കാലാവസ്ഥ ഉച്ചകോടി: ക്ലൈമറ്റ് ഫിനാന്‍സും ഹരിത മുതലാളിത്തത്തിന്‍റെ ആവിര്‍ഭാവവും

Climate Finance, Green Capitalism

34 പേജുകള്‍ വരുന്ന ക്ലൈമറ്റ് ഫിനാന്‍സ് സംബന്ധിച്ച കരട് രേഖ, The New Collective Quantified Goal on Climate Finance-(NCQG) കഴിഞ്ഞ ദിവസം കോപ് 29ല്‍ വെച്ച് റിലീസ് ചെയ്യുകയുണ്ടായി. പാരീസ് ഉടമ്പടിയുടെ ഭാഗമായി തയ്യാറാക്കപ്പെട്ട, പ്രതിവര്‍ഷം 100 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായത്തിന്‍റെ കാലാവധി 2025-ഓടെ അവസാനിക്കുന്നതിന് മുന്നോടിയായാണ് ക്ലൈമറ്റ് ഫിനാന്‍സ് സംബന്ധിച്ച പുതിയ കരട് രേഖ പുറത്തിറക്കിയത്. ബാകു ഉച്ചകോടിയില്‍ പുറത്തിറക്കിയ NCQG കരട് രേഖയെക്കുറിച്ച് ചര്‍ച്ച ചെയ്യുംമുമ്പ്, കാലാവസ്ഥാ ഫണ്ട് സംബന്ധിച്ച നിലവിലെ അവസ്ഥ ചെറുതായൊന്ന് മനസ്സിലാക്കാം. 

2015-ലെ കാലാവസ്ഥാ ഉച്ചകോടിയില്‍ വെച്ച് 2020-ഓടെ വികസിത രാഷ്ട്രങ്ങള്‍, കാലാവസ്ഥാ വ്യതിയാനം മൂലം സാമ്പത്തിക തകര്‍ച്ച നേരിടുന്ന അവികസിത/വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുന്നതിനായി ഒരു പൊതുഫണ്ട് രൂപീകരിക്കുവാന്‍ തീരുമാനിക്കുകയുണ്ടായി. 100 ബില്യണ്‍ അമേരിക്കന്‍ ഡോളറായിരുന്നു ഇത്തരത്തില്‍ കാലാവസ്ഥാ നഷ്ടങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി പ്രഖ്യാപിക്കപ്പെട്ടത്. 2020-ഓടെ ഈ തുക അവികസിത/വികസ്വര രാഷ്ട്രങ്ങള്‍ക്ക് നല്‍കാമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും അത് നടപ്പിലാക്കുന്നതില്‍ വലിയ ഉത്സാഹമൊന്നും വികസിത രാഷ്ട്രങ്ങള്‍ കാണിച്ചില്ലെന്നു മാത്രമല്ല, മേല്‍പ്പറഞ്ഞ തുക വികസിത രാഷ്ട്രങ്ങള്‍ നല്‍കുന്ന പല തരത്തിലുള്ള കടങ്ങളിലും, സാമ്പത്തിക സഹായങ്ങളിലും ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. 

100 ബില്യണ്‍ ഡോളര്‍ എന്ന തുക വാസ്തവത്തില്‍ വളരെ നിസ്സാരമായ തുക മാത്രമാണ്. ഇതേക്കുറിച്ച് ബാകു ഉച്ചകോടിയിലെ (CoP29) സൈഡ്‌ലൈന്‍ മീറ്റിംഗുകളിലൊന്നില്‍ വെച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റണിയോ ഗുട്ടെറസ് പറഞ്ഞത് ശ്രദ്ധിച്ചാല്‍ ഈ തുകയുടെ നിസ്സാരത ബോദ്ധ്യപ്പെടും. Leaders’ summit of small island developing states (SIDS))ന്‍റെ മീറ്റിംഗില്‍ വെച്ച് ഗുട്ടെറസ് പറഞ്ഞത് ഇതായിരുന്നു, ”കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിക്കുന്ന ദരിദ്ര രാജ്യങ്ങള്‍ക്കായി സമ്പന്ന രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത 100 ബില്യണ്‍ യുഎസ് ഡോളര്‍ ലോകത്തെ മികച്ച 10 ഫുട്ബോള്‍ കളിക്കാരുടെ വാര്‍ഷിക ശമ്പളത്തിന് തുല്യമാണ്. ”BE SERIOUS about your financing goals”. (ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, കോപ്29-ന്‍റെ പ്രധാനവേദിയില്‍ 12 മിനുട്ടിലധികം പ്രഭാഷണം നടത്തിയിട്ടും ഇത്തരമൊരു അഭിപ്രായപ്രകടനം ഗുട്ടറെസ് അവിടെ നടത്തിയിട്ടില്ല എന്നതാണ്!!)

വാസ്തവത്തില്‍ ക്ലൈമറ്റ് ഫിനാന്‍സ് സംബന്ധിച്ച നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്, കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന Loss & Damageകളെ അടിസ്ഥാനപ്പെടുത്തി കാലാവസ്ഥാ പ്രതിസന്ധികള്‍ക്ക് ഇരകളായി മാറപ്പെടുന്ന അവികസിത/വികസ്വര രാഷ്ട്രങ്ങളുടെ ആവശ്യങ്ങളും മുന്‍ഗണനകളും അനുസരിച്ച് നല്‍കേണ്ട തുക എന്ന നിലയ്ക്കാണ്. കാലാവസ്ഥാ പ്രതിസന്ധിക്ക് കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് അടക്കമുള്ള ഹരിത ഗൃഹ വാതകങ്ങളിലെ ചരിത്രപരമായ ഉദ്‌വമനങ്ങളുടെ (historical emission) ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് വികസിത രാജ്യങ്ങള്‍ നല്‍കേണ്ട സാമ്പത്തിക സഹായമായിട്ടാണ് ഇത്തരമൊരു ക്ലൈമറ്റ് ഫണ്ടിനെക്കുറിച്ചുള്ള ധാരണകള്‍ ഉടലെടുത്തത്. എന്നാല്‍ ഹരിത ഗൃഹ വാതകങ്ങളുടെ ചരിത്രപരമായ ഉദ്‌വമന ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നാളിതുവരെ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാഷ്ട്രങ്ങള്‍ തയ്യാറായിട്ടില്ല. 

മറ്റൊരു വസ്തുത, ഇപ്പോള്‍ പാരീസ് ഉടമ്പടിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുന്ന 100 ബില്യണ്‍ (യുഎസ്) ഡോളര്‍ ധനസഹായം എന്നത് ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചകളിലൂടെയോ കൂടിയാലോചനകളിലൂടെയോ ഉരുത്തിരിഞ്ഞുവന്ന ഒരു തുകയല്ല എന്നതാണ്. കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ദരിദ്ര രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ ഇതൊരു തുകയേ അല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അവികസിത/വികസ്വര രാജ്യങ്ങളില്‍ കാലാവസ്ഥാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിവര്‍ഷം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക നഷ്ടങ്ങള്‍ അതിഭീമമായ തോതില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡെല്‍റ്റാ പ്രദേശങ്ങള്‍ കൂടുതലുള്ള രാജ്യങ്ങള്‍, പ്രത്യേകിച്ചും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍, കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായുള്ള സാമ്പത്തിക തകര്‍ച്ചകള്‍ക്ക് കൂടുതല്‍ ഇരകളായി മാറിക്കൊണ്ടിരിക്കുകയാണ്. 2027 ആകുമ്പോഴും ഇന്ത്യയുടെ മൊത്തം ആഭ്യന്തര മൊത്തോല്‍പ്പാദനത്തിന്‍റെ 24.7% കാലാവസ്ഥാ പ്രതിസന്ധിയുടെ ഫലമായുള്ള നാശനഷ്ടത്തിന് വിധേയമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏഷ്യ-പസഫിക് മേഖലകളില്‍ പൊതുവില്‍ ഈ നാശ നഷ്ടം ജിഡിപിയുടെ 16 മുതല്‍ 20ശതമാനം വരെ ആയേക്കാമെന്ന് വിലയിരുത്തപ്പെടുന്നു.


