കുട്ടികളെ പരീക്ഷകളിൽ തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന ചോദ്യം, ഏവരെയും ജയിപ്പിച്ചപ്പോൾ നിലവാരം കൂടിയോ എന്ന ലളിതമായ മറുചോദ്യമാണുയർത്തുന്നത്.
‘തോൽപ്പിച്ചാൽ നിലവാരം കൂടുമോ?’ എന്ന അസംബന്ധമായ ചോദ്യം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഒരു ജാഥയിലൂടെ വീണ്ടും ഉന്നയിച്ചിരിക്കുകയാണ്. കേരളത്തിന്റെ സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ അമ്പേ തകർത്ത ആൾ പ്രമോഷൻ സമ്പ്രദായം നിലനിർത്തണം എന്നാവശ്യപ്പെട്ടായിരുന്നു ജാഥ. എട്ടാം ക്ലാസ്സിലെ മൂല്യനിർണയത്തിൽ വിഷയ മിനിമം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനമാണ് പരിഷത്തിനെ പ്രകോപിപ്പിച്ചത്. കുട്ടികളെ പരീക്ഷകളിൽ തോൽപ്പിച്ചാൽ നിലവാരം കൂടുമോ എന്ന കുയുക്തി, ഏവരെയും ജയിപ്പിച്ചപ്പോൾ നിലവാരം കൂടിയോ എന്ന ലളിതമായ മറുചോദ്യമാണുയർത്തുന്നത്.
ലോകബാങ്കിന്റെ പുതിയ പാഠ്യപദ്ധതിയും മൂല്യനിർണയ സമ്പ്രദായവും വന്നതിനുശേഷം, കൃത്യമായി പറഞ്ഞാൽ ഡിപിഇപി വന്നതിനു ശേഷമാണ് ഉദാരമായ മാർക്ക്ദാനത്തിലൂടെ വിജയ ശതമാനം കൃത്രിമമായി ഉയർത്തിയത്. എതിർപ്പുകൾക്കിടയിലും ‘ചാക്കീരി പാസ്’ പോലുള്ള നടപടികളിലൂടെ ഒരു സമ്പ്രദായമെന്ന നിലയിൽ ആൾ പ്രമോഷൻ സംസ്ഥാനത്ത് 80-കൾ മുതൽ നിലവിലുണ്ട്. DPEP യെ തുടർന്ന് 2009-ൽ വിദ്യാഭ്യാസ അവകാശ നിയമം വന്നതോടെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ് കയറ്റം നിർദ്ദേശിക്കുന്ന നോ-ഡിറ്റൻഷൻ പോളിസി രാജ്യമാകെ നിലവിൽവന്നു. പുതിയ പാഠ്യപദ്ധതി പരിഷ്കാരത്തിന്റെ അഭേദ്യഭാഗമായ ആ നടപടി വമ്പിച്ച തകർച്ചയാണ് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിച്ചത്. ഒന്നാംക്ലാസിൽ ചേരുന്ന കുട്ടി അക്ഷരം പഠിച്ചാലും ഇല്ലെങ്കിലും എട്ടാം ക്ലാസുവരെ കടന്നുപോകുമെന്ന് ഉറപ്പാക്കുന്ന ദേശീയ നയമായിരുന്നു അത്. മൂല്യനിർണ്ണയം ഉദാരമാക്കിയതിൻ്റെ ഭാഗമായി ഗ്രേഡിംഗും നടപ്പാക്കപ്പെട്ടു. പരീക്ഷയ്ക്കും വിലയിരുത്തലിനും അക്കാലമത്രയും പിന്തുടർന്നുപോന്ന എല്ലാ വസ്തുനിഷ്ഠ മാനദണ്ഡങ്ങളും കാറ്റിൽപറത്തപ്പെട്ടു.

