്ട് ആധുനികതയാൽ നിലനിർത്തിപ്പോരുന്നതും പുതുതായി സൃഷ്ടിക്കപ്പെട്ടതുമായ സാമൂഹികവും പാരിസ്ഥിതികവുമായ എല്ലാ വിധ അധാർമ്മികതകളെയും സ്ഥായിയാക്കി നിലനിർത്താൻ സഹായിക്കുകയാണ് നവ ദൈവനിഷേധികൾ.
കാലാവസ്ഥാ മാറ്റം, ഭൂവിഭവങ്ങളുടെ ശോഷണം, മലിനീകരണം, ജൈവ വൈവിധ്യ നാശം തുടങ്ങിയ പാരിസ്ഥിതിക വിപത്തുകൾ, സാമ്പത്തിക അസമത്വം, വംശീയ വിവേചനം, അടിസ്ഥാന ആവശ്യങ്ങളുടെയും അവകാശങ്ങളുടെയും ലംഘനം, അനിയന്ത്രിത നഗരവൽക്കരണത്തിൻ്റെ നാനാവിധ പ്രതിസന്ധികൾ, പൊതുവിഭവങ്ങളുടെ സ്വകാര്യവൽക്കരണം/ കോർപ്പറേറ്റുവൽക്കരണം, അതിർത്തി യുദ്ധങ്ങളാൽ ആലംബഹീനരാകുന്ന ആൾക്കൂട്ടങ്ങൾ തുടങ്ങിയ സാമൂഹ്യ ദു:സ്ഥിതികൾ, പുതിയ സാങ്കേതിക വിദ്യകൾ കൊണ്ട് മനുഷ്യരുടെ സ്വകാര്യതക്കും സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റം, അരക്ഷിതവും വിശ്രമരഹിതവും സമ്മർദ്ദങ്ങൾ നിറഞ്ഞതുമായ തൊഴിലിടങ്ങൾ, പ്രാദേശിക ഭാഷകൾ/ സംസ്ക്കാരങ്ങൾ / വിജ്ഞാനങ്ങൾ എന്നിവയുടെ തിരോധാനം, ബന്ധങ്ങളുടെ ശൈഥില്യവും അന്യവൽക്കരണവും, വ്യക്തി – സാമൂഹ്യതലങ്ങളിൽ വർദ്ധിക്കുന്ന മാനസികാരോഗ്യ തകർച്ചകൾ, ആപത്ക്കരമായ പകർച്ചവ്യാധികളുടെയും ദീർഘകാല രോഗങ്ങളുടെയും പെരുപ്പം, അധികാരാസക്ത രാഷ്ട്രീയവും പാശ്ചാത്യ ജനായത്ത ഭരണക്രമത്തിൻ്റെ പരിമിതികളും എന്നിങ്ങനെ ആധുനികതയുടെ ഭാഗമായതും ആധുനികതയാൽ രൂക്ഷമാക്കപ്പെട്ടതുമായ സമകാലിക വിപത്തുകളാണ് നമ്മുടെ കടമ്പ.
ആധുനികതയുടെ ഘടനപരവും ഭാവപരവുമായ വൈകല്യങ്ങളിൽ നിന്നും പുറത്തേക്കു വമിക്കുന്ന സമകാലികമായ ഈ വിപത്തുകളെ നേരിടുന്നതിൽ നിന്നും നമ്മുടെ ശ്രദ്ധയെ വഴി തെറ്റിച്ചു, അതിൻ്റെ കൊടുംദൂഷ്യങ്ങളെ അതേപടി സംരക്ഷിക്കുക എന്ന പ്രത്യയശാസ്ത്ര ദൗത്യം നവ ദൈവനിഷേധികളോളം സമർത്ഥമായി നിർവ്വഹിക്കാൻ ഇന്നു മറ്റാർക്കും സാധ്യമല്ല. മതത്തിനെതിരെയുള്ള നിഴൽ യുദ്ധത്തിൽ നമ്മെ അണിനിരത്തി ആധുനികതയുടെ സഹജമായ കളങ്കങ്ങൾ തിരിച്ചറിയാതിരിക്കാനും, ആധുനികതയെ കുറ്റമറ്റ സാമൂഹ്യക്രമമായി തെറ്റിദ്ധരിക്കാനും നവ ദൈവനിഷേധം നമ്മെ പരിശീലിപ്പിക്കുന്നു. ആധുനികത നമുക്കു സമ്മാനിച്ച നേട്ടങ്ങളെ മാത്രം പെരുപ്പിച്ചു കാട്ടുന്ന ജാലവിദ്യയാണത്. ആധുനികത ഉൾപ്പെടെ ഏതു വ്യവസ്ഥയോടും നമുക്കുണ്ടായിരിക്കേണ്ട സ്ഥായിയായ വിമർശന ബുദ്ധിയെ അനിയന്ത്രിത സയൻസ് പ്രണയത്താൽ മത്തരാക്കി നവ ദൈവനിഷേധികൾ മരവിപ്പിച്ചു കളയുന്നു.