ക്ലൈമറ്റ് ഫിനാന്‍സ് സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ദശകങ്ങളുടെ പഴക്കമുണ്ടെങ്കിലും അത് സംബന്ധിച്ച ഒരു അംഗീകരിച്ച മാനദണ്ഡമോ, നിര്‍വ്വചനമോ ഇല്ല എന്നതാണ് വസ്തുത. അന്തരീക്ഷ താപനില 2 ഡിഗ്രിയില്‍ കൂടാതിരിക്കുന്നതിനും, 1.5 ഡിഗ്രി പരിധിയില്‍ പിടിച്ചുനിര്‍ത്തുന്നതിനും, കാര്‍ബണ്‍ ഉദ്‌വമന നിരക്ക് വ്യാവസായിക യുഗത്തിന് മുമ്പുള്ള അവസ്ഥയില്‍ എത്തിക്കുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങളില്‍ അവികസിത/വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുന്നതിന് വേണ്ടിയുള്ള കാലാവസ്ഥാ ധനസഹായ (Climate Finance) പരിപാടിയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്തൊക്കെ ഉള്‍പ്പെടുത്തരുത് എന്നത് സംബന്ധിച്ച പൊതുധാരണയില്‍ എത്താന്‍ നാളിതുവരെയും ഒരു ഉച്ചകോടിക്കും സാധിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയുടെ കമ്മിറ്റി ഓണ്‍ ഫിനാന്‍സ്, ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് (OECD) എന്നിവ മുന്നോട്ടുവെക്കുന്ന അനൗദ്യോഗിക നിര്‍വചനങ്ങള്‍, ”ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്വമനം കുറയ്ക്കുന്നതോ കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനാണ് ക്ലൈമറ്റ് ഫണ്ട് രൂപീകരിക്കുന്നത്” എന്നാണ്.

വികസിത രാജ്യങ്ങള്‍ കാലാവസ്ഥാ ഫണ്ടിലേക്ക് 1 ട്രില്യണ്‍ (യുഎസ്) ഡോളര്‍ നല്‍കേണ്ടതുണ്ടെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. പാകിസ്ഥാന്‍ അതിലും കടന്ന് 2 ട്രില്യണ്‍ (യുഎസ്) ഡോളര്‍ ആവശ്യപ്പെടുന്നു.  

ഈ രീതിയില്‍ വിവിധ രാജ്യങ്ങള്‍ തങ്ങളുടേതായ കണക്കുകള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും പൊതുസമ്മതിയിലേക്ക് കടക്കുന്നതിന് പല ഘടകങ്ങളും തടസ്സങ്ങളായി നില്‍ക്കുന്നുണ്ട്. വികസിത രാജ്യങ്ങള്‍ വികസ്വര/അവികസിത രാജ്യങ്ങള്‍ക്ക് നല്‍കുന്ന ധനസഹായങ്ങള്‍ക്ക് പുറത്ത് അധിക ധനസഹായം എന്ന നിലയ്ക്കാണ് ക്ലൈമറ്റ് ഫിനാന്‍സ് വിഭാവനം ചെയ്തതെങ്കിലും ഇതു സംബന്ധിച്ച കൃത്യമായ ചട്ടക്കൂട് നിര്‍മ്മിക്കാന്‍ കഴിയാതിരുന്നതുകൊണ്ടുതന്നെ ക്ലൈമറ്റ് ഫിനാന്‍സില്‍ വലിയൊരു ഭാഗവും ഇന്ന് നല്‍കപ്പെടുന്നത് വിവിധ വികസന ബജറ്റുകളില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ്. എന്നുമാത്രമല്ല, ക്ലൈമറ്റ് ഫിനാന്‍സ് സംബന്ധിച്ച അക്കൗണ്ടിംഗിന് എന്തെങ്കിലും തരത്തിലുള്ള സുതാര്യതയോ, സ്ഥിരതയോ നിലനില്‍ക്കുന്നില്ല എന്ന പ്രശ്‌നവുമുണ്ട്.

നിലവില്‍ ഗവണ്‍മെന്‍റുകള്‍ അവരുടെ ക്ലൈമറ്റ് ഫിനാന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ മൂന്ന് പ്രധാന അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്; OECD (Organisation for Economic Cooperation & Development); UNFCCC (United Nations Framework Convention on Climate Change); European Commission എന്നിവയാണവ. വികസിത/സമ്പന്ന രാഷ്ട്രങ്ങള്‍ നല്‍കുന്ന സാമാന്യഗതിയിലുള്ള സാമ്പത്തിക സഹായങ്ങള്‍ ക്ലൈമറ്റ് ഫിനാന്‍സിന്‍റെ കണക്കില്‍പ്പെടുത്തിയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അവയില്‍ വലിയൊരു ഭാഗം വായ്പ എന്ന നിലയില്‍ കണക്കാക്കുകയും വായ്പയ്ക്ക് പലിശ വാങ്ങിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജാപ്പാന്‍, ഫ്രാന്‍സ്, യുഎസ് എന്നീ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മറ്റേത് രാജ്യങ്ങളെക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നതായി കാണാം.

കാര്‍ബണ്‍ ഉദ്‌വമനം കുറഞ്ഞ ഊര്‍ജ്ജപദ്ധതികള്‍, ഗതാഗത സംവിധാനങ്ങള്‍ എന്നിവയ്ക്കായി നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍, സാങ്കേതിക സഹകരണങ്ങള്‍, സാങ്കേതികവിദ്യാ കൈമാറ്റങ്ങള്‍ എന്നിവ വഴിയും കാലാവസ്ഥാ ധനസഹായം നല്‍കാനുള്ള പദ്ധതികള്‍ വികസിത രാജ്യങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് അവികസിത/വികസ്വര രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന കാറ്റാടിപ്പാടങ്ങള്‍, തീവണ്ടിപ്പാതകള്‍ തുടങ്ങിയ പശ്ചാത്തല സൗകര്യ നിര്‍മ്മാണ പദ്ധതികളില്‍ കണ്‍സള്‍ട്ടേഷന്‍, എഞ്ചിനീയറിംഗ്, നിര്‍മ്മാണം എന്നീ മേഖലകളില്‍ ധനസഹായം അനുവദിക്കുന്ന രാജ്യങ്ങളിലെ കമ്പനികളെക്കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നതായി കണ്ടുവരുന്നുണ്ട്. വാസ്തവത്തില്‍ ഇത്തരം നിബന്ധനകളിലൂടെ ക്ലൈമറ്റ് ഫിനാന്‍സ് ആശയത്തെ സാമ്പത്തിക ലാഭങ്ങള്‍ക്കുള്ള വഴിയായി ഉപയോഗപ്പെടുത്തുകയാണ് മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ ചെയ്തുവരുന്നത്. 