ഡിപിഇപിയുടെ ഈറ്റില്ലമായിരുന്ന കേരളത്തിലാകട്ടെ, അതിനും ഏറെ കൊല്ലങ്ങൾ മുമ്പേതന്നെ ലോകബാങ്കുമായി ഉണ്ടാക്കിയ കരാർ പ്രകാരം ആൾ പ്രമോഷൻ സമ്പ്രദായം നടപ്പാക്കിയിരുന്നു. 2005 മുതൽ നിരന്തര മൂല്യനിർണയം എന്ന പേരിൽ ഉദാരമായ മാർക്കുദാന സമ്പ്രദായം പത്താം ക്ലാസിലും ആസൂത്രിതമായി നടപ്പാക്കിയ കാരണത്താൽ വിജയശതമാനം വൻതോതിൽ വർദ്ധിച്ചു. മറുവശത്ത്, പുതിയ പാഠ്യപദ്ധതിയും സിലബസ്സും ബോധന സമ്പ്രദായങ്ങളും ചേർന്ന് സ്കൂൾ വിദ്യാഭ്യാസ നിലവാരത്തെ ഗുരുതരമായ പതനത്തിലേക്ക് നയിച്ചുകൊണ്ടിരുന്നു.
സ്വയംപഠന സമ്പ്രദായം ശക്തിപ്പെടുത്തുകയും അധ്യാപനത്തിന്റെ പ്രാധാന്യം ക്രമേണ വെട്ടിക്കുറക്കുകയും ചെയ്ത പരിഷ്കാരങ്ങൾ എഴുത്തും വായനയും അറിയാത്തവരുടെ എണ്ണം വൻതോതിൽ പെരുകാൻ ഇടയാക്കി. മലയാളം തെറ്റുകൂടാതെ വായിക്കാൻ അറിയാത്തവർപോലും ഉയർന്ന ഗ്രേഡ് നേടുന്നു എന്ന വൈരുദ്ധ്യം വിദ്യാഭ്യാസ സ്നേഹികൾ പൊതുമധ്യത്തിൽ ഉയർത്തിക്കൊണ്ടുവന്നു. വിദ്യാർജ്ജന സൂചികകളിൽ ദേശീയ തലത്തിൽ മുൻപന്തിയിലുണ്ടായിരുന്ന സംസ്ഥാനത്തെ ഈ നിലയിൽ തകർത്തപ്പോഴാണ് ഇത് കേരളത്തിന്റെ സാമൂഹ്യ പ്രശ്നമായി വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകർ ജനശ്രദ്ധയിൽപ്പെടുത്തിയത്. അത്തരമൊരു ഗതികേടിൻ്റെ മധ്യേയാണ് സംസ്ഥാനത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പരീക്ഷകളിൽ വിഷയ മിനിമം ഏർപ്പെടുത്താം എന്ന് തത്വത്തിൽ തീരുമാനിക്കുന്നത്. സേവ് എഡ്യൂക്കേഷൻ പ്രസ്ഥാനത്തിന്റെയും സാംസ്കാരിക കേരളത്തിന്റെയും നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിലാണ് മുഖം രക്ഷിക്കാൻ വേണ്ടിയാണെങ്കിലും ഈ വർഷം മുതൽ 8-ാം ക്ലാസ്സിൽ എഴുത്തു പരീക്ഷയിൽ വിഷയമിനിമം എന്ന നിലയ്ക്ക് 30 ശതമാനം മാർക്ക് വേണമെന്ന നിബന്ധന അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കുന്നത് (സഉ(കൈ)നം98/2024 GEDN). പക്ഷേ, അപ്പോഴും, പത്താം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും മറ്റ് ക്ലാസ്സുകളിലും ഈ വർഷം മുതൽ വിഷയ മിനിമം നടപ്പിൽ വരില്ല. അടുത്തവർഷം ഒമ്പതാം ക്ലാസിലും അതിനടുത്ത വർഷം പത്താം ക്ലാസിലും വിഷയ മിനിമം ഏർപ്പെടുത്തും എന്നാണ് ഉത്തരവിൽ പറയുന്നത്. അതിനർത്ഥം ഈ വർഷവും അടുത്ത വർഷവും പത്താം ക്ലാസിൽ ആൾ പ്രമോഷൻ നടപ്പാകും എന്നാണല്ലോ.