സമത്വം സാഹോദര്യം എന്നീ മൂല്യങ്ങളെ പാടെ അവഗണിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ വക്താക്കളാണ് നവ ദൈവനിഷേധികൾ.
ആധുനിക അധികാര രാഷ്ട്രീയ സാമ്പത്തികക്രമവും മതമേധാവിത്വവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെ സ്പർശിക്കുകയോ അങ്ങനെയൊന്നുണ്ടെന്നു അറിയിക്കുകയോ ചെയ്യാതെ മതത്തെ രാഷ്ട്രീയ സാമ്പത്തിക ക്രമത്തിനതീതമായി പൂർണ്ണസ്വാതന്ത്ര്യമുള്ള അന്ധവിശ്വാസത്തിൻ്റെ ഭീകര സത്വമായി നവ ദൈവനിഷേധം ചിത്രീകരിക്കുന്നു. യഥാർത്ഥത്തിൽ ആധുനിക അധികാര രാഷ്ട്രീയ സമ്പദ്ഘടനയെ വിമർശനാതീതമായ സമ്പൂർണ്ണതയായി തെറ്റിദ്ധരിക്കാൻ അതേ ക്രമം തന്നെ നിർമ്മിച്ചെടുത്ത പ്രത്യയശാസ്ത്രമാണ് മതത്തെ മാനവവർഗ്ഗത്തിൻ്റെ ഏകശത്രുവായി പ്രഖ്യാപിച്ചു അതിനോട് കുരിശുയുദ്ധത്തിനിറങ്ങിയ നവ ദൈവനിഷേധ വാദം.
പരിണാമ സിദ്ധാന്തം പഠിച്ചാൽ പിന്നെ എല്ലാം പൂർത്തിയായി എന്നു ധരിപ്പിച്ചു കൊണ്ട് ആധുനികതയെ വിമർശനാത്മകമായി അപഗ്രഥിക്കുന്ന രാഷ്ട്രമീമാംസ, സാമ്പത്തിക ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ മേഖലകളിലേക്ക് നാം എത്തപ്പെടാതെ തടയുന്നു നവ ദൈവനിഷേധികൾ. ധാർമ്മിക മൂല്യങ്ങളെ അടിസ്ഥാനമാക്കി നാം സൃഷ്ടിച്ച സാമൂഹ്യ ശാസ്ത്രങ്ങളെ കൈയൊഴിഞ്ഞു സയൻസിനെ മാത്രം തലയിലേറ്റുന്ന ബൗദ്ധിക ലോകമെന്നാൽ അതിനർത്ഥം മാനവിക മൂല്യങ്ങൾക്കൊത്ത് തീരുമാനങ്ങൾ എടുക്കാൻ തയ്യാറാകാത്ത, പണിയെടുക്കുന്ന നിർമ്മിത ബുദ്ധികളായി നമ്മളെ മാറ്റിത്തീർക്കുന്നു എന്നാണ്.
സമത്വം സാഹോദര്യം എന്നീ മൂല്യങ്ങളെ പാടെ അവഗണിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ വക്താക്കളാണ് നവ ദൈവനിഷേധികൾ. ആത്യന്തികമായി ഈ സ്വാതന്ത്ര്യം ചെന്നുനിൽക്കുന്നത് വിഭവങ്ങളുടെ അനിയന്ത്രിതമായ സ്വകാര്യവൽക്കരണത്തിനുള്ള വ്യക്തിസ്വാതന്ത്ര്യത്തിലാണ്. അതായത് വ്യക്തിസ്വാതന്ത്ര്യം എന്ന മൂല്യം നൽകി നമ്മളെ ലഹരി പിടിപ്പിച്ചു കൊണ്ട്, അതിൻ്റെ മറവിൽ ഇതര മാനവിക മൂല്യങ്ങളെയെല്ലാം ഒട്ടും വിലമതിക്കാത്ത സ്വകാര്യ ലാഭേച്ഛയുടെ അടിമകളാക്കി നവ ദൈവനിഷേധം നമ്മെ പരുവപ്പെടുത്തിയെടുക്കുന്നു. അനിയന്ത്രിത സ്വകാര്യവൽക്കരണത്തിനായുള്ള വ്യക്തിസ്വാതന്ത്ര്യത്തിന് സമത്വ സാഹോദര്യ മൂല്യങ്ങളെ വിലങ്ങു തടിയായി കാണുന്ന ഇക്കൂട്ടർ ധാർമ്മികതയെ മുൻനിർത്തി ടെക്നോളജിയെ ബന്ധിക്കരുതെന്നു ആവശ്യപ്പെടുന്നു.