ഫോസില്‍ ഇന്ധന ഉപയോഗം അന്തരീക്ഷ താപനിലയില്‍ വന്‍ വര്‍ദ്ധനവ് സൃഷ്ടിക്കുമെന്നത് സംബന്ധിച്ച് എക്‌സണ്‍ മൊബില്‍ കമ്പനി ശാസ്ത്രജ്ഞര്‍ 1970ളില്‍ നടത്തിയ പഠനത്തിലെ ആഗോള താപ വര്‍ധനവ് സംബന്ധിച്ച ഗ്രാഫ്.

ഫ്രഞ്ച് വികസന വികസന ഏജന്‍സി (AFD) അവരുടെ രാജ്യം നല്‍കുന്ന ഇത്തരത്തിലുള്ള സാമ്പത്തിക സഹായത്തിലൂടെ ഈ നിബന്ധനകള്‍ നടപ്പിലാക്കിയതായി റിപ്പോര്‍ട്ടുചെയ്യുന്നുണ്ട്. പശ്ചാത്തല സൗകര്യ നിര്‍മ്മാണത്തില്‍ Eiffage, എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി മേഖലയില്‍ Systra (സിസ്ട്ര കമ്പനിയെ കേരളീയര്‍ അറിഞ്ഞിരിക്കണം. കെ-റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കണ്‍സള്‍ട്ടന്‍സിയിലെ പ്രധാന കഥാപാത്രമാണ് ഫ്രഞ്ച് കമ്പനിയായ സിസ്ട്ര), ഇന്‍ഫ്രാസ്ട്രക്ചര്‍ രൂപകല്‍പ്പനയില്‍ Thales and Engie തുടങ്ങിയ കമ്പനികള്‍ കാലാവസ്ഥാ ധനസഹായത്തിന്‍റെ ഗുണഫലങ്ങള്‍ നേടുന്നവയാണ്. 

പാരീസ് എഗ്രിമെന്റിന്‍റിന്‍റെ ഭാഗമായി തയ്യാറാക്കപ്പെട്ട 100 ബില്യണ്‍ ഡോളര്‍ ക്ലൈമറ്റ് ഫിനാന്‍സിന്‍റെ കാലാവധി 2025-ഓടെ അവസാനിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ബാകുവില്‍ ചേരുന്ന കോപ് 29ല്‍ഇതുസംബന്ധിച്ച ചര്‍ച്ച കേന്ദ്ര വിഷയമായി മാറുന്നത്. പാരീസ് ഉടമ്പടിയുടെ തന്നെ പ്രധാന ഘടകമെന്ന നിലയില്‍ 2025ന് ശേഷമുള്ള കാലാവസ്ഥാ പ്രവര്‍ത്തനങ്ങളില്‍ വികസ്വര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒരു പുതിയ സാമ്പത്തിക ലക്ഷ്യം ഉറപ്പുവരുത്താന്‍ തയ്യാക്കപ്പെട്ട ഒന്നാണ് The New Collective Quantified Goals -NCQG. 

ഐക്യരാഷ്ട്ര സഭയുടെ ഗ്ലോബല്‍ പോളിസി ചട്ടക്കൂടിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രൊജക്ഷന്‍ അനുസരിച്ച് വികസ്വര രാജ്യങ്ങള്‍ക്ക് അവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്ക് അനുരൂപമാക്കി മാറ്റിയെടുക്കുന്നതിന് ഏകദേശം 1.1 ട്രില്യണ്‍ ഡോളര്‍ ആവശ്യമാണ്. 2025 മുതല്‍ നല്‍കേണ്ട ഈ കാലാവസ്ഥാ ധനസഹായം 2023ഓടെ 1.8 ട്രില്യണ്‍ ഡോളറായി ഉയരേണ്ടതുണ്ടെന്നും ഗ്ലോബല്‍ പോളിസി ചട്ടക്കൂട് വിശദീകരിക്കുന്നു. കാലാവസ്ഥാ ദുരന്തങ്ങളുടെ ലഘൂകരണം (mitigation) അനുരൂപവല്‍ക്കരണം (adaptation) എന്നിവയ്ക്കാണ് പ്രധാനമായും ഈ ധനസഹായം ഉപയോഗപ്പെടുത്താന്‍ കഴിയുക. ഈ തുകയുടെ വലുപ്പമെന്നത് വികസിത രാജ്യങ്ങളുടെ ജിഡിപിയുടെ ഒരു ശതമാനത്തിനടുത്ത് മാത്രമാണ്.

കാലാവസ്ഥാ ഉച്ചകോടിയും  ‘ഹരിത മുതലാളിത്ത’ (Green Capitalism)ത്തിന്‍റെ ആവിര്‍ഭാവവും

കാമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറരുതെന്ന് എക്‌സണ്‍ മൊബില്‍ സിഇഓ ഡാരന്‍ വുഡ്‌സ്(Darren Woods). അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന കോപ് 29 ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ ഡാരന്‍ വുഡ്‌സ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തിലാണ് ഈയൊരു ആവശ്യമുന്നയിച്ചത്. എക്‌സണ്‍ മൊബില്‍ സിഇഓ ആദ്യമായല്ല ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നത്. 2020ല്‍ പാരീസ് ഉടമ്പടിയില്‍ നിന്നും പിന്മാറാന്‍ അമേരിക്ക തീരുമാനിച്ചതും, പിന്നീട് 2021ല്‍ ബിഡന്‍ ഭരണകൂടം ഉടമ്പടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതും പുതുതായി നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതും മനസ്സില്‍വെച്ചുകൊണ്ടാണ് ഡാരന്‍ വുഡ്‌സ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

എക്‌സണ്‍ മൊബില്‍(Exxon Mobil)?! 

അതെ. ലോകത്തിലെ പ്രധാനപ്പെട്ട എണ്ണ-വാതക ഉത്പാദന കമ്പനിയായ അതേ എക്‌സണ്‍ മൊബില്‍ തന്നെ. വന്‍കിട എണ്ണ-വാതക ഉത്പാദക കമ്പനികളായ, ഷെവ്‌റോണ്‍, ബ്രിട്ടീഷ് പെട്രോളിയം, ഷെല്‍ തുടങ്ങി എക്‌സണ്‍ മൊബിലിനെ കൂടാതെ, ലോകത്തിലെ 1700ഓളം എണ്ണ-വാതക ഉത്പാദക കമ്പനികളുടെ പ്രതിനിധികളാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നത്. 

ഫോസില്‍ ഇന്ധന ഉപയോഗം അന്തരീക്ഷ താപനിലയില്‍ വര്‍ധനവുണ്ടാക്കുന്നുെണ്ടന്നും, ഈ നില തുടരുകയാണെങ്കില്‍ ആഗോള താപന നിരക്കില്‍ അതിദ്രുതമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും തങ്ങളുടെ ആഭ്യന്തര ശാസ്ത്ര സംഘം തെളിവുകള്‍ നല്‍കിയിട്ടും അവ പുറത്തുവിടാത്ത അതേ എക്‌സണ്‍ മൊബില്‍ കമ്പനി തന്നെയാണ് ഡൊണാള്‍ഡ് ട്രംപിനെ കാലാവസ്ഥാ ചര്‍ച്ചകളില്‍ നിന്ന് പിന്മാറരുതെന്ന് ഉപദേശിക്കുന്നത്. 