പക്ഷേ, ഡിപിഇപി മുതൽ പദ്ധതി നടത്തിപ്പിന്റെ എൻജിഒ ഏജൻസിയായി പ്രവർത്തിക്കുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിനെ സംബന്ധിച്ചിടത്തോളം മൂല്യനിർണ്ണയത്തിന് നിശ്ചയിക്കുന്ന പരിമിത മാനദണ്ഡങ്ങൾപോലും അംഗീകരിക്കാനാവില്ല. പരിഷത്ത് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ പറയുന്നു: “ആൾ പ്രമോഷനാണ് നിലവാര പ്രശ്നങ്ങളുടെ മൂലകാരണം എന്നാണ് ചിലർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എല്ലാ കുട്ടികളും വിദ്യാഭ്യാസം നേടേണ്ടതില്ല. ചിലർക്ക് അതിനുള്ള കഴിവുകൾ ഇല്ല. അതുകൊണ്ട് അവരെ അരിച്ചുമാറ്റണം. എങ്കിലേ വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ വർദ്ധിക്കൂ എന്നത്രേ ചിലരുടെ മനസ്സിലിരിപ്പ്. അത് ഉറക്കെ പറയുന്നതിന് തുല്യമാണ് സർക്കാരിന്റെ പുതിയ ഉത്തരവ് ” (പേജ് 12).
പഠനത്തെയും പരീക്ഷയെയും മൂല്യനിർണ്ണയത്തെയും സംബന്ധിച്ച് ഡിപിഇപി അവതരിപ്പിച്ച വികലമായ ധാരണ ഏറ്റു വാങ്ങിയ പരിഷത്ത് ലോകബാങ്കിൻ്റെ കോടാലിക്കയ്യായി ഇപ്പോഴും അതിൻ്റെ പ്രവർത്തനം തുടരുന്നു എന്നതിൻ്റെ തെളിവാണിത്. പരീക്ഷയും മൂല്യനിർണയവും കുറച്ചുപേരെ അരിച്ചുമാറ്റി പുറത്താക്കാനുള്ള ഏതോ ഗൂഢനീക്കമാണെന്ന് കരുതുന്നത് എത്ര വലിയ അസംബന്ധമാണെന്ന് ‘ശാസ്ത്രരംഗത്ത് ‘ പ്രവർത്തിക്കുന്ന പരിഷത്തിനു മനസ്സിലാകാതെ പോകുന്നത് എന്തുകൊണ്ടാണ്? പകരം അടിസ്ഥാനം ഉറപ്പിക്കാതെ ക്ലാസ്സുകയറ്റം നൽകിയാൽ വിദ്യാഭ്യാസ നിലവാരം ഉയരും എന്ന് പ്രചരിപ്പിക്കുന്നതിന് പിന്നിലെ യുക്തി എന്താണ്?
ഭൂമിശാസ്ത്രപരമായി ഒന്നെന്നു കണക്കാക്കപ്പെടുന്ന ഒരു സംസ്ഥാനത്ത് ആധുനിക ശാസത്രത്തിൻ്റെ വീക്ഷണത്തിൽ മാനകവൽക്കരിക്കപ്പെട്ട ഒരു ഭാഷയുടെ വ്യാപനവും അത് ആർജ്ജിക്കപ്പെടുന്നുവെന്നുറപ്പാക്കാനുള്ള പൊതു മൂല്യനിർണ്ണയ സങ്കേതവും രൂപപ്പെടുത്തിയിരിക്കണം. അവിടെയാണ് നിശ്ചിത ഇടവേളകളിലെ പരീക്ഷകൾ പ്രസക്തമാകുന്നത്.
