കിഴക്കേമുറിയിടത്തിൽ മൂന്ന് മുറികളിലായി വിന്യസിച്ചിരിക്കുന്ന ഡോക്ടർ അജയ് ശേഖർ, അനിരുദ്ധ് രാമൻ എന്നിവരുടെ ചിത്രങ്ങൾ ഓന്നൊന്നായി കണ്ടു. ആദ്യം അജയ് ശേഖറിന്‍റെ ചിത്രങ്ങളെപ്പറ്റിയാകാം അൽപ്പം വിവരണം. ചിത്രകാരൻ, ചരിത്രാന്വേഷകൻ, ഫോട്ടോഗ്രാഫർ എന്നിങ്ങനെ മൂന്നിഴകൾ പിരിഞ്ഞൊന്നായി, ഒരു സ്നേഹസാന്നിധ്യമായി ഗ്യാലറി നിറഞ്ഞ് അജയ്.

ഒരു പാനലിൽ അനേകം ബോൾപ്പേന പോർട്രേയ്റ്റുകൾ. ഒ.വി.വിജയനും ഉമ്പായിയും ദേവൻ സാറും ബഷീറുമെല്ലാം അൽപ്പാൽപ്പം പുഞ്ചിരിച്ചും കാരിക്കേച്ചറായും പോർട്രേറ്റായും രണ്ടിനും ഇടയിലുള്ള ഒന്നായും പ്രൗഢിയിലിരിക്കുന്നു. അജയ് ശേഖറിന്‍റെ തനതായ ഒരു മിനുക്കു ശൈലി, മുഴുമിപ്പിക്കുന്നതിനുള്ള കഴിവ് ഓരോന്നിലും പ്രകടമാണ്. അയ്യൻകാളിയും ഗുരുവും മാളൂരും ജീവൻ തുടിച്ചിരിപ്പുണ്ട്.

മറക്കുട ചൂടിയ കൊക്ക്. അജയ് ശേഖറിന്‍റെ നർമ്മഭാവുകത്വം വെളിവാക്കുന്നു. വൈക്കം പോരാട്ടത്തിന്‍റെ ഭീകരത അനേകം മുഖങ്ങളിലും ശരീരഭാഗങ്ങളിലും നിറച്ച് അമ്പരിപ്പിക്കുന്നു അജയ്. ചിത്രവധം അത്തരത്തിൽ ചങ്കു കോറുന്ന ഒന്നാണ്. പേനത്തുമ്പ് കൊണ്ട് പൂവും പൂമ്പാറ്റയും വരച്ച്, പക്ഷികളും പ്രകൃതിദൃശ്യങ്ങളും സൃഷ്ടിച്ച്, ഡോഗ്മാറ്റിക്, ദ പിംഗ്, ദ എയ്പ് മുതലായ പൊള്ളുന്ന ഹാസ്യം വിതറുന്ന ചിത്രങ്ങളും അജയ് ചെയ്തിട്ടുണ്ട്.

ചരിത്ര ഗവേഷണങ്ങളുടെ ഭാഗമായി ഫലമായും വിസ്മൃതിയിൽ നിന്ന് ഉയർത്തുകിട്ടിയ 16 ഛായാ ചിത്രങ്ങൾ ഈ പ്രദർശനത്തിന് ഉദാത്തമായ ഒരു മാനം നൽകുന്നുണ്ട്. മികച്ച ഫോട്ടോഗ്രാഫിയും, നല്ല പ്രിന്‍റിഗും, അനുയോജ്യമായ ഫ്രെയിമിങ്ങും…
കേരള ചരിത്രത്തിൽ ഒളിഞ്ഞു പോയതും ഒളിപ്പിക്കപ്പെട്ടതുമായ ബുദ്ധസാന്നിദ്ധ്യത്തിൻ്റെ തിരുശേഷിപ്പുകൾ ഓടി നടന്നു ശേഖരിക്കുന്നതിനിടയിലും അജയ് ശേഖർ കലാസപര്യക്ക് സമയം കണ്ടെത്തുന്നത് സന്തോഷകരമാണ്. രണ്ട് മേഖലകളിലും ഈശ്വരാനുഗ്രഹം ആശംസിക്കുന്നു.

പൂമുഖത്ത് എട്ട് അടിക്ക് അഞ്ച് അടിയിൽ തുറ്റെ തുറ്റെ ബ്രഷ് സ്ട്രോക്കുകളിൽ പച്ചയും കറുപ്പും ഇടക്ക് മഞ്ഞയും ആയി ക്യാൻവാസ് നിറഞ്ഞു കവിഞ്ഞ് അനന്തത. അനിരുദ്ധ് രാമന്‍റെ ഹരിതാഭമായ ഭാവന. അടുത്ത മുറിയിൽ മൂന്ന് പടങ്ങൾ ഉണ്ട് നിറങ്ങളുടെ ഉള്ളുകളികൾ അർദ്ധയമൂർത്തമായ രൂപങ്ങളിൽ നിറച്ച് വച്ചിരിക്കുന്നു ബൗദ്ധ ദർശനങ്ങളുടെ സമതുന്തിലതയാവാം ബാലൻസിങ്ങിൽ ഉള്ള കടുംപിടുത്തത്തിന്‍റെ കാരണം. ബ്ലാക്ക് സ്ട്രോക്ക് എന്ന ചിത്രത്തിലെ നീലപ്പിൻ്റെ അങ്ങേയറ്റത്ത് ശ്രദ്ധിച്ചു നോക്കിയാൽ ശ്രീബുദ്ധനെ കാണാം.

ചുമര് നിറഞ്ഞുനിൽക്കുന്ന പേരിടാത്ത മഷി ചിത്രത്തിൽ ഉറഞ്ഞുപോയ ചലനങ്ങൾ അമ്പരപ്പിക്കും വിധം ആകൃഷ്ടകമാണ്. ഒരു കൊച്ചു വെളുപ്പിൻ്റെ വൃത്തം വരുത്തുന്ന വ്യത്യാസം ഇതിൽ കണ്ടറിയേണ്ടതാണ്. മുൾക്കാട്ടിൽ വിരിയുന്ന നക്ഷത്രപ്പൂവും കറുപ്പിൽ കത്തി നിൽക്കുന്ന മെഴുകുതിരിയും ആകാശത്ത് തെളിയുന്ന പരിവൃത്തവും അനിരുദ്ധിൻ്റെ ചിത്രങ്ങളിലെ ആശാകിരണങ്ങളാണ്. ഇങ്ങനെ ആസ്വാദകരുടെ മനം കുളുർപ്പിക്കുന്ന അനേകം ചിത്രങ്ങൾ അനിരുദ്ധിൻ്റെ ബ്രഷിൽ നിന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

സംവേദനത്തെ പരിപുഷ്ടമാക്കുന്നതാണ് കലയെങ്കിൽ കോതായം ഒരു സാഫല്യം തന്നെയാണ്…
l am not an art Critic , bat it is different
PNV
നന്നായിരിക്കുന്നു ചിത്രങ്ങൾ കണ്ടതു പോലയുണ്ട്.