American Enterprise Institute, Regulatory Study Centre (George Washington University), US Chamber of Commerce എന്നീ സ്ഥാപനങ്ങള്‍ക്ക് കാലാവസ്ഥാ നിഷേധ (Climate denial) പ്രചരണത്തിനായി ലക്ഷക്കണക്കിന് ഡോളറുകള്‍ ഗ്രാന്‍റ് നല്‍കിയത് സംബന്ധിച്ച അന്വേഷണങ്ങളില്‍ കുടുങ്ങിയ അതേ ഡാരന്‍ വൂഡ്‌സ് തന്നെയാണ് കോപ് 29ല്‍ കാലാവസ്ഥാ ചര്‍ച്ചകളില്‍ ഔദ്യോഗിക പങ്കാളിത്തം വഹിച്ചുകൊണ്ടിരിക്കുന്നത്.

2015ലാണ് ഒരു സംഘം സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍, ഫോസില്‍ ഇന്ധന ഉപയോഗം അന്തരീക്ഷ താപനിലയില്‍ വലിയ വര്‍ധനവ് ഇടയാക്കും എന്ന് പ്രവചിക്കുന്ന, എക്‌സണ്‍ മൊബിലിന്‍റെ ആഭ്യന്തര രേഖകള്‍ കെണ്ടത്തുന്നത്. 1970കള്‍ തൊട്ടുതന്നെ കമ്പനിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് ആ രേഖകള്‍ തെളിവു നല്‍കുന്നു. എന്നാല്‍ ശാസ്ത്രീയമായ തെളിവുകള്‍ മുന്നിലിരിക്കെത്തന്നെ എക്‌സണ്‍ മൊബില്‍ തങ്ങളുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് വഴി ഈ ശാസ്ത്രീയ പഠനങ്ങള്‍ക്ക് മേല്‍ സംശയങ്ങളുടെ നിഴല്‍ പരത്തുകയായിരുന്നു.

കാലാവസ്ഥാ വ്യതിയാനത്തില്‍ ഫോസില്‍ ഇന്ധന വ്യവസായത്തിന്‍റെ പങ്കിനെക്കുറിച്ച് എക്സോണ്‍ ബോധപൂര്‍വം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് വര്‍ഷങ്ങളായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ അമേരിക്കയിലെ നിരവധി സ്റ്റേറ്റുകളില്‍ എക്‌സണ്‍ മൊബിലിനെതിരെ കേസുകളും യുഎസ് ഹൗസ് കമ്മിറ്റിയുടെ മുന്‍കൈയ്യില്‍ അന്വേഷണവും ഉണ്ടായിട്ടുണ്ട്. കാലാവസ്ഥാ നിഷേധവുമായി ബന്ധപ്പെട്ട് ഇതേ കമ്പനിക്കെതിരെ യൂറോപ്യന്‍ പാര്‍ലമെന്‍റില്‍ 2019ല്‍ ഒരു ഹിയറിംഗും നടന്നിട്ടുണ്ട്. 

കാലാവസ്ഥാ വ്യതിയാന നിഷേധത്തിനായി ഇത്രയധികം പണവും ഊര്‍ജ്ജവും ചെലവഴിച്ച അതേ കമ്പനി (ഇക്കാര്യത്തില്‍ എക്‌സണ്‍ മൊബില്‍ തനിച്ചല്ല) എന്തിനാണ് കാലാവസ്ഥാ ഉച്ചകോടിയില്‍ സജീവമായി ഇടപെടാന്‍ അമേരിക്കന്‍ പ്രസിഡണ്ടിനെ നിര്‍ബന്ധിക്കുന്നത്?

സംഗതി ലളിതമാണ്. കാലാവസ്ഥാ മേഖലയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ‘പുതുസാധാരണത്വത്തെ’ (New Normal) നേരിടുകയും അവയോട് ചേര്‍ന്നുനിന്നുകൊണ്ട് പുതിയ തന്ത്രങ്ങള്‍ രൂപീകരിക്കുകയുമല്ലാതെ മറ്റൊരു വഴിയും തങ്ങളുടെ മുന്നിലില്ലെന്ന് ഫോസില്‍ ഇന്ധന വ്യവസായ ഭീമന്മാര്‍ക്ക് ബോധ്യം വന്നിരിക്കുന്നു. അതുകൊണ്ടുതന്നെ ഊര്‍ജ്ജ പരിവര്‍ത്തന(Energy Transition)ങ്ങളെ സംബന്ധിച്ച നയരൂപീകരണങ്ങളില്‍ സജീവമായി ഇടപെടുകയും അങ്ങേയറ്റം കേന്ദ്രീകൃതവും വന്‍കിട മൂലധന നിക്ഷേപം ആവശ്യമുള്ളതുമായ ഹരിത സാങ്കേതിക സാങ്കേതിക വിദ്യകള്‍ക്കായി ലോബിയിംഗ് നടത്തുകയും ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. സൗരോര്‍ജ്ജ വൈദ്യുതി അടക്കമുള്ള ഹരിത സാങ്കേതികവിദ്യകളില്‍ മേല്‍പ്പറഞ്ഞ ഫോസില്‍ ഇന്ധന വ്യവസായ ഭീമമന്മാര്‍ ഇപ്പോള്‍ത്തന്നെ വലിയ നിക്ഷേപം നടത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് കൂടി ഓര്‍ക്കുക. 

ചുരിക്കിപ്പറഞ്ഞാല്‍, കാലാവസ്ഥയും പ്രകൃതിയും സൃഷ്ടിക്കുന്ന അടിയന്തിരാവസ്ഥകളോടുള്ള അനിവാര്യ പ്രതികരണം, അല്ലെങ്കില്‍ തങ്ങളുടെ തന്നെ നിലനില്‍പ്പിനായുള്ള ക്രമീകരണം, എന്ന നിലയ്ക്കാണ് പുതിയ ഊര്‍ജ്ജ പരിവര്‍ത്തന പദ്ധതികളോട് പ്രതികരിക്കാന്‍ മുതലാളിത്തം തയ്യാറായിരിക്കുന്നത്. ആഗോള മുതലാളിത്തം പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ മാതൃകകളും വലുപ്പവും പ്രവര്‍ത്തന പദ്ധതികളും നിര്‍ണ്ണയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് സാരം. സമ്പദ്‌വ്യവസ്ഥയെ ഡീകാര്‍ബണൈസ് ചെയ്യുക എന്ന കാലഘട്ടത്തിന്‍റെ അനിവാര്യതയെ തങ്ങളുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് അനുരൂപമാക്കി മാറ്റിയെടുക്കുന്നതെങ്ങിനെയെന്നതാണ് അവരുടെ ആലോചന. ഒരു ‘ഹരിത മുതലാളിത്ത’ത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള കൂട്ടായ സ്വപ്നം അവര്‍ പങ്കുവെക്കുന്നു. 