മൂല്യനിർണയമെന്നത് ഒരു നിശ്ചിത പാഠ്യപദ്ധതിയെ സംബന്ധിച്ചിടത്തോളം അദ്ധ്യയന വിഷയങ്ങളിലെ സുനിശ്ചിതമായ അക്കാദമിക നിലവാരം അളക്കാനുള്ള പരിശോധനയാണ്. ഭാഷാ വൈവിധ്യങ്ങളുടെ പശ്ചാത്തലത്തിൽ ഭൂമിശാസ്ത്രപരമായി ഒന്നെന്നു കണക്കാക്കപ്പെടുന്ന ഒരു സംസ്ഥാനത്ത് ആധുനിക ശാസത്രത്തിൻ്റെ വീക്ഷണത്തിൽ മാനകവൽക്കരിക്കപ്പെട്ട ഒരു ഭാഷയുടെ വ്യാപനവും അത് ആർജ്ജിക്കപ്പെടുന്നുവെന്നുറപ്പാക്കാനുള്ള പൊതു മൂല്യനിർണ്ണയ സങ്കേതവും രൂപപ്പെടുത്തിയിരിക്കണം. അവിടെയാണ് നിശ്ചിത ഇടവേളകളിലെ പരീക്ഷകൾ പ്രസക്തമാകുന്നത്. അതുകൊണ്ടുതന്നെ അതൊരു വസ്തുനിഷ്ഠ മൂല്യനിർണ്ണയമാവാനേ തരമുള്ളൂ. അവിടെ ജയവും തോൽവിയും മുൻകൂട്ടി നിർണ്ണയിക്കാനാവാതെ വരും. ലോകത്തെയെല്ലായിടത്തും ചെറിയ ക്ലാസുകൾ മുതൽ വലിയ ക്ലാസുകൾ വരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തുന്നുണ്ട്. അടുത്ത ക്ലാസിലേക്ക് പ്രമോഷൻ നൽകാൻ അർഹരാണോ എന്ന മുൻവിധിയില്ലാതെയുള്ള പരീക്ഷയും പരിശോധനയുമാണത്; ഒരു നിലവാരമളക്കൽ മാനദണ്ഡമാണത്. ജയവും തോൽവിയും ഈ സമ്പ്രദായത്തിൽ സ്വാഭാവിക പ്രക്രിയയാണ്. തോൽക്കുന്നവർ അവർ നേടാത്ത ശേഷികളെ സ്വാംശീകരിക്കാനായി പoന പ്രക്രിയയിൽ തുടരും. അവ ആർജ്ജിച്ച ശേഷം മുന്നോട്ടു പോകും. കാരണം ഒരു കുറഞ്ഞപക്ഷ അടിസ്ഥാന പ്രാപ്തികൾ ഒരാൾ ആർജ്ജിക്കുന്നതാണ് അഭികാമ്യമെന്ന് ഒരു പരിഷ്കൃത സമൂഹത്തെ പ്രതി നാം അഭിലഷിക്കുന്നു. പക്ഷേ, ഭരണവ്യവസ്ഥാപരമായി നോക്കുമ്പോൾ ഇത് വലിയ സാമ്പത്തികഭാരം ഏറ്റെടുക്കേണ്ടുന്ന സംഗതിയാണ്. സർക്കാരിന് പൗരൻ ചെലവു വരുത്തി വയ്ക്കുന്ന സാഹചര്യം. പൗരൻ്റെ ഉന്നമനം പല പ്രകാരത്തിലും മൂലധന താൽപ്പര്യങ്ങളുമായി ഒത്തു പോകില്ലെന്ന് ലോകബാങ്ക് കാണുന്നതിതിനെയാണ്. സർക്കാരിൻ്റെ പണം മൂലധനത്തിന് മുതൽക്കൂട്ടാകുന്നതിനു പകരം ക്ഷേമരാഷ്ട്ര സൃഷ്ടിക്കുവേണ്ടി പൗരനു മേൽ ചെലവിടപ്പെടുന്നത് ഒരു തരം ചോർച്ചയാണ്. അത് തടയണമെങ്കിൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ തങ്ങുന്നത് ഒഴിവാക്കണം. വസ്തുനിഷ്ഠ മൂല്യനിർണ്ണയവും ജയവും തോൽവിയും വിദ്യാർത്ഥിയെ വിദ്യാലയത്തിൽ തങ്ങാനിടയാക്കുന്നു. ധനപരമായ ചോർച്ചയാണിതെന്ന് അവർ വ്യാഖ്യാനിച്ചു. ജനാധിപത്യ രീതികൾക്ക് മൂല്യം കൽപ്പിക്കുന്ന ഈ സമ്പ്രദായത്തെ ഉള്ളടക്കത്തിൽ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ തകർക്കാനാവൂ എന്ന് ലോക ബാങ്കിൻ്റെ “From plan to market ” എന്ന