സമത്വവും സാഹോദര്യവുമായി കൂട്ടുകൂടാതെ സ്വാതന്ത്ര്യത്തിനു മാത്രമായി നിലനില്പില്ലാത്തതിനാൽ മിഥ്യാ സ്വാതന്ത്ര്യത്തിൽ നമ്മെ കുരുക്കിയിടുന്ന നവ ദൈവനിഷേധം ആത്യന്തികമായി സാമൂഹ്യത്തകർച്ച സൃഷ്ടിച്ചാണ് വളരുന്നത്. അതിനാൽ സമകാലിക സാമൂഹ്യത്തകർച്ചയും നവ ലിബറൽ രാഷ്ട്രീയ സാമ്പത്തിക നയങ്ങളും എങ്ങനെ ചേർന്നു നിൽക്കുന്നുവോ അതോടൊപ്പം ബൗദ്ധിക തലത്തിൽ നവ ദൈവ നിഷേധവും ഒട്ടി നിൽക്കുന്നു. നവ ദൈവനിഷേധം ഒരു വശത്ത് നവ ലിബറൽ മൂല്യങ്ങളെ തന്നെ സംരക്ഷിക്കുകയും മറ്റൊരു വഴിക്ക് നവ ലിബറൽ ക്രമത്തിന് ഏറ്റവും അനുയോജ്യമായ മതാധിഷ്ഠിത ദേശരാഷ്ട്ര ഭരണത്തെ പരോക്ഷമായി ബലപ്പെടുത്തുകയും ചെയ്യുന്നു. കാരണം ധാർമ്മിക മൂല്യങ്ങളെ മതത്തിലേയ്ക്കും രാഷ്ട്രീയത്തിലേക്കും പ്രവേശിപ്പിക്കാത്ത മതരാഷ്ട്രീയമാണ് മതാധിഷ്ഠിത ദേശരാഷ്ട്ര വാദം. നവ ദൈവനിഷേധവും ധാർമ്മികമൂല്യങ്ങളുടെ ആജന്മശത്രുവാണല്ലോ. അതേ പോലെ തന്നെ നവ ലിബറലിസവും സമത്വ സാഹോദര്യങ്ങളിൽ വിശ്വസിക്കാതെ, അവയെ തിരസ്ക്കരിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഉല്പാദന – ഉപഭോഗ ആസക്തികൾക്ക് മനുഷ്യരെ എറിഞ്ഞു കൊടുക്കുന്നു.
അതിനാൽ വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പതാകയേന്തി, അനിയന്ത്രിത സ്വകാര്യവൽക്കരണത്താൽ സാമൂഹ്യ-സാമ്പത്തിക തകർച്ച സൃഷ്ടിച്ചു വളരുന്ന നവ ലിബറൽ ഉല്പാദന ഘടനയ്ക്ക് പ്രത്യയശാസ്ത്രപരമായ കരുത്ത് നൽകുന്നത് മൂല്യങ്ങളെ മാനവ സംസ്കാരത്തിൽ നിന്നും ആട്ടിപ്പായിക്കുന്ന നവ ദൈവനിഷേധികളും ഒപ്പം മതരാഷ്ട്ര വാദികളുമാണ്.
അതിനാൽ വിശ്വാസത്തിലേക്കും രാഷ്ട്രീയത്തിലേക്കും ധാർമ്മിക മൂല്യങ്ങളെ പ്രവേശിപ്പിച്ചു കൊണ്ടു മാത്രമേ നവ ലിബറൽ രാഷ്ട്രീയ സാമ്പത്തിക ഘടനയിൽ നിന്നും നവ ദൈവനിഷേധത്തിൻ്റെ സയൻസ് റൊമാൻ്റിസിസത്തിൽ നിന്നും മതരാഷ്ട്ര വാദത്തിൻ്റെ മാനവഹിംസയിൽ നിന്നും കേരളത്തെ രക്ഷപ്പെടുത്താനാവൂ. എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടെ, കേരളത്തിൽ കാല്പനികതയെ ഉപേക്ഷിക്കാനാവാത്ത സാമൂഹ്യ-രാഷ്ട്രീയ വിമർശനത്തിൻ്റെ പരിമിതി അത് ധാർമ്മികമൂല്യങ്ങളുടെ ശത്രുവായ ദൈവനിഷേധത്തിൻ്റെ ചരിത്ര വീക്ഷണത്തെ പിന്തുടരുന്നു എന്നതാണ്. അതിനാൽ കേരളത്തിലെ ഇടതു- ദളിത് ബുദ്ധി ജീവിവർഗ്ഗത്തിൻ്റെ അധ്വാനമത്രയും ചെലവാക്കുന്നത് ആധുനിക പൂർവ്വ ലോകത്തിൻ്റെ കൊള്ളരുതായ്മകളെ ആവർത്തിക്കുന്നതിനാണ്. അങ്ങനെ അവരും നവ ലിബറലിസം, മതദേശീയവാദം, നവ ദൈവനിഷേധം എന്നിവ തമ്മിലുള്ള ബന്ധത്തെ കാണാതെ പോകുകയും കേരള സമൂഹത്തിൻ്റെ ധാർമ്മിക മൂല്യ തകർച്ചയെ തടയാതിരിക്കുകയും ചെയ്യുന്നു.