‘എത്തിക്കല്‍ ഇന്‍വെസ്റ്റ്‌മെന്‍റ്’, ‘ഗ്രീന്‍ എനര്‍ജി’, ‘സസ്റ്റെനബിലിറ്റി ലിങ്ക്ഡ് ബോണ്ട്’(SLB), ‘ഗ്രീന്‍ ബോണ്ട്’, ‘ഡൈനമിക് ഇന്റഗ്രേറ്റഡ് ക്ലൈമറ്റ് ഇക്കണോമി’ (DICE) തുടങ്ങി കാലാവസ്ഥാ ചര്‍ച്ചകളില്‍ ഇപ്പോള്‍ പുതുതായി ചേര്‍ത്തുകൊണ്ടിരിക്കുന്ന പദാവലികള്‍ നിരവധിയാണ്. ‘ഫിനാന്‍സ് കോപ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാകു ഉച്ചകോടിയില്‍ (കോപ് 29) ഏറ്റവും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നത് കാലാവസ്ഥാ ഫണ്ടിംഗിനെയും അതിന്‍റെ വിനിയോഗത്തെയും സംബന്ധിച്ചാണ്. ജി-20 രാഷ്ട്രങ്ങളിലെ പ്രധാന രാഷ്ട്രത്തലവന്മാര്‍ കോപ് 29 ഉച്ചകോടിയില്‍ പങ്കെടുക്കാതെ മാറിനില്‍ക്കുമ്പോഴും കാലാവസ്ഥാ ഫിനാന്‍സ് സംബന്ധിച്ച ചര്‍ച്ചകള്‍ അസാധാരണമായ തീവ്രതയോടെ അവിടെ നടന്നുകൊണ്ടിരിക്കുകയാണ്. 

കാലാവസ്ഥാ പ്രതിസന്ധിയെ സംബന്ധിച്ച ചര്‍ച്ചകളെ നാളിതുവരെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തിയ പല ബിസിനസ് സാമ്രാജ്യങ്ങളും അടുത്തിടെ അത്യുത്സാഹത്തോടെ ചര്‍ച്ചകളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ കാലാവസ്ഥാ നിഷേധകരെന്ന പേരില്‍ കുപ്രശസ്തരായ ExxonMobil തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ വലിയ തോതില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. അവരുടെ പൊതുവായ നിക്ഷേപങ്ങളുമായി തട്ടിച്ചുനോക്കിയാല്‍ താരതമ്യേന ചെറുതാണെങ്കിലും ‘ആല്‍ഗല്‍ ജൈവ ഇന്ധന’ (Algal Biofuel)ങ്ങളെ സംബന്ധിച്ച ഗവേഷണങ്ങളില്‍ എക്‌സണ്‍ മൊബില്‍ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുകയാണ്. ആഗോള നിക്ഷേപ ബാങ്കുകളില്‍ ഇതേ കമ്പനി തങ്ങളുടെ നെറ്റ് സീറോ പ്രതിബദ്ധതകള്‍ ഉപയോഗിച്ച് വലിയ നേട്ടങ്ങള്‍ സൃഷ്ടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായുണ്ട്. 

ആഗോള തലത്തില്‍ എണ്ണ-വാതക മേഖലയിലെ ഭീമന്മാര്‍ ഹരിതോര്‍ജ്ജ മേഖലയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ അവരുടെ മൊത്തം നിക്ഷേപത്തിന്‍റെ ഒരു ശതമാനം മാത്രമാണ് ഈ തുകയെങ്കില്‍ കൂടിയും അതിന്‍റെ വലുപ്പം കൂടിക്കൊണ്ടിരിക്കുകയാണെന്ന് ഈ മേഖലയിലെ പുതുപ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നു.

അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ(International Energy Agency-IEA) തന്നെ കണക്കനുസരിച്ച് ഫോസില്‍ ഇന്ധന വ്യവസായ മേഖലയില്‍ നിന്നുള്ള ഹരിതോര്‍ജ്ജത്തിലെ നിക്ഷേപം 2022-ലെ മൊത്തം മൂലധനച്ചെലവിന്‍റെ 2.5% ആയി ഉയര്‍ന്നിരിക്കുന്നു. നെറ്റ് സീറോ എമിഷന്‍ ലക്ഷ്യത്തിലേക്ക് എത്തുന്നതിനായി 2030 തൊട്ട് ഈ മേഖലയില്‍ അവരുടെ മൂലധന നിക്ഷേപത്തിന്‍റെ 50% വരെ ഹരിതോര്‍ജ്ജത്തിനായി ചെലവഴിക്കും. 

സമ്പദ് വ്യവസ്ഥയെ കാര്‍ബണ്‍ മുക്തമാക്കുന്നതിനും (Decarbonizing the Economy) പാരിസ്ഥിതിക സുസ്ഥിരയുള്ള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനങ്ങള്‍ക്കുമായള്ള ഇടപെടലില്‍ വലിയ സാമ്പത്തിക അപകടസാധ്യത ഒളിഞ്ഞിരിപ്പുണ്ടെന്ന് വന്‍കിട വ്യവസായ ഭീമന്മാര്‍ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ കാലാവസ്ഥാ പ്രതിസന്ധി സൃഷ്ടിക്കാന്‍ പോകുന്ന സാമ്പത്തിക തകര്‍ച്ചകളെ കണക്കിലെടുക്കുമ്പോള്‍ വിവേകപൂര്‍ണ്ണമായ നിക്ഷേപത്തിലേക്ക് കടക്കുക എന്നത് മാത്രമായിരിക്കും അവരുടെ മുന്നിലുള്ള മാര്‍ഗ്ഗം. Task Force on Climate-related Financial Disclosures തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക നഷ്ടം 2100 ആകുമ്പോഴേക്കും 43 ട്രില്യണ്‍ ഡോളറിലേക്ക് എത്തിപ്പെടും എന്ന് കണക്കാക്കുന്നു.

ഹരിതോര്‍ജ്ജ മേഖലയിലെ എണ്ണ-വാതക കമ്പനികളുടെ നിക്ഷേപം. കഴിഞ്ഞ നാല് വര്‍ഷക്കാലയളവിലെ നിക്ഷേപ വര്‍ധനവ് ശ്രദ്ധിക്കുക.

ഇക്കാരണങ്ങള്‍കൊണ്ടുതന്നെ എന്‍വിറോണ്‍മെന്‍റല്‍ സസ്റ്റൈനബിലിറ്റി ഗോള്‍ (Environmental Sustainability Goal-ESG) മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിക്ഷേപങ്ങളിലെ ആഗോള ആസ്തികള്‍ 2020 അവസാനത്തോടെ 30 ട്രില്യണ്‍ ഡോളറില്‍ എത്തിയിരിക്കുകയാണ്. 2021-ല്‍ ഇഷ്യു ചെയ്യപ്പെട്ട സസ്റ്റൈനബിലിറ്റി ലിങ്ക്ഡ് ബോണ്ടുകള്‍(SLB) 93 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ പത്തിരട്ടി വര്‍ധനവാണിതെന്നും കണക്കാക്കുന്നു. സാമ്പത്തിക ഡാറ്റാ ഭീമനായ ബ്ലൂംബെര്‍ഗിന്‍റെ കണക്കുകൂട്ടല്‍ അനുസരിച്ച് ESG നിക്ഷേപം 2025 ആകുമ്പോഴേക്കും മൊത്തം ആഗോള ആസ്തികളുടെ മൂന്നിലൊന്നായി ഉയരും. 