ഗവേഷണ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. അങ്ങനെ ശാസ്ത്ര അടിത്തറയിൽ രൂപപ്പെടുത്തിയ ഭാഷയുടെ മാനകവത്കരണം, ജ്ഞാനത്തിൻ്റെ വസ്തുനിഷ്ഠത, മാത്രകളിലൂന്നിയ മൂല്യനിർണ്ണയം തുടങ്ങിയവയെ പൊളിച്ചടുക്കി അവ്യവസ്ഥപ്പെട്ട ഭാഷാ സമീപനം, ഗണിത – യുക്തി നിരപേക്ഷ ശാസ്ത്ര വീക്ഷണം, ഉദ്ഗ്രഥിത സമീപനം, നിരന്തര മൂല്യനിർണ്ണയം തുടങ്ങിയ വികലമായ കാഴ്ചപ്പാടുകൾ ഉള്ളടക്കത്തിൽ ഉൾച്ചേർത്തു. അറുപഴഞ്ചനായ ഇത്തരം കാഴ്ചപ്പാടുകളെ പോസ്റ്റ് മോഡേണെന്ന ലേബലിട്ട് വിദ്യാഭ്യാസവ്യവസ്ഥയിലേക്ക് കെട്ടിയിറക്കി. ഇത് തിരിച്ചറിയാനുള്ള മൂള പരിഷത്തിനെപ്പോലെ പ്രഗത്ഭരായ പലരും നയിച്ച ഒരു സംഘടനയ്ക്കു കഴിയാതെ പോയത് ദൗർഭാഗ്യകരമാണ്. അവർ ഈ വികല പദ്ധതിയുടെ നടത്തിപ്പുകാരായി മാറുകയും കേരളത്തിലിതു സ്ഥാപിച്ചെടുക്കാനുള്ള ഉപകരണമായി പ്രവർത്തിക്കുകയും ചെയ്തു. DPEPയെന്നു പിൽക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ച ഈ പാഠ്യപദ്ധതിയുടെ ഉള്ളടക്കത്തിനുസൃതമായി നോക്കിയാൽ മൂല്യനിർണ്ണയം അസാധ്യമാണ്. അതുകൊണ്ടു തന്നെ പരീക്ഷകൾ അപ്രസക്തമാണ്. പക്ഷേ, ഒറ്റയടിക്ക് പരീക്ഷകൾ നിരോധിച്ചാൽ കേരളം അതിനോടു രൂക്ഷമായി പ്രതികരിക്കുമെന്നതിനാൽ ഗ്രേഡിങ് എന്ന ചെപ്പടിവിദ്യ മാത്രമേ പോംവഴിയായുള്ളൂ. അതും പുതിയ പാഠ്യപദ്ധതിയെന്ന ഈ സമ്പ്രദായത്തെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുള്ള മാനദണ്ഡങ്ങളെ ഉൾച്ചേർക്കുന്നു എന്ന് വരുന്നു. അങ്ങനെയാണ് പരീക്ഷയെഴുതുന്ന 100% നടുത്ത സംഖ്യയിൽ വിജയം വന്നു ചേരുന്നത്. ഇത് പദാർത്ഥത്തിൻ്റെ സൂപ്പർ പൊസിഷൻ എന്ന അവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണ്. 10-ാം ക്ലാസ് പാസ്സായ കുട്ടിയുടെ സർട്ടിഫിക്കറ്റ് പരിശോധിക്കുമ്പോൾ ഫുൾA+ എന്ന് കാണും. പക്ഷേ, നേരിട്ട് കുട്ടിയുടെ ഭാഷാ, ഗണിത ,ശാസ്ത്ര, യുക്തി ശേഷികൾ പരിശോധിച്ചാൽ ഈ ഫുൾ A+ ൻ്റെ ഗുണം കുട്ടിയിൽ കാണണമെന്നില്ല. കുട്ടി യഥാർത്ഥത്തിൽ ജയിച്ചോ തോറ്റോ എന്ന് വേർതിരിച്ചറിയാനാവാത്ത അവസ്ഥ. ജയവും തോൽവിയും കുട്ടിയിൽ ഒരു സാധ്യത (Probability) മാത്രമായി അവശേഷിക്കുന്നു. മിനിമം വിഷയബന്ധിത പഠനവും പരീക്ഷയും മാർക്കും ഈ അവസ്ഥയ്ക്കു തുരങ്കം വയക്കുന്നത് പരിഷത്തിന് തങ്ങളുടെ വീക്ഷണത്തിനേൽക്കുന്ന അഭിമാനക്ഷതമായതുകൊണ്ടാണ് അവരിപ്പോൾ നാട്ടുകാരെ ചിരിപ്പിക്കാനുള്ള വകയുമായി കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.