കാലാവസ്ഥാ പ്രതിസന്ധികളോടുള്ള പ്രതികരണമെന്ന നിലയില്‍ സ്വകാര്യ മൂലധനത്തെ വലിയ പരിക്കുകളൊന്നും കൂടാതെ, ഹരിത നിക്ഷേപത്തിലേക്ക് പരിവര്‍ത്തിപ്പിക്കുക എന്നതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാ ചര്‍ച്ചകളുടെ കേന്ദ്രലക്ഷ്യം. കാലാവസ്ഥാ ഉച്ചകോടി തൊട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്, ഐക്യരാഷ്ട്രസഭ വിവിധ ദേശീയ ഗവണ്‍മെന്റുകള്‍ എന്നിവ ഈ ചര്‍ച്ചകളില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. പാരിസ്ഥിതിക പ്രതിസന്ധികളെ മൂലധന സഞ്ചയത്തിനുള്ള (capital Accumulation) ഉപാധിയായി എങ്ങിനെ മാറ്റിത്തീര്‍ക്കാമെന്നാണ് പുതിയ കാലാവസ്ഥാ ചര്‍ച്ചകളിലൂടെ ലക്ഷ്യമിടുന്നത്. 

തദ്ദേശീയ ജനവിഭാഗങ്ങള്‍, ദ്വീപ് രാഷ്ട്രങ്ങള്‍, ട്രേഡ് യൂണിയനുകള്‍, കാലാവസ്ഥാ പ്രതിസന്ധികളോടുള്ള പ്രതികരണമെന്ന നിലയില്‍ സബ് സഹാറന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന ജനകീയ മുന്നേറ്റങ്ങള്‍ എന്നിവ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പ്രധാനമായും Change the economy; Not the climate എന്നതാണ്. സാമ്പത്തിക മേഖലയിലെ ഘടനാപരമായ മാറ്റങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ഇന്ന് ശക്തമായി ഉയര്‍ന്നുവരുന്ന ഈ മുദ്രാവാക്യത്തെ തങ്ങള്‍ക്കനുകൂലമായി ചിട്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത മുതലാളിത്തം ഈ ചര്‍ച്ചകളില്‍ ഇടപെട്ടുവരുന്നത്.

മുതലാളിത്തം അതിന്‍റെ അന്തമില്ലാത്ത ആര്‍ത്തിയെ തൃപ്തിപ്പെടുത്തുന്നതോടൊപ്പം സ്വന്തം പാരിസ്ഥിതിക ചുറ്റുപാടുകളെയും ഉത്പാദന സാമഗ്രികളെയും വ്യവസ്ഥാപിതമായിത്തന്നെ അമിതചൂഷണത്തിനിരയാക്കുമെന്നും അതുവഴി ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളിലേക്ക് കടക്കുമെന്നും ഉള്ള നിരീക്ഷണങ്ങള്‍ ഇരുപതാം നൂറ്റാണ്ടിലെ പല ചിന്തകന്മാരും പ്രസ്ഥാനങ്ങളും മുന്നോട്ടുവെക്കുകയുണ്ടായിട്ടുണ്ട്. വിഭവങ്ങളിന്മേലും അടിസ്ഥാന സൗകര്യങ്ങളിന്മേലും കൂടുതല്‍ സാമൂഹിക നിയന്ത്രണവും ഉത്പാദന സംവിധാനങ്ങള്‍ വികേന്ദ്രീകൃതവും പ്രാദേശിക ജനതയ്ക്ക് അവയുടെ മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സാധ്യമാകുന്ന തരത്തിലുള്ളതുമായിരിക്കണം എന്ന ചിന്തകള്‍ ഉയര്‍ന്നുവരുന്നതിന്‍റെ പ്രസക്തി ഇവിടെയാണ്. 

ഉപാപചയ വിള്ളലി(Metabolic Rift)നെക്കുറിച്ച് മാര്‍ക്‌സ് വിശദീകരിച്ചതും, The Earth has enough for everyone’s need, but not for everyone’s greed’ എന്ന് ഗാന്ധി പറഞ്ഞതും ഉത്പാദന സാമഗ്രികളിന്മേലുള്ള അമിത ചൂഷണം സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധികളെ മുന്നില്‍ക്കണ്ടുകൊണ്ടായിരുന്നു. മുതലാളിത്തത്തിന്‍റെ രണ്ടാം വൈരുദ്ധ്യമെന്ന് (Second Contradiction of Capitalism) ജെയിംസ് ഓ കോണര്‍ (James O Connor) സിദ്ധാന്തീകരിച്ച പ്രതിസന്ധി തന്നെയാണ് അക്ഷരാര്‍ത്ഥത്തില്‍ മുതലാളിത്തം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നതും കാലാവസ്ഥാ ചര്‍ച്ചകള്‍ക്കിടയിലൂടെ ഹരിതാവരണമണിഞ്ഞ് ഈ പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാന്‍ മുതലാളിത്തം ശ്രമിക്കുന്നതും.

മുതലാളിത്തത്തിന്‍റെ രണ്ടാം വൈരുദ്ധ്യം (Second Contradiction of Capitalism)

കാലാവസ്ഥാ ചര്‍ച്ചകളില്‍ സജീവമായി ഇടപെടാനും ഹരിത സാങ്കേതിക വിദ്യകളിന്മേലുള്ള നിയന്ത്രണം ഉറപ്പിക്കാനും നയപരമായ തീരുമാനങ്ങളിന്മേല്‍ മേല്‍ക്കൈ സൃഷ്ടിക്കാനും ഫോസില്‍ ഇന്ധന വ്യവസായ ഭീമന്മാരടക്കമുള്ള മുതലാളിത്ത വക്താക്കളെ നിര്‍ബന്ധിതമാക്കുന്ന സാഹചര്യത്തെക്കുറിച്ച് നേരത്തെ സൂചിപ്പിക്കുകയുണ്ടായി. അമേരിക്കന്‍ പൊളിറ്റിക്കല്‍ ഇക്കണോമിസ്റ്റും ‘Capitalism Nature Socialism’ ജേര്‍ണലിന്‍റെ സ്ഥാപകരില്‍ ഒരാളുമായ ജെയിംസ് ഓ കോണര്‍(James O Connor) മുതലാളിത്തത്തിന്‍റെ ഈ അനിവാര്യ പ്രതിസന്ധിയെ ‘മുതലാളിത്തത്തിന്‍റെ രണ്ടാം വൈരുദ്ധ്യം’ എന്ന് നിര്‍വ്വചിക്കുകയുണ്ടായി. വിഭവാടിത്തറയെ തകര്‍ത്തുകൊണ്ടുള്ള മുതലാളിത്ത മുന്നേറ്റവും അവ സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് പുറത്തുകടക്കാനുള്ള അതിന്‍റെ ശ്രമങ്ങളെയും കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

പ്രകൃതി വിഭവങ്ങളെ ഉപയോഗ മൂല്യ(use value)ത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം പരിഗണിക്കുന്ന മുതലാളിത്ത സാമ്പത്തിക യുക്തികള്‍ അവയുടെ മുന്നിലേക്കെത്തുന്ന എന്തിനെയും ചരക്കുകളായി മാറ്റുന്നു. പ്രകൃതിവിഭവങ്ങളെ ഈ രീതിയില്‍ ചരക്കുകളായി പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയകള്‍ക്കിടയില്‍ അനിവാര്യമായും സംഭവിക്കുന്ന രണ്ട് പ്രതിഭാസങ്ങളുണ്ട്. ഒന്ന് മുന്‍ചൊന്ന പ്രകൃതിവിഭവങ്ങളെ മാലിന്യങ്ങളാക്കി മാറ്റല്‍(waste production), രണ്ട് വിഭവങ്ങളുടെ ശോഷണം (resource depletion). പുതുക്കല്‍ സാധ്യമല്ലാത്ത(non-renewable) വിഭവങ്ങളെ ചെറിയ കാലയളവുകൊണ്ടുതന്നെ ഉപയോഗിച്ചുതീര്‍ക്കുക എന്നത് ഇന്നത്തെ വികസന കാഴ്ചപ്പാടുകളുടെ പ്രധാനപരിമിതിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. മുതലാളിത്ത കാഴ്ചപ്പാടുകളുടെ ഈയൊരു പരിമിതി ഇന്ന് അതിന്‍റെ മാത്രമല്ല, മൊത്തം സമൂഹത്തിന്‍റെയും ആത്യന്തിക നാശത്തിലേക്ക് നയിക്കുന്ന കാഴ്ചകളാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. 