മൂല്യനിർണയം ഉദാരമാക്കിയതുകൊണ്ട് മാത്രമല്ല വിദ്യാഭ്യാസ നിലവാരം തകർന്നത് എന്ന കാര്യം ഏവർക്കും അറിയാം. നേരെമറിച്ച് എഴുത്തും വായനയും ശാസ്ത്രവും ഗണിതവും സാമൂഹ്യശാസ്ത്രവും മറ്റുമൊക്കെ വളരെ ചിട്ടയായി പഠിപ്പിച്ചിരുന്ന പാഠ്യപദ്ധതിയെയും ബോധന സമ്പ്രദായത്തെയും 1996 മുതൽ തന്നെ മാറ്റിമറിച്ചതു കൊണ്ടാണല്ലോ വിഖ്യാതമായ നമ്മുടെ പൊതു വിദ്യാഭ്യാസ നിലവാരം ഇക്കണ്ട രൂപത്തിൽ എത്തിച്ചേർന്നിട്ടുള്ളത്. അതിൽ ശാസ്ത്രസാഹിത്യ പരിഷത്ത് വഹിച്ച കുറ്റകരമായ പങ്ക് അത്ര എളുപ്പം മറക്കാവുന്നതാണോ?
ഡിപിഇപി തുടങ്ങിവെച്ച പുതിയ പാഠ്യപദ്ധതി രണ്ടര ദശാബ്ദക്കാലത്തിലേറെ നടപ്പാക്കി കഴിഞ്ഞപ്പോൾ നമ്മുടെ മുന്നിലുള്ള ബാക്കിപത്രം എന്താണ്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയവരിൽ എത്ര പേർക്കാണ് നേരാംവണ്ണം എഴുത്തും വായനയും വശമുള്ളത്? അതിനൊക്കെ പരിഷത്തും കൂട്ടാളികളും മറുപടി പറയണം.
മിനിമം മാർക്ക് പരിഹാരമോ?
നിലവാരത്തകർച്ചയ്ക്ക് ഏക പരിഹാരമാർഗ്ഗം എന്ന നിലയിൽ സർക്കാർ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന വിഷയ മിനിമം ഏർപ്പാടുകൊണ്ട് പ്രശ്നം പരിഹരിക്കാൻ കഴിയുമോ? തീർച്ചയായും കഴിയില്ലെന്ന് മേൽവിവരിച്ച ഉള്ളടക്ക പരിവർത്തനത്തിൽ നിന്നു വ്യക്തമാണല്ലോ. നിശ്ചയമായും ഓരോ വിഷയ മേഖലയിലും വിദ്യാർഥി എന്ത് ഗ്രഹിച്ചു എന്ന് പരിശോധിക്കാൻ നിശ്ചിതമായ വസ്തുനിഷ്ഠ മാനദണ്ഡം ഉണ്ടാകണം. മിനിമം മാർക്കും മാക്സിമം മാർക്കുമൊക്കെ തീരുമാനിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലാണ്. പഠന സമ്പ്രദായത്തെ അവ്യവസ്ഥാപിതമാക്കി മാറ്റുകയും മൂല്യനിർണയം ഉദാരമാക്കി മാറ്റുകയും ചെയ്തതാണ് നിലവാരത്തകർച്ചയുടെ അടിസ്ഥാന കാരണമെന്നിരിക്കെ മിനിമം മാർക്കെങ്കിലും ഏർപ്പെടുത്തുന്നത് ആശ്വാസകരം തന്നെ. പക്ഷേ, പാഠ്യപദ്ധതിയിലും ബോധന സമ്പ്രദായത്തിലും മൗലികവും ശാസ്ത്രീയവുമായ ഉള്ളടക്കം പുന:സ്ഥാപിക്കാതെ നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തെ രക്ഷിക്കാനാവില്ല എന്ന കാര്യം വിസ്മരിക്കരുത്. വികലമായ പാഠ്യപദ്ധതിക്ക് ഭദ്രമായ വിദ്യാഭ്യാസ അടിസ്ഥാനം പ്രദാനം ചെയ്യാനാവില്ല.