മുതലാളിത്തത്തിന്‍റെ പ്രഥമ വൈരുദ്ധ്യം (first contradiction) കടന്നുവരുന്നത് ഉപഭോക്താക്കളുടെ വാങ്ങല്‍ശേഷിയുടെ അഭാവം (Demand side) മൂലമാണെങ്കില്‍ അവയുടെ രണ്ടാം വൈരുദ്ധ്യം രൂപപ്പെടുന്നത് ഉത്പാദന മേഖലയുമായി (Supply side)ബന്ധപ്പെട്ടായിരിക്കും. അമിതോല്‍പ്പാദനം(Over production) എന്ന പ്രഥമ വൈരുദ്ധ്യത്തെ മറികടക്കാന്‍ ഭരണകൂട ഇടപെടല്‍ ചിലപ്പോഴെങ്കിലും മുതലാളിത്തത്തെ സഹായിക്കുമെങ്കിലും വിഭവ ദൗര്‍ലഭ്യം മൂലമുള്ള ഉത്പാദന തകര്‍ച്ചയെ മറികടക്കുവാന്‍ അതിന് സാധിക്കുമെന്ന് തോന്നുന്നില്ല.

മുതലാളിത്ത ഉത്പാദന രീതികളുടെ ഫലമായി സംഭവിക്കുന്ന ഉത്പാദനോപാധികളുടെ (മണ്ണ്, വെള്ളം, പ്രകൃതി വിഭവങ്ങള്‍ എന്നിവ) സമ്പൂര്‍ണ്ണ നാശത്തെ മറികടക്കാന്‍ മൂലധനശക്തികള്‍ പല രീതിയിലും ശ്രമിക്കുന്നുണ്ടെന്നത് വാസ്തവമാണ്. സാങ്കേതികവിദ്യകളടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഹരിത സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കല്‍, പുതിയ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കല്‍ തുടങ്ങിയ തന്ത്രങ്ങള്‍ അവ പയറ്റിക്കൊണ്ടിരിക്കും. എന്നാല്‍ ഭൂമിയില്‍ ദ്രവ്യങ്ങളും ഊര്‍ജ്ജരൂപങ്ങളും രൂപപ്പെടുന്ന പ്രക്രിയയെ ശാസ്ത്രീയമായി മനസിലാക്കുമ്പോള്‍ ഇവയൊക്കെയും താല്‍ക്കാലിക നടപടികള്‍ മാത്രമേ ആകുകയുള്ളൂ എന്ന് നമുക്ക് ബോദ്ധ്യപ്പെടും.

ഉദാഹരണത്തിന്, എണ്ണ ഉത്പാദന മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിനായി അമേരിക്കല്‍ ഭരണകൂടം ഷേല്‍ വാതകമേഖലയിലേക്ക് ശ്രദ്ധതിരിക്കുകയുണ്ടായി. അടുത്തകാലത്ത് എണ്ണ ഉത്പാദന മേഖലയിലുണ്ടായ വിലയിടിവിന് പ്രധാന കാരണം അമേരിക്കയുടെ ഷേല്‍ ഗ്യാസ് ഉത്പാദനത്തിലെ കുതിച്ചുചാട്ടമായിരുന്നുവെന്ന് പറയാം. എന്നാല്‍ ഷേല്‍ വാതക ഉത്പാദനം ഒരു പുതിയ സംഗതിയായി അവതരിപ്പിക്കപ്പെടുന്നത് ശരിയല്ല. സാമ്പ്രദായിക എണ്ണ ഖനനം ആരംഭിച്ച കാലം തൊട്ടുതന്നെ ഷേല്‍ ഗ്യാസ് ഉത്പാദന സാധ്യതകളും ലോകം കണ്ടെത്തിയിരുന്നു. അതേസമയം, ഇവയുടെ ഉത്പാദന പ്രക്രിയയില്‍ നിന്ന് രാജ്യങ്ങളെ തടഞ്ഞുനിര്‍ത്തിയത് പ്രധാനമായും രണ്ട് കാരണങ്ങളായിരുന്നു. ഒന്ന്, ഉത്പാദനച്ചെലവിലെ ഭീമമായ അന്തരം. രണ്ട്, ഷേല്‍ ഗ്യാസ് ഉത്പാദനത്തിനായുള്ള ഹൈഡ്രോളിക് ഫ്രാക്കിംഗ് (Hydraulic fracking) സംവിധാനം സൃഷ്ടിക്കുന്ന ഭൂചലന സാധ്യത അടക്കമുള്ള ഗുരുതരങ്ങളായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍. ആഗോള എണ്ണ വിപണിയിലെ മത്സരങ്ങള്‍ ഈ രണ്ട് പ്രശ്‌നങ്ങളെയും മറികടക്കാന്‍ മുതലാളിത്തത്തെ പ്രേരിപ്പിക്കുകയായിരുന്നു.

ഊര്‍ജ്ജോത്പാദന മേഖലയില്‍ പുതിയ അന്വേഷണങ്ങള്‍ വികസിപ്പിക്കുന്നതുപോലെ സാങ്കേതികവിദ്യകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും മുതലാളിത്തം നിരന്തര ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്. ഹരിത സാങ്കേതികവിദ്യകളെ സ്വാംശീകരിക്കുവാനും അവയുടെ കുത്തക കൈവശപ്പെടുത്തുവാനുമുള്ള പ്രയത്‌നങ്ങള്‍ സജീവമായി നടക്കുന്നുണ്ട്. കേന്ദ്രീകൃത സ്വഭാവമുള്ള പുതിയ ഊര്‍ജ്ജരൂപങ്ങള്‍ ലഭ്യമാക്കാനുള്ള സാധ്യതകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതാണ് മുതലാളിത്ത വക്താക്കളെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു വിഷയം. അതേസമയം, സൗരോര്‍ജ്ജം പോലുള്ള വികേന്ദ്രീകൃതമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള ഊര്‍ജ്ജരൂപങ്ങളെ കേന്ദ്രീകൃത സാങ്കേതികവിദ്യകളിലൂടെ ഉത്പാദനം സാധ്യമാക്കാനുള്ള നടപടികളും അവര്‍ സ്വീകരിക്കുന്നുണ്ട്.