പാഠ്യപദ്ധതിയുടെ ഭാഗമായ മൂല്യനിർണയമാനദണ്ഡങ്ങളിലാണ്, പഠിപ്പിക്കാതെ കുട്ടി സ്വയം പഠിച്ചുകൊള്ളണം എന്നു പറയുന്ന ബോധനരീതിയിലാണ്, പഠിച്ചാലും ഇല്ലെങ്കിലും ക്ലാസ് കയറ്റം എന്ന ആൾ പ്രമോഷൻ സമ്പ്രദായത്തിലാണ് പ്രശ്നത്തിന്റെ മർമ്മം കുടികൊള്ളുന്നത്. ലോകബാങ്ക് പുതിയ ബോധനരീതികളിലൂടെ അതാണ് ലോകത്തട്ടാകെ നടപ്പാക്കിയത്. പുതിയ ദേശീയ വിദ്യാഭ്യാസ നയവും ആൾ പ്രമോഷൻ തന്നെ ഏറ്റുപാടുന്നു.
കൊട്ടും കുരവയുമായി അവർ കേരളത്തിലേക്ക് ആനയിച്ച ലോകബാങ്കിന്റെ ഡിപിഇപി/എസ്എസ്എ പോലുള്ള പാഠ്യപദ്ധതി സമ്പ്രദായങ്ങളാണ് സുസ്ഥാപിതമായ നമ്മുടെ പഠനബോധന സമ്പ്രദായങ്ങളെ തകർത്തുകളഞ്ഞതെന്ന വസ്തുത ഇനിയെങ്കിലും പരിഷത്ത് സമ്മതിക്കണം.
നമ്മുടെ സംസ്ഥാനത്ത് രണ്ടു പതിറ്റാണ്ടു കാലമായി പിന്തുടരുന്ന ഉദാരമൂല്യനിർണയത്തിൽ മാറ്റം കൊണ്ടുവരിക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. ബോധനം അഥവാ പഠിപ്പിക്കൽ നമ്മുടെ സ്കൂളുകളിൽ പുനഃസ്ഥാപിക്കുക എന്നുള്ളതും പരമപ്രധാനമാണ്. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ഡിപിഇപി നടപ്പാക്കാൻ ഒത്താശ ചെയ്തുകൊടുത്ത എൻജിഒ എന്ന നിലയിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലോക ബാങ്കിന്റെ വിദ്യാഭ്യാസ ദർശനങ്ങൾ അപ്പടി ഏറ്റുപാടുന്നു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം നേരിടുന്ന ഗുരുതരമായ പ്രശ്നത്തിന്റെ കാരണങ്ങൾ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യാൻ അവർ ഒരുക്കമല്ല.
കൊട്ടും കുരവയുമായി അവർ കേരളത്തിലേക്ക് ആനയിച്ച ലോകബാങ്കിന്റെ ഡിപിഇപി/എസ്എസ്എ പോലുള്ള പാഠ്യപദ്ധതി സമ്പ്രദായങ്ങളാണ് സുസ്ഥാപിതമായ നമ്മുടെ പഠനബോധന സമ്പ്രദായങ്ങളെ തകർത്തുകളഞ്ഞതെന്ന വസ്തുത ഇനിയെങ്കിലും പരിഷത്ത് സമ്മതിക്കണം. അതിനുപകരം, നമ്മുടെ കുഞ്ഞുങ്ങൾക്ക് അവശ്യനിലവാരം പകർന്നുകൊടുക്കാത്ത, അടിസ്ഥാനവിദ്യാഭ്യാസം നിഷേധിക്കുന്ന പദ്ധതിക്കുവേണ്ടി വീണ്ടും പരസ്യമായി തെരുവിലിറങ്ങുന്നതിലൂടെ പരിഷത്ത് കേരളത്തിന്റെ അവശേഷിക്കുന്ന പൊതുവിദ്യാഭ്യാസത്തെക്കൂടി അവസാനിപ്പിക്കാനാണ് ഒത്താശ ചെയ്യുന്നത്. ഇന്നത്തെ വിദ്യാഭ്യാസ യാഥാർഥ്യങ്ങൾക്കുനേരെ പല്ലിളിക്കുന്ന പരിഷത്തിന്റെ നിലപാടിനെ വിദ്യാഭ്യാസ സ്നേഹികൾക്ക് ആശങ്കയോടെയേ വീക്ഷിക്കാനാകൂ.

നിലവാരം കുറയുന്നു എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഈ സത്യം അംഗീകരിച്ചാൽ മാത്രമേ പരിഹാരങ്ങൾ ഉണ്ടാവുകയുള്ളൂ
It has just become a feeder system for Higher Secondary aided schools