ഉത്പാദനോപാധികളുടെ നാശത്തെ മറികടക്കുവാനുള്ള ശ്രമങ്ങള്‍ ഉത്പന്നങ്ങളുടെ വിലയില്‍ വന്‍ വര്‍ദ്ധനവ് സൃഷ്ടിക്കുന്നുണ്ട്. മുതലാളിത്ത ഉത്പാദന വ്യവസ്ഥ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ശുചീകരിക്കുന്നതിന് വന്‍തോതിലുള്ള സമ്പത്ത് ചെലവഴിക്കാന്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നിര്‍ബ്ബന്ധിതമായിക്കൊണ്ടിരിക്കുകയാണ്. ഈയൊരു ശുദ്ധീകരണ പ്രക്രിയയ്ക്കായി ചെലവഴിക്കേണ്ടി വരുന്ന തുക എത്രയായിരിക്കും എന്നതിന് യാതൊരുവിധ കണക്കുകളും ഇന്ന് ലഭ്യമല്ല. ചെര്‍ണോബൈല്‍ ദുരന്തം ഉക്രൈനിലെ 20 ചതുരശ്ര കിലോമീറ്റര്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കുവാന്‍ തദ്ദേശീയ ഗവണ്‍മെന്‍റിനെ നിര്‍ബ്ബന്ധിക്കുകയുണ്ടായി. ഈയൊരു ആണവ ദുരന്തം സോവിയറ്റ് റഷ്യയ്ക്ക് വരുത്തിവെച്ച സാമ്പത്തിക നഷ്ടം അതിഭീമമായിരുന്നു. ആഗോള താപനം പോലുള്ള ഭൗമാതിര്‍ത്തി(Planetary boundaries)കളെ ഭേദിച്ചുകൊണ്ടുള്ള പാരിസ്ഥിതിക പ്രതിസന്ധികള്‍ക്ക് കാര്‍ബണ്‍ കാപ്പിംഗ് (Carbon caping) പോലുള്ള പരിഹാര നടപടികള്‍, ഓസോണ്‍ പാളികളില്‍ സംഭവിച്ചിരിക്കുന്ന വിള്ളലുകള്‍ അടക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍, ആണവമാലിന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുവാനാവശ്യമായ സാങ്കേതികവിദ്യകളുടെ ഗവേഷണങ്ങള്‍, മലിനീകരിക്കപ്പെട്ട മണ്ണ്, വെള്ളം, വായു എന്നിവ തിരിച്ചുപിടിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയൊക്കെയും വന്‍തോതിലുള്ള സാമ്പത്തിക ചെലവ് സൃഷ്ടിക്കുന്നവയാണ്. ജൈവ വ്യവസ്ഥയിലെ നിയമങ്ങള്‍ പരിപാലിച്ചുകൊണ്ടുള്ള ഉത്പാദനമെന്നത് വ്യാവസായിക മുതലാളിത്തത്തിന് അസ്വീകാര്യമായിരിക്കും. ലാഭത്തെ മാത്രം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന് തൊഴിലാളി വര്‍ഗ്ഗത്തെപ്പോലെത്തന്നെ പ്രകൃതിയും തങ്ങളുടെ ലാഭത്തോത് വര്‍ദ്ധിപ്പിക്കുവാനുള്ള ഉപാധി മാത്രമാണ്.

പാരിസ്ഥിതിക മലിനീകരണം ഒരുഭാഗത്ത് വിഭവ ദൗര്‍ലഭ്യം സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ മറുഭാഗത്ത് മനുഷ്യനും പ്രകൃതിയിലെ മറ്റ് ജീവജാലങ്ങള്‍ക്കും സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക സേവനങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന വസ്തുതയും നാം മനസിലാക്കേണ്ടതുണ്ട്. സാങ്കേതികവിദ്യകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലൂടെയോ ഹരിത സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലൂടെയോ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ സാധ്യമല്ല. വന്‍തോതിലുള്ള സാമ്പത്തിക നിക്ഷേപത്തിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കണാന്‍ സാധ്യമല്ലെന്ന് ആന്ദ്രേ ഗോര്‍സ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഗോര്‍സ് എഴുതുന്നു: ”മൂലധന കേന്ദ്രീകരണത്തിന്‍റെ ചലനാത്മകതയെ നിയന്ത്രിക്കുകയും സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലൂടെ ഉപഭോഗം കുറയ്ക്കുകയും ചെയ്യാതെ പാരിസ്ഥിതിക ആധുനീകരണം സാധ്യമല്ല” (Ecology as Politics; Andre Gorz, 1975). സാങ്കേതികപരിഹാരങ്ങളല്ല മറിച്ച് രാഷ്ട്രീയ പരിഹാരങ്ങളാണ് ആത്യന്തികമായി ആവശ്യമെന്നാണ് ഗോര്‍സ് പറഞ്ഞുവെക്കുന്നത്.

മുതലാളിത്ത ഉത്പാദന വ്യവസ്ഥയും അതേ ജ്ഞാനമണ്ഡലത്തില്‍ വ്യവഹരിക്കേണ്ടി വന്ന സോഷ്യലിസ്റ്റ് പ്രയോഗങ്ങളും ആത്യന്തികമായി പ്രകൃതി-മനുഷ്യ ബന്ധങ്ങളില്‍ ആഴത്തിലുള്ള വിള്ളലുകള്‍ സൃഷ്ടിച്ചിരിക്കുന്നുവെന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. വളര്‍ച്ചാ പരിമിതി, വിഭവ ദാരിദ്ര്യം, പാരിസ്ഥിതിക ദുര്‍ബലത, അപകടകരങ്ങളായ സാങ്കേതികവിദ്യകള്‍, വിനാശകരമായ സാംസ്‌കാരിക മൂല്യങ്ങള്‍, ഉപഭോഗാര്‍ത്തി എന്നീ വ്യാവസായികോത്തര പ്രതിസന്ധികളെ അഭിമുഖീകരിച്ചുകൊണ്ടല്ലാതെ സമൂഹത്തിന് മുന്നോട്ടുപോക്ക് സാധ്യമല്ല. ലാഭം പെരുപ്പിക്കുവാനുള്ള തത്രപ്പാടിനിടയില്‍ സാമൂഹികവും പാരിസ്ഥിതികവുമായ ചുറ്റുപാടുകളെ നാശത്തിലേക്ക് നയിക്കുന്നതിലൂടെ മൂലധനം സ്വമേധയാ തന്നെ അതിന്‍റെ പ്രതിസന്ധിക്ക് കളമൊരുക്കുമെന്ന് വിദൂരമായെങ്കിലും വിലയിരുത്തുവാന്‍ മാര്‍ക്‌സിന് കഴിഞ്ഞിരുന്നുവെങ്കിലും സോഷ്യലിസ്റ്റ് പ്രയോക്താക്കള്‍ക്ക് അതിന്‍റെ പ്രായോഗികരൂപം എന്താണെന്ന് തിരിച്ചറിയുവാനോ കണ്ടെത്താനോ സാധിച്ചിട്ടില്ല. ഉത്പാദനോപാധികളുടെ, ഉത്പാദനശക്തികളുടെ, ഉത്പാദന ബന്ധങ്ങളുടെ സാമൂഹികവല്‍ക്കരണം എന്നതിനുമപ്പുറം ഭൗതിക പുരോഗതിയെ മാത്രം അടിസ്ഥാനപ്പെടുത്തിയ വികസന കാഴ്ചപ്പാടുകളില്‍ നിന്ന് മാറി ചിന്തിക്കുവാനുള്ള സന്ദര്‍ഭം കൂടിയാണ് പുതിയ പ്രതിസന്ധികള്‍ സംജാതമാക്കിയിരിക്കുന്നത്.

Latest articles

Leave